1 GBP =93.80 INR                       

BREAKING NEWS

ഡാന്‍സിനും പാട്ടിനും പിന്നാലെ പോയാല്‍ പഠനം ഉഴപ്പില്ലെന്നു ഉറപ്പിച്ചു ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ശ്രുതി അനില്‍; കലാതിലക പട്ടത്തില്‍ നിന്നും ഇനി പരീക്ഷ ഒരുക്കത്തിലേക്ക്; ടീനേജുകാര്‍ക്കിടയിലേക്കു ക്രോയിഡോണില്‍ നിന്നും മറ്റൊരു റോള്‍ മോഡല്‍ കൂടി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പഠിക്കുന്ന കുട്ടികള്‍ ഡാന്‍സിനും പാട്ടിനും പുറകെ പോയി സമയം കളയണോ? അതൊക്കെ പഠിക്കാന്‍ മോശമായവര്‍ക്കുള്ള കാര്യമല്ലേ? ഇത്തരം ഒരു ചിന്തയിലൂടെ കടന്നു പോയിട്ടില്ലാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ അത്തരക്കാരുടെ മുന്നിലേക്ക് ചൂണ്ടിക്കാട്ടാന്‍ ഇപ്പോള്‍ യുകെ മലയാളികളുടെ മുന്നിലുള്ള പേരാണ് ശ്രുതി അനില്‍. ഇത്തവണത്തെ യുക്മ കലാമേളയില്‍ കലാതിലകമായി മാറിയ ശ്രുതി കലയ്‌ക്കൊപ്പം പഠനവും തുല്യ പ്രാധാന്യത്തോടെയാണ് കൂടെ കൂട്ടിയിരിക്കുന്നത്. ഇപ്പോള്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിനിയായ റെഡിച്ചിലെ ലിയാ ടോം ഉള്‍പ്പെടെയുള്ള മുന്‍ കലാതിലകങ്ങളുടെ പാതയില്‍ തന്നെയാണ് ശ്രുതിയുടെ സഞ്ചാരവും. പഠിക്കാന്‍ ഉള്ളപ്പോള്‍ പഠിക്കുക, വേദികള്‍ കീഴടക്കാന്‍ അവസരം ഒത്തുവരുമ്പോള്‍ മതിമറന്നു അതിലും ലയിക്കുക. ഇതത്ര എളുപ്പമാണോ എന്ന് ചോദിച്ചാല്‍ ശ്രുതി പറയും ഇതൊക്കെ വളരെ സിംപിള്‍ അല്ലേയെന്ന്. ഈ വര്‍ഷം ജിസിഎസ്ഇ ഫൈനല്‍ ഇയര്‍ പരീക്ഷക്ക് തയ്യാറെടുക്കുന്ന ശ്രുതി പഠനത്തിലും ഏറെ പ്രതീക്ഷ പങ്കിടുന്ന വിദ്യാര്‍ത്ഥിനിയാണ്. പരീക്ഷ ഫലം മികച്ച വിജയ വാര്‍ത്തയായി ആഘോഷിക്കണമെന്നു പറയുമ്പോഴും ടെന്‍ഷന്‍ ഇല്ലാതെ ഈ മിടുക്കി പറയും, വരട്ടെ നമുക്ക് നോക്കാം. ഈ ടേക്ക് ഇറ്റ് ഈസി പോളിസി തന്നെയാണ് ശ്രുതിയുടെ വിജയ വഴിയിലെ ട്രേഡ് മാര്‍ക്കും. കലാമേളയില്‍ ശ്രുതി സ്വന്തമാക്കിയ പോയിന്റുകള്‍ കൂടി ചേര്‍ന്നപ്പോഴാണ് ക്രോയ്‌ഡോണ്‍ കെസിഡബ്ലിയുഎക്കു അനായാസം രണ്ടാം സ്ഥാനം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞതും.

