1 GBP = 89.90 INR                       

BREAKING NEWS

കടല്‍ കടക്കുന്ന നടന വശ്യത; പോര്‍ച്ചുഗലിലെ ലിസ്ബണ്‍ ജിയാ ഫെസ്റ്റിവലില്‍ യുകെ മലയാളി രഞ്ജിത ചൊവല്ലൂര്‍ നടനമാടും; ഭരതനാട്യത്തിനൊപ്പം കുച്ചിപ്പുഡി ശില്‍പശാലയും; ഈമാസം ലണ്ടനിലെ ഭാരതീയ വിദ്യാഭവനിലും എത്തും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: യുകെ മലയാളികളുടെ അഭിമാനമായി പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന ജിയാ ഇന്ത്യ ഫെസ്റ്റിവലില്‍ ലണ്ടനിലെ രഞ്ജിത ചൊവല്ലൂര്‍ മോഹിനിയാട്ടത്തിന്റെ വശ്യതയുമായി എത്തുന്നു. കടല്‍ കടക്കുന്ന ഈ വശ്യ സൗന്ദര്യം ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റുകള്‍ അടക്കം യുകെയിലെ പ്രധാന വേദികളില്‍ തിരയിളക്കം സൃഷ്ടിച്ച ശേഷമാണു ഒരു അന്താരാഷ്ട്ര വേദിയില്‍ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ കലാ സംഘമാണ് ലിസ്ബണ്‍ ജിയാ ഫെസ്റ്റിന്റെ ആകര്‍ഷണീയത. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം പിറ്റേന്ന് നടനമാടുന്ന രഞ്ജിത കുച്ചുപ്പുടിയില്‍ പ്രത്യേക വര്‍ക്ഷോപ്പും ലിസ്ബണ്‍ വേദിയില്‍ നടത്തും. ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ക്കു ലോക വേദികളില്‍ കൂടുതല്‍ പ്രചാരം നല്‍കാന്‍ ഉള്ള ശ്രമമാണ് രഞ്ജിത ഏറ്റെടുക്കുന്നത്.

അഞ്ചു വര്‍ഷം മുന്‍പ് വിവാഹ ശേഷം ലണ്ടനില്‍ എത്തിയ രഞ്ജിത ആദ്യമായി ബ്രിട്ടനില്‍ പങ്കെടുത്ത പ്രധാന വേദി ബ്രിട്ടീഷ് മലയാളിയുടെ ക്രോയ്‌ഡോണ്‍ അവാര്‍ഡ് നൈറ്റ് നടന്ന ഫെയര്‍ ഫീല്‍ഡ് ഹാളിലേത് ആയിരുന്നു. തുടര്‍ന്ന് സൗത്താംപ്ടണ്‍ ടൗണ്‍ ഹാളില്‍ നടന്ന അവാര്‍ഡ് നൈറ്റിലും രഞ്ജിത താരമായി. കഴിഞ്ഞ വര്‍ഷം അമ്മയായി മാറുന്നതിനുള്ള ഇടവേളയില്‍ നൃത്തവേദിയില്‍ നിന്ന് വിട്ടു നിന്ന രഞ്ജിത വീണ്ടും കലാവേദിയില്‍ സജീവമാകുന്നത് അന്താരാഷ്ട്ര നൃത്ത ഉത്സവത്തില്‍ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ ലണ്ടനില്‍ അരുണിമ കുമാര്‍ ഡാന്‍സ് കമ്പനിയുമായി സഹകരിച്ചാണ് രഞ്ജിത പ്രവര്‍ത്തിക്കുന്നത്. വിവിധ ഇന്ത്യന്‍ നൃത്തങ്ങളുടെയും കലാ രൂപങ്ങളുടെയും സമ്മേളനമാകും ജിയ ഫെസ്റ്റിവലില്‍ ദൃശ്യമാകുക. കേന്ദ്ര സര്‍ക്കാരിന്റെ കൂടി പിന്തുണയോടെയാണ് ജിയാ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.
ഇടവേളകളില്‍ ആല്‍ക്കമി ഡാന്‍സ് ഫെസ്റ്റിലും ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ലണ്ടനില്‍ എത്തിയപ്പോഴും നൃത്ത വേദിയില്‍ എത്തിയ രഞ്ജിത മറ്റു വേദികളിലും എത്തിയിരുന്നു. ലിസ്ബണില്‍ നിന്നും തിരിച്ചെത്തിയാല്‍ ഈ മാസം 17 നു ലണ്ടനില്‍ വിദ്യ ഭവനില്‍ നടക്കുന്ന കുച്ചുപ്പുടി നൃത്ത പരിശീലന പരിപാടിയുടെയും നേതൃത്വം ഏറ്റെടുക്കും. ആര്‍ട്‌സ് കൗണ്‍സില്‍ ഇംഗ്ലണ്ടും വിദ്യാഭവനും ചേര്‍ന്നാണ് കുച്ചുപ്പുടി നൃത്തോത്സവം സംഘടിപ്പിക്കുന്നത്.

