ചുംബന സമരക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും വേണ്ടി ശാസ്താവിന്റെ നട തുറക്കരുത്; ആര്‍ത്തവ സമയത്ത് ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ കൈപൊക്കട്ടെ; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല എന്ന് പറയുന്നതുപോലും ആരുടേയോ അജണ്ടയുടെ ഭാഗമല്ലേ?
ഇന്ത്യന്‍ ഭരണഘടനയുടെ 25ാമത്തെ അനുച്ഛേദം പറയുന്നത് ഇന്ത്യയിലെ ഏത് മനുഷ്യനും അവന് ഇഷ്ടമുള്ള മതവും വിശ്വാസവും പ്രാക്ടീസ് ചെയ്യാമെന്നാണ്. അതിന് നിബന്ധനയായി പറഞ്ഞിരിക്കുന്നത് ഇത് ആരോഗ്യപരമായ കാരണത്താലോ, പബ്ലിക്ക് ഓര്‍ഡറിന്റെ, അതായത് ക്രമസമാധാനവുമായി ബന്ധപ്പെട്ടോ, പബ്ലിക്ക് മൊറാലിറ്റിയുടെ മൂല്യ ബോധത്തിന്റെ അടിസ്ഥാനത്തിലോ വേണമെങ്കില്‍ നിയന്ത്രിക്കാം എന്നാണ്. എന്ന് വച്ചാല്‍ ഒരു പ്രാക്ടീസ്, ഒരു രീതി, ഒരു സമൂഹത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുമെങ്കില്‍ തടയിടാന്‍ കോടതിയ്ക്കോ രാഷ്ട്രത്തിനോ സാധിക്കും.അതുപോലെ തന്നെ അതൊരു സമൂഹത്തിന്റെ നന്മയെ ഇല്ലാതാക്കുമെങ്കില്‍ അല്ലെങ്കില്‍ അതൊരു കലാപത്തിന് കാരണമാകുമെങ്കില്‍ അങ്ങനെ ചെയ്യാം.
അല്ലാത്തിടത്തോളം കാലം ഏത് വിശ്വാസത്തിലും തുടരാന്‍ ഏതൊരു ഇന്ത്യന്‍ പൗരനും ഇന്ത്യന്‍ ഭരണഘടന അനുമതി നല്‍കുന്നുണ്ട്. ആ അര്‍ത്ഥത്തില്‍ ആചാരപരമായ കാരണങ്ങളാല്‍ ശബരിമലയിലേക്ക് 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം പാടില്ല എന്ന് ഒരു നിബന്ധന ആരെങ്കിലും കൊണ്ടു വന്നാല്‍ അത് ഭരണ ഘടനയ്ക്ക് അനുസൃതമാണ്.എന്നിട്ടും നമ്മുടെ സുപ്രീം കോടതി പറഞ്ഞിരിക്കുന്നത് അത് ബാധകമല്ല എന്നാണ്. സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമാര്‍ക്ക് നിയമമറിയാത്തതുകൊണ്ടാണെന്നോ സുപ്രീം കോടതിയിലിരിക്കുന്ന ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയതുകൊണ്ടാണെന്നോ അല്ലെങ്കില്‍ അവരാരും വിവരമില്ലാത്തവരാണെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല.
സുപ്രീം കോടതിയുടെ മുന്നില്‍ ഈ വിഷയം എത്തിയപ്പോള്‍ അവര്‍ക്ക് പരിഗണിക്കാന്‍ രണ്ടേ രണ്ട് കാര്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്, നിയമവും ഭരണഘടനയും എന്ത് പറയുന്നു. രണ്ട് ഇതിന് എതിര്‍വാദത്തെ അനുകൂലിക്കുന്നവര്‍ എന്ത് തെളിവ് നല്കുന്നു. ഇവിടെയാണ് പ്രശ്നം. നിയമം എല്ലാവര്ക്കും തുല്യമാണ് എന്ന് പറയമ്പോഴും സുപ്രീം കോടതിയില്‍ ഒരു കേസ് സമര്‍പ്പിക്കാന്‍ സാധിക്കുന്നത് പോലും പ്രിവിലേജാണ് എന്നതാണ് സത്യം. എന്നാല്‍ താഴെ തട്ടു മുതല്‍ ചെന്ന് നിങ്ങള്‍ക്ക് സുപ്രീം കോടതി വരെ പോകാന്‍ സാധിക്കും എന്ന് വാദിക്കുന്നവരുണ്ട്.
