1 GBP = 91.80 INR                       

BREAKING NEWS

തണുപ്പ് കാലം വന്നിട്ടും വേനല്‍ കൃഷി വിശേഷങ്ങള്‍ തീരുന്നില്ല; സഫോക്കില്‍ നിന്നും സാക്ഷാല്‍ പീച്ചിങ്ങയും നാടന്‍ അമരയും; പിണങ്ങിയത് വെണ്ടയ്ക്ക മാത്രം; മാളക്കാരന്‍ ജിനേഷും പത്നിയും ചേര്‍ന്ന് സൃഷ്ടിച്ച മറ്റൊരു കാര്‍ഷിക വിപ്ലവം നല്‍കുന്നത് ഒട്ടേറെ പാഠങ്ങള്‍; നേട്ടത്തിന് കൗണ്‍സില്‍ അംഗീകാരവും

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: കേരളത്തിലെ ചൂടിനെ കവച്ചു വയ്ക്കാന്‍ ഏതാനും ദിവസത്തേക്ക് ബ്രിട്ടനും തയ്യാറെടുത്തപ്പോള്‍ അത് ശരിക്കും മുതലാക്കിയത് മണ്ണിനെ സ്‌നേഹിക്കുന്ന യുകെ മലയാളി കര്‍ഷകരാണ്. മുന്‍പൊക്കെ മടിച്ചു നിന്നവരാണ് കഴിഞ്ഞ ഏതാനും വര്‍ഷത്തെ പരീക്ഷണ കൃഷിയിലൂടെ യുകെ മണ്ണും കാലാവസ്ഥയും ''തനി നാടന്‍'' പച്ചക്കറികള്‍ക്കും ഇഷ്ടമാണെന്നു തിരിച്ചറിഞ്ഞു ഇത്തവണ ഒരു കൈ നോക്കിയതും ഒടുവില്‍ കൈ നിറയെ പച്ചക്കറികള്‍ പറിച്ചെടുത്തതും. ഒരിക്കലും യുകെയുടെ മണ്ണില്‍ വിളയില്ലെന്നു കരുതിയ നാടന്‍ ഇനങ്ങളാണ് ഇത്തവണ താരങ്ങളായി മാറിയത്.

സൗത്താംപ്ടണില്‍ നിന്നും ഡാര്‍ലി പൊറ്റക്കാട്ട്, ഗ്ലോസ്റ്ററില്‍ നിന്നും ജയന്‍, ലണ്ടനിലെ എഴുത്തുകാരന്‍ കൂടിയായ മുരളീ മുകുന്ദന്‍, ക്രോയ്‌ഡോണിലേ സാമൂഹ്യ പ്രവര്‍ത്തകന്‍ ജയപ്രകാശ് എന്നിവരൊക്കെ ഈ വര്‍ഷം അസൂയപ്പെടുത്തുന്ന നേട്ടമാണ് അടുക്കള കൃഷിയില്‍ നേടിയത്. ഇപ്പോള്‍ ഈ നിരയിലേക്ക് കൈ നിറയെ നാടന്‍ പച്ചക്കറികളുമായി വരികയാണ് സാഫോക്കിലെ  കര്‍ഷക ദമ്പതികള്‍. മാളക്കാരന്‍ ജിനേഷും പത്‌നി ജെറ്റിയും ചേര്‍ന്ന് നടത്തിയ പരീക്ഷണങ്ങള്‍ നൂറു മേനി ഫലം ചെയ്തപ്പോള്‍ യുകെയില്‍ കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കു ഒട്ടേറെ പാഠങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്. സാഫോള്‍കിലെ ബെറിയില്‍ ഉള്ള സെന്റ് എഡ്മണ്ട് എന്ന ഗ്രാമ പ്രദേശത്തെ കാറ്റും മണ്ണും ഇത്തവണ കേരളീയ പച്ചക്കറികളുടെ ചൂരേറ്റുവാങ്ങിയാകണം മടങ്ങിയത്.

