1 GBP = 88.00 INR                       

BREAKING NEWS

ഇന്ത്യ ലോക സൂപ്പര്‍ പവര്‍ ആണെന്ന് വിളിച്ചു കൂവുമ്പോഴും രൂപയുടെ മൂല്യം വിദേശ നാണയങ്ങള്‍ക്ക് എതിരെ തകര്‍ന്നടിയുന്നു; നിനച്ചിരിക്കാതെ ലോട്ടറിയടിച്ച ആവേശത്തില്‍ വിദേശ മലയാളികള്‍; ഏതാനും മാസത്തേക്ക് കാര്യങ്ങള്‍ ഇതേ നിലയില്‍ തുടരും; അടുത്ത വര്‍ഷം പൗണ്ട് വില 108 വരെ ഉയര്‍ന്നേക്കാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഒരു മണിക്കൂര്‍ കൂടി അവശേഷിക്കവെ, ബിബിസി വേള്‍ഡ് ന്യൂസ് സംപ്രേക്ഷണം ചെയ്യുന്ന പ്രത്യേക പരിപാടിയുടെ തലകെട്ടാണ് ഇന്ത്യ: ദി നെക്സ്റ്റ് സൂപ്പര്‍ പവര്‍ തലക്കെട്ടില്‍ തന്നെ ചോദ്യം ഉണ്ടെങ്കിലും ഈ പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്നു ആരെയും തോന്നിപ്പിക്കുന്നത് ഇന്ത്യന്‍ നാണയമായ രൂപയുടെ സ്ഥിരതയില്ലായ്മയാണ്. അമേരിക്കന്‍ പ്രേസിടെന്റിനു മൂക്കില്‍ പനി വന്നാലും ക്രൂഡ് വില ഒരു സെന്റ് ഉയര്‍ന്നാലും ഇറാനും ഇറക്കും യുദ്ധം നടത്തിയാലും ഒക്കെ മെലിയാന്‍ നിയോഗം രൂപയ്ക്കാണ്.

ആഭ്യന്തര വിപണി എത്ര കരുത്തു കാട്ടുമ്പോഴും അന്താരഷ്ട്ര ചലനങ്ങളില്‍ രൂപയോളം ചാഞ്ചല്യം കാട്ടുന്ന മറ്റൊരു ലോക നാണയം കണ്ടെത്തുക വിരളം ആയിരിക്കാം. അതും സൂപ്പര്‍ പവര്‍ എന്ന ലേബലും കയ്യില്‍ പിടിച്ചു ലോകം കറങ്ങവേ. കഴിഞ്ഞ ഒരു മാസത്തിലേറെയായി നാണയ വിപണിയില്‍ രൂപ ഒന്നിനൊന്നു മെലിയുകയാണ്. രൂപയ്ക്കെതിരായി അന്താരാഷ്ട്ര ക്രൂഡ് വില മാത്രമാണ് പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുന്നത്.

കാലങ്ങളായി വിദേശ നാണയ ശേഖരത്തിന്റെ കരുത്തും ആഭ്യന്തര ഉല്‍പാദന ശേഷി വര്‍ധനയും മികച്ച കാലാവസ്ഥയും രാഷ്ട്രീയ സ്ഥിരതയും ഒക്കെ ഉണ്ടായിട്ടും രൂപയ്‌ക്കെന്തു പറ്റുന്നു? സാമ്പത്തിക വിദഗ്ധര്‍ ഇരുന്നും നിന്നും ഒക്കെ ആലോചിച്ചിട്ടും രൂപ ഈ ചാഞ്ചാട്ടം ഓരോ ഇടവേളകളിലും കാട്ടിക്കൊണ്ടിരിക്കും. കയറ്റുമതി ഇറക്കുമതി ബാലന്‍ഡിങ് ഒരു പരിധി വരെ നാണയ മൂല്യത്തില്‍ പ്രതിഫലിക്കുമ്പോഴും ഇത്രയധികം ഇടിവ് കാട്ടാന്‍ നയപരമായ പോളിസികള്‍ കൂടി അന്വേഷിക്കേണ്ടി വരും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കയ്യിലെ ഏറ്റവും എളുപ്പവഴി ഇത്തരം സന്ദര്‍ഭങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ്. ഓരോ നിരക്ക് വര്‍ധനയും ജനത്തിന്റെ മേല്‍ കയറ്റിവയ്ക്കുന്ന അധിക ഭാരമൊന്നും ഇപ്പോള്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും ഗൗനിക്കാറില്ല എന്നതാണ് സത്യം. കാരണം അവരുടെ കയ്യിലും മാജിക്കില്ല. 

