1 GBP = 95.20 INR                       

BREAKING NEWS

വീട് വില 30 ശതമാനം വരെ താഴും; പൗണ്ടിന്റെ വിലയും ഇടിയും; ഓരോ തവണ യാത്ര ചെയ്യുമ്പോഴും ലൈസന്‍സ് എടുക്കണം; പുതിയ പാസ്‌പോര്‍ട്ട് വേണം; ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ പൊളിഞ്ഞതോടെ ബ്രിട്ടനെ കാത്തിരിക്കുന്നത് 10 വര്‍ഷം മുമ്പത്തേക്കാള്‍ സാമ്പത്തിക പ്രതിസന്ധിയോ?

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബ്രക്സിറ്റ് ചര്‍ച്ചകള്‍ ഏതാണ്ട് പൂര്‍ണമായും സ്തംഭനത്തിലേക്ക്. അഞ്ച് നയാ പൈസ യൂറോപ്യന്‍ യൂണിയന് കൊടുക്കാതെയും വ്യാപാര കരാറില്‍ ഒപ്പ് വയ്ക്കാതെയും ബ്രിട്ടന്‍ ഇറങ്ങി പോരേണ്ടി വരുമെന്ന സൂചനയാണ് ഒടുവില്‍ പുറത്ത് വരുന്നത്. പ്രധാനമന്ത്രി തെരേസ മേ അടിയന്തിര കാബിനറ്റ് വിളിച്ച് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബ്രിട്ടന്‍ നേരിടാന്‍ പോകുന്നത് പത്ത് വര്‍ഷം മുമ്പത്തേക്കാള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരമൊരു സാഹചര്യത്തില്‍ രാജ്യത്ത് വീട് വില 30 ശതമാനം വരെ താഴുമെന്നും പൗണ്ടിന്റെ വിലയും ഗണ്യമായി ഇടിയുമെന്നും മുന്നറിയിപ്പുണ്ട്. ഓരോ തവണ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോഴും ലൈസന്‍സ് എടുക്കേണ്ടി വരുമെന്ന ആശങ്കയും ശക്തമാണ്. ഇതിന് പുറമെ ബ്രിട്ടീഷുകാര്‍ പുതിയ പാസ്പോര്‍ട്ടും എടുക്കേണ്ടി വരും. 

വീട് വില ഇടിയും; 2008ലേക്കാള്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും
കരാറുകളൊന്നുമില്ലാതെ യുകെ യൂണിയന്‍ വിട്ടോ പോയാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കുന്ന അടുത്ത സെറ്റ് ടെക്നിക്കല്‍ പേപ്പറുകള്‍ ഗവണ്മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കടുത്ത മുന്നറിയിപ്പുകളുമായി ബാങ്ക് ഓഫ് ഗവര്‍ണര്‍ മാര്‍ക് കാര്‍നെ രംഗത്തെത്തിയിട്ടുണ്ട്. ഡീലുകളൊന്നുമില്ലാത്ത ബ്രക്സിറ്റുണ്ടായാല്‍ അത് 2008ല്‍ യുകെ അനുഭവിച്ച സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ രൂക്ഷമായ അവസ്ഥയ്ക്കായിരിക്കും വഴിയൊരുക്കുകയെന്ന മുന്നറിയിപ്പാണ് കാര്‍നെ നല്‍കിയിരിക്കുന്നത്.
അതായത് ഇത്തരമൊരു സാഹചര്യത്തില്‍ പത്ത് വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ സാമ്പത്തിക ദുരന്തമായിരിക്കും ബ്രിട്ടനെ വേട്ടയാടുകയെന്നും അദ്ദേഹം പ്രവചിക്കുന്നു. ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേ വിളിച്ച് കൂട്ടിയ പ്രത്യേക കാബിനറ്റ് യോഗത്തില്‍ വച്ചാണ് കാര്‍നെ ഈ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

നോ ഡീല്‍ ബ്രക്സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ രാജ്യത്തെ വീട് വിലകള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ 25 ശതമാനം മുതല്‍ 30 ശതമാനം വരെ ഇടിഞ്ഞ് താഴുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. കൂടാതെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്  കുതിച്ച് കയറുകയും ചെയ്യും. യൂറോപ്യന്‍ യൂണിയനുമായുള്ള ഗതാഗത ബന്ധങ്ങളിലും വിള്ളല്‍ വീഴും. നോ ഡീല്‍ ബ്രക്സിറ്റിന് തയ്യാറെടുക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് തന്റെ കാബിനറ്റിന്റെ അംഗീകാരം തെരേസ നേടിയതിന് ശേഷമാണ് കാര്‍നെ ഈ മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കാത്തിരിക്കുന്നത് പൗണ്ടിന്റെ വിലയിടിഞ്ഞുള്ള കടുത്ത സാമ്പത്തിക തകര്‍ച്ച
യൂണിയനുമായി യാതൊരു വിധത്തിലുമുള്ള ഡീലുമില്ലാതെ യുകെ വിട്ടുപോയാല്‍ അധികം വൈകാതെ പൗണ്ടിന്റെ വില ഇടിഞ്ഞ് താഴുമെന്നാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയും ചെയ്യും. നോ ഡീല്‍ ബ്രക്സിറ്റിനുള്ള സാധ്യത വര്‍ധിച്ച് വരുന്നുവെന്നും മൂഡി മുന്നറിയിപ്പേകുന്നു. നോഡീല്‍ സാഹചര്യത്തില്‍ എന്തൊക്കെ സംഭവിക്കുമെന്ന് പ്രവചിക്കുന്ന അടുത്ത സെറ്റ് ടെക്നിക്കല്‍ പേപ്പറുകള്‍ ഗവണ്മെന്റ് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് മൂഡി എടുത്ത് കാട്ടിയിരിക്കുന്നത്.