ജിനേഷും ജെറ്റിയും ഏറെ കഷ്ടപ്പെട്ടാണ് പച്ചക്കറികളെ വിള കൊയ്യാന്‍ പാകത്തില്‍ മെരുക്കി എടുത്തത്. ഇക്കൂട്ടത്തില്‍ നല്ല പാവയ്ക്കകള്‍ കണ്ണിനു അഴകായി ജിനോയുടെ പച്ചക്കറി പന്തലില്‍ എത്തിയപ്പോള്‍ ഒട്ടും നാണം കൂടാതെയാണ് നവാതിഥിയായി പീച്ചിങ്ങ കൂടി കണ്‍തുറന്നതു. ഇതുവരെ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച കാര്‍ഷിക റിപ്പോര്‍ട്ടിങ്ങില്‍ ആദ്യമായാണ് പീച്ചിങ്ങ ബ്രിട്ടനില്‍ വിളവെടുത്ത വിവരം ലഭ്യമാകുന്നത്. ഇതോടെ പീച്ചിങ്ങയുടെ യുകെയിലെ തലതൊട്ടപ്പനാകാന്‍ ഉള്ള ഭാഗ്യവും ജിനേഷിനെ തേടി എത്തുകയാണ്.

പാവക്കയുടെ കാര്യത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്നത് ഗ്ലോസ്റ്ററിലെ ജയനും പത്‌നിയുമാണ്. ഇതോടെ കേരളത്തില്‍ വിളയുന്ന എന്തും യുകെയിലും വിളവെടുക്കാം എന്ന ആത്മ വിശ്വാസമാണ് കാര്‍ഷിക സ്‌നേഹികളില്‍ ഉടലെടുക്കുന്നത്. നല്ല വേനല്‍ ലഭിച്ചാല്‍ ഇതോടെ കൂടുതല്‍ അത്ഭുതങ്ങള്‍ വിളവെടുക്കാന്‍ ലഭിക്കും എന്ന് ഉറപ്പിക്കാം. കഴിഞ്ഞ ഒരു വര്‍ഷമായി വീട്ടിലേക്കു ആവശ്യത്തിനായി ഒരു പച്ചക്കറി പോലും ഈ വീട്ടുകാര്‍ വാങ്ങിയിട്ടില്ല എന്നറിയുമ്പോള്‍ അത്ഭുതത്തിന്റെ ആഴം കൂടുകയാണ്.

പച്ചക്കറികള്‍ക്കൊപ്പം ചെടികളിലും അല്‍പ സമയം കണ്ടെത്തിയ ജിനേഷിന് കൂടുതല്‍ സന്തോഷം നല്‍കി പ്രാദേശിക കൗണ്‍സില്‍ സംഘടിപികുന ബറി ഇന്‍ ബ്ലൂമിന്റെ ഭാഗമായി മികച്ച പൂന്തോട്ടം ഒരുക്കിയതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. ഒരു പക്ഷെ കേരള പച്ചക്കറികളെ കുറിച്ച് കൗണ്‍സില്‍ അറിഞ്ഞിരുന്നെകില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡും ഉറപ്പായും ജിനേഷിനെ തേടി എത്തിയേനെ. പച്ചക്കറികള്‍ക്ക് കൂട്ടായി കുറുകുറെ കുറുങ്ങുന്ന ഒരു ഡസന്‍ വെള്ളരിപ്രാവുകളും ജിനേഷിന് കൂട്ടായി അടുക്കള തോട്ടത്തിലുണ്ട്.