ലോട്ടറി കിട്ടിയ പോലെ വിദേശ മലയാളികള്‍ 
എന്നാല്‍ ഈ പ്രതിസന്ധി ഘട്ടങ്ങള്‍ ലോട്ടറി പോലെ കരുതുന്നവരാണ് വിദേശ മലയാളികള്‍. എത്ര അധ്വാനിച്ചാലും മിച്ചം പിടിക്കാന്‍ കാര്യമായി ഒന്നും കിട്ടാത്ത സാധാരണക്കാരായ പ്രവാസികള്‍ക്ക് മക്കള്‍ക്കായി അല്‍പം പൊന്നു വാങ്ങാനോ നിര്‍ത്തി വച്ച വീട് പണി വേഗത്തില്‍ തീര്‍ക്കാനും ഒക്കെ സഹായമാകുന്ന സമയം കൂടിയാണ് രൂപയുടെ വിലത്തകര്‍ച്ച കാലം. കിട്ടാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം കടം വാങ്ങി കഴിവതും വിദേശ നാണ്യം നാടുകളില്‍ എത്തിക്കും. ഓരോ ഇടിവിലും പ്രവാസികള്‍ എത്തിക്കുന്ന അധിക വരുമാനത്തിന്റെ കണക്കു തന്നെ ഇത് തെളിയിക്കുന്നതാണ്. സത്യത്തില്‍, വളരെ ചെറിയ നിലയില്‍ ആണെങ്കില്‍ പോലും പ്രവാസികള്‍ അധികമായി എത്തിക്കുന്ന ഇത്തരം വരുമാനവും രൂപയെ കൂടുതല്‍ മെല്ലിപ്പിക്കാന്‍ കാരണമാണ്. പക്ഷെ, അവര്‍ക്കു മുന്നില്‍ വേറെ മാര്‍ഗമില്ല.

ഈ പോക്ക് എങ്ങോട്ട്?
രൂപയുടെ ഇപ്പോഴത്തെ പോക്ക് എങ്ങോട്ടാണ്? അല്പം കുഴപ്പം പിടിച്ച ചോദ്യമാണ്. സത്യത്തില്‍ കൃത്യമായ വിശകലന റിപ്പോര്‍ട്ട് ഇപ്പോള്‍ ലഭ്യമല്ല. ഏതാനും ആഴ്ച കൂടി രൂപ ഈ നില തുടര്‍ന്നേക്കും എന്നേ പറയാനാകൂ. കാരണം ഇപ്പോള്‍ ഏഷ്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും മോശമായ റിസള്‍ട്ടുമായാണ് രൂപയുടെ നില്‍പ്പ്. ഇപ്പോഴത്തെ നില തരണം ചെയ്യുന്ന കാര്യത്തില്‍ ആര്‍ബിഐയും അല്‍പം പരുങ്ങലിലാണ്. വാണിജ്യ ബാങ്കുകളും മറ്റും കരുതുന്നതും രൂപ കൂടുതല്‍ മെല്ലിക്കും എന്ന് തന്നെയാണ്.

സൂപ്പര്‍ പവര്‍ എന്നൊക്കെ പറയാമെങ്കിലും ചെറിയൊരു തട്ട് കിട്ടിയാല്‍ മോങ്ങാന്‍ പാകത്തിലാണ് രൂപയുടെ നില്‍പ്പ്. ഡോളറും പൗണ്ടും യെന്നും അടക്കമുള്ള സകല വിദേശ നാണയങ്ങളും രൂപയോട് കരുത്തു കാട്ടുമ്പോള്‍ കൂടുതല്‍ പരുക്ക് പറ്റാതെ പിടിച്ചു നില്‍ക്കാന്‍ വഴി തേടുകയാണ് രൂപ. ഈ വര്‍ഷത്തെ വിനിമയം താരതമ്യം ചെയ്യുമ്പോള്‍ രൂപയ്ക്കു ഡോളറുമായി പത്തു ശതമാനവും ബ്രിട്ടീഷ് പൗണ്ടുമായി അഞ്ചു ശതമാനവും വീഴ്ച സംഭവിച്ചു കഴിഞ്ഞു.

