1 GBP = 89.90 INR                       

BREAKING NEWS

ബ്രിട്ടനിലേക്ക് മൂന്നാം മലയാളി കുടിയേറ്റത്തിന് വാതില്‍ തുറന്നു തെരേസ മേ സര്‍ക്കാര്‍; രജിസ്‌ട്രേഷന്‍ ലഭിക്കാനുള്ള ഐഇഎല്‍റ്റിഎസ് റൈറ്റിങ് മൊഡ്യൂള്‍ 6.5 ആയി കുറച്ചു എന്‍എംസി; ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തിലാവുമ്പോള്‍ യുകെയിലേക്ക് പറക്കാന്‍ ഒരുങ്ങി അനേകം മലയാളി നഴ്‌സുമാര്‍

Britishmalayali
ഷാജന്‍ സ്‌കറിയ

ലണ്ടന്‍: മൂന്നാം മലയാളി കുടിയേറ്റത്തിന് നാന്ദി കുറിച്ചു കൊണ്ട് യുകെയില്‍ ജോലി ചെയ്യാനുള്ള നഴ്സുമാരുടെ ഇംഗ്ലീഷ് യോഗ്യതയില്‍ വെട്ടിക്കുറവ് വരുത്തുന്ന ചരിത്രപരമായ തീരുമാനം എന്‍എംസി കൊക്കൊള്ളുന്നു. നഴ്സിങ് രജിസ്ട്രേഷന്റെ അടിസ്ഥാന യോഗ്യതയായ ഐഇഎല്‍റ്റിഎസിലെ എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിങ് മൊഡ്യൂളിന് 6.5 ബാന്‍ഡ് നേടിയാല്‍ മതിയാവും എന്നതാണ് ഈ പരിഷ്‌കാരം. ഇനി മുതല്‍ ലിസണിംങ്, റീഡിംഗ്, സ്പീക്കിങ് എന്നിവയ്ക്കും ഓവര്‍ ഓള്‍ സ്‌കോറും 7 ബാന്‍ഡ് നേടുമ്പോള്‍ റൈറ്റിങ്ങിന് 6.5 മതിയാവും. ഇതു സംബന്ധിച്ച ശുപാര്‍ശ അടുത്തയാഴ്ച ചേരുന്ന എന്‍എംസി യോഗത്തില്‍ അംഗീകരിക്കുമെന്നും ജനുവരി ഒന്നു മുതല്‍ ഇതു നടപ്പിലാക്കുമെന്നും എന്‍എംസി പത്രക്കുറിപ്പില്‍ അറിയിച്ചു.

ഐഇഎല്‍റ്റിഎസ് റൈറ്റിംഗ് മൊഡ്യൂള്‍ 6.5 ആക്കിയാല്‍ എന്തു സംഭവിക്കും?
കേള്‍ക്കുമ്പോള്‍ വലിയ കാര്യമല്ലെന്നു തോന്നുമെങ്കിലും ഇതു ചരിത്രപരമായ ഒരു മാറ്റം തന്നെ കൊണ്ടു വരുമെന്ന് ഉറപ്പാണ്. ഐഇഎല്‍റ്റിഎസ് പരീക്ഷ എഴുതുന്നവരില്‍ 90 ശതമാനം പേരും റൈറ്റിങ് മൊഡ്യൂളില്‍ 6.5 കടക്കാന്‍ പരാജയപ്പെടുന്നു എന്നതാണ് സത്യം. അനേകം മലയാളി നഴ്സുമാരാണ് നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ഏഴും എട്ടും ബാന്‍ഡ് വരെ നേടിയിട്ടും റൈറ്റിങ്ങില്‍ 6.5ല്‍ കുടുങ്ങി കിടക്കുന്നത്. എട്ടു തവണ പരീക്ഷ എഴുതിയിട്ടും റൈറ്റിങ്ങ് മാത്രം 6. 5 കടക്കാത്തതുകൊണ്ട് യുകെ സ്വപ്നം ഉപേക്ഷിച്ച ഒന്നിലേറെ പേരെ ഈ ലേഖകന് നേരിട്ടറിയാം.