കിളി കിളി പോലെ മലയാളം, കൂളായി സംസാരം
യുകെയില്‍ ജനിച്ചു വളര്‍ന്ന ഒരു ടീനേജുകാരിയോട് സംസാരിക്കുന്നതിന്റെ സൂചനയൊന്നും നല്‍കാതെയാണ് ശ്രുതി സംസാരിക്കുക. നല്ല തെളി മലയാളത്തില്‍ ശ്രുതി സംസാരിക്കുമ്പോള്‍ അതിന്റെ ക്രെഡിറ്റില്‍ ഒരു പങ്കു കെസിഡബ്ലിയുഎയുടെ മലയാളം പഠന ക്ലാസിനും അവകാശപ്പെട്ടതാണ്. സംസാരിക്കുക മാത്രമല്ല, അത്യാവശ്യം എഴുതാനും വായിക്കാനും ശ്രുതിക്ക് കഴിയും. കടുകട്ടിയായ മലയാളം വാക്കുകള്‍ക്ക് മുന്നില്‍ മാത്രമേ അല്‍പം പതറൂ. വീട്ടില്‍ അച്ഛനും അമ്മയും മലയാളം പറയുന്നത് കേട്ടും മറ്റുമാണ് ആദ്യകാലങ്ങളില്‍ സംസാരിച്ചിരുന്നതെന്നും ഇപ്പോള്‍ മലയാളം ഒട്ടും ആശങ്ക ഇല്ലാതെ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നും ശ്രുതി പറയുന്നു. മാത്രമല്ല, സംസാരിച്ചു തുടങ്ങിയാല്‍ സ്ഫടിക മണികള്‍ ചിതറി തെറിക്കും പോലെയാണ് വാക്കുകള്‍ പുറത്തു വരിക. ചിരകാല പരിചയം ഉള്ളവരോട് സംസാരിക്കും പോലെ ഈ പെണ്‍കുട്ടി ചിന്തകള്‍ പങ്കു വയ്ക്കുമ്പോള്‍ യുകെയിലെ പുതു തലമുറയെ കുറിച്ച് കാര്യമായി ആശങ്ക പെടേണ്ട കാര്യമില്ല എന്ന് കൂടിയാണ് തെളിയുന്നത്. ഒന്നര പതിറ്റാണ്ടായി ക്രോയ്‌ഡോണില്‍ താമസിക്കുന്ന അനില്‍ പ്രസാദ്‌, ടിന്റു ദമ്പതികളുടെ മകളാണ് ശ്രുതി. കൊല്ലത്തെ കൊട്ടിയത്ത്‌ നിന്നും കുടിയേറിയ കുടുംബമാണിത്. അമ്മയുടെ ഒട്ടേറെ ബന്ധുക്കളും ക്രോയിഡോണില്‍ തന്നെയുണ്ട്. ഏക സഹോദരന്‍ സര്‍വേഷ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

ആഴ്ചയില്‍ മൂന്നര മണിക്കൂര്‍ ഡാന്‍സിനൊപ്പം, പഠിക്കാന്‍ പ്രത്യേക സമയക്രമം
ഒരു ഗ്രാമര്‍ സ്‌കൂള്‍ ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുടെ വര്‍ക്ക് ലോഡ് എത്രയെന്നു മുതിര്‍ന്ന കുട്ടികള്‍ ഉള്ള വീട്ടുകാര്‍ക്ക് ഊഹിക്കാന്‍ കഴിയും. ആഴ്ചയില്‍ മൂന്നര മണിക്കൂറാണ് ഈ പെണ്‍കുട്ടി നൃത്തത്തിനായി മാറ്റി വയ്ക്കുന്നത്. നൃത്ത അധ്യാപകരായ കലാഭവന്‍  നൈസിന്റെയും തൊണ്ടന്‍ഹീത്തിലെ ശങ്കരി മൃത  ടീച്ചറിന്റെയും കീഴിലാണ് ശ്രുതിയുടെ നൃത്തപഠനം. ബുധന്‍, ശനി ദിവസങ്ങളില്‍ നൃത്തത്തിനായി സമയം മാറ്റിവയ്ക്കുന്ന ശ്രുതി മറ്റു ദിവസങ്ങളിലാണ് നഷ്ടപ്പെടുന്ന പഠന സമയം