നാട്ടില്‍ വച്ച് തന്നെ പ്രാവുകളോടുള്ള ഇഷ്ടം ബ്രിട്ടനില്‍ എത്തിയപ്പോഴും കൈവിട്ടില്ല എന്നതാണ് ജിനേഷ് പറയുന്നത്. വെസ്റ്റ് സാഫോക് ഹോസ്പിറ്റലില്‍ പേഷ്യന്റ് റെക്കോര്‍ഡ് ഓഫിസര്‍ ആയാണ് ജിനേഷ് ജോലി ചെയ്യുന്നത്. ഭാര്യയും ഇതേ ആശുപത്രിയില്‍ തന്നെ വൈറ്റിംഗ് ലിസ്റ്റ് ഓഫിസര്‍ ആയും ജോലി ചെയുന്നു. നിയ, അമേലിയ എന്ന രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്കുള്ളത്.

സര്‍വരും ഇണങ്ങി, വെണ്ട മാത്രം പിണങ്ങി
പാവയ്കയിലും പീച്ചിങ്ങയിലും ഒതുങ്ങി പോയതല്ല ഈ ദമ്പതികളുടെ നേട്ടം . കേരളത്തില്‍ സുലഭമായ ഒട്ടേറെ ഇനങ്ങള്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഇവര്‍ യുകെയിലും വിളയിച്ചെടുത്തു. ഇക്കൂട്ടത്തില്‍ യുകെയില്‍ തീ വിലയുള്ള പച്ചക്കറിയായ നാടന്‍ അമരയുമുണ്ട്. ഉത്തരേന്ത്യന്‍, പാകിസ്താനി വംശജര്‍ ഏഷ്യന്‍ കടകളില്‍ നിന്നും വന്‍വില നല്‍കിയാണ് ഇത്തരം അമര പയറുകള്‍ വാങ്ങുന്നത്. കൂടാതെ പച്ചമുളക്, കാന്താരി, വഴുതിന, വള്ളിപ്പയര്‍, ചീര എന്നിവയും നാടന്‍ ലേബലുമായി ഇവര്‍ക്ക് വിളവെടുക്കാനായി.

വിദേശ മണ്ണില്‍ നാടന്‍ വിളവെടുക്കുമ്പോള്‍ തദ്ദേശീയ ഇനത്തെ മറക്കാന്‍ പാടില്ലല്ലോ എന്ന ചിന്തയില്‍ ബീന്‍സ്, കാബേജ്, തക്കാളി, വെള്ളരി എന്നിവയും നന്നായി വിള നല്‍കി. ദോഷം പറയരുതല്ലോ, ഇക്കൂട്ടത്തില്‍ എത്ര ശ്രമിച്ചിട്ടും വെണ്ടയ്ക്ക മാത്രം വഴങ്ങിയില്ല. കൂമ്പ് എടുത്തു വന്ന വെണ്ട ചെടികള്‍ ഒട്ടും മയമില്ലാതെ വാടി പിണങ്ങുക ആയിരുന്നു. ഇക്കാര്യത്തില്‍ ജിനേഷിന് ഗ്ലോസ്റ്ററിലെ ജയന്റെ സഹായം തേടാം എന്നത് മാത്രമാണ് ആശ്വാസം. കൈനിറയെ വെണ്ടയ്ക്ക വിളവെടുത്ത അനുഭവമാണ് അടുത്ത നാളില്‍ ജയന്‍ ബ്രിട്ടീഷ് മലയാളിയോട് പങ്കിട്ടത്.

