1 GBP = 90.60 INR                       

BREAKING NEWS

അങ്കിളിന്റെ വീട്ടില്‍ സ്ലീപ് ഓവര്‍ വേണ്ടെന്നു പറയുന്ന കുട്ടിയോട് എന്ത് പറയണം? പഠിക്കാന്‍ മടികാട്ടിയാല്‍ തല്ലാമോ? കുട്ടിയെ തനിച്ച് വീട്ടിലിരുത്താവുന്ന സാഹചര്യങ്ങള്‍ ഏതൊക്കെ? കവന്‍ട്രി കേരള സ്‌കൂളിന്റെ പോസിറ്റീവ് പാരന്റിംഗില്‍ മലവെള്ളം പോലെ ചോദ്യങ്ങള്‍; കേസുണ്ടായാല്‍ പല തലമുറകള്‍ക്ക് ദോഷവും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കൗമാര പ്രായത്തിലേക്കു കടക്കുന്ന ഡിംപിള്‍ (സാങ്കല്‍പിക നാമം) അച്ഛനമ്മമാരുടെ ജോലി സൗകര്യം പ്രമാണിച്ചു അടുത്ത കുടുംബ സുഹൃത്തായ അങ്കിളിന്റെ വീട്ടില്‍ പലപ്പോഴും സ്ലീപ് ഓവറിനു എത്തിയിരുന്നതാണ്. എന്നാല്‍ ഇയ്യിടെയായി കുട്ടി ആ വീട്ടില്‍ പകല്‍ പോലും കുടുംബ സന്ദര്‍ശനം നടത്താന്‍ മടിക്കുന്നു. ഡിംപിളിനെ ആ വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കണോ? എന്തായിരിക്കും ഇത്രയും അടുപ്പമുള്ള വീട്ടില്‍ പൊടുന്നനെ കുട്ടി പോകാന്‍ മടിക്കുന്നത്? കളികുഞ്ഞായിരിക്കുമ്പോള്‍ തന്നെ പരിചയമുള്ള വീട്ടില്‍ പോയിരുന്ന കുട്ടികള്‍ ടീനേജ് റിബലിസത്തിന്റെ പേരില്‍ മാത്രമാണോ പിന്നീട് വലുതാകുമ്പോള്‍ പോകാന്‍ മടിക്കുന്നത്?

യുകെ മലയാളികള്‍ക്കിടയില്‍ ഒട്ടേറെ പേര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്‌നത്തിന്റെ തലനാരിഴ കീറിയുള്ള പരിശോധനയാണ് ഇന്നലെ കവന്‍ട്രി കേരള സ്‌കൂളിലെ മാതാപിതാക്കള്‍ക്കായി നടത്തിയ അര്‍ദ്ധ ദിന സെമിനാറില്‍ നടന്നത്. കേരള സ്‌കൂളിന്റെ അസിസ്റ്റന്റ് ഹെഡ് ടീച്ചര്‍ കൂടിയായ വാര്‍വിക് കൗണ്‍സില്‍ ചൈല്‍ഡ് സോഷ്യല്‍ കെയര്‍ ഓഫീസറായ ഷിന്‍സണ്‍ മാത്യുവും നനീട്ടന്‍ ജോര്‍ജ് എലിയട്ട് ഹോസ്പിറ്റല്‍ അഡള്‍ട്ട് സോഷ്യല്‍ കെയര്‍  ടീം അംഗമായ ജോബി തോമസും ചേര്‍ന്ന് നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ യുകെ ജീവിതത്തിന്റെ ഏറ്റവും അനുഭവ സമ്പത്തുള്ള ഒരു ദിവസത്തിന് കൂടി സാക്ഷികളായാണ് മടങ്ങിയത്.