ഈ നൃത്തോത്സവത്തില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമുള്ള അന്‍പതോളം ശാസ്ത്രീയ നൃത്തോപാസകരാണ് പങ്കെടുക്കുന്നത്. ഇന്‍ഫോസിസ് ഫൗണ്ടേഷന്‍, നെഹ്‌റു സെന്റര്‍ എന്നിവരാണ് ഈ പരിപാടിയുടെ പിന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയും പോര്‍ച്ചുഗലും തമ്മില്‍ ഉള്ള സാംസ്‌കാരിക സമന്വയത്തിന്റെ വേദി എന്ന നിലയിലാണ് ജിയാ ഫെസ്റ്റിവല്‍ ശ്രദ്ധ നേടുന്നത്. ജീവിതത്തിന്റെ സത്ത എന്ന് സംസ്‌കൃതത്തില്‍ അര്‍ത്ഥം വരുന്ന ജിയാ എന്ന വാക്ക് ഫെസ്റ്റിവലിന് തിരഞ്ഞെടുത്തു ഇന്ത്യയും പോര്‍ച്ചുഗീസും തമ്മിലുള്ള ബന്ധം ഉറപ്പിക്കുകയാണ് ഫെസ്റ്റിവല്‍ സംഘാടകര്‍.

ഏറെക്കാലം മുംബൈയില്‍ ഡോ ഗീത രാധാകൃഷ്ണയുടെ കീഴില്‍ മോഹിനിയാട്ട പഠനം നടത്തിയ രഞ്ജിത്ത അഞ്ചു വര്‍ഷം മുന്‍പാണ് ലണ്ടനില്‍ എത്തിയത്.  മോഹിനിയാട്ടത്തിലെ അവസാന വാക്കെന്നു വിശേഷിപ്പിക്കാവുന്ന കലാമണ്ടലത്തിലെ പരിശീലനത്തിന് ശേഷമാണു രഞ്ജിത മുംബൈയില്‍ എത്തുന്നത്. മുംബൈയില്‍ അനേകം വേദികളില്‍ തന്റെ നൃത്ത പ്രകടനം നടത്തിയിട്ടുള്ള രഞ്ജിത യുകെയില്‍ മോഹിനിയാട്ടത്തിന്റെ പ്രചാരക ആകുന്നതിനുള്ള ശ്രമമാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി നൃത്ത പഠനം ലക്ഷ്യമിട്ട് സമീപ ഭാവിയില്‍ തന്നെ ഡാന്‍സ് സ്‌കൂള്‍ എന്ന സങ്കല്‍പം യഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞേക്കും എന്നും ഈ നര്‍ത്തകി പ്രതീക്ഷിക്കുന്നു.

