1 GBP = 103.15 INR                       

BREAKING NEWS

ചരിത്രത്തില്‍ ആദ്യമായി കേരള മന്ത്രിസഭയില്‍ മൂന്ന് വനിതാ മന്ത്രിമാര്‍; ശൈലജ ടീച്ചര്‍ പുറത്താകുമ്പോള്‍ മന്ത്രിപദവിയില്‍ എത്തുന്ന മറ്റൊരു ടീച്ചറായി ബിന്ദു; വാര്‍ത്താ ചാനല്‍ ജേണലിസ്റ്റില്‍ നിന്നും തുടങ്ങി രാഷ്ട്രീയത്തില്‍ ശോഭിച്ച വീണാ ജോര്‍ജ്ജും ഇനി മന്ത്രി; സിപിഐയില്‍ നിന്നും ആദ്യ വനിതാ മന്ത്രിയായി ജെ ചിഞ്ചുറാണിയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കി കൊണ്ടുള്ള തീരുമാനം പുറത്തുവരുമ്പോഴും രണ്ടാം പിണറായി മന്ത്രിസഭ ചരിത്രം തിരുത്തുന്നു. മൂന്ന് വനിതാ മന്ത്രിമാരെ ഉള്‍പ്പെടുത്തി കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാര്‍ പുതിയ റെക്കോര്‍ഡിടുന്നത്. ഡോ. ആര്‍ ബിന്ദു, വീണ ജോര്‍ജ്ജ് എന്നിവര്‍ സിപിഎമ്മില്‍ നിന്നും സിപിഐയില്‍ നിന്നും ജെ ചിഞ്ചുറാണിയുമാണ് മന്ത്രിമാരായി ഉണ്ടാകുക. ഇതാദ്യമാണ് ഒരു വനിതാ മന്ത്രി സിപിഐയില്‍ നിന്നും ഉണ്ടാകുന്നത്.

ചാനല്‍ ജേണലിസ്റ്റില്‍ തുടങ്ങി മന്ത്രിയായി വീണാ ജോര്‍ജ്ജ്
രണ്ടാം തവണയും ആറന്മുളയില്‍ നിന്ന് വിജയിച്ച വീണാ ജോര്‍ജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങള്‍ക്ക് മുതല്‍ക്കുട്ടാകും. നാല്പത്തി അഞ്ചുകാരിയായ വീണാ ജോര്‍ജ് എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ്. കൈരളി, ഇന്ത്യാവിഷന്‍, എം എംന്യൂസ്, റിപ്പോര്‍ട്ടര്‍ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളില്‍ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് ഈ യുവതിയെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയില്‍ ആങ്കറാണ്.

കേരള സര്‍വകലാശാലയില്‍നിന്ന് എംഎസ്സി ഫിസിക്‌സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷന്‍, ടി പി വ്യൂവേഴ്സ്, ശബാമതി, പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍, സുരേന്ദ്രന്‍ നീലേശ്വരം, കേരള ടി വി അവാര്‍ഡ് (മികച്ച മലയാളം ന്യൂസ് റീഡര്‍ ) രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, നോര്‍ത്ത് അമേരിക്കന്‍ പ്രസ് ക്ലബ്ബ്, യുഎഇ ഗ്രീന്‍ ചോയിസ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.

ആറന്മുള മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ഫലമാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭാ മുന്‍ സെക്രട്ടറിയും അദ്ധ്യാപകനുമായ ഡോ.ജോര്‍ജ് ജോസഫാണ് ഭര്‍ത്താവ്. അന്നാ, ജോസഫ് എന്നിവര്‍ മക്കള്‍.

തൃശൂര്‍ നഗരസഭാ കൗണ്‍സിലര്‍... പിന്നെ മേയര്‍.. ഇപ്പോള്‍ മന്ത്രിപദത്തിലേക്കും ആര്‍ ബിന്ദു
ഇരിങ്ങാലക്കുടയില്‍ നിന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോല്‍പ്പിച്ചത്. തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുന്‍ മേയര്‍ ആണ് ആര്‍. ബിന്ദു. തൃശൂരിലെ ശ്രീ കേരളവര്‍മ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറര്‍ കൂടിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ ആണ് ഭര്‍ത്താവ്.

