1 GBP = 90.20 INR                       

BREAKING NEWS

ഫ്‌ളഡ് അപ്പീല്‍ 75000 കടന്നു; കുതിക്കുന്നത് 80000ലേക്ക്; ഓട്ടക്കാരുടെ ഫണ്ട് ശേഖരണവും ലക്ഷ്യത്തിലേക്ക്; ബിഎം ഫണ്ട് കൈമാറ്റം അടുത്ത മാസം; പ്രത്യേക പദ്ധതികളുമായി സംഘടനകളും; യുകെ മലയാളികള്‍ പിരിച്ചെടുത്തത് മൂന്നു ലക്ഷം പൗണ്ടെന്നു സൂചന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കേരളത്തെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിച്ച പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ യുകെ മലയാളി സമൂഹം ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഒപ്പം കൈകോര്‍ത്തപ്പോള്‍ ഇതുവരെ ലഭിച്ചത് 75008.49 പൗണ്ട്. എന്നാല്‍ പതിനായിരം പൗണ്ട് എന്ന ലക്ഷ്യത്തോടെ പതിനായിരം കിലോമീറ്റര്‍ ഓടിത്തുടങ്ങിയ ബ്രിട്ടനിലെ യുവനിര ഓട്ടം പാതിയാക്കിയപ്പോള്‍ തന്നെ ധനസമാഹരണം ലക്ഷ്യത്തിലേക്കു അടുക്കുന്ന കാഴ്ചയാണ് ലഭ്യമാകുന്നത്. വെറും രണ്ടാഴ്ചകൊണ്ട് 9235 പൗണ്ട് ഗിഫ്റ്റ് എയ്ഡ് അടക്കം കണ്ടെത്തിയ ഓട്ടക്കാര്‍ ദൂരവും ഫണ്ടും ശേഖരണവും ലക്ഷ്യമിട്ട ദിവസങ്ങള്‍ക്കുള്ളില്‍ മറികടക്കും എന്നുറപ്പായി.