അടുത്ത വര്‍ഷത്തേക്ക് മറ്റൊരു തകര്‍പ്പന്‍ സന്തോഷം പങ്കിടാന്‍ ജിനേഷ് ഒരുക്കുന്നത് പാഷന്‍ ഫ്രൂട്ടാണ്. കഴിഞ്ഞ വര്‍ഷം നാമ്പെടുത്തു തലനീട്ടിയ പാഷന്‍ ഫ്രൂട്ട് വിന്ററില്‍ വാടിക്കരിഞ്ഞെങ്കിലും വേനലില്‍ വീണ്ടും കരുത്തുകാട്ടി. ഇതോടെ അടുത്ത വര്‍ഷം ഇത് പൂവിടും എന്ന പ്രതീക്ഷയാണ് ജിനേഷ് പങ്കിടുന്നത്. ഒത്താല്‍ ആരോഗ്യത്തോടെ വളര്‍ന്നു തുടങ്ങിയ പപ്പായയും വിളവ് നല്‍കിയേക്കും എന്ന അതിമോഹവും ഈ യുവ കര്‍ഷകന്‍ പങ്കിടുന്നു. കൃഷി ഒരു പാഷനായി മാറുന്ന നവതരംഗമാണ് ഇപ്പോള്‍ യുകെ മലയാളികള്‍ക്കിടയില്‍. ഇത് അടുത്ത സീസണില്‍ എന്തൊക്കെ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെകര്‍ ആയി ജോലി ചെയ്തിരുന്ന ജിനേഷ് ഒരു നേരം പോക്കിന് തുടങ്ങിയ കൃഷിയാണ് ഇപ്പോള്‍ ശ്രദ്ധ നേടും വിധം ആകര്‍ഷകമായി മാറിയിരിക്കുന്നത്.

അധ്വാനമേ സംതൃപ്തി
പഴയ സിഗരറ്റ് പായ്ക്കറ്റില്‍ കാണുന്ന മുദ്രണമാണ് യുകെയിലെ മലയാളികളായ കര്‍ഷകരുടെ ആപ്തവാക്യവും. മികച്ച വിളവെടുക്കുന്നവര്‍ എല്ലാവരും ദിവസവും മണിക്കൂറുകള്‍ പച്ചക്കറി തോട്ടത്തില്‍ ചിലവഴിക്കുന്നു എന്നതാണ് സത്യം. ഒന്ന് തൊട്ടു തലോടിയാല്‍ പോലും സസ്യങ്ങള്‍ക്ക് മനസിലാകും എന്ന ശാസ്ത്ര സത്യത്തെയും ഇവര്‍ കൂട്ട് പിടിക്കുന്നു. മികച്ച വിളവുകള്‍ കൊയ്ത പലരും പ്ലോട്ട് വാടകക്ക് എടുത്തു കൃഷി ചെയ്തവര്‍ ആണെങ്കില്‍ ഇക്കാര്യത്തിലും ജിനേഷും  ജെറ്റിയും വ്യത്യസ്തരാകുകയാണ്. സ്വന്തം അടുക്കള മുറ്റത്തെ ഠ വട്ടത്തിലാണ് ഇവര്‍ ഈ അദ്ഭുതമൊക്കെ സൃഷ്ടിച്ചത്. ഇതിലൂടെ തെളിയുന്നത്, മനസ് വച്ചാല്‍ യുകെ മലയാളികളുടെ പതിനായിരക്കണക്കിന് അടുക്കള തോട്ടങ്ങളില്‍ വരും വര്‍ഷങ്ങളില്‍ സകല പച്ചക്കറികള്‍ക്കും ഇടമൊരുക്കാം എന്ന് കൂടിയാണ്.

തണുപ്പിനെ തോല്‍പ്പിക്കാന്‍ ഇങ്കുബേറ്റര്‍ സിസ്റ്റം
ബ്രിട്ടനിലെ പെണ്ണും കാലാവസ്ഥയും വിശ്വസിക്കാന്‍ കൊള്ളില്ല എന്നത് പൂര്‍ണ്ണമായും വിശ്വസിക്കുന്നവരാണ് കര്‍ഷകര്‍. മഴയും വെയിലും തണുപ്പും ഒന്നും പ്രവചനമില്ലാതെ കടന്നു വരും. ഏപ്രിലില്‍ വെയില്‍ എത്തി തുടങ്ങും എന്ന് കരുതുമ്പോള്‍ ചിലപ്പോള്‍ കൊടും തണുപ്പായിരിക്കും ലഭിക്കുക. ഇതിനാല്‍ റിസ്‌ക് എടുക്കാന്‍ തയ്യാറല്ല ജിനേഷും ജെറ്റിയും. കാലേ കൂട്ടി ഗാരേജില്‍ ഫുള്‍ ടൈം ബള്‍ബ് കത്തിച്ചു കൃത്രിമ ചൂട് നല്‍കിയാണ് നാടന്‍ വിത്തിനങ്ങള്‍ മുളപ്പിച്ചെടുക്കുന്നത്.