മാതൃഭൂമി വിഷുപ്പതിപ്പ് മത്സരത്തില്‍ ചെറുകഥക്ക് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയതോടെയാണ് ബിന്ദു സാംസ്‌കാരിക പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ വരുന്നത്. കഥാസാഹിത്യത്തില്‍ ഭാവിയുടെ ഒരു വാഗ്ദാനമായി ആ കുട്ടിയെ ഏവരും കരുതി. പക്ഷേ അവര്‍ പിന്നെ അവിടെ നിന്നില്ല. ഇരിഞ്ഞാലക്കുടയുടെ പാരമ്പര്യം ഉള്‍ക്കൊണ്ട് കഥകളിയിലേക്കാണ് ആ പെണ്‍കുട്ടി പിന്നീട് പോയത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ രണ്ടോ മൂന്നോ തവണ കഥകളിക്ക് ഒന്നാം സ്ഥാനം നേടി.

സെന്റ് ജോസഫ് കോളേജില്‍ പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിദ്യാത്ഥി രാഷ്ടീയരംഗത്ത് ബിന്ദു എത്തുന്നത്. പിന്നീട് യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായി. എസ്.എഫ്.ഐ.നേതൃത്തത്തില്‍ എത്തി. തീപാറുന്ന വിദ്യാര്‍ത്ഥിസമരങ്ങള്‍ക്കിടക്ക് ഒന്നിച്ച് പ്രവര്‍ത്തിച്ച സമരസഖാക്കള്‍ എന്ന നിലയിലാണ് എ.വിജയരാഘവനും ബിന്ദുവും വിവാഹിതരാവുന്നത്.

സമരവും പീനവും ഒന്നിച്ചു മുന്നേറി. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.ഫിലും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി.യും നേടിയ ബിന്ദു ശ്രീകേരളവര്‍മ്മ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപികയായി. അതോടെ കര്‍മ്മരംഗം തൃശൂരായി. സ്ത്രീകളുടെ ജീവല്‍ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള നിരവധി സമരങ്ങളിലെ നായികയായി ബിന്ദു.

ബാലവേദിയിലുടെ പൊതുജീവിതം തുടങ്ങി സിപിഐയിലെ ആദ്യത്തെ വനിതാമന്ത്രിയായി ചിഞ്ചുറാണി
സിപിഐയില്‍ നിന്ന് ആദ്യത്തെ വനിതാമന്ത്രിയാണ് മന്ത്രിസഭയിലേക്കെത്തുന്ന ജെ ചിഞ്ചുറാണി. ചടയമംഗലം മണ്ഡലത്തില്‍ നിന്നാണ് അമ്പത്തെട്ടുകാരിയായ ഇവര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മുണ്ടയ്ക്കല്‍ വില്ലേജില്‍ ഭരണിക്കാവ് തെക്കേ വിളയില്‍ വെളിയില്‍ വടക്കതില്‍ വീട്ടില്‍ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് എന്‍. ശ്രീധരന്റെയും ജഗദമ്മയുടേയും മകളായി 1963ല്‍ ജനിച്ച ചിഞ്ചുറാണി 1970 ല്‍ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്.

കൊല്ലം ഭരണിക്കാവ് എല്‍. പി സ്‌ക്കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങുന്നത്. പ്രൈമറി വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ കലാ-കായിക രംഗങ്ങങ്ങളില്‍ മികവു തെളിയിച്ച അവര്‍ കൊല്ലത്തെ അറിയപ്പെടുന്ന കായികതാരമായി. കൊല്ലം ശ്രീ നാരായണ വനിതാ കോളജിലെ തുടര്‍ച്ചയായി ചാമ്പ്യനാകുകയും ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത് കേരളത്തെ പ്രതിനീധീകരിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്നും രാഷ്ട്രപതിയില്‍ നിന്നും നേരിട്ട് മെഡലുകള്‍ ഏറ്റുവാങ്ങി.

കൊല്ലം അയത്തില്‍ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവര്‍ത്തിക്കന്ന അവസരത്തില്‍ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പ്രവര്‍ത്തിച്ചു.ഇപ്പോള്‍ പാര്‍ട്ടി ദേശീയ കൗണ്‍സിലംഗവും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റും പൗള്‍ട്രി കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സനുമാണ്. സി അച്യുതമേനോന്‍ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തുമെമ്പര്‍, കൊല്ലം കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍, ജില്ലാ പഞ്ചായത്തംഗം, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ 20 വര്‍ഷക്കാലം തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു.

ഭര്‍ത്താവ് ഡി. സുകേശന്‍ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി, ലൈബ്രറി കൗണ്‍സില്‍ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.മക്കള്‍ നന്ദു സുകേശന്‍ ഇന്റീരിയല്‍ ഡിസൈനര്‍, നന്ദന റാണി പ്ലസ്ടു വിദ്യാര്‍ത്ഥിനി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category