ആധാറിന് നിയമ സാധുത നല്കിയ സുപ്രീം കോടതി വിധി ശരിവയ്ക്കുന്നത് ആധാര്‍ വിരുദ്ധരുടെ വാദം കൂടിയാണോ? ഇനി വേണ്ടത് ജിയോ ഫോണിന്റെ പേരില്‍ അംബാനി ശേഖരിച്ച സര്‍വരുടെയും വിവരങ്ങള്‍ നശിപ്പിക്കുകയെന്നത്; ക്രിപ്റ്റോ കറന്‍സിയുടെ കാലത്ത് അമേരിക്കന്‍ താല്‍പ്പര്യത്തിന് വേണ്ടി രാജ്യത്തെ വിഴുങ്ങാതിരിക്കാന്‍ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിച്ചേ മതിയാകൂ
ഇന്നലെ സുപ്രീം കോടതി സുപ്രധാനമായ ഒരു വിധി പ്രഖ്യാപിച്ചിരുന്നു. ആധാറിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഒരുപോലെ വിജയം എന്നവകാശപ്പെടുന്ന വിധി. എതിര്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ എന്തിന്റെ പേരില്‍ എതിര്‍ത്തിരുന്നുവോ ആ കാര്യങ്ങളൊക്കെ സുപ്രീം കോടതി പരിഗണിക്കുകയും അതിന് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തു എന്ന ആശ്വാസമുണ്ട്. അനുകൂലിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആധാര്‍ ഭരണഘടനാ വിരുദ്ധമല്ല എന്ന് പ്രഖ്യാപിച്ചത് തങ്ങളുടെ വിജയമാണ് എന്ന് അവകാശപ്പെടാം.
എന്തായായലും സുപ്രീം കോടതിയുടെ വിധി വളരെ വിവേക പൂര്‍ണമാണ് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട്. ആധാറിനെ എതിര്‍ക്കുന്ന എല്ലാവരും പറഞ്ഞിരുന്നത് വളരെ പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതും ആശങ്കാ ജനകവുമായ ചില കാര്യങ്ങളാണ്. ആധാര്‍ എന്നത് ഒരു വ്യക്തിയുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം ആ വിവരങ്ങള്‍ ദുരുപയോഗിക്കുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ സാധ്യതയുള്ള വിവര ശേഖരണമായിരുന്നു എന്നായിരുന്നു വാദം. അതുകൊണ്ട് തന്നെ ആധാര്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് എന്ന് ചിലര്‍ വിശ്വസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ ആധാര്‍ പ്രചരണ രീതി അങ്ങനെ തന്നെയായിരുന്നു. നിങ്ങള്‍ക്ക് ജീവിക്കണമെങ്കില്‍ ആധാര്‍ വേണമെന്ന നിര്‍ബന്ധം ഏത് സാധാരണക്കാരന്റെയും ജീവിതത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി എന്നത് സത്യമാണ്. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് അഡ്മിഷന് വേണമെങ്കിലും എന്‍ട്രന്‍സ് ടെസ്റ്റ് എഴുതണമെങ്കിലും ബാങ്കില്‍ അക്കൗണ്ട് തുറക്കണമെങ്കിലും ഗ്യാസ് കണക്ഷന് എടുക്കണമെങ്കിലും ആധാര്‍ വേണമെന്ന പിടിവാശിയായിരുന്നു ഇതിനെതിരെ ഇത്രയധികം ജനവികാരം ഉയരാന്‍ കാരണം. ആ വികാരങ്ങളൊക്കെ സുപ്രീം കോടതി മനസിലാക്കുകയും ദേശീയ സുരക്ഷയും മറ്റ് അടിസ്ഥാന കാര്യങ്ങള്‍ക്കും ഒഴികെയുള്ള മേഖലകളില്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നത് വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരിക്കുകയാണ്.