തിരിച്ചു പിടിക്കുന്നത്. ആഴ്ചയില്‍ ഓരോ ദിവസവും ഓരോ വിഷയത്തിനും പ്രത്യേക ടൈം ടേബിള്‍ തയ്യാറാക്കി പഠിക്കുന്ന ശ്രുതി ഇത്തവണ സട്ടന്‍ വലിങ്ങ്ടണ്‍ ഗ്രാമര്‍ സ്‌കൂളിലെ പ്രതീക്ഷ കൂടിയാണ്. പരീക്ഷക്ക് ഇനി അധികനാളുകള്‍ ഇല്ലാത്തതിനാല്‍ തല്‍ക്കാലം മത്സര വേദികളില്‍ നിന്നും മാറുക ആണെങ്കിലും നൃത്ത ക്ലാസില്‍ പരീക്ഷ വരെയും സജീവമായിരിക്കുമെന്നു ശ്രുതി പറയുന്നു.

ആദ്യ കലാതിലക പട്ടം, അവാര്‍ഡ് നൈറ്റിലെ സാന്നിധ്യം
ശ്രുതി പല മത്സര വേദികളും പ്രൊഫഷണല്‍ വേദികളിലും നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി കാലതിലാകമാകുന്നത് ഇക്കുറിയാണ്. അതും സൗത്ത് ഈസ്റ്റ് റീജിയനിലും തുടര്‍ന്ന് ദേശീയ തലത്തിലും. ഒട്ടും പ്രതീക്ഷ ഇല്ലാതെയാണ് മത്സരിച്ചതെന്നും ശ്രുതി പറയുമ്പോള്‍ ഈ നേട്ടത്തിന് ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ ഏറെയാണ്. പങ്കെടുത്ത നാല്  ഇനങ്ങളില്‍ മൂന്നിലും ഒന്നാം സ്ഥാനം, ക്ലാസിക്കല്‍ ഗ്രൂപ് ഡാന്‍സില്‍ മാത്രം മൂന്നാം സ്ഥാനം. ആദ്യമായി അവതരിപ്പിച്ച മോണോ ആക്ടിലും ഒന്നാം സമ്മാനവുമായാണ് ശ്രുതി മടങ്ങിയത്. ഇത്തവണ ഫാന്‍സി ഡ്രസ്സ് റദ്ദാക്കിയതിനാലാണ് മോണോ ആക്റ്റ് ഏറ്റെടുത്തത്. അമ്മയുടെ സഹോദരി ടിനു പ്രജീഷ് എഴുതിയ സ്‌ക്രിപ്റ്റ് ആണ് ശ്രുതി വേദിയില്‍ എത്തിച്ചത്. യുകെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ശ്രുതിയുടെ മോണോ ആക്റ്റില്‍ ഇതള്‍ വിരിഞ്ഞത്. കുടുംബ വഴക്കുകള്‍ കുട്ടികളെ എങ്ങനെയൊക്കെ ബാധിക്കും എന്ന് അഭിനയകലയുടെ സാധ്യതകളില്‍ ശ്രുതി അവതരിപ്പിച്ചപ്പോള്‍ വിഷയത്തിന്റെ ആഴവും പ്രകടനത്തില്‍ നൈസര്‍ഗികതയും വിധികര്‍ത്താക്കളെ സ്വാധീനിക്കുക ആയിരുന്നു. ഒട്ടും പ്രതീക്ഷയില്ലാതെ കൈവച്ച ഐറ്റത്തിലും ഒന്നാം സമ്മാനം കൂട്ടിനെത്തിയപ്പോള്‍ കലാതിലക പട്ടവും ശ്രുതിക്കൊപ്പം കൂടുക ആയിരുന്നു. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റുകള്‍ നടന്ന 2014 ലെ ക്രോയ്‌ഡോണ്‍,  2016 ലെ കേംബ്രിജ് വേദികളില്‍ നൃത്ത ചുവടുകള്‍ വച്ച ശ്രുതി അടുത്ത വര്‍ഷത്തെ അവാര്‍ഡ് നൈറ്റില്‍ പരീക്ഷ വില്ലന്‍ ആയി എത്തിയില്ലെങ്കില്‍ വീണ്ടും നൃത്തം ചെയ്യാനെത്തും.