അതുകൊണ്ട് തന്നെ ഈ തീരുമാനം ഇപ്പോള്‍ ഐഇഎല്‍റ്റിഎസിന് പരിശ്രമിച്ചു കൊണ്ടിരിക്കുന്ന രണ്ടായിരത്തോളം മലയാളി നഴ്സുമാര്‍ക്കെങ്കിലും ഒറ്റയടിക്ക് ആശ്വാസമാകും. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലാണ് ഇവര്‍ ഐഇഎല്‍റ്റിഎസ് എഴുതിയതും അതില്‍ ഏതെങ്കിലും ഒരു പരീക്ഷയില്‍ റൈറ്റിങ് 6.5ഉം ബാക്കിയെല്ലാം ഏഴും ആണെങ്കില്‍ അവര്‍ക്ക് ഇനി പരീക്ഷ എഴുതേണ്ട കാര്യമില്ല. ജനുവരി ഒന്നിന് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്ന ദിവസം തന്നെ ഇവര്‍ക്ക് ജനുവരിയില്‍ ജോലി ചെയ്യാനുള്ള പ്രോസ്സസ് തുടങ്ങാം.

ചുവടെ കൊടുത്തിരിക്കുന്ന പ്രധാനപ്പെട്ട പോയിന്റുകള്‍ മറക്കരുത്
  • നിയമം പ്രാബല്യത്തില്‍ വരുന്ന അന്ന് മുത് പിറകോട്ട് രണ്ടു വര്‍ഷത്തിനിടയില്‍ ഐഇഎല്‍റ്റിഎസ് പരീക്ഷ എഴുതിയവര്‍ക്ക് ഇനി പരീക്ഷ എഴുതാതെ തന്നെ യുകെയില്‍ പോകാം.
  • നാലു മൊഡ്യൂളുകളില്‍ റൈറ്റിങ് ഒഴികെയുള്ളവര്‍ക്ക് ഏഴോ അതില്‍ കൂടുതലോ റൈറ്റിങ്ങിനു 6.5 ഓ നിര്‍ബന്ധമായും ലഭിക്കണം.
  • ഓവറോള്‍ സ്‌കോര്‍ ഏഴു തന്നെയാവണം.
  • ഓവറോള്‍ സ്‌കോര്‍ ഏഴാണെങ്കിലും റൈറ്റിങ്ങില്‍ 6.5ഉം മറ്റ് മൂന്നു മൊഡ്യൂളുകളില്‍ 7ഉം ഇല്ലെങ്കില്‍ യോഗ്യത ലഭിക്കുകയില്ല.
  • പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും ഇതു ബാധകമാണ്.
ഐഇഎല്‍റ്റിഎസ് പാസ്സായതു കൊണ്ട് മാത്രം യുകെയില്‍ ജോലി കിട്ടുമോ?
ഐഇഎല്‍റ്റിഎസ് പാസ്സായി എന്നതുകൊണ്ട് മാത്രം നഴ്സായി യുകെയില്‍ ജോലി കിട്ടുമെന്നു ആരും കരുതരുത്. അതിനു രണ്ടു കടമ്പകള്‍ കൂടി ഉണ്ട്. നാട്ടില്‍ നിന്നും ഓണ്‍ലൈനായി ഒരു പരീക്ഷയില്‍ പങ്കെടുക്കുകയും യുകെയില്‍ എത്തിയ ശേഷം ഒരു പരീക്ഷ എഴുതുകയും വേണം. എന്നാല്‍ ഇതു രണ്ടും ഐഇഎല്‍റ്റിസ് പാസ്സാകുന്നതിനേക്കാള്‍ വളരെ എളുപ്പമാണ്. ഐഇഎല്‍റ്റിസ് പാസ്സാകുന്നവരില്‍ 99 ശതമാനം പേരും ഈ പരീക്ഷകള്‍ പാസ്സാകും. എന്നു മാത്രമല്ല ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ പല അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും.

നഴ്‌സിങ് പാസ്സാവുക എന്നതാണ് ആദ്യത്തേത്. പിന്നാലെ ഐഇഎല്‍റ്റിഎസ് എഴുതി മുകളില്‍ പറഞ്ഞതു പോലെ യോഗ്യത നേടുക. അതിനു ശേഷം ഡിസിഷന്‍ ലെറ്ററിന് വേണ്ടി അപേക്ഷിക്കാം. ഡിസിഷന്‍ ലെറ്റര്‍ ലഭിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി ഒരു കമ്പ്യൂട്ടര്‍ ബേയ്‌സ്ഡ് ടെസ്റ്റ് പാസ്സാകണം. അതു പാസ്സായി കഴിഞ്ഞാല്‍ യുകയില്‍ എത്തി പരിശീലനം തുടങ്ങിയും അവിടെ വച്ചു പ്രാക്ടിക്കല്‍ ടെസ്റ്റ് എഴുതുകയും വേണം. അതിന്റെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

