1 GBP = 103.15 INR                       

BREAKING NEWS

നഴ്സിങ് ദിനത്തില്‍ മലയാളി മേട്രനെ ഫേസ്ബുക്കിലൂടെ ആദരിച്ചു ചെസ്റ്റര്‍ഫീല്‍ഡ് റോയല്‍ ഹോസ്പിറ്റല്‍; എന്‍എച്ച്എസില്‍ ഇത് അപൂര്‍വ്വ അംഗീകാരം; എന്‍എച്ച്എസ് നഴ്സിംങ് സേനയില്‍ മലയാളികള്‍ കരുത്തും കരുതലുമായി മാറുന്ന കാലം; മേട്രണ്‍ പാന്‍സി പറയുന്ന പത്തു പാഠങ്ങള്‍ നഴ്‌സുമാര്‍ക്കൊരു പാഠപുസ്തകം തന്നെ

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കോവിഡില്‍ ഞെരിഞ്ഞമരുന്ന ലോകം ഏറ്റവും കൂടുതല്‍ ആദരവോടെയാണ് രണ്ടു നാള്‍ മുന്‍പേ അന്താരഷ്ട്ര നഴ്സിങ് ദിനം ആചരിച്ചത്. സ്വന്തം ജീവന് പോലും കരുതല്‍ നല്‍കാതെ കോവിഡ് രോഗികള്‍ക്കായി കരുത്തായി മാറുന്ന നേഴ്സുമാരെ മറന്നു ഒരു നാടിനും ഇനി മുന്നോട്ടു ചലിക്കാനകില്ലെന്നു ലോകം ഒരുവട്ടം കൂടി തിരിച്ചറിഞ്ഞിരിക്കുന്നു. സ്വഭാവികമായും യുകെയിലെ 200 ലധികം എന്‍എച്ച്എസ് ആശുപത്രികളിലും ഇപ്പോള്‍ സേവനത്തിന്റെ മാലാഖമാര്‍ എന്നതിനപ്പുറം കോവിഡ് ദുരിതകാലത്തെ കരുത്തും കരുതലുമായി ശക്തി തെളിയിക്കുകയാണ് മലയാളി നഴ്സുമാര്‍.

ഏതാശുപത്രിയില്‍ ചെന്നാലും മുന്‍പ് കണ്ടിരുന്ന ഒറ്റപ്പെട്ട നഴ്സുമാര്‍ക്ക് പകരം ഇപ്പോള്‍ നൂറുകണക്കിന് നഴ്സുമാര്‍ സദാ ചലിക്കുന്ന മെഷീന്‍ പോലെ ഓരോ എന്‍എച്ച്എസ് ട്രസ്റ്റിന്റെയും ജീവനാഡി ആയി മാറിയിരിക്കുകയാണ്. വിദേശ റിക്രൂട്‌മെന്റില്‍ ഇപ്പോള്‍ മലയാളികള്‍ മാത്രം മതിയെന്ന് പറയുന്ന കാലത്തേക്കും എന്‍എച്ച്എസ് എത്തിയിരിക്കുകയാണ്. മുന്‍പൊക്കെ ഭാഷ പരിമിതി ഉണ്ടെന്ന പരാതി ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അതും മറികടക്കാന്‍ പുതുതലമുറ നഴ്സുമാര്‍ക്ക് സാധിച്ചിരിക്കുന്നു.

ഇത്തരത്തില്‍ ജോലി സ്ഥലത്തു സര്‍വദാ അംഗീകാരങ്ങളും ബഹുമതികളും നേടിക്കൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്കിടയില്‍ ഒരാളെ ചെസ്റ്റര്‍ഫീല്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റ് വ്യത്യസ്തമായി ആദരിച്ചിരിക്കുന്നു. ഇക്കഴിഞ്ഞ നേഴ്സിങ് ദിനത്തില്‍ തങ്ങളുടെ തൊഴില്‍ സേനയുടെ മുഖമായി ട്രസ്റ്റ് സോഷ്യല്‍ മീഡിയ വഴി ആദരവര്‍പ്പിച്ചത് ഹോസ്പിറ്റലിന്റെ മുഴുവന്‍ ചുമതല ഏറ്റെടുത്തു ജോലി ചെയ്യുന്ന മലയാളി നഴ്‌സ് പാന്‍സി ജോസിനെയാണ്.
ഈ ഹോസ്പിറ്റലിലെ 1500 ജീവനക്കാര്‍ക്കിടയില്‍ മലയാളി അംഗ സംഖ്യാ അല്‍പം കുറവാണെങ്കിലും മികച്ചൊരാളെ കണ്ടെത്താന്‍ ഉള്ള അവസരം വന്നപ്പോള്‍ നറുക്കു വീണത് മലയാളിക്ക് തന്നെ ആയതു ഭാഗ്യം കൊണ്ടല്ല, മറിച്ചു സേവനത്തിന്റെയും കഠിന അധ്വാനത്തിന്റെയും ജോലിയിലെ ആത്മാര്‍ഥതയിലെ വ്യത്യസ്തതയും തിരിച്ചറിഞ്ഞു തന്നെയാണ്. കഴിഞ്ഞ 13 വര്‍ഷമായി മേട്രണ്‍ പദവിയില്‍ ജോലി ചെയ്യുന്ന പാന്‍സി തന്റെ തൊഴില്‍ അനുഭവങ്ങള്‍ ബ്രിട്ടീഷ് മലയാളി വായനക്കാരായ നഴ്സുമാര്‍ക്ക് വേണ്ടി പങ്കിടുകയാണിപ്പോള്‍.

