1 GBP = 92.40 INR                       

BREAKING NEWS

പീഡന മെത്രാനെ ചോദ്യം ചെയ്യുന്നത് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് മാതൃകയില്‍; അള്‍ട്രാ മോഡേണ്‍ ചോദ്യം ചെയ്യല്‍ മുറിയില്‍ പ്രവേശിച്ച ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം നിരീക്ഷിച്ച് പറയുന്നത് നുണയാണോ എന്ന് പരിശോധിക്കും; ഒരേസമയം നാല് ഉദ്യോഗസ്ഥര്‍ വരെ ചോദ്യങ്ങള്‍ ചോദിക്കും; ചോദ്യം ചെയ്യുന്നതാരെന്ന് മനസിലാകാതിരിക്കാന്‍ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റും: ഫ്രാങ്കോയെ ചോദ്യം ചെയ്യുക വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങള്‍

Britishmalayali
അര്‍ജുന്‍ സി വനജ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യുന്നത് സ്‌കോട്ലന്‍ഡ് യാര്‍ഡ് മാതൃകയിലുള്ള ഹൈടെക് രീതിയില്‍. അള്‍ട്രാ മോഡേണ്‍ ചോദ്യം ചെയ്യല്‍ മുറിയാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം പരിശോധിച്ച് പറയുന്നത് നുണയാണോ എന്നതടക്കം മനസിലാക്കാനുള്ള സംവിധാനങ്ങളാണ് പൊലീസിന്റെ പക്കലുള്ളത്.

രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തില്‍ രണ്ടുസംഘങ്ങളായാണ് ബിഷപ്പിനെ ചോദ്യംചെയ്യുക. ബിഷപ്പ്, അത്യാധുനിക ചോദ്യം ചെയ്യല്‍ മുറിയില്‍ കയറുമ്പോള്‍ മുതല്‍ സംഭവിക്കുന്നതിന്റെയെല്ലാം വീഡിയോയും ഓഡിയോയും പകര്‍ത്താനുള്ള സാധ്യതകള്‍ നടപടികള്‍ എല്ലാം ഓഡിയോയിലും വീഡിയോയിലും പകര്‍ത്തും. ബിഷപ്പിന്റെ ഭാവവ്യത്യാസങ്ങളടക്കം പരിശോധിച്ച് ആവശ്യമെങ്കില്‍ വീണ്ടും ചോദ്യംചെയ്യും.

ലോകത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണസംഘമായ സ്‌കോട്‌ലന്‍ഡ് യാര്‍ഡിന്റെ മാതൃകയിലാണ് അള്‍ട്രാ മോഡേണ്‍ ചോദ്യംചെയ്യല്‍ മുറി. ഇതിന്റെ പ്രവര്‍ത്തനം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. ഒരു മുറിയില്‍ മൈക്ക് ഘടിപ്പിച്ച മേശയ്ക്ക് ഇരുവശങ്ങളിലായി ഉദ്യോഗസ്ഥനും പ്രതിയുമിരിക്കും. വണ്‍വേ മിറര്‍ ഉപയോഗിച്ചു മുറി വേര്‍തിരിച്ചിട്ടുണ്ട്. മറുഭാഗത്തു നടക്കുന്നതൊന്നും പ്രതിക്കു കാണാനാവില്ല. ഒരേസമയം നാല് ഉദ്യോഗസ്ഥര്‍ക്കു ചോദ്യങ്ങള്‍ ചോദിക്കാം. ആരാണു ചോദ്യം ചെയ്യുന്നതെന്നു മനസിലാകാതിരിക്കാന്‍ ഉദ്യോഗസ്ഥന്റെ ശബ്ദമടക്കം മാറ്റാം. വയര്‍ലെസ് സംവിധാനത്തിലൂടെ അവര്‍ക്ക് അടുത്ത മുറിയിലിരിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം.

അവിടെയാണ് കൂടുതല്‍ ഉപകരണങ്ങളുള്ളത്. ഇവ പ്രവര്‍ത്തിപ്പിക്കുന്നതാകട്ടെ, പ്രത്യേക പരിശീലനം നേടിയവരാണ്. അമേരിക്കന്‍ സാങ്കേതികവിദ്യയില്‍ ചൈനീസ് നിര്‍മ്മിതമായ സി.പി. പ്ലസ് ക്യാമറകളും വീഡിയോ റെക്കോഡറും ഉപയോഗിക്കും. വയര്‍ലെസ് സംവിധാനം ജര്‍മനിയില്‍ നിന്നും ശബ്ദലേഖന ഉപകരണങ്ങള്‍ ജപ്പാനില്‍നിന്നുമാണ്. ഡി.ജി.പി.യുമായും ജില്ലാ പൊലീസ് മേധാവിയുമായും വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്. ചോദ്യംചെയ്യലിന്റെ ഓരോഘട്ടവും ഉന്നതോദ്യോഗസ്ഥര്‍ക്ക് നേരിട്ട് കാണാനും ചോദ്യങ്ങള്‍ ചോദിക്കാനുമാകുമെന്നതാണ് പ്രത്യേകത.