എന്നാല്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് ഒപ്പം കൈകോര്‍ത്ത സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പിന്തുണയോടെ അപ്പീല്‍ 80000 കടക്കുമെന്നുറപ്പായി. കവന്‍ട്രി കേരള സ്‌കൂള്‍ അടക്കമുള്ള പങ്കാളികളുടെ ധനസഹായം കൂടി എത്തുമ്പോളാണ് ഈ ലക്ഷ്യം മറികടക്കാനാകുക. ഏതാനും പേര്‍ കൂടി ഉടനെ അപ്പീലിലേക്കു കൂടുതല്‍ പണം എത്തിക്കും എന്നറിയിച്ചിരിക്കുന്നതിനാല്‍ അത് കൂടി എത്തിയ ശേഷമാകും യുകെ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ചരിത്രമെഴുതിയ ഈ ഫണ്ട് ശേഖരണം സമാപിക്കുക. ലഭ്യമായ തുക മുഴുവനായി കേരളത്തിന്റെ പുനഃ നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാന്‍ ഉള്ള തയ്യാറെടുപ്പും ചാരിറ്റി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ നടത്തുകയാണ്.
അതിനിടെ യുകെ മലയാളികള്‍ക്കിടയില്‍ ഏകദേശം മൂന്നു ലക്ഷത്തോളം പൗണ്ട് കണ്ടെത്തിയ ഫ്‌ളഡ് അപ്പീലില്‍ വലിയ തുകകള്‍ ശേഖരിച്ച സംഘടനകള്‍ പലതും അവര്‍ കണ്ടെത്തിയ തുക സ്വന്തം നിലയ്ക്കുള്ള പദ്ധതികള്‍ക്കായി മാറ്റിവയ്ക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ മൂലവും മുന്‍കാല അനുഭവങ്ങള്‍ മൂലവും മുഖ്യമന്ത്രിയുടെ ഫണ്ട് വകമാറ്റി ചിലവഴിക്കും എന്ന ആശങ്കയാണ് ഈ സംഘടനകളെ ഇത്തരം ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇവരെ ഇക്കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ പിഴവാണ് പറ്റിയിരിക്കുന്നത്. മാത്രമല്ല, ഇത്തരക്കാരുടെ ആശങ്കകള്‍ക്ക് ആക്കം നല്‍കി ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന പണത്തിന്റെ കൃത്യമായ കണക്കുകള്‍ നല്‍കാന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവനയും ഫണ്ട് ശേഖരണത്തിന് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ഫണ്ട് ശേഖരണത്തിന് യുകെ മലയാളികള്‍ക്കിടയില്‍ ഏറെ മുന്നില്‍ നിന്ന മലയാളി സംഘടനാ തങ്ങള്‍ ഒറ്റയ്ക്ക് കണ്ടെത്തിയ വന്‍തുക എങ്ങനെ ചിലവഴിക്കണം എന്ന് ചര്‍ച്ച ചെയ്യാന്‍ ഈ മാസം 21നു അംഗങ്ങളുടെയും ഫണ്ട് ശേഖരണത്തില്‍ സജീവമായിരുന്നവരുടെയും യോഗം വിളിച്ചിരിക്കുകയാണ്. അഞ്ചോ ആറോ വീടുകള്‍ എങ്കിലും നിര്‍മ്മിച്ച് നല്‍കാന്‍ ഉള്ള പണം ഇവര്‍ ഒറ്റയ്ക്ക് സ്വരൂപിച്ചു കഴിഞ്ഞു. ഇതിനായി ബഹുജന പങ്കാളിത്തത്തോടെ ഒട്ടേറെ പരിപാടികളും കഴിഞ്ഞ ഒരു മാസത്തിനിടെ ഇവര്‍ ഏറ്റെടുത്തിരുന്നു. ഓണാഘോഷം വേണ്ടെന്നു വച്ചതു വഴി മാത്രം പതിനായിരം പൗണ്ടാണ് ഇലാഭിച്ചത്. ഇവരോടൊപ്പം നില്‍ക്കാന്‍ കഴിയില്ലെങ്കിലും ചെറിയ തുകയുമായി മറ്റനേകം മലയാളി സംഘടനകളും പിരിച്ചെടുത്ത തുക എങ്ങനെ വിനിയോഗിക്കണം എന്നറിയാതെ രംഗത്തുണ്ട്. ഇതുതന്നെ ഒന്നര ലക്ഷം പൗണ്ടിന് മുകളില്‍ ഉള്ള തുകയാണ് എന്ന് പ്രാഥമികമായി വിലയിരുത്തപ്പെടുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നും യാതൊരു ഗൃഹപാഠവും ചെയ്യാതെയാണ് കൂടുതല്‍ പണം പിരിക്കാം എന്ന ആഗ്രഹത്തോടെ കേരളത്തില്‍ നിന്നും മന്ത്രിമാര്‍ വിദേശത്തു എത്തുന്ന കൂട്ടത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ മാസം 19നു എത്തുന്നത്. ഇതിനകം ഇത്രയും വലിയ തുക കണ്ടെത്തിയ യുകെ മലയാളി സമൂഹത്തില്‍ നിന്നും ഇനിയും കൂടുതല്‍ തുക എങ്ങനെ കണ്ടെത്തും എന്ന് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ വെളിപ്പെടുത്തുന്നില്ല. ഏതാനും ആയിരം പൗണ്ട് മാത്രമാണ് സ്വരൂപിക്കാന്‍ കഴിയുന്നതെങ്കില്‍ പൊതു ഖജനാവില്‍ നിന്നും ഈ സന്ദര്‍ശനത്തിനായി ചിലവിടുന്ന ലക്ഷകണക്കിന് രൂപ അനാവശ്യ ദൂര്‍ത്തും ആണെന്ന വിമര്‍ശനവും സര്‍ക്കാര്‍ നേരിടുകയാണ്.

യുകെയില്‍ പള്ളികളും മറ്റും കേന്ദ്രീകരിച്ചും വലിയ തോതില്‍ പിരിവ് നടന്നിട്ടുണ്ടെങ്കിലും ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്താന്‍ ഉള്ള സാധ്യത കുറവാണ്. സീറോ മലബാര്‍ രൂപത അടക്കം ഉള്ളവര്‍ ഇത്തരത്തില്‍ ധനശേഖരണം നടത്തിയിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇനിയും രണ്ടായിരം കോടി രൂപ പോലും എത്തിയിട്ടില്ല എന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാടിന്റെ പുനഃ നിര്‍മാണത്തിനായി അനേകായിരം കോടിയുടെ ബാധ്യതയാണ് സര്‍ക്കാര്‍ നേരിടുന്നതും. ബാക്കി തുക ലോകബാങ്ക് ഉള്‍പ്പെടെയുള്ള ധനകാര്യ ഏജന്‍സികളില്‍ നിന്നും വായ്പ്പയെടുക്കാന്‍ ഉള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതോടെയാണ് അറ്റകൈ എന്ന നിലയില്‍ പ്രവാസി സമൂഹത്തിന്റെ അടുക്കല്‍ വീണ്ടും കൈനീട്ടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. പ്രവാസികളില്‍ നിന്നും പിരിക്കുന്ന തുകയ്ക്ക് ഒടുവില്‍ കണക്കില്ലെന്നു സര്‍ക്കാര്‍ പറയുമോ എന്ന ആശങ്കയാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്നത്.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചുവടെ

Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: BMCF Kerala Floods Relief Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category