1 GBP = 88.00 INR                       

BREAKING NEWS

അറിവ് വളരുന്തോറും ദുരാചാരങ്ങള്‍ വലിച്ചെറിയപ്പെടും; ദുരാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നവര്‍ മനുഷ്യ മനസ്സുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചരിത്ര താളുകളില്‍ ഇടംപിടിക്കാതെ അപ്രത്യക്ഷമാവുകയും ചെയ്യും

Britishmalayali
റോയ് സ്റ്റീഫന്‍

ദൈവ വിശ്വാസം വിറ്റ് കാശാക്കുന്ന പ്രവണത എല്ലാ മത വിശ്വാസങ്ങളിലും അനുദിനം വര്‍ദ്ധിച്ചു വരുന്നത് സമൂഹത്തിലെ അഭ്യസ്തവിദ്യരുടെ വിശ്വാസം  നശിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്നു എന്ന് ദൈവങ്ങളുടെ പരിപാലകര്‍ ഇനിയും മനസ്സിലാക്കുന്നില്ലെങ്കില്‍ വിശ്വാസികളുടെ എണ്ണം അനുദിനം കുറഞ്ഞു കൊണ്ടിരിക്കും. പൊതുജനങ്ങളുടെ അറിവും വിജ്ഞാനവും വളരുന്നതനുസരിച്ച് ആചാരങ്ങളെയും ദുരാചാരങ്ങളെയും തിരിച്ചറിയുവാനുള്ള വകതിരിവും വളരുന്നുണ്ട്. അഭ്യസ്ഥവിദ്യരായ ഭൂരിഭാഗം സാധാരണക്കാരും എല്ലാ ആചാരാനുഷ്ഠാനങ്ങളെയും അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ ജാതിമത വ്യവസ്ഥിതികളുടെ മര്യാദകളും അതിരുകളും കാത്തു സംരക്ഷിക്കുന്നത് സമൂഹത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ് അവഗണിക്കാതിരിക്കുകയാണ്. പക്ഷെ ആചാരങ്ങളുടെ പേരില്‍ ദുരാചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ പ്രതികരിച്ചില്ലെങ്കിലും ഒഴിഞ്ഞു മാറി സമൂഹങ്ങളില്‍ നിന്ന് അകലം പാലിക്കും. നന്മയുള്ള വിശ്വാസികള്‍ സമൂഹത്തില്‍ നിന്ന് മാറുമ്പോള്‍ തിന്മയുടെ ബലം കൂടുകയും കാലക്രമേണ ഓരോ സമൂഹങ്ങളും ക്ഷയിച്ചു കൊണ്ടിരിക്കും. സമൂഹത്തിന്റെ അധഃപതനത്തിന് കാരണമായേക്കാവുന്ന ദുരാചാരങ്ങള്‍ മുളയിലെ നുള്ളി കളയണം.

ഓരോ മത വിശ്വാസത്തിന്റെയും അടിത്തറ വിശ്വാസികളാണ്. എത്ര ആഡംബരമേറിയ ആരാധാനാലയങ്ങള്‍ പണിതുയര്‍ത്തിയാലും വിശ്വാസികള്‍ ആരാധിക്കാന്‍ എത്തിയില്ലെങ്കില്‍ ആരാധനാമൂര്‍ത്തികള്‍ ഇറങ്ങി പോകും. യൂറോപ്പിലുള്ള ശതകോടി ആരാധാനാലയങ്ങള്‍ ഓരോരുത്തര്‍ക്കും ഉദാഹരണമായി മുന്നില്‍ തന്നെയുണ്ട്.