11 മണിയോടെ വെള്ളക്കാറില്‍ എത്തിയ ബിഷപ്പ് ചാനല്‍ ക്യാമറകള്‍ക്ക് പിടികൊടുക്കാതെയാണ് ചോദ്യം ചെയ്യല്‍ മുറിയിലേക്ക് കയറിപ്പോയത്. അതീവ നാടകീയമായിട്ടായിരുന്നു ബിഷപ്പിന്റെ രംഗപ്രവേശം. അദ്ദേഹം എവിടെയാണെന്ന കാര്യത്തില്‍ ആര്‍ക്കും പിടിയുണ്ടായിരുന്നില്ല. കാറില്‍ സഹായികള്‍ക്കൊപ്പം എത്തിയ ബിഷപ്പിന് പൊലീസ് തന്നെ ചാനല്‍ ക്യാമറകള്‍ക്ക് മുമ്പില്‍ പെടാതെ ഒളിപ്പിച്ചു കടത്തുകയായിരുന്നു. ജലന്ധര്‍ രൂപതാ പി.ആര്‍.ഒ ഫാ. പീറ്റര്‍ കാവുംപുറവും ബിഷപ്പിനൊപ്പം എത്തിയിട്ടുണ്ട്. കോട്ടയത്തു നിന്നും അന്വേഷണ ഉദ്യോഗസ്ഥരും തൃപ്പൂണിത്തുറയില്‍ എത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പുലുണ്ട്. ഇവിടുത്തെ ഹൈടെക് ഇന്ററോഗേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥര്‍ എത്തിക്കൊണ്ടിരിക്കയാണ്. രണ്ട് മുറികളാണ് ഇവിടെയുള്ളത്. അഞ്ച് ക്യാമറകളുടെ നിരീക്ഷണമുണ്ട്. ഡിജിപിക്ക് അടക്കം വീഡിയോയിലൂടെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള സൗകര്യങ്ങല്‍ ഇവിടെയുണ്ട്. പത്ത് മണിക്ക് ഹാജരാകാനാണ് ബിഷപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ 11 മണിയോടെയാണ് ബിഷപ്പ് എത്തിയത്.

ചാനലുകളെല്ലാം ബിഷപ്പിന്റെ വരവ് കാത്തിരിക്കയായിരുന്നു. തൃശ്ശൂരിലാണ് ബിഷപ്പുള്ളതെന്നാണ് വാര്‍ത്ത വന്നത്. ബിഷപ്പിന്റെ സഹോദരന്‍ കൊച്ചിയിലേക്ക് ഇന്നോവാ കാറില്‍ വരുന്നണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകള്‍ പോയത്. വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് പൊലീസ് ചോദ്യം ചെയ്യല്‍ നടത്തുക. അതേസമയം തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്പി ഹരിശങ്കര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികള്‍ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

മൊഴികളിലെ വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും ദൂരീകരിക്കുന്നതിനാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. തെളിവുകള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റുണ്ടാകും. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം ചോദ്യംചെയ്യലിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം മാത്രമേ തുടര്‍ ചോദ്യംചെയ്യല്‍ ആവശ്യമുണ്ടോ എന്ന് പറയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. നാലു വര്‍ഷം പഴക്കമുള്ള കേസില്‍ ശസ്ത്രീയ തെളിവുകള്‍ പരിമിതമായിരിക്കും. അന്വേഷണത്തില്‍ സാക്ഷിമൊഴികളാണ് പ്രധാനം. അതുകൊണ്ടുതന്നെ കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്യേണ്ടിവരും. അതിന് കൂടുതല്‍ സമയം വേണ്ടിവരും. കേസില്‍ വളരെ വേഗതയിലാണ് അന്വേഷണം നടന്നത്. ഇതുവരെയുള്ള അന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് പൂര്‍ണ തൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ രണ്ടാം തവണയാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ജലന്തറിലെത്തി ചോദ്യം ചെയ്തിരുന്നു. ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമാണു അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. നല്‍കിയ മൊഴികള്‍ പരിശോധിക്കാന്‍ സമാന്തര അന്വേഷണവും നടക്കും.

ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനായേക്കില്ല. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തില്‍ ചോദ്യം ചെയ്യും. ബിഷപ്പിന്റെ സഹായികളായ ജലന്തര്‍ രൂപതയിലെ വൈദികര്‍ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിരുന്നു. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവര്‍ ചര്‍ച്ച നടത്തി. ചോദ്യം ചെയ്യല്‍ കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിനും പൊലീസ് സുരക്ഷ ശക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് തടയാതിരുന്നതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പ്രതികരിച്ചു. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവിരോധമാണു പരാതിക്കു പിന്നിലെന്നും താന്‍ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിഷപ് ഹര്‍ജി നല്‍കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category