അന്തരീക്ഷം ചൂട് പിടിച്ചു തുടങ്ങിയാല്‍ പതിയെ ഗാരേജില്‍ നിന്നും പുറത്തേക്കു മാറ്റും. ഇതിനു കൃത്യമായ നിരീക്ഷണമുണ്ട്. മാത്രമല്ല ചട്ടികളിലും കൂടുകളിലും മുളപ്പിച്ചെടുക്കുന്ന തൈകള്‍ അടി മാത്രം തുറന്നു വലിയ കുഴികളിലേക്കു ഇറക്കി വയ്ക്കുകയാണ് പതിവ്. ഇതോടെ തൈകള്‍ അതിവേഗം വളരാന്‍ തുടങ്ങും. ഷെഡില്‍ ബള്‍ബിന്റെ ചൂടില്‍ ജനുവരി, ഫെബ്രുവരി മുതല്‍ തന്നെ ചെടികള്‍ മുളപ്പിച്ചു തുടങ്ങിയാല്‍ മാത്രമേ ഏപ്രില്‍ ആകുമ്പോഴേക്കും പറിച്ചു നടാന്‍ പാകമാകൂ എന്നതാണ് ജിനേഷ് നല്‍കുന്ന പ്രധാന പാഠം.

ബ്രിട്ടീഷ് വളം പാവം നാടന് പറ്റില്ല
നന്നായി മുളച്ചു വന്ന കറിവേപ്പും മുളകും ഒക്കെ ഒരു സുപ്രഭാതത്തില്‍ വാടിക്കരിഞ്ഞു നില്‍ക്കുന്നത് കണ്ടാല്‍ എന്ത് തോന്നും? ചങ്കു പൊട്ടും. എന്നാല്‍ ഇവിടെ ആരാണ് വില്ലന്‍. അല്‍പം വേഗത്തില്‍ വളര്‍ന്നോട്ടെ എന്ന് കരുതി വിപണിയില്‍ കിട്ടുന്ന ഗാര്‍ഡന്‍ ന്യുട്രിയന്റുകള്‍ നല്‍കുന്നതാണ് പാവം നാടന്‍ ഇനങ്ങളെ കൊല്ലുന്നത്. കേരളത്തില്‍ വളരുന്ന ചെടികള്‍ക്ക് ബ്രിട്ടനിലെ കൃത്രിമ വളങ്ങള്‍ താങ്ങാന്‍ ഉള്ള കെല്‍പില്ല എന്നതാണ് മനസ്സിലാക്കേണ്ടത്.
ഇതിനാല്‍ വീട്ടില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവ വളം  ഫിഷ് അമിനോ ആസിഡ് മാത്രമാണ് ജിനേഷ് പരീക്ഷിക്കുന്നത്. വിള അല്‍പം കുറഞ്ഞാലും ചെടികള്‍ ഒരിക്കലും നശിക്കില്ല എന്നതാണ് ജിനോയുടെ അനുഭവപാഠം. കൃത്യമായ നന ഒരുക്കിയാല്‍ തന്നെ മിക്ക പച്ചക്കറികളും നന്നായി വളരുന്ന സാഹചര്യമാണ്. പടര്‍ന്നു കയറുന്നവര്‍ക്കു കാറ്റ് പിടിക്കാതെ നല്ല പന്തലും തണലും ഒരുക്കുന്നതും നല്ലതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category