മലയാളം മിഷന്‍ പഠന പദ്ധതി മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശം കൂടി ലക്ഷ്യമിട്ടാണ് പോസിറ്റീവ് പേരന്റിംഗ് സംഘടിപ്പിച്ചത്. അടുത്ത കാലത്തായി ചൈല്‍ഡ് സോഷ്യല്‍ കെയര്‍ രംഗത്ത് മലയാളി കുട്ടികളുടെ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് കേരള സ്‌കൂളിന്റെ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുമായി അവബോധ ശില്‍പ്പശാല നടന്നത്. പൊതുവില്‍ മലയാളി കുടുംബങ്ങളില്‍ കുട്ടികള്‍ നേരിടേണ്ടി വരുന്ന ശാരീരിക, മാനസിക പീഡനങ്ങള്‍ സോദാഹരണ സഹിതം ഷിന്‍സണ്‍ വിവരിക്കവെയാണ് ഡിംപിളിന്റെ അനുഭവം സദസ്സില്‍ നിന്നും ഉയര്‍ന്നത്.

ഈ കേസില്‍ തീര്‍ച്ചയായും കുട്ടി ഏതെങ്കിലും വിധത്തില്‍ ഉള്ള ദുരനുഭവം കുടുംബ സുഹൃത്തായ അങ്കിളില്‍ നിന്നും നേരിട്ടിരിക്കാം എന്നാണ് ഇത്തരം കേസുകള്‍ നിരന്തരം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം നല്‍കിയ മറുപടി. ഇത്തരം സമാന സാഹചര്യത്തില്‍ കുട്ടികള്‍ മടി കാട്ടുന്ന ഇടങ്ങളില്‍ അവരെ നിര്‍ബന്ധിച്ചു ഒരു കാരണവശാലും കൊണ്ട് പോകരുത് എന്നാണ് ഷിന്‍സന് നല്‍കുന്ന ഉപദേശം.

ഒരു കാരണവും കൂടാതെ  കുട്ടികള്‍ ഇത്തരം മടികാട്ടലുകള്‍ നടത്തില്ല എന്നാണ് അനുഭവം. മാത്രമല്ല, സ്ലീപ് ഓവര്‍ അനുവദിച്ചാല്‍ തന്നെ പോകുന്ന വീട്ടില്‍ ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്താന്‍ കൂടി മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സാഹചര്യങ്ങള്‍ മാറാന്‍ അധിക സമയം വേണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകുമ്പോള്‍ കുട്ടികളുടെ സുരക്ഷിതത്വം ഗൗരവത്തില്‍ എടുക്കാന്‍ മലയാളി സമൂഹം കൂടുതല്‍ ശ്രദ്ധ നല്‍കണം എന്നാണ് പോസിറ്റീവ് പാരന്റിംഗില്‍ പൊതുവെ രൂപപ്പെട്ട ആശയം.

