1 GBP = 90.00 INR                       

BREAKING NEWS

ഐഡിയ കൊണ്ടു വന്ന വെള്ളാപ്പള്ളി പതിയെ മുങ്ങിയതോടെ വനിതാ മതിലിന്റെ മുഖ്യ സംഘാടകന്റെ റോളില്‍ പുന്നല ശ്രീകുമാര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഇടതടവില്ലാതെ അണിനിരത്താന്‍ ഒരുങ്ങുന്നത് 30 ലക്ഷം വനിതകളെ; വയനാട്, ഇടുക്കി-കോട്ടയം ജില്ലാക്കാര്‍ അതിര്‍ത്തി ജില്ലകളില്‍ അണി ചേരും; നവോത്ഥാന സംഘടനകളായി ക്ഷണിച്ചത് ഹിന്ദു ജാതി സംഘടനകളെ മാത്രം എങ്കിലും മതേതരത്വം കാക്കാന്‍ എല്ലാ മതക്കാരേയും അണിനിരത്തും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തില്‍ മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തില്‍ വനിതകള്‍ പ്രതിരോധത്തിന് ഇറങ്ങണമെന്ന് നിര്‍ദേശിച്ചത് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. സര്‍വകക്ഷിയോഗം, തന്ത്രി, പന്തളം കൊട്ടാരം എന്നിവരുമായി നടന്ന ചര്‍ച്ച എന്നിവയ്ക്കു ശേഷമാണ് ഈ ആവശ്യം വെള്ളാപ്പള്ളി മുന്നോട്ട് വച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. അങ്ങനെ വനിതാ മതില്‍ എന്ന ആശയത്തിലേക്ക് കാര്യങ്ങളെത്തി. എന്നാല്‍ ശബരിമലയില്‍ വനിതാ മതിലിന് സ്വന്തം സമുദായക്കാരെ കിട്ടില്ലെന്ന് മനസ്സിലയാതോടെ വെള്ളാപ്പള്ളി പതിയെ പിന്‍വലിഞ്ഞു. ശബരിമല വിധിയുമായി ഇതിന് ബന്ധമില്ലെന്ന് സംഘാടക സമിതിയുടെ ചെയര്‍മാനായ വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. ഇതോടെ വെട്ടിലായത് സര്‍ക്കാരാണ്. എങ്കിലും ശബരിമലയിലെ വിഷയം ചര്‍ച്ചയാക്കാതെ തന്നെ വനിതാ മതിലുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.

വെള്ളാപ്പള്ളി പിന്മാറുമ്പോള്‍ പ്രധാന ചുമതലക്കാരനായി കെപിഎംഎസിന്റെ പുന്നല ശ്രീകുമാര്‍ മാറും. സഹായത്തിന് ഹിന്ദു പാര്‍ലമെന്റിന്റെ സിപി സുഗതനും. എല്ലാ സഹായത്തിനും ഇടത് കണ്‍വീനര്‍ വിജയരാഘവനും ഉണ്ടാകും. ജില്ലാ കളക്ടര്‍മാരും സജീവ ഇടപെടല്‍ നടത്തും. സര്‍ക്കാര്‍ സംവിധാനമെല്ലാം വനിതാ മതിലിന്റെ വിജയത്തിനുണ്ടാകും. ശബരിമല സ്ത്രീ വിഷയത്തില്‍ വനിതാ മതിലിന് ഇല്ലെന്ന് ചില സമുദായിക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. എന്‍ എസ് എസും പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ പരിപാടിയുടെ വിജയം ഉറപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വലിയ പദ്ധതി രൂപരേഖ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. വനിതാമതിലിന് നീളം 620 കിലോമീറ്റര്‍ ആണ്. തോളോട് തോള്‍ ചേര്‍ന്നുനില്‍ക്കാന്‍ ഒരാള്‍ക്ക് ശരാശരി ഒന്നരയടി സ്ഥലം എടുത്താല്‍ ഇത്ര ദൂരത്തേക്ക് വേണ്ടത് 13,56,080 വനിതകളെ. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെപ്പേരെ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനെ മതേതര മതിലാക്കി മാറ്റും. ഹിന്ദുക്കള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും മതിലില്‍ അണിചേരാമെന്നാണ് സംഘാടക സമിതി വിശദീകരിക്കുന്നത്.