മലയാളികള്‍ മടിച്ചു നില്‍ക്കേണ്ട കാര്യമില്ല 
ഒരു ജോബ് വേക്കന്‍സി വരുമ്പോള്‍ ഇതെനിക്ക് പറ്റിയതാണോ എന്ന ആശങ്കയില്‍ മലയാളികള്‍ മടിച്ചു നില്‍ക്കേണ്ട സ്ഥലമല്ല യുകെയിലെ നഴ്സിങ് രംഗം എന്നാണ് പാന്‍സിക്ക് പറയാനുള്ളത്. നഴ്സിങ് പ്രൊഫഷനില്‍ ഇത്രയേറെ അംഗീകാരങ്ങള്‍ നല്‍കുന്ന മറ്റൊരു രാജ്യം ഉണ്ടോ എന്നുപോലും സംശയിക്കാം. എന്‍എച്ച്എസ് ജോലിക്കായുള്ള അഭിമുഖത്തില്‍ ഏറ്റവും അധികം മാര്‍ക്ക് വീഴുക സംസാരശേഷിക്ക് തന്നെയാണ് എന്നാണ് പാന്‍സിയുടെ ഇതുവരെയുള്ള പരിചയത്തില്‍ വ്യക്തമാകുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ നൂറുകണക്കിന് ഇന്റര്‍വ്യൂ നടത്തിയിട്ടുള്ള പാന്‍സി ഇത് പറയുമ്പോള്‍ ഈ രംഗത്ത് അല്‍പം പിന്നോക്കം നില്‍ക്കുന്നവര്‍ കുറവുകളെ തിരിച്ചറിഞ്ഞു മുന്നോട്ടു വരാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ജോലി സ്ഥലത്തു ചെയ്യുന്ന കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിവുണ്ടെങ്കില്‍ ഈ മണ്ണ് നമ്മുടേതാണ്, ഒരു സംശയവും വേണ്ടെന്നും പാന്‍സി പറയുന്നു.

ഉത്തരവാദിത്തമില്ലാത്ത ഏതു ജോലിയാണ് ലോകത്തുള്ളത്?
റെസ്‌പോണ്‌സിബിലിറ്റി എടുക്കാന്‍ വയ്യാ എന്നാണ് പൊതുവില്‍ മലയാളി നഴ്സുമാര്‍ പുതിയ അവസരം മുന്നില്‍ വന്നു വിളിക്കുമ്പോള്‍ സാധാരണ പറയുക.  എന്നാല്‍ ഇത്തരത്തില്‍ പറയാനും മാത്രം എല്ലാക്കാര്യങ്ങളും ഒരാള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടി വരും എന്ന് ഭയക്കേണ്ട കാര്യമുണ്ടോ? എന്‍എച്ച്എസ് എന്നത് വലിയൊരു ടീം ആയതിനാല്‍ ആ ടീമിനൊപ്പം നീങ്ങുക എന്ന കാര്യമേ ഏതു പദവിയില്‍ ജോലി ചെയ്താലും ചെയ്യേണ്ടി വരൂ. ഏതു ബാന്‍ഡില്‍ ജോലി ചെയ്താലും ഉത്തരവാദിത്തം ഉണ്ടെന്നിരിക്കെ ബാന്‍ഡ് സിക്‌സ്, സെവന്‍ എന്നൊക്കെ കേട്ട് പേടിക്കേണ്ട കാര്യം ഉണ്ടോ എന്നും പാന്‍സി ചോദിക്കുന്നു.