യുകെയിലെ ശക്തമായ നിയമ സാഹചര്യത്തില്‍ നിസ്സാര കാരണങ്ങള്‍ പോലും കേസുകളിലേക്ക് നയിക്കപ്പെടാം എന്നും ശില്‍പ്പശാലയില്‍ വ്യക്തമാക്കപ്പെട്ടു. ഉദാഹരണമായി തണുപ്പ് കാലത്തു കുട്ടികള്‍ ആവശ്യമായ വസ്ത്രം ധരിക്കാതെ പോകുന്നതും പോലും കേസിലേക്കോ അഥവാ മറ്റൊരു കേസുണ്ടായാല്‍ കുട്ടിയെ മാതാപിതാക്കള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്ന പരാതിക്കു ആക്കം നല്‍കാനോ കാരണമായി മാറും.
പഠന കാര്യത്തില്‍ കുട്ടികളെക്കാള്‍ ആവലാതി സൂക്ഷിക്കുന്ന മലയാളികളില്‍ ഭൂരിഭാഗവും മക്കളെ ഒരിക്കല്‍ എങ്കിലും ഇക്കാരണത്താല്‍ തല്ലിയിരിക്കാന്‍ ഉള്ള സാധ്യത ഏറെയാണ്. എന്നാല്‍ ഈ ഒരു കാരണം കൊണ്ട് തന്നെ കുട്ടികള്‍ സോഷ്യല്‍ കെയര്‍ സംരക്ഷണയില്‍ എത്താന്‍ ഉള്ള സാധ്യത ഏറെയാണ്. കുട്ടികളെ തല്ലിയാല്‍ അവരുടെ ദേഹത്ത് നിശ്ചയമായും പാടുകള്‍ അവശേഷിക്കും എന്നതും കേസുകളെ ഗുരുതരമാക്കും. സാധാരണയായി കാലിന്റെ പിന്‍ഭാഗം, കൈകളുടെ പിന്‍വശം എന്നിവിടങ്ങളില്‍ ഒക്കെ ഇത്തരം പാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അടി നല്‍കി എന്നാണ് ഉദ്യോഗസ്ഥര്‍ അനുമാനിക്കുക.
ഇത്തരം സാഹചര്യത്തില്‍ മാതാപിതാക്കള്‍ നിക്ഷേധിച്ചാലും വലിയ പ്രയോജനം ഉണ്ടാകില്ല. എന്നാല്‍ പാടുകള്‍ ഒന്നും ഇല്ലെങ്കില്‍ ചെറിയ തോതില്‍ നടത്തിയ ശിക്ഷകള്‍ പരാതി ഉണ്ടാകുന്ന പക്ഷം ഒരു കാരണവശാലും അംഗീകരിക്കരുത് എന്നാണ് പലരുടെയും അനുഭവം. കുട്ടികള്‍ തല്ലി എന്ന് പരാതി പറയുന്നത് മാത്രം പല കേസിലും മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാല്‍ അടിയുടെ പാടുകള്‍ വ്യക്തമായ തെളിവായി മാറുന്നതാണ് കേസുകള്‍ ഗുരുതരമാക്കുന്നത്.
ഭാര്യ ഭര്‍ത്താക്കന്മാര്‍ ജോലിക്കാരായ വീടുകളില്‍ പലപ്പോഴും അല്‍പ സമയത്തേക്കെങ്കിലും കുട്ടികള്‍ തനിയെ ഇരിക്കുന്നതും പതിവാണ്. എന്നാല്‍ ഇതും വളരെ ഗൗരവമേറിയ കുറ്റമായി മാറുകയാണ്. നിയമ വ്യവസ്ഥ അനുസരിച്ചു 14 വയസു പൂര്‍ത്തിയാകാത്ത കുട്ടി തനിയെ ഇരിക്കാന്‍ പാടില്ല എന്ന വ്യവസ്ഥ മലയാളികള്‍ ഗൗരവമായി എടുക്കാറില്ല. പത്തു മിനിറ്റു നേരമാണെങ്കില്‍ പോലും തൊട്ടടുത്ത അയല്‍വാസിയുടെ ശ്രദ്ധയില്‍ പെട്ടാല്‍ പോലും കേസിലേക്ക് നയിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. കാരണം മാതാപിതാക്കളില്‍ ഒരാള്‍ ജോലിക്കു പോകുന്നതും പങ്കാളി അല്‍പ സമയം കഴിഞ്ഞു വീട്ടില്‍ വരുന്നതും പതിവാകുമ്പോള്‍ പലരും ശ്രദ്ധിക്കാന്‍ ഉള്ള സാഹചര്യമുണ്ട്.
ഇത്തരം സന്ദര്‍ഭങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. താന്‍ കുട്ടിയെ തല്ലാറുണ്ട് എന്ന് നിര്‍ദോഷമായി സൗഹൃദ സദസ്സില്‍ പറഞ്ഞത് കേട്ട ഒരാള്‍ മറ്റൊരാളോട് ഇതേക്കുറിച്ചു അവിചാരിതമായി പറഞ്ഞാല്‍ പോലും ഈ വര്‍ത്തമാനം കൈമാറിക്കിട്ടിയ മൂന്നാമനോ നാലാമനോ വിസില്‍ ബ്ലോവറാകാം എന്നതും അധികമായി ആരും തന്നെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യമാണ്. ഇത്തരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് മാത്രം കേസുകള്‍ നേരിടുന്ന അനവധി മലയാളി കുടുംബങ്ങള്‍ യുകെയില്‍ ഉണ്ടെന്നതാണ് സത്യം. ഈ സാഹചര്യത്തിലാണ് പോസിറ്റീവ് പേരന്റിംഗ് ഗൗരവമായി ചിന്തിക്കേണ്ടതും മാറേണ്ടതും. