1 GBP = 92.40 INR                       

BREAKING NEWS

ക്യാപ്റ്റനായിരുന്നപ്പോള്‍ സിനിമയില്‍ നക്ഷത്രമാകുമെന്ന് പറഞ്ഞ് ജ്യോത്സ്യന്‍ ആദ്യം വിശ്വാസമുറപ്പിച്ചു; കടം കയറി മുടിഞ്ഞപ്പോള്‍ 33-ാം ദിവസം വീട് വില്‍ക്കുമെന്ന് പറഞ്ഞ ജ്യോത്സ്യന്‍ അതുറപ്പിച്ചു; എവിടെ കയറി ഒളിച്ചിരുന്നാലും മൂന്ന് മാസത്തിനകം അപകടം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച അതേ ജ്യോല്‍സ്യന്‍ അന്ധവിശ്വാസിയാക്കി; അന്തരിച്ച ക്യാപ്ടന്‍ രാജു എന്തുകൊണ്ടായിരുന്നു ജ്യോത്സ്യത്തെ ഇത്രയേറെ കണ്ണുമടച്ച് വിശ്വസിച്ചത്?

Britishmalayali
kz´wteJI³

കൊച്ചി: ജനിച്ചത് ഒരു ക്രൈസ്തവ കുടുംബത്തിലാണെങ്കിലും ഹൈന്ദവ സംസ്‌കാരത്തിന്റെ സ്വാധീനമുള്ള ആചാരാനുഷ്ഠാനങ്ങളിലൂടെ കടന്നുപോയ ഒരു ബാല്യവും കൗമാരവുമായിരുന്നു ക്യാപ്ടന്‍ രാജുവിന്റേത്. രാജുവിന്റെ അമ്മ, ഹൈസ്‌കൂള്‍ അദ്ധ്യാപികയായിരുന്ന അന്നമ്മടീച്ചറാണ് കുട്ടികള്‍ക്ക് മതേതരത്വത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. കടുത്ത മതവിശ്വാസിയായിരുന്നെങ്കിലും മതപരമായ സങ്കുചിതത്വം കുട്ടികളിലുണ്ടാകാതിരിക്കാന്‍ ശ്രദ്ധിച്ചു. ഇത് ക്യാപ്ടനേയും സ്വാധീനിച്ചു. ഇതിനൊപ്പം ജ്യോതിഷത്തിലും ക്യാപ്ടന്‍ രാജു ഗാഡമായി വിശ്വസിച്ചു. തന്റെ അനുഭവങ്ങള്‍ ആണ് ഇതിന് കാരണമെന്ന് ക്യാപ്ടന്‍ രാജു തന്നെ നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിലെ ചിരിപ്പിക്കുന്ന വില്ലനായി മാറിയ ക്യാപ്ടന്‍ രാജു അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുമ്പോള്‍ ആ വിശ്വാസങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്നതായിരുന്നു നടന്റെ മനസ്സ്. അതു തന്നെയാണ് സിനിമയിലെ നന്മമരമാക്കി ക്യാപ്ടന്‍ രാജുവിനെ മാറ്റിയത്.

ക്യാപ്ടന്‍ രാജുവിന്റെ വീട്ടില്‍ എല്ലാ സന്ധ്യകളിലും കൃത്യമായി നിലവിളിക്ക് കത്തിച്ചിരുന്നു. ഇതിന് കാരണമായി അദ്ദേഹം തന്നെ കാര്യങ്ങളെ വിശദീകരിച്ചത് ഇങ്ങനെയാണ്-സമീപത്തുള്ള ഹൈന്ദവ കുടുംബാംഗങ്ങളുമായി സഹോദരതുല്യമായ ബന്ധം നിലനിര്‍ത്താന്‍ അമ്മച്ചി ഞങ്ങളെ പഠിപ്പിച്ചിരുന്നു. ഞായറാഴ്ചകളില്‍ പതിവായി പള്ളിയില്‍ പോവുന്ന വഴി ക്ഷേത്രങ്ങള്‍ കാണുമ്പോള്‍ അതിനു മുന്നില്‍ നിന്ന് തൊഴുത് കഴിയുമെങ്കില്‍ കാണിക്കയുമിട്ട് മടങ്ങാന്‍ അമ്മച്ചി ഞങ്ങളെ ശീലിപ്പിച്ചിരുന്നു. അതുകൊണ്ടൊക്കെയാവാം ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായ ജ്യോതിഷശാസ്ത്രത്തോടും ചെറുപ്പം മുതല്‍ക്കേ എനിക്ക് പ്രതിപത്തിയുണ്ടായതെന്ന് ക്യാപ്ടന്‍ രാജു തന്നെ നേരത്തെ വിശദീകരിച്ചിട്ടുണ്ട്. മനോരമയുടെ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ക്യാപ്ടന്‍ രാജു വ്യക്തമാക്കിയിരുന്നത്.