മൂത്ത മകന്‍ ജനിച്ചപ്പോള്‍ കുട്ടിയുടെ പരിചരണത്തിനായി രാത്രി ഡ്യൂട്ടിയിലേക്കു മാറേണ്ടി വന്ന പാന്‍സിക്ക് ആറുവര്‍ഷത്തോളം ബാന്‍ഡ് അഞ്ചില്‍ ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. പിന്നീട് ബാന്‍ഡ് ആറിലേക്കു മാറി. ഇതിനിടയില്‍ രണ്ടാം കുട്ടിയുടെ ജനനം. തിരികെ വന്നപ്പോള്‍ കാത്തിരുന്നത് ബാന്‍ഡ് ഏഴില്‍ ജോലി ചെയ്യാനുള്ള അവസരവും കൂടെ മേട്രണ്‍ പദവിയും. ഇപ്പോള്‍ കഴിഞ്ഞ 13 വര്‍ഷമായി മേട്രണ്‍ പദവിയില്‍ ഇളക്കം തട്ടാത്ത, മികവുറ്റ മാനേജ്മെന്റ് വിദഗ്ധയെ പോലെ പറന്നു നടന്നു ജോലി ചെയ്യുകയാണ് പാന്‍സി. ഒരു പരിഭവവും പരാതിയും ഇല്ലാതെ, ചെയ്യുന്ന ജോലിയില്‍ നൂറു ശതമാനം സന്തോഷത്തോടെ തന്നെ.

പറയാനുണ്ട് ചിലത്, ഇഷ്ടത്തോടെ, സ്വയം ഒരു പാഠപുസ്തകമാകുക 
യുകെയില്‍ പുതുതായി നൂറുകണക്കിന് മലയാളി നഴ്സുമാര്‍ എത്തികൊണ്ടിരിക്കുന്നതിനാല്‍ നാളെകള്‍ തീര്‍ച്ചയായും അവരുടേത് കൂടിയാണ് എന്നുറപ്പിക്കുകയാണ് പാന്‍സി മേട്രണ്‍. അനുഭവങ്ങള്‍ പങ്കിട്ടാല്‍ പുതു തലമുറയില്‍ പലര്‍ക്കും യുകെയില്‍ ആരോഗ്യ രംഗത്ത് തിളങ്ങാനാകും എന്നുറപ്പ്. അവസരം മുന്നില്‍ നില്‍ക്കുമ്പോള്‍ അറച്ചു നില്‍ക്കരുത് എന്നതാണ് ഒന്നാം പാഠം. ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ ഇഷ്ടത്തോടെ ചെയ്യണമെന്നത് രണ്ടാം പാഠം. ജോലിക്കിടയില്‍ ഏതു പ്രതിസന്ധി വന്നാലും സധൈര്യം ഏറ്റെടുക്കുക എന്നത് മൂന്നാം പാഠം. എന്തിനെയും പോസിറ്റീവായി കാണുക എന്നത് നാലാം പാഠം. ആരെങ്കിലും ചെയ്‌തോട്ടെ എന്നു വയ്ക്കാതെ ഞാനുമുണ്ട് ഒരു കൈ സഹായം നല്‍കാന്‍ എന്നുറപ്പിച്ചാല്‍ അഞ്ചാം പാഠമായി. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവുക എന്നതും ആറാം പാഠം. ആരില്‍ നിന്നും ഏതു നല്ല ചെറിയ കാര്യവും പഠിക്കാനും മനസിലാക്കാനും ശ്രമിക്കുകയും സഹപ്രവര്‍ത്തകരുടെ സംഘ പ്രവര്‍ത്തനത്തില്‍ കൂടെ നില്‍ക്കുക, നിര്‍ണായക റോള്‍ ഏറ്റെടുക്കുക എന്നതാണ് ഏഴാം പാഠം. സ്വയം വെല്ലുവിളികളെ സൃഷ്ടിച്ചു മുന്നേറുക എന്നത് എട്ടാം പാഠം. ചുരുങ്ങിയ കാലത്തേക്കാണെങ്കിലും ഒരു അവസരം വന്നാല്‍ കൈവിട്ടു കളയരുത് എന്നത് ഒന്‍പതാം പാഠം. എല്ലാ അവസരങ്ങളും വലിയൊരു അനുഭവ സമ്പത്തായി എന്നും കൂടെയുണ്ടാകും എന്നതാണ് വലിയ പത്താം പാഠം.