എന്നാല്‍ ഇന്ത്യയിലെ ഒരേ ഒരു കോടതിയില്‍ പോലും ഒരു കേസ് അവതരിപ്പിച്ചെടുക്കാന്‍ ഭാഗ്യം വേണം. ഒരു മിനിട്ടിനുള്ളില്‍ നിങ്ങളുടെ കേസ് യോഗ്യതയുള്ളതാണോ എന്ന് ബോധിപ്പിക്കാന്‍ സാധിക്കുന്ന അഭിഭാഷകര്‍ക്ക് മാത്രമേ ഒരു അപ്പീല്‍ പോലും അവിടെ നല്കാന് സാധിക്കൂ എന്നതാണ് സത്യം.അതിനേക്കാളും പ്രധാനപ്പെട്ട കാര്യം 40ഉ ം 50ഉം ലക്ഷം ഫീസ് വാങ്ങുന്ന അതിവിദഗ്ധരായ അഭിഭാഷകരുടെ ഇടയില്‍ സാധാരണക്കാരന് ഒരു കേസ് വാദിച്ച് ജയിക്കാന്‍ സാധിക്കുകയില്ല എന്നതാണ്. അപ്പോള്‍ ചോദ്യമുണ്ടാകും ഒരു സാധാരണക്കാരനും സുപ്രീം കോടതിയില്‍ നീതി ലഭിക്കില്ലേ എന്ന്.
തീര്‍ച്ചയായും ലഭിക്കും. പ്രശാന്ത് ഭൂഷണെപ്പോലെയുള്ള നിരവധി അഭിഭാഷകര്‍ ഒരു ഫീസും വാങ്ങാതെ സാധാരണക്കാര്‍ക്ക് വേണ്ടി കേസ് നടത്താറുണ്ട്. ശബരിമല കേസില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടക്കമുള്ള സംവിധാനങ്ങള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണം എന്ന നിലപാടാണ് എടുത്തത്. അതിനെ എതിര്‍ത്തത് രാഹുല്‍ ഈശ്വറിനെ പോലുള്ള ഒരാളും എന്‍എസ്എസ്നെ പോലുള്ള ചിലരും മാത്രമായിരുന്നു. അവര്‍ക്ക് ചില പരിമിതികള്‍ ഉണ്ടായിരുന്നു അവര്‍ക്ക് കാശുമുടക്കി അഭിഭാഷകരെ വയ്ക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഒരു സിറ്റിങ്ങിന് കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും കൊടുക്കാത്ത ഒരു അഭിഭാഷകനും കേസ് വാദിച്ച് സുപ്രീം കോടതിയില്‍ ജയിക്കാന്‍ സാധിക്കുകയില്ല എന്നതാണ് സത്യം. ഈ സത്യം മനസിലാക്കാതെയാണ് പലപ്പോഴും കോടതി വിധി എന്ന് പറയുന്നത്.
അതുകൊണ്ട് തന്നെ ഈ കോടതി വിധി പഴിതുകളില്ലാത്തതാണ് എന്ന് വിലയിരുത്താനോ അല്ലെങ്കില്‍ ഇത് വിധിച്ച കോടതി കറപ്റ്റഡാണ് എന്ന് പറയാനോ ആര്‍ക്കും അധികാരമില്ല.ഏറ്റവും ശ്രദ്ധേയമായ സംഗതി ശബരിമല കേസ് എന്ന് പറയുന്നത് ഒരു മുഖം മൂടിയുടെ മറവല്‍ സംഭവിച്ചതാണ് എന്നാണ്. ഏറെ പുരോഗമനപരമായ വിധി എന്നാണ് പലരും ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ രാഹുല്‍ ഈശ്വറിനെ പോലെയുള്ളവര്‍ പറയുന്നു ഇതൊരു ബ്രാഹ്മണിക്ക് അജന്‍ഡയുടെ ഭാഗമാണ് എന്ന്. ഹിന്ദുവിന് ഇങ്ങനെ ആവാമെങ്കില്‍ മറ്റുള്ളവരുടെ കാര്യത്തില്‍ എന്തുകൊണ്ട് ആവാന്‍ സാധിക്കില്ലെന്ന ചോദ്യം പില്ക്കാലത്ത് ഉയര്‍ന്ന് വരുന്നതിന്റെ അടയാളമാണ് എന്നാണ് ഇവര്‍ പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യം ആര്‍എസ്എസിനെ പോലെയുള്ളവര്‍ ഇക്കാര്യത്തില്‍ ഹൈന്ദവ മനസിനൊപ്പമല്ല എന്നതാണ്. ഒരു പക്ഷേ ശബരിമല പോലെ ആര്‍എസ്എസിന് ഒട്ടും പ്രാധാന്യമില്ലാത്ത ഒരു ക്ഷേത്രത്തിലെ ഹിന്ദു വിരുദ്ധമെന്ന് തോന്നിക്കുന്ന വിധി അതിനേക്കാള്‍ വലിയ ചില നിലപാടുകളുടെ തുടക്കമായി മാറ്റാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടാവാം. ഇതാണ് അപകടകരമായ അവസ്ഥ.