ദേശ സുരക്ഷയ്ക്ക് വേണ്ടി നിലപാടെടുക്കാന്‍ ഒരു സര്‍ക്കാരിന് അവകാശവും അധികാരവുമുണ്ട് എന്ന് മറക്കുന്നില്ല.അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ ആ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കുകയും സുപ്രീം കോടതി അതിനെ ന്യായീകരിക്കുകയും ചെയ്താല്‍ അതിനെ കുറ്റം പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ ഏത് വ്യക്തിയുടേയും ഏത് സ്വകാര്യ വിവരങ്ങളും ഏത് സ്വകാര്യ കമ്പനിക്കും കുത്തകയായി കൈവശം വയ്ക്കാം എന്ന അവസ്ഥ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. അതിനുള്ള ശക്തമായ നിലപാടാണ് സുപ്രീം കോടതി എടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആധാറിനെ സംശയത്തോടെ വീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ക്കുള്ള അംഗീകാരമാണ് ഈ വിധിയെന്ന് നിസ്സംശയം പറയാം.
ആധാറിനെ സംശയത്തോടെ കണ്ടവരുടെ ആശങ്ക അത്ര നിസാരമായി കരുതിക്കൂടാ. ഗൂഗിളും ഫേസുബുക്കും പോലുള്ള സ്ഥാപനങ്ങള്‍ ഒരു പൈസ പോലും ആരോടും വാങ്ങിക്കാതെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനങ്ങളായി മാറിയത് മനുഷ്യരുടെ വിവരങ്ങള്‍ മാത്രം അടിസ്ഥാനമാക്കിയാണ് എന്ന് മറക്കരുത്. ഈ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത് ഒരു വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങളാണ്.ഐസിഐസിഐ ബാങ്ക് പോലുള്ള സ്വകാര്യ ബാങ്കുകള്‍ ഒരു വ്യക്തിയുടെ വിവരങ്ങള്‍ കൈമാറിയാല്‍ ഏതൊരാള്‍ക്കും കാശു കൊടുക്കുന്നുണ്ട് എന്ന് മാത്രം അറിഞ്ഞാല്‍ മതി.
ഗൂഗിളും ഫേസ്ബുക്കുമൊക്കെ അവര്‍ക്ക് വേണ്ട പരസ്യങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുന്നത് ഓരോ വായനക്കാരനും സര്‍ഫ് ചെയ്യുന്ന താല്പര്യങ്ങള് നോക്കിയാണ്. അവരുടെ കച്ചവടത്തിന്റെ അടിസ്ഥാനം തന്നെ ഒരു വായനക്കാരന്റെ താല്പര്യം അടിസ്ഥാനമാക്കിയാണ്. ആരോടും ചോദിക്കാതെ ഗൂഗിളും ഫേസ്ബുക്കുമൊക്കെ ഓരോരുത്തരുടേയും വിവരങ്ങളൊക്കെ ശേഖരിക്കുകയും അത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സ്ഥാപനമായി മാറ്റുകയും ചെയ്യുന്നു. ഒരു പക്ഷേ ആപ്പിളിനെ പോലെയുള്ള സാംസങ്ങിനെ പോലെയുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളൊക്കെ തന്നെ ഇത്തരം വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
എന്തിനേറെ നമ്മുടെ നാട്ടിലെ ബില്ഡറുമാര്ക്ക് പോലും വേണ്ടത് വിവരങ്ങളാണ് കാശുള്ളവന്റെ വിവരം ശേഖരിച്ചാല്‍ അവന് സാധനങ്ങള്‍ വാങ്ങുമെന്ന ബോധ്യമാണ് കണ്‍സ്യൂമര്‍ വ്യവസ്ഥയുടെ അടിസ്ഥാനം. അതു കൊണ്ട് തന്നെ ആധാര്‍ എന്ന പേരില്‍ നമ്മളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വിട്ടു കൊടുക്കുന്ന രീതി എതിര്‍ക്കപ്പെടേണ്ടത് തന്നെയാണ്. ആധാറിന്റെ തുടക്കം മുതല്‍ ഒട്ടേറെ ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മറക്കരുത്.