പതിവ് പല്ലവികള്‍ തന്നെ, ഉടന്‍ മാറ്റം ഉണ്ടാകില്ല 
രൂപയുടെ കാര്യത്തില്‍ എപ്പോഴും വില്ലന്മാരായി എത്തുന്നവര്‍ തന്നെയാണ് ഇത്തവണയും മുന്നില്‍. അമേരിക്കന്‍ ഡോളറും ഓയില്‍ വിലയും. കൂടുതല്‍ സ്ഥിരത കാട്ടുന്ന അമേരിക്കന്‍ ഡോളറിലേക്കു നിക്ഷേപകര്‍ ശ്രദ്ധ കാട്ടിയപ്പോള്‍ സ്വാഭാവികമായി ഉണ്ടായ ഡിമാന്‍ഡ് മൂലം രൂപയ്ക്കു ക്ഷതം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം ക്രൂഡ് വില ഏഴു ശതമാനം ഉയര്‍ന്നതും ഇറക്കുമതി ചിലവ് കൂടിയ സാഹചര്യത്തില്‍ രൂപയ്ക്കു ദോഷമായി. രൂപ അല്‍പം താഴുമ്പോള്‍ തന്നെ ചാടിയിറങ്ങുന്ന ആര്‍ബിഐ ഇത്തവണ മെല്ലെപ്പോക്ക് നയം സ്വീകരിച്ചതും ഇപ്പോഴത്തെ വിലയിടിവില്‍ പ്രധാന കാരണമാണ്.
കൂടുതല്‍ ദുരിതം നിറഞ്ഞ നാളുകള്‍ മുന്നില്‍ എത്തും എന്ന് ഉറപ്പുള്ളതിനാല്‍ തല്‍ക്കാലം കാര്യമായ ഇടപെടല്‍ വേണ്ടെന്നാണ് ആര്‍ബിഐ നിലപാട്. അടുത്ത വര്‍ഷവും രൂപ ഡോളറുമായി 70നു മുകളില്‍ നില്‍ക്കാനുള്ള സാധ്യതയാണ് സാമ്പത്തിക വിപണി നല്‍കുന്നത്. അതായതു അടുത്ത ഏതാനും മാസത്തേക്ക് വിദേശ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഉള്ള സമയം തന്നെ. 
എണ്ണ വില കൂടുതല്‍ ഉയരുന്നതോടെ നാണയ പെരുപ്പവും സാധന വിലക്കയറ്റവും കൂടി ആകുമ്പോള്‍ ഉല്‍പ്പാദന ചിലവ് വര്‍ധിക്കുന്നതും ഇറക്കുമതി ചിലവ് കൂടുന്നതും ഒക്കെ രൂപയ്ക്കു ദോഷമായി മാറുകയാണ്. ഉല്‍പ്പാദന ചിലവ് കൂടുമ്പോള്‍ കയറ്റുമതിയില്‍ നിന്നും കിട്ടാവുന്ന ലാഭത്തിന്റെ വിഹിതത്തിലും കുറവുണ്ടാകും. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഇന്ത്യക്കു ഗുണകരമായി നിന്നതു അന്തരാഷ്ട്ര വിലയിലെ ക്രൂഡിന്റെ ഇടിവാണ്.
എന്നാല്‍ ആ സാഹചര്യം മാറിയതോടെ രൂപയും മെലിയാന്‍ തുടങ്ങി. ആഭ്യന്തര കരുത്തു വേണ്ടത്ര ശക്തം അല്ലാത്തതും കൂടുതല്‍ വിദേശ നിക്ഷേപം എത്താത്തതും രൂപയ്ക്കു തടസ്സമായി മാറുകയാണിപ്പോള്‍. ഈ സാഹചര്യം കൂടുതല്‍ ശക്തമായാല്‍ രൂപ പ്രമുഖ വിദേശ കറന്‍സികള്‍ക്കു എതിരെ അടുത്ത വര്‍ഷം മധ്യത്തോടെ ഇരുപതു ശതമാനം വീഴ്ച നേരിട്ടാലും അത്ഭുതപ്പെടാനില്ല. 

മോദിയെ ഇടിച്ചിടാന്‍ രാഹുലല്ല, രൂപ തന്നെ കാരണമായേക്കും 
പ്രത്യേകിച്ച് ഇന്ത്യ തിരഞ്ഞെടുപ്പിനെ കൂടി നേരിടുന്ന സാഹചര്യത്തില്‍. ഇത്തരം വിലയിരുത്തലുകള്‍ മുഖവിലക്കെടുത്താല്‍ ഡോളറുമായുള്ള താരതമ്യത്തില്‍ 80 എത്താനും പൗണ്ട് വില 108 വരെയായി ഉയരാനും കാരണം ആയേക്കും. എന്നാല്‍ ഇതെല്ലം പലവിധ സാഹചര്യങ്ങളുമായി കൂട്ടുപിണഞ്ഞു കിടക്കുന്നതിനാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതിനു കാത്തിരുന്നേ പറ്റൂ.

ഇത്തരത്തില്‍ നാണയ വില ഇടിഞ്ഞു താഴ്ന്നതു കടുത്ത വിലക്കയറ്റവും ഭരണ വിരുദ്ധ വികാരത്തിനും കൂടി കാരണമായി മാറും. അടുത്ത വര്‍ഷത്തെ ഇലക്ഷന്‍ മൂര്‍ദ്ധന്യത്തില്‍ ഒരു പക്ഷെ രാഹുലിനേക്കാള്‍ രൂപയായിരിക്കും മോഡിക്കുള്ള ചതിക്കുഴി ഒരുക്കുക, അതിനുള്ള സകല സാഹചര്യങ്ങളും നാണയ വിപണിയില്‍ രൂപം കൊള്ളുന്നുണ്ട്. അത് മറികടക്കാന്‍ ആര്‍ബിഐ, ചരിത്രത്തില്‍ ഇല്ലാത്ത വിധം രൂപയെ താങ്ങി നിര്‍ത്താന്‍ വിപണിയില്‍ ഇടപെടേണ്ടി വരും, അതത്ര നിസ്സാര കാര്യവുമല്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category