കാസര്‍കോടുമുതല്‍ തിരുവനന്തപുരം വെള്ളയമ്പലംവരെ മതിലിനായി അണിനിരത്തുന്നത് 30,15,000 വനിതകളെയാണ്. ജനുവരി ഒന്നിന് വൈകീട്ട് നാലിന് ദേശീയപാതയില്‍ വലതുഭാഗത്താണ് മതിലുയര്‍ത്തുക. മലപ്പുറം ജില്ലയില്‍ കുറച്ചുദൂരം മാറ്റമുണ്ടാകും. എല്ലാ മതവിഭാഗങ്ങളിലുള്ളവരെയും ഇതിന്റെ ഭാഗമാക്കും. വീടുകള്‍ സന്ദര്‍ശിച്ച് പ്രചാരണമുണ്ടാകും. കേരളത്തിനു പുറത്തുള്ള വനിതകളായ എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെയും പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പറഞ്ഞു. കാസര്‍കോട് നഗരത്തിലാണ് തുടക്കം. കാലിക്കടവ്- കണ്ണൂര്‍- മാഹി- രാമനാട്ടുകര വഴി മലപ്പുറം- പെരിന്തല്‍മണ്ണ- പട്ടാമ്പി- ചെറുതുരുത്തി- കറുകുറ്റി- അങ്കമാലി- ആലുവ- വൈറ്റില- ആലപ്പുഴ- ഓച്ചിറ- കരുനാഗപ്പള്ളി- കൊല്ലം വഴി തിരുവനന്തപുരം. ഇങ്ങനെയാകും റൂട്ട്. വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ കോഴിക്കോട്ടും ഇടുക്കിയിലുള്ളവര്‍ ആലുവയിലും കോട്ടയത്തുള്ളവര്‍ ആലപ്പുഴയിലും മതിലിന്റെ ഭാഗമാകും.

പാലക്കാട്ടുകാര്‍ പെരിന്തല്‍മണ്ണ-പട്ടാമ്പി- ചെറുതുരുത്തി പാതയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ അരൂര്‍-ഓച്ചിറ റൂട്ടിലുമെത്തും. മൂന്നുമണിക്ക് വനിതകളെത്തും. 3.45-ന് റിഹേഴ്‌സല്‍, നാലുമണിക്ക് വനിതാമതില്‍ ഉയരും. തുടര്‍ന്ന് പ്രധാന കേന്ദ്രങ്ങളില്‍ പ്രതിജ്ഞ, യോഗം. ഓരോ സ്ഥലത്തും വിവിധ ജില്ലകളില്‍നിന്ന് എത്തേണ്ട സ്ത്രീകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. സംഘാടകസമിതി 11, 12, 13 തീയതികളില്‍ ജില്ലകള്‍തോറും നിലവില്‍വരും. വിളംബര ജാഥകളുമുണ്ടാവും. വനിതകളുടെ പഞ്ചായത്തുതല, വാര്‍ഡുതല യോഗങ്ങള്‍ 22-നകം പൂര്‍ത്തിയാകും. ജില്ലാ കളക്ടര്‍ക്കാണ് സംഘാടക സമിതി രൂപീകരണത്തിന്റെ ചുമതല. പി ആര്‍ ഡിയുടെ നേതൃത്വത്തില്‍ വന്‍ പ്രചാരണവും നടക്കും.

പരിപാടിയുടെ മുഖ്യസംഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പായിരിക്കും നിര്‍വ്വഹിക്കുന്നത്. വനിത മതിലിനെതിരെ വി എസ് അച്യുതാനന്ദനും പ്രതിപക്ഷവും കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിനിടയിലാണ് പരിപാടി വിജയിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇന്നലെ് ചേര്‍ന്ന മന്ത്രിസഭയോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധതയുള്ള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗത്തിലായിരുന്നു വനിത മതില്‍ നടത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടത് മുന്നണി യോഗവും വനിത മതിലിന് പിന്തണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശത്തിന്റെ പേരില്‍ എസ്എന്‍ഡിപിയുമായി അകലാന്‍ വനിതാമതില്‍ സംഘാടക സമിതി തല്‍ക്കാലം ഇല്ലെന്നാണ് സൂചന. സ്ത്രീ പ്രവേശത്തെ തള്ളി പറയാനുമില്ല, നവോത്ഥാനമൂല്യങ്ങള്‍ എന്ന പൊതുമുദ്രവാക്യത്തില്‍ മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി 21 അംഗ വനിതാ സെക്രട്ടേറിയറ്റിന്റെ ചുമതല എന്‍എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ അംഗം ഇ എസ് ഷിബയ്ക്കാണ് നല്‍കിയിക്കുന്നത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംഘാടക സമിതിയോഗം സമിതിയുടെ അംഗസംഖ്യ 40 ആക്കി ഉയര്‍ത്തുകയും ചെയ്തു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category