ഭര്‍ത്താക്കന്മാര്‍ കൂടെ നില്‍ക്കണം, ഗൗരവമാകാം, വഴക്കിടേണ്ട 
ഒരു മലയാളി നഴ്സിന് യുകെയില്‍ ഉയര്‍ന്ന പദവിയില്‍ എത്തണമെങ്കില്‍ തീര്‍ച്ചയായും ഭര്‍ത്താവിന്റെ പിന്തുണ കൂടിയേ കഴിയൂ. താന്‍ സ്‌നേഹത്തോടെ ചാച്ചാ എന്ന് വിളിക്കുന്ന ഭര്‍ത്താവ് അരുണ്‍ തോമസ് നല്‍കുന്ന കട്ട സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും ഈ ജോലി ചെയ്യാനാകുമായിരുന്നില്ല എന്നും പാന്‍സി തറപ്പിച്ചു പറയുന്നു. ഭാര്യയുടെ ജോലി സമ്മര്‍ദ്ദം അറിയാതെ വഴക്കിടാനും വീട്ടുജോലികളില്‍ സഹകരിക്കാതിരിക്കാനും മക്കളെ വളര്‍ത്തുന്ന ഉത്തരവാദിത്തം പങ്കുവയ്ക്കാനും കഴിഞ്ഞില്ലെങ്കില്‍ ഏതു നഴ്സും തളര്‍ന്നു പോകുകയേ ഉള്ളൂ.

മേട്രണ്‍ അടക്കമുള്ള ഉയര്‍ന്ന പോസ്റ്റ് കിട്ടിയാല്‍ കൂടെയുള്ളവരുടെ സഹകരണം പിടിച്ചെടുക്കുക എന്നത് ചെറിയ കാര്യമല്ല. എപ്പോഴും ചിരിക്കണമെന്ന് കരുതിയാല്‍ പോലും നടക്കില്ല. ജോലിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ സ്വാഭാവികമായും മുഖത്തൊരു ഗൗരവം വരുത്തുമായിരിക്കാം. എന്നാല്‍ അതിന്റെ പേരില്‍ ആരോടും വഴക്കിട്ടിട്ടു കാര്യമില്ല. പ്രത്യേകിച്ചും ബ്രിട്ടിഷ് വംശജരോട് വഴക്കിട്ടു അവരെക്കൊണ്ടു ജോലി ചെയ്യിപ്പിക്കാനാകില്ല. അതിനാല്‍ അല്‍പം സൗഹാര്‍ദ്ദമായ സമീപനമാണ് കൂടുതല്‍ ഗുണം ചെയ്യുക എന്നതാണ് പാന്‍സി യുകെയിലെ സഹപ്രവര്‍ത്തകരായ മറ്റു മലയാളി നഴ്സുമാര്‍ക്ക് നല്‍കുന്ന മില്യണ്‍ ഡോളര്‍ ടിപ്‌സ്.

ജനിച്ചത് ബാംഗ്ലൂരില്‍, ആദ്യ ജോലി ദുബായില്‍, യുകെയില്‍ രണ്ടു പതിറ്റാണ്ട് 
കുടുംബ സമേതം ബാംഗ്ലൂരില്‍ സ്ഥിരതാമസമാണ് പാന്‍സിയുടെ കുടുംബം. മലയാളികള്‍ക്ക് അപൂര്‍വ്വമായ ഈ പേരിനു പാന്‍സി ജനിച്ചപ്പോള്‍ അവിടെ ജോലി ചെയ്തിരുന്ന ഒരു നഴ്സിനോടാണ് കടപ്പെട്ടിരിക്കുന്നതെന്നു ഭര്‍ത്താവ് അരുണ്‍ തോമസ് പറയുന്നു. താന്‍ ബാംഗ്ലൂരില്‍ സെന്റ് ജോണ്‍സില്‍ നിന്നും നഴ്സിങ് പൂര്‍ത്തിയാക്കിയ ഉടനെ ദുബൈയില്‍ വര്‍ക്കീസ് ഗ്രൂപ്പിന്റെ വെല്‍കെയര്‍ ഹോസ്പിറ്റലില്‍ ആണ് ജോലി ലഭിച്ചത് എന്നും പാന്‍സി വ്യക്തമാക്കുന്നു.

തുടര്‍ന്ന് നേരെ യുകെയിലേക്ക്. ഇതിനിടയില്‍ മലയാള മനോരമയില്‍ വാര്‍ത്ത വിഭാഗം ഡയറക്ടര്‍ പദവിയില്‍ വരെയെത്തിയ തോമസ് ജേക്കബിന്റെ മകനുമായി വിവാഹം. അക്കാലത്തു ന്യുഡല്‍ഹിയില്‍ മനോരമയുടെ തന്നെ ഇംഗ്ലീഷ് മാഗസിനായ ദി വീക്കില്‍ ഫോട്ടോ ജേണലിസ്റ്റ് ആയി ജോലി ചെയ്യുക ആയിരുന്നു അരുണ്‍ തോമസ്.

യുവത്വത്തിലേക്കു കാലു വച്ചിരിക്കുന്ന ജോഷ്വാ, കൗമാരത്തിലെത്തിയ ഇസായ, മയായ എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category