ആചാരാനുഷ്ഠാനങ്ങളാണ് പല മതങ്ങളുടെയും അടിസ്ഥാനം, ദീപം തെളിക്കുന്നതും മാലാ ചാര്‍ത്തുന്നതും ബലിപ്പീഠം പുഷ്പാലംകൃതമാക്കുന്നതും കാണിക്കയിടുന്നതും എല്ലാം ഈ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. അതോടൊപ്പം തന്നെ ആരാധാനാലയങ്ങള്‍ ദൈവങ്ങള്‍ക്ക് വേണ്ടി മാത്രം പണിയുന്നത് ഈ സ്ഥലങ്ങള്‍ പാവനമായി നിലനിര്‍ത്തുവാനും പൂജിക്കുന്ന ദൈവങ്ങളുടെ പരിപാലനത സംരക്ഷിക്കുവാനും കൂടി മാത്രമാണ്. ദൈവങ്ങള്‍ക്ക് ചാര്‍ത്തുന്ന പൂജാ ദ്രവ്യങ്ങളും പുഷ്പങ്ങളും പരിപാവനമാകുന്നത് ദൈവങ്ങളുടെ സാമീപ്യമുള്ളപ്പോള്‍ മാത്രമാണ്. മനസാക്ഷിയുടെ പരസ്‌നേഹമുള്ള എല്ലാ വിശ്വാസികളും ഈ പാവനമായ സ്ഥലങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഓരോ വിശ്വാസിയുടെയും നെറ്റിയിലെ വിയര്‍പ്പിന്റെ ഓഹരി കൊണ്ടുമാണ് ഈ ആരാധാനാലയങ്ങള്‍ കെട്ടിപ്പടുത്തതും സംരക്ഷിച്ചു പോരുന്നതും. ഓരോ മതവിശ്വാസങ്ങളിലെ കാര്‍മ്മികള്‍ക്കുള്ള വേതനവും ആനുകൂല്യങ്ങളും പാവപ്പെട്ട വിശ്വാസികളുടെ വിഹിതമാണ്. എങ്കില്‍ പോലും പാവപ്പെട്ട വിശ്വാസികള്‍ക്ക് ഈ ആരാധാനാലയങ്ങളില്‍ ഒരവകാശവുമില്ല. ഇതെല്ലാം വിശ്വാസികള്‍ സഹിക്കുന്നത് സര്‍വ്വ ശക്തനായ ദൈവം ആപത്തു വേളയില്‍ സംരക്ഷിക്കുമെന്ന പ്രത്യാശയുള്ളതു കൊണ്ടാണ്. പക്ഷെ ഈ നിര്‍മ്മലമായ വിശ്വാസം തകര്‍ന്നു പോകാതെ സംരക്ഷിക്കേണ്ടത് ഇവര്‍ ശമ്പളം നല്‍കുന്ന വിശ്വാസ സംരക്ഷകരാണ്.

ക്രിസ്തീയ സഭയിലെ പല ആചാരങ്ങളെയും വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിച്ചിട്ടുണ്ട്. വിശ്വാസികളുടെ സാധാരണ കാണിക്കയും മാസവരികളും അതിനു മുകളില്‍ ഓരോ പള്ളികളിലെയും സ്ഥാപരജംഗമ വസ്തുവകകളിലെ വരുമാനങ്ങളും ധാരാളം മതി എല്ലാ പള്ളികള്‍ക്കും ആത്മീയ നേതൃത്വത്തിനും സുഭിക്ഷമായ ജീവിതം നയിക്കുവാന്‍ ആവശ്യത്തിലുപരി വരുമാനം നേടുവാനായി ആനാചാരങ്ങള്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കുന്നത് തുടക്കിലെ അടര്‍ത്തി കളയേണ്ടത് അത്യാവശ്യമാണ്. ഒരിടത്ത് തുലാഭാരം തുടങ്ങിയത് വിശ്വാസികളുടെ എതിര്‍പ്പു മൂലം നിര്‍ത്തി വയ്ക്കുകയുണ്ടായി. അതുപോലെ തന്നെ ഈ അടുത്ത നാളുകളില്‍ തുടങ്ങിയ ഒരു ദുരാചാരമാണ് ഏലക്കാമാല ലേലം. വാര്‍ഷിക ആഘോഷങ്ങളായ പെരുന്നാളുകളിലൂടെ ആവശ്യത്തിലധികം കാണിക്ക വിശ്വാസികള്‍ നല്‍കുന്നുണ്ടെങ്കിലും വേറെ പല ആചാരങ്ങളായ കഴുടെുക്കുന്നതിലൂടെയും മഴുകുതിരി കത്തിക്കുന്നതിലൂടെയും വരുമാനമുണ്ട്. ഇതിനെല്ലാം മുകളിലാണ് ഏലക്കാമാലയുടെ ലേലം വിളി, വിശ്വസിക്കുന്ന ദൈവത്തിന്റെ മേല്‍ ചാര്‍ത്തിയ ഈ ഏലക്കാമാലയെ ലേലം വിളിക്കുന്നത് ദൈവത്തിനെ ലേലം വിളിക്കുന്നതിന് തുല്യമല്ലേ. വിശ്വാസികളെ അന്യോന്യം വാശി പിടിപ്പിച്ച് അവര്‍ തമ്മിലുള്ള ബന്ധങ്ങള്‍ ശിഥിലമാക്കുന്ന പ്രവണത. മലയാളത്തില്‍ നേരത്തെ മുതലുള്ള ചൊല്ലുണ്ട്. ''വാടിയ പൂ ചൂടിയാലും, ചൂടിയ പൂ ചൂടല്ല്'' അഭ്യസ്ഥവിദ്യരായ മലയാളികള്‍ക്ക് ഇതെല്ലാം പഴമൊഴികള്‍ മാത്രം.