നേവിയില്‍ ക്യാപ്റ്റനായിരുന്ന രാജു സിനിമയില്‍ ഒരിക്കല്‍ നക്ഷത്രമാവുമെന്നത് അടക്കം ബോംബെയിലുള്ള ഒരു ജോത്സ്യന്‍ പ്രവചിച്ചിരുന്നു. അത് ശരിയായപ്പോള്‍ ആ ശാസ്ത്രത്തോടുള്ള എന്റെ വിശ്വാസം വര്‍ധിച്ചു വന്നു. പക്ഷേ, സമീപകാലത്ത് നടന്ന സംഭവം ആ വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു. തിരുവനന്തപുരത്തെ കുറവന്‍ കോണത്തുള്ള എന്റെ വീടുവില്‍ക്കാന്‍ വര്‍ഷങ്ങളായി ശ്രമിച്ചിട്ടും നടക്കുന്നില്ല. സ്വന്തമായി സംവിധാനം ചെയ്ത സിനിമ വരുത്തിവെച്ച കടബാധ്യതകള്‍ തീര്‍ത്തേ തീരു. അങ്ങനെയിരിക്കെ ഒരു ബന്ധു പറഞ്ഞതനുസരിച്ച് ഒരു ജോത്സ്യനെ കാണാന്‍ പോയി. ഇതും ശരിയായി വന്നു. അതോടെ ജ്യോതിഷം ജീവിതത്തിന്റെ ഭാഗമായി. കാര്യങ്ങള്‍ ക്യാപ്ടന്‍ രാജു തന്നെ പറഞ്ഞിരുന്നത് ഇങ്ങനെ

ഒട്ടും പ്രസിദ്ധനല്ലാത്ത ഒരു നമ്പൂതിരി യുവാവ്. അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ തെറ്റാറില്ലെന്നാണ് പരിചയപ്പെടുത്തിയ ആളുടെ സാക്ഷ്യപത്രം. എന്തായാലും ഞാന്‍ പ്രശ്നം അവതരിപ്പിച്ചു. അദ്ദേഹം കൃഷ്ണവിഗ്രഹത്തിന് മുന്നില്‍ അല്‍പ്പനേരം ധ്യാനലീനനായിരുന്ന ശേഷം പറഞ്ഞു. ''ഇന്നേക്ക് കൃത്യം 33ാം ദിവസം അങ്ങയുടെ വീട് വിറ്റിരിക്കും'' 32 ദിവസങ്ങള്‍ കടന്നുപോയിട്ടും വിശേഷിച്ചൊന്നും സംഭവിച്ചില്ല. പ്രവചനം കാറ്റില്‍ പറന്നതിന്റെ വിഷമം ഞാന്‍ ഭാര്യയോട് പറയുകയും ചെയ്തു. പിറ്റേന്ന് മുപ്പത്തിമൂന്നാംപക്കം രാവിലെ സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരിക്കെ കുടുംബസുഹൃത്തായ ഒരു വ്യവസായി കാണാന്‍ വന്നു. അദ്ദേഹത്തിന് വീടിന്റെ വില അറിയണം. നേരത്തെ ഉദ്ദേശിച്ചതിലും കൂടിയ തുകയാണ് ഞാന്‍ ചോദിച്ചത്. അദ്ദേഹം സമ്മതിച്ചു. ഉടന്‍തന്നെ അഡ്വാന്‍സും തന്നു.-ക്യാപ്ടന്‍ രാജു കാര്യങ്ങള്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

ജോത്സ്യന്റെ രണ്ടാമത്തെ പ്രവചനം മനസ്സില്‍ വലിയ അസ്വസ്ഥതയായി. മൂന്നു മാസത്തിനുള്ളില്‍ വലിയ ഒരപകടം സംഭവിക്കുമത്രെ. എല്ലാ സുരക്ഷിത കവചവും തീര്‍ത്ത് വീട്ടിനുള്ളിലിരുന്നാലും മരക്കൊമ്പ് ഒടിഞ്ഞു വീണിട്ടാണെങ്കിലും അപകടമുണ്ടാവുമെന്നാണ്. എന്തായാലും ആദ്യപ്രവചനം ഫലിച്ചതോടെ ഞാന്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രതപാലിക്കാന്‍ തുടങ്ങി. രാത്രി യാത്രകള്‍ ഒഴിവാക്കി, പരമാവധി വേഗത കുറച്ചും സൂക്ഷ്മതയോടെയും വാഹനം ഓടിക്കാന്‍ തുടങ്ങി. മൂന്നു മാസങ്ങള്‍ പൂര്‍ത്തിയാവാറായി ഒരു കുഴപ്പവും സംഭവിക്കാതെ ദിവസങ്ങള്‍ കടന്നുപോവുന്നതിന്റെ സമാശ്വാസത്തിലായിരുന്നു ഞാന്‍. അങ്ങനെയിരിക്കെ സേലത്ത് ഒരു പടത്തിന്റെ ഷൂട്ടിങ്ങ് വന്നു. പിറ്റേന്ന് വെളുപ്പിനെ ഷൂട്ടിങ്ങില്‍ പങ്കെടുക്കണം. വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടെങ്കിലേ ആ സമയത്ത് എത്തിച്ചേരാന്‍ കഴിയൂ.