ആ രണ്ട് പരീക്ഷകള്‍ എങ്ങനെ ജയിക്കും?
എന്‍എംസി വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ കോംപിറ്റന്‍സി ടെസ്റ്റില്‍ പങ്കെടുക്കുകയാണ് ആദ്യത്തേത്. അപേക്ഷകര്‍ അതാത് രാജ്യത്തെ ടെസ്റ്റ് സെന്ററുകളില്‍ എത്തി വേണം ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്. ഇന്ത്യയില്‍ എവിടെയൊക്കെയാണ് ടെസ്റ്റ് സെന്റര്‍ എന്ന് എന്‍എംസി വെബ്സൈറ്റില്‍ ഉണ്ട്. യുകെയില്‍ നഴ്സായി ജോലി ചെയ്യാന്‍ ആവശ്യമായ അക്കാഡമിക് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ആര്‍എന്‍ മാതൃകയിലുള്ള ഈ ടെസ്റ്റ്. ഈ ടെസ്റ്റ് പാസ്സായാല്‍ യുകെയിലേക്ക് താത്ക്കാലിക വിസയ്ക്ക് അപേക്ഷിക്കാം.

യുകെയില്‍ എത്തി എന്‍എംസി നേരിട്ട് നടത്തുന്ന പ്രാക്ടിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത് അത് പാസ്സായി പിന്‍നമ്പര്‍ നേടുകയാണ് അടുത്ത ഘട്ടം. പ്രാക്ടിക്കല്‍ ടെസ്റ്റ് നടത്താന്‍ ആദ്യം ഒരു യൂണിവേഴ്സിറ്റിക്ക് മാത്രമാണ് എന്‍എംസി ആദ്യം അനുമതി നല്‍കിയിരുന്നത്. പിന്നീട് യുകെയിലെ ഒട്ടേറെ യൂണിവേഴ്സിറ്റികള്‍ ടെസ്റ്റ് സെന്ററുകള്‍ മാറ്റി. രണ്ട് ടെസ്റ്റുകളും പാസ്സാകുന്നവരെ എന്‍എംസി ഓഫീസില്‍ അഭിമുഖത്തിനായി വിളിക്കും. അവിടെ വച്ച് തന്നെ പിന്‍നമ്പര്‍ നല്‍കുകയാണ് ചെയ്യുക. ഇങ്ങനെ പിന്‍നമ്പര്‍ ലഭിക്കുന്നവര്‍ക്ക് യുകെയിലെ നഴ്സിങ്ങ് ഹോമുകളിലോ എന്‍എച്ച്എസ് ആശുപത്രിയിലോ ബാന്‍ഡ് 5 നഴ്സായി ജോലിയില്‍ പ്രവേശിക്കാം.

ഏജന്‍സിക്ക് കാശു കൊടുക്കരുത്... എല്ലാം സൗജന്യം
പേപ്പര്‍ വര്‍ക്കുകള്‍ തലവേദന ഏറിയതായതിനാല്‍ ഏജന്റുമാര്‍ രംഗത്തിറങ്ങുമെന്നു മറക്കരുത്. വളരെ കരുതലോടെ അവരെ കൈകാര്യം ചെയ്യുക. നിങ്ങള്‍ക്ക് നൂറു ശതമാനം ഉറപ്പില്ലാത്ത ഒരു ഏജന്റിന്റെയും ഉപദേശം സ്വീകരിക്കരുത്. തന്നെ ചെയ്തു കുളമാക്കുന്നതിലും നല്ലത് പണി അറിയാവുന്ന വിശ്വസ്ഥരോടൊപ്പം ചെയ്യുകയാണ്. വേണ്ടത്ര അന്വേഷണം നടത്തി ഞങ്ങള്‍ ഒരു സ്ഥാപനത്തെ നിങ്ങള്‍ പരിചയപ്പെടുത്താം. ഒരു പൈസ പോലും അപേക്ഷകിരില്‍ നിന്നും വാങ്ങുകയില്ല എന്ന ഉറപ്പിന്റെ പേരിലാണ് ഞങ്ങള്‍ അവരെ പരിചയപ്പെടുത്തുന്നത്.

വൊസ്റ്റെക്ക് ഇന്റര്‍നാഷണല്‍ എന്ന ഈ സ്ഥാപനം ലണ്ടന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികള്‍ നടത്തുന്ന സ്ഥാപനമാണ്. ഇവര്‍ അപേക്ഷകരില്‍ നിന്നും ഫീസ് വാങ്ങുന്നില്ല എന്നു മാത്രമല്ല വര്‍ക്ക് പെര്‍മിറ്റ്, വിസ ഫീസുകളും അവര്‍ തന്നെ വഹിക്കും. അതുകൊണ്ട് ധൈര്യമായി ഈ സ്ഥാപനത്തെ ബന്ധപ്പെട്ട് നിങ്ങളുടെ അപേക്ഷകള്‍ നീക്കാം. അവരുടെ കാല്‍ നൂറ്റാണ്ടു പരിചയം മൂലം തെറ്റുപറ്റാതെ നിങ്ങളെ യുകെയില്‍ എത്തിക്കാന്‍ കഴിയും എന്നു മറക്കേണ്ട.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
[email protected], [email protected] Or call 02072339944, 02078289944, 07811436394, 07830819151