തങ്ങള്‍ ആരാധിക്കുന്ന ദൈവത്തിനെ അലങ്കരിച്ച ഏലക്കാമാല സ്വന്തം സഹോദരങ്ങളുമായി മത്സരിച്ച് ലേലം പിടിച്ച് വീട്ടില്‍ കൊണ്ടു ചെന്നാല്‍ ദൈവം നിങ്ങളുടെ കൂടെ ഇറങ്ങി വരുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങളെക്കാള്‍ വിഡ്ഢികള്‍ ഈ ഭൂലോകത്ത് വേറെ ആരുമില്ല. മത്സരിച്ച് ലേലം വിളിക്കുന്ന വിശ്വാസികള്‍ ദൈവ സ്‌നേഹം കൊണ്ടല്ല മറിച്ച് നാട്ടുകാരുടെ മുന്‍പില്‍ കേമനാകാനുള്ള ഒരവസരം. ദൈവത്തിന്റെ ആലയം കച്ചവട സ്ഥലങ്ങളാക്കിയ ക്രയവിക്രയക്കാരെ അടിച്ചോടിച്ച ക്രിസ്തുദേവനെ സൗകര്യപൂര്‍വ്വം മറക്കുന്ന വ്യക്തികളെ നിങ്ങള്‍ പുതിയ തലമുറയ്ക്ക് എന്ത് മാതൃകയാണ് കാണിക്കുന്നത്. ഇതുപോലുള്ള ലേലത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം കണ്ടുകൊണ്ട് ഒന്നില്‍ കൂടുതല്‍ ഏലക്കാമാലകള്‍ ചാര്‍ത്തുവാനും തുടങ്ങി കഴിഞ്ഞു. ഈ ദുരാചാരത്തെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് അത്യാന്താപേഷിതമാണ്. അതല്ലെങ്കില്‍ ഈ ദുഷ്പ്രവണത ഒരാചാരമായി രൂപപ്പെടുകയും മനുഷ്യ മനസ്സുകളില്‍ ദൈവത്തിനുള്ള സ്ഥാനം സാമ്പത്തികാടിസ്ഥത്തില്‍ രൂപപ്പെടും ദൈവത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും വിലപറയാതെ, വിശ്വാസികളെ ദൈവ സ്‌നേഹത്തില്‍ ഒരുമിപ്പിക്കുവാന്‍ വേണ്ട നല്ല ആചാരങ്ങള്‍ മാത്രം നിനില്‍ക്കുമ്പോഴാണ് ഓരോ വിശ്വാസവും സമൃദ്ധമായി പുതിയ തലമുറയ്ക്ക് പകരുവാന്‍ സാധിക്കുന്നത്.