രാത്രിയില്‍ അത്രയും ദൂരം തനിയെ കാറോടിക്കുന്നത് ബുദ്ധിയല്ല. അതിനാല്‍ ഒരു ഡ്രൈവറെ അയയ്ക്കാന്‍ ഞാന്‍ ഷൂട്ടിങ്ങ് യൂണിറ്റിനോട് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എത്തിയ ഡ്രൈവറെ ഞാന്‍ പകല്‍ മുഴുവന്‍ എന്റെ വീട്ടില്‍ കിടത്തിയുറക്കി. രാത്രി ഉറക്കമൊഴിക്കേണ്ടതല്ലേ? വൈകുന്നേരം വിളിച്ചെഴുന്നേല്‍പ്പിച്ച് തണുത്തവെള്ളത്തില്‍ കുളിപ്പിച്ചു. ഞങ്ങള്‍ പതിയെ യാത്ര തുടങ്ങി. ഓരോ സ്ഥലത്തും വണ്ടി നിര്‍ത്തി ഇടയ്ക്കിടെ ഇറങ്ങി ചായയും കാപ്പിയും കഴിച്ച് ഉറക്കം വരാതിരിക്കാനായി വര്‍ത്തമാനം പറഞ്ഞും ഐസ് വാട്ടറില്‍ മുഖം കഴുകിയുമാണ് യാത്ര. സേലം അടുക്കാറായതും വണ്ടി മെല്ലെ പാളുന്നു. ഞാന്‍ നോക്കുമ്പോള്‍ ഡ്രൈവര്‍ ചെറുതായി ഉറക്കം തൂങ്ങുകയാണ്. ഇനി ഞാന്‍ വണ്ടിയോടിക്കാമെന്ന് പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്റെ മറുപടി ഇതായിരുന്നു. ''സാറിന് രാവിലെ ഷൂട്ടിങ് ഉള്ളതല്ലേ. സാര്‍ ഒന്നു മയങ്ങിക്കോളൂ. ഞാന്‍ ശ്രദ്ധിച്ചോളാം''

ഞാന്‍ വണ്ടി നിര്‍ത്തി തണുത്തവെള്ളത്തില്‍ മുഖം കഴുകാന്‍ ആവശ്യപ്പെട്ടു. വീണ്ടും യാത്ര തുടര്‍ന്നു. ടാറ്റാ ഇന്‍ഡിക്കയുടെ പിന്‍സീറ്റില്‍ ചാരിക്കിടന്ന് ഒന്ന് മയങ്ങിയതോര്‍മ്മയുണ്ട്. പിന്നീട് ദിവസങ്ങളോളം അബോധാവസ്ഥയിലായിരുന്ന ഞാന്‍ എണീക്കുന്നത് ഹോസ്പിറ്റല്‍ ബെഡില്‍ നിന്നാണ്. നാല്‍പ്പതടി കൊക്കയിലേക്കായിരുന്നു വീഴ്ച. അടപോലെ ചളുങ്ങിയമര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് എന്നെ പുറത്തെടുത്തത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സ, ലക്ഷങ്ങള്‍ പാഴായതല്ലാതെ യാതൊരാശ്വാസവും ലഭിച്ചില്ല. ശരീരത്തിന്റെ ഒരു വശം തകര്‍ന്ന അവസ്ഥയിലാണ്. ഇത്ര വലിയ ഒരു അനുഭവത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ ജ്യോതിഷശാസ്ത്രത്തെ ഞാനെങ്ങനെ അവിശ്വസിക്കും?-ഇതായിരുന്നു ക്യാപ്ടന്‍ രാജു ഉയര്‍ത്തിയ ചോദ്യം. അങ്ങനെ ജ്യോതിഷത്തെ വിശ്വസിച്ച് ജീവിച്ച വ്യക്തിത്വമാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ വസതിയിലായിരുന്നു ക്യാപ്ടന്‍ രാജുവിന്റെ അന്ത്യം. മസ്തിഷ്‌കാഘാതത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. രണ്ടുമാസം മുമ്പ് മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് മസ്തിഷ്‌കാഘാതമുണ്ടായത്. തുടര്‍ന്ന് ഒമാനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് അദ്ദേഹത്തെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ഇതിനുശേഷം മൂന്ന് ദിവസം മുന്നേയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറ്റിയത്. സ്വഭാവ നടനായും വില്ലനായും ഹാസ്യനടനായും അഞ്ഞൂറിലേറെ സിനിമകളില്‍ അഭിനയിച്ചു. 1981 പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് .

രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. വില്ലനായും സ്വഭാവനടനായും തിളങ്ങി. നാടോടിക്കാറ്റ്, പാവം ക്രൂരന്‍, ഒരു വടക്കന്‍ വീരഗാഥ എന്നിവയാണ് പ്രശസ്ത സിനിമകള്‍. 'രതിലയ'ത്തിലാണ് ആദ്യം നായകനായത്. മാസ്റ്റര്‍പീസ് ആണ് അവസാനസിനിമ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category