യുകെയിലെ മലയാളികളുടെ കുടിയേറ്റ ചരിത്രം ഇങ്ങനെ
യുകെയില്‍ മലയാളി കുടിയേറ്റത്തിന് സ്വാതന്ത്ര്യത്തിന് മുന്‍പ് മുതലെ ചരിത്രമുണ്ട്. സ്വാതന്ത്ര്യാനന്തരം തിരിച്ചു പോയ ഇംഗ്ലീഷുകാര്‍ക്കൊപ്പം പോയ അനേകം മലയാളികളുടെ തലമുറയും ഇവിടെയുണ്ട്. സിംഗപ്പൂരില്‍ നിന്നും മലേഷ്യയില്‍ നിന്നും എത്തപ്പെട്ട മലയാളികളും ആഫ്രിക്കന്‍ വംശീയ കലാപ സമയത്ത് എത്തപ്പെട്ടവരുമാണ് പക്ഷെ ചരിത്രത്തിലെ ആദ്യ മലയാളി കുടിയേറ്റക്കാരായി അറിയപ്പെടുന്നത്. അറുപതുകളുടെ ഒടുവിലും എഴുപതുകളിലും നടന്ന ആ കുടിയേറ്റത്തിന്റെ ഭാഗമായി തുരുവനന്തപുരം വര്‍ക്കല പ്രദേശത്തെ അനേകം പേര്‍ യുകെ മലയാളികളായി. ഈസ്റ്റ്ഹാമിലും ക്രോയിഡോണിലുമായി അവര്‍ പെരുകുകയാണ്.

രണ്ടാം കുടിയേറ്റം ആരംഭിക്കുന്നത് 90കളുടെ ഒടുവില്‍ ടോണി ബ്ലയര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോഴാണ്. വ്യാപകമായി എന്‍എച്ച്എസ് നഴ്സുമാരെ റിക്രൂട്ട് ചെയ്തപ്പോള്‍ ആയിരുന്നു അത്. ഏതാണ്ട് പത്ത് വര്‍ഷം അതു തുടരുന്നു. ഐഇഎല്‍റ്റിഎസ് ഇല്ലാതെ നഴ്സുമാരെ എന്‍എച്ച്എസ് ആശുപത്രികളിലേക്കും നഴ്സിങ് ഹോമുകളിലേക്കും നിയമിച്ചു തുടങ്ങിയ വിപ്ലവം ഏതാണ്ട് 2008 ആയപ്പോഴേക്കും അവസാനിച്ചു. ഐഇഎല്‍റ്റിഎസ് 6 ഏര്‍പ്പെടുത്തി ഏഴുവരെ ഉയര്‍ത്തിയതോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു.
പിന്നീട് അതിനൊരു അനക്കം തട്ടിയത് രണ്ട് പരീക്ഷകളിലുമായി ഐഇഎല്‍എസ് 7 നേടിയാല്‍ മതിയെന്ന പരിഷ്‌കാരവും ഐഇഎല്‍റ്റിഎസ് പ്രകാരം ഒഇറ്റി കൂടി ഏര്‍പ്പെടുത്തിയതുമായിരുന്നു. ഏതാണ്ട് 400ല്‍ അധികം നഴ്സുമാര്‍ എല്ലാ മാസവും യൂറോപ്യന്‍ യൂണിയന്റെ പുറത്തു നിന്നും യുകെയില്‍ എത്താന്‍ തുടങ്ങിയത് ഈ പരിഷ്‌കാരത്തോടെയാണ്. നഴ്സുമാരെ ഷോര്‍ട്ടേജ് ഒക്യുപ്പേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയും മറ്റും ഇളവുകള്‍ നല്‍കിയതിനെ തുടര്‍ന്നുമായിരുന്നു ഇത്. എന്നിട്ടും 42, 000 നഴ്സുമാരെ നിയമിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആണ് ഐഇഎല്‍റ്റിസ് റൈറ്റിങ് 6.5 ആക്കി കുറച്ചത്. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ അനേകം നഴ്സുമാര്‍ യുകെയില്‍ എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഷാജന്‍ സ്‌കറിയ, മറുനാടന്‍ മലയാളി

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category