ഇത് പ്രകാരം നോ- ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് ഏറ്റവും ആദ്യം സംഭവിക്കുന്ന സാമ്പത്തിക തിരിച്ചടി പൗണ്ടിന്റെ വിലിയിടിവായിരിക്കും. 2016ല്‍ യുകെയില്‍ യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തില്‍ ബ്രക്സിറ്റിന് അനുകൂലമായ വിധിയെഴുത്തുണ്ടായപ്പോഴും പൗണ്ടിന്റെ വില ഇടിഞ്ഞ് താണത് ഇതിനുള്ള തെളിവായി എടുത്ത് കാട്ടപ്പെടുന്നുണ്ട്. നോ-ഡീല്‍ ബ്രക്സിറ്റിനെ തുടര്‍ന്ന് വിനിമയ നിരക്കില്‍ ഇടിവുണ്ടാവുകയും പണപ്പെരുപ്പം ഉയരുകയും ചെയ്യും.

തുടര്‍ന്നുള്ള രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ യഥാര്‍ത്ഥ വേതനത്തില്‍ മരവിപ്പിനും ഇത് വഴിയൊരുക്കും. ഇത് ഉപഭോക്താക്കളുടെ ചെലവിടലിനെ പ്രതികൂലമായി ബാധിക്കുകയും സാമ്പത്തിക വളര്‍ച്ചയെ സമ്മര്‍ദത്തിലാഴ്ത്തുകയും ചെയ്യും. ഓട്ടോമോട്ടീവ്, എയര്‍ലൈന്‍, എയറോ സ്പേസ്, കെമിക്കല്‍ മേഖലകളെയായിരിക്കും നോ ഡീല്‍ ബ്രക്സിറ്റ് കൂടുതലായി ബാധിക്കുന്നത്. ഇതിന് പുറമെ റീട്ടെയില്‍ മേഖലയും താറുമാറാകും. 

ബ്രിട്ടീഷുകാര്‍ പുതിയ പാസ്പോര്‍ട്ട് എടുക്കേണ്ടി വരും; പുതിയ ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് നിര്‍ബന്ധം; പുതിയ ഡ്രൈവിംഗ് ടെസ്റ്റിനും വിധേയരാകും
നോ ഡീല്‍ സാഹചര്യമുണ്ടായാല്‍ പിന്നീട് ഇപ്പോഴത്തെ യൂറോപ്യന്‍ യൂണിയന്‍ പാസ്പോര്‍ട്ട് ബ്രിട്ടീഷുകാര്‍ക്ക് ഉപയോഗിക്കാനാവില്ല. അതിന് പകരം പുതിയ ബ്രിട്ടീഷ് പാസ്പോര്‍ട്ട് എടുക്കേണ്ടി വരും. പാസ്പോര്‍ട്ട് പുതുക്കിയാല്‍ മാത്രമേ ബ്രിട്ടീഷുകാര്‍ക്ക് യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ.  എന്നാല്‍ പരമ്പരാഗത ശൈലിയിലുള്ള ബ്രിട്ടീഷ് ബ്ലൂ പാസ്പോര്‍ട്ടുകള്‍ വീണ്ടും വിതരണം ചെയ്യാന്‍ 2019 അവസാനത്തോടെ മാത്രമേ ബ്രിട്ടന് സാധിക്കുകയുള്ളുവെന്ന പ്രവചനം കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. 

ഇതിന് പുറമെ യൂണിയനുമായി കരാറുകളൊന്നുമില്ലാതെ വിട്ട് പോയാല്‍ പിന്നീട് ബ്രിട്ടീഷ് മോട്ടോറിസ്റ്റുകള്‍ക്ക് മറ്റ് യൂണിയന്‍ രാജ്യങ്ങളിലൂടെ വാഹനങ്ങള്‍ ഓടിക്കണമെങ്കില്‍  5.50 പൗണ്ട് മുടക്കി പുതിയൊരു ഇന്റര്‍നാഷണല്‍ പെര്‍മിറ്റ് എടുക്കേണ്ടി വരും. കൂടാതെ ബ്രിട്ടീഷ് പ്രവാസികള്‍ അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കും വിധേയരാകേണ്ടി വരും.

ഡീലില്ലാതെ യൂണിയന്‍ വിടുന്നതിനെ തുടര്‍ന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഹോളിഡേക്ക് പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് അവിടങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ കടുത്ത റോമിംഗ് ചാര്‍ജുകള്‍ നല്‍കേണ്ടി വരും. ഭൂമിക്ക് കടുത്ത ഭീഷണിയായെത്തുന്ന  ഭീമന്‍ ഉല്‍ക്കകളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ യൂണിയന് യുകെയ്ക്ക് പ്രദാനം ചെയ്യാത്ത സാഹചര്യവും നോഡീല്‍ ബ്രെക്സിറ്റിനെ തുടര്‍ന്നുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category