ശാസ്ത്രം വളരുന്നതു കൊണ്ടോ മതങ്ങളിലെ മനുഷ്യ സ്‌നേഹം കുറയുന്നത് കൊണ്ടോ ഒന്നുമല്ല പല വ്യക്തികളും നാസ്തികരായി മാറുന്നത് അനര്‍ത്ഥങ്ങളിലൂടെ ജീവിത സാഹചര്യങ്ങള്‍ മാറിമറിയുമ്പോള്‍ സ്വന്തക്കാരുടെയും ബന്ധുക്കളുടെയും അവഗണനയും മതനേതാക്കന്മാരുടെ തീവ്രനിലപാടുകളും ദൈവ സ്‌നേഹത്തിന്റെ പേരില്‍ മനുഷ്യ സ്‌നേഹത്തെ അവഗണക്കുമ്പോള്‍ മാത്രമാണ് പല വ്യക്തികളും ദൈവമില്ലായെന്ന് പ്രഘോഷിക്കുവാന്‍ തുടങ്ങുന്നത്. സാധാരണക്കാരെ സംരക്ഷിക്കാതെ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ വ്യക്തികളെ തമ്മിലടിപ്പിക്കുവാന്‍ ശ്രമിക്കുന്ന ജാതിമത ഭീകരതയെ ഭൂരിഭാഗം വരുന്ന സാധാരണക്കാരും അവഗണിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. ഈ ലോകത്തില്‍ 4200ല്‍ പരം മതങ്ങളുണ്ടെങ്കിലും പതിനാറു ശതമാനം മനുഷ്യരും ജാതിമതങ്ങളിലോ ദൈവങ്ങളിലോ വിശ്വസിക്കുന്നില്ല. ഈ സംഖ്യ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ 1. 24 ലക്ഷം കുട്ടികളാണ് തങ്ങള്‍ക്ക് ഒരു മതവുമില്ലെന്ന് അവകാശപ്പെടുന്നത്. എന്നാല്‍ ഒരു 30 - 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ സംഖ്യ വെറും വിരലിലെണ്ണാവുന്നതായിരുന്നു. അതോടൊപ്പം തന്നെ ശാസ്ത്രത്തില്‍ മാത്രം വിശ്വസിക്കുന്ന വ്യക്തികളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞ സദസ്സുകളുമായി മാറികൊണ്ടിരിക്കുന്നു.

ക്രിസ്തീയ സഭകളുടെ അടിസ്ഥാന തത്വങ്ങളായ കരുണയും പര സ്‌നേഹവും തത്വങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തി കൊണ്ടും സുവിശേഷങ്ങള്‍ അനുശാസിക്കുന്ന ആചാരങ്ങള്‍ക്ക് ഉപരി സാമ്പത്തിക നേട്ടത്തിനു വേണ്ടി മാത്രം ദുരാചാരങ്ങള്‍ അടച്ചേല്‍പ്പിക്കുമ്പോള്‍ സംഭവിക്കുന്നത് വാക്കിലും, പ്രവര്‍ത്തിയിലും ദൈവസ്‌നേഹം പ്രഘോഷിക്കുന്ന വ്യക്തികളുടെ കൊഴിഞ്ഞു പോക്കാണ് ദുരാചാരങ്ങളുടെ പ്രഘോഷണങ്ങളിലൂടെ ദൈവ വിശ്വാസം വിറ്റ് അതി സമ്പന്നരായേക്കാം. പക്ഷെ ദേവാലയങ്ങള്‍ ശൂന്യമായികൊണ്ടിരിക്കും.

സമൂഹം വളരുന്നതിലൂടെ ആചാരാനുഷ്ഠാനങ്ങളും പരിണമിക്കുന്നത് സാധാരണമാണെങ്കിലും മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാതെ തുടങ്ങുന്ന ദുരാചാരങ്ങള്‍ അന്യം നിന്നു പോകും. ഈ ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികളും സമൂഹങ്ങളും മനുഷ്യ മനസ്സുകളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചരിത്ര താളുകളില്‍ ഇടംപിടിക്കാതെ അസ്തമിക്കുകയും ചെയ്യും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category