ചെറു പ്രായത്തില്‍ തന്നെ നടന രംഗത്ത് എത്തിയ രഞ്ജിത കലാമണ്ഡലം ശ്രീദേവിയുടെ ശിക്ഷണത്തിലാണ് പഠിച്ചത്. തുടര്‍ന്ന് ബഹ്‌റിനില്‍ വച്ച് ശ്രീനിവാസന്റെ കീഴിലും നടനത്തിന്റെ പുതിയ രീതികള്‍ സ്വായത്തമാക്കി. അരങ്ങേറ്റത്തിന് ശേഷം 1996ല്‍ ആദ്യ അവതരണത്തില്‍ തന്നെ ബഹറിന്‍ ബാലകലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ രണ്ജിതയ്ക്ക് ഇന്നേവരെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്ന് നാട്ടിലെത്തിയ രഞ്ജിത മുംബൈയില്‍ ഡോ ഗീത രാധാകൃഷ്ണയുടെ കീഴില്‍ മോഹിനിയാട്ട നൃത്ത കലാക്ഷേത്രയില്‍ ചേര്‍ന്ന് പഠനം പൂര്‍ത്തിയാക്കുക ആയിരുന്നു.

തന്റെ ഓരോ കൊറിയോഗ്രഫിയിലും ആസ്വാദകനെ ആനന്ദം കൊള്ളിക്കുന്നതിനോപ്പം ചെറു പ്രായക്കാര്‍ക്കു നൃത്തത്തില്‍ അഭിനിവേശം തോന്നാന്‍ ഉള്ള ചേരുവ കൂടി ചേര്‍ത്താണ് അവതരിപ്പിക്കുന്നതെന്നും രഞ്ജിത അവകാശപ്പെടുന്നു. മുംബൈ പൂരം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കൈകൊട്ടിക്കളി ഗിന്നസ് റെക്കോര്‍ഡ് പ്രകടനത്തില്‍ രണ്ജിതയും പങ്കെടുത്തിരുന്നു.

വേദിയില്‍ രഞ്ജിത അവതരിപ്പിക്കുന്ന പാര്‍വതി രൂപം ഏറെ പ്രശസ്തമാണ്. തൂവെള്ള വസ്ത്രത്തില്‍ സുവര്‍ണ്ണ അലങ്കാരങ്ങളോടെ എത്തുന്ന രണ്ജിതയുടെ പാര്‍വതി രൂപം ഒരു മുല്ലപ്പൂ മാല പോലെ സൗകുമാര്യം നിറഞ്ഞതാണ്. മന്ദഗതിയില്‍ ഉള്ള അടവുകളിലൂടെയാണ് ഈ നൃത്ത രൂപം വികസിക്കുന്നത്. വേദിയില്‍ രഞ്ജിതക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ് സപ്ത സുന്ദരികളുടെ വേഷപ്പകര്‍ച്ചയും. ശിവരഞ്ജിനി ശ്രീരാഗം എന്നീ രാഗങ്ങളുടെ സമന്വയമായി രൂപപ്പെടുത്തിയിരിക്കുന്ന ഈ നൃത്തം ആസ്വാദകര്‍ക്ക് പരമാവധി ആഹ്ലാദം ജനിപ്പിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുതിയിരിക്കുന്നതെന്ന് രഞ്ജിത പറയുന്നു.

മോഹിനിയാട്ടത്തിന്റെ പുതിയ നാള്‍ വഴികള്‍ രൂപപ്പെടുത്തിയ ഗുരുവിന്റെ കീഴില്‍ ശിക്ഷണം നടത്താന്‍ കഴിഞ്ഞത് വഴി പുതു തലമുറയ്ക്ക് നമ്മുടെ സാംസ്‌ക്കാരിക പാരമ്പര്യം നൃത്തത്തിന്റെ ഭാഷയില്‍ പകര്‍ന്നു നല്‍കാം എന്നാണ് രഞ്ജിതയുടെ വിശ്വാസം. ശിവ സ്തുതിയിലൂടെ ഇതള്‍ വിടര്‍ത്തുന്ന നൃത്തരൂപമാണ് ലിസ്ബണ്‍ വേദിക്കായി രഞ്ജിത ഒരുക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category