നൃത്തം പാഷന്‍, ഇഷ്ടം ഭാരതനാട്യത്തോട്
വെറും നാല് വയസില്‍ നൃത്തം ചവിട്ടി തുടങ്ങിയ ശ്രുതി ഇപ്പോള്‍ പതിനാറാം വയസ്സിലും അതെ ഇഷ്ടമാണ് നൃത്തത്തോട് കാട്ടുന്നത്. അതിനാല്‍ തന്നെ കൂടെ നൃത്തം പഠിക്കാന്‍ എത്തിയ കൂട്ടുകാര്‍ പലരും വേദി വിട്ടിട്ടും ശ്രുതി തന്റെ ഇഷ്ടം ഒട്ടും കുറയാതെ കാത്തു സൂക്ഷിക്കുകയാണ്. ഇതിനകം ക്ലാസിക്കല്‍ നൃത്തത്തില്‍ ഗ്രേഡ് എട്ടിലേക്കു കടന്ന ശ്രുതിക്ക് ഒരു പരീക്ഷ കൂടി പാസായാല്‍ നൃത്ത അദ്ധ്യാപിക ആകാം. ഭാരതനാട്യത്തെ ഏറെ ഇഷ്ടപ്പെടുന്ന ശ്രുതിയാകട്ടെ നൃത്ത വേദിയില്‍ ഭാവ താളങ്ങള്‍ ഒട്ടും നഷ്ടപ്പെടാതെയാണ് ചുവടു വയ്ക്കുന്നത്. ഇത്തവണ കലാമേളയില്‍ ശിവപാദം ആണ് ശ്രുതി തിരഞ്ഞെടുത്തത്. പ്രതീക്ഷിച്ച പോലെ തന്നെ അസാധാരണമായ പ്രകടനം കാഴ്ചവയ്ക്കാനുമായി. താന്‍ കരുതിയതിലും കടുപ്പമായിരുന്നു മത്സര വേദിയിലെ വെല്ലുവിളി എന്ന് കൂട്ടിച്ചേര്‍ക്കാനും ശ്രുതി മടിക്കുന്നില്ല. ഭാവിയില്‍ ജീവിത മാര്‍ഗമായി മെഡിസിന്‍ പഠിച്ചു ഡോക്ടറായി മാറുകയാണ് ലക്ഷ്യമെങ്കിലും നൃത്തം കൈവിട്ടു കളയാതെ ഒരു നൃത്ത അധ്യാപികയുടെ റോളിലും താന്‍ എവിടെയെങ്കിലും ഒക്കെ ഉണ്ടാകുമെന്നു ഈ പെണ്‍കുട്ടി പറയുമ്പോള്‍ തന്റെ ശ്വാസഗതിയില്‍ പോലും നൃത്തത്തെ പ്രണയിക്കുന്ന അസാധാരണത്വമാണ് അനുഭവിച്ചറിയാന്‍ സാധിക്കുന്നത്. നൃത്തം ഇല്ലെങ്കില്‍ താനില്ല എന്നതാണ് ശ്രുതിയുടെ നയം. അതിന് ഏറ്റവും പിന്തുണ നല്‍കി മാതാപിതാക്കള്‍ കൂടെയുള്ളതുമാണ് ഈ മിടുക്കിയുടെ ഏറ്റവും വലിയ ഭാഗ്യവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category