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന സാദാ മലയാളി ചിന്തയ്ക്കാണ് പിന്നീട് വലിയ വില നല്‍കേണ്ടി വരുന്നതും.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് അഞ്ചര വരെ നടന്ന സെമിനാറില്‍ അനേകം വിഷയങ്ങളാണ് ഇത് സംബന്ധിച്ച് ചര്‍ച്ചയ്‌ക്കെത്തിയത്. സെമിനാറില്‍ പങ്കെടുത്തവരെല്ലാം ഇത്തരം വേദികള്‍ തുടര്‍ന്നും ആവശ്യമാണെന്ന് വ്യക്തമാക്കി. തുടര്‍ന്ന് കവന്‍ട്രിയിലെ കേരള മലയാളി കൂടായ്മയുടെ സെക്രട്ടറി കൂടിയായ ഷിന്‍സാണ് സമാനമായ ഒരു ക്ലാസ് ഉടന്‍ സംഘടിപ്പിക്കാമെന്നു സദസ്സിനു ഉറപ്പു നല്‍കി. സദസ്സില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ ഏറെ പ്രോത്സാഹാജനകമായി അനുഭവപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സ്‌കൂള്‍ എന്ന പ്രസ്ഥാനം ഉണ്ടായതു കൊണ്ട് മാത്രമാണ് ഈ വിഷയത്തില്‍ അറിവ് നേടാന്‍ കഴിഞ്ഞതെന്ന് മാതാപിതാക്കളുടെ പ്രതിനിധിയായ ജോളി വ്യക്തമാക്കിയപ്പോള്‍ പോസിറ്റീവ് പേരന്റിംഗ് ഏതു വിധത്തിലാണ് ഫലപ്രദമായതെന്നു കൂടിയാണ് വെളിവാക്കപ്പെട്ടത്. കവന്‍ട്രി കേരള സ്‌കൂള്‍ ചെയര്‍മാന്‍ ബീറ്റജ് അഗസ്റ്റിന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജിനു കുര്യാക്കോസ്, കെ ആര്‍ ഷൈജുമോന്‍, അബ്രഹാം കുര്യന്‍, ഹരീഷ് പാലാ, അധ്യാപക പ്രധിനിധി ഷൈനി മോഹനന്‍ എന്നിവര്‍ പോസിറ്റീവ് പേരന്റിംഗ് സെമിനാറിനു നേതൃത്വം നല്‍കി.
സെക്‌സ് ഒഫന്‍ഡേഴ്സ് രജിസ്റ്ററില്‍ പേര് വന്നാല്‍ പത്തു വര്‍ഷം കഴിഞ്ഞു മോചനം കിട്ടുമെങ്കിലും ചൈല്‍ഡ് സോഷ്യല്‍ കെയര്‍ കേസുകളില്‍ പേര് വന്നാല്‍ അത് പല തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്നതാണ് വസ്തുത. കേസില്‍ ഉള്‍പ്പെട്ട കുട്ടിയുടെ സര്‍നെയിം വച്ച് പരിശോധിച്ചാല്‍ ആ കുട്ടിയുടെ കുടുംബത്തില്‍ സമാനമായ കേസുകള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുണ്ടോ എന്ന പരിശോധനക്ക് വേണ്ടി കൂടിയാണ് ഈ കേസ് ഫയലുകള്‍ ''ക്‌ളോസ്'' ചെയ്യപ്പെടാതെ നിത്യ സ്മാരകങ്ങളായി നിലനില്‍ക്കുന്നത്. കേസിനെ തുടര്‍ന്ന് കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കിലും ശിക്ഷ നടപടികള്‍ ഉണ്ടായില്ലെങ്കിലും കേസ് ഫയലുകള്‍ അതെ വിധം തലമുറകളോളം നിലനില്‍ക്കും എന്നതാണ് ഗൗരവത്തോടെ കാണേണ്ടത്. ഒരു ചെറിയ തെറ്റുപോലും പല തലമുറകള്‍ക്കു ഭീക്ഷണിയായി നിലനില്‍ക്കും എന്ന് സാരം. 
ഈ വിഷയത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളി സമൂഹം സമ്പത്തു ശേഖരിച്ചു വാര്‍ദ്ധക്യത്തെ നേരിടണമോ എന്ന കാര്യത്തില്‍ ഉള്ള വെളിപ്പെടുത്തലുകള്‍ നാളെ പ്രസിദ്ധീകരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category