1 GBP = 90.00 INR                       

BREAKING NEWS

ബ്രിട്ടനില്‍ ചുഴലികൊടുങ്കാറ്റ്; ഓസ്‌ട്രേലിയയില്‍ കൊടും വിഷപാമ്പുകളും; കാനഡയില്‍ സംഭവിക്കുന്നത് കൂട്ടമരണത്തോടെ മഞ്ഞുവീഴ്ചയും; ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ കാലാവസ്ഥാ ദുരിതങ്ങള്‍ക്ക് നടുവില്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കടുത്ത വേനല്‍ എത്തിയപ്പോള്‍ അല്‍പം തണലും തണുപ്പും തേടി എത്തുന്ന മാരക വിഷമുള്ള പാമ്പുകളാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ മലയാളികളുടെ വീടുകളിലെ പ്രധാന അഥിതി. ഓരോ ആഴ്ചയും ഓരോ പേരിട്ടെത്തുന്ന ചുഴലിക്കാറ്റും പേമാരിയും യുകെ മലയാളികള്‍ക്കും കൂട്ടിനുണ്ട്. രാജ്യം ഒരിക്കലും കാണാത്ത വിധം തണുപ്പും മഞ്ഞുവീഴ്ചയും എത്തിയപ്പോള്‍ ഏഴു പേരുടെ കൂട്ടമരണം കാണേണ്ടി വന്ന വിറങ്ങിലിപ്പാണ് കനേഡിയന്‍ മലയാളികള്‍ പങ്കിടുന്ന വേദന. ഇത്തരത്തില്‍ ലോകത്തിന്റെ പലഭാഗത്തും കൊടിയ തരത്തില്‍ ദുരിതങ്ങളും ദുരന്തങ്ങളും നേരിടുന്ന വാര്‍ത്തകളാണ് വിവിധ പ്രവാസി സമൂഹങ്ങള്‍ പങ്കിടുന്നത്.

കേരളത്തിനൊപ്പം ലോകത്തിന്റെ പലഭാഗത്തും അരങ്ങേറിയ വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ ലോക ജനത അനുഭവിച്ചു കൊണ്ടിരിക്കെയാണ് പ്രകൃതി കോപം മൂലമുള്ള മറ്റു ദുരിതങ്ങളും അടിക്കടി എത്തുന്നത്. വേനല്‍ കടുപ്പം കാട്ടിയപ്പോള്‍ പാമ്പു ഭയം മൂലം ഓസ്‌ട്രേലിയന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഓസിസ് ജനത കിടക്കയില്‍ പോകാന്‍ പോലും മടിക്കുകയാണ്. നേരെ തിരിച്ചാണ് ബ്രിട്ടനിലും കാനഡയിലും മലയാളികള്‍ അടക്കമുള്ള ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍. ബ്രിട്ടനില്‍ മഴയും കൊടുംകാറ്റും അടിക്കടി എത്തുമ്പോള്‍ കാനഡയില്‍ പതിവില്ലാത്ത വിധം മഞ്ഞു മൂടിയാണ് ദുരിതം കൂടിയത്.

കൂട്ടിനു പാമ്പുകള്‍ മാത്രം, കിടക്കയിലും കിച്ചനിലും എല്ലാം പാമ്പിന്റെ കൂടാരങ്ങള്‍
വേനല്‍ക്കാലം കടുക്കുമ്പോള്‍ കാട്ടുതീ അടക്കമുള്ള പ്രയാസങ്ങളാണ് ഓസ്‌ട്രേലിയന്‍ ജനതയെ തേടി എത്തുന്നതെങ്കില്‍ ഇത്തവണ പതിവ് വിട്ടു ഉഗ്ര വിഷമുള്ള പാമ്പുകള്‍ കൂടി എത്തിയിട്ടുണ്ട്. പല വീടുകളിലും പാമ്പു കയറാത്ത സ്ഥലങ്ങള്‍ ഇല്ലെന്നതാണ് വസ്തുത. ടോയ്‌ലറ്റ് ഇന്‍ലെറ്റ് വാല്‍വുകളില്‍ കൂടിയും പാമ്പുകള്‍ കയറി വരുന്നത് സാധാരണമായ രാജ്യത്തു ഇത്തവണ കൊടും വിഷമുള്ള പാമ്പുകള്‍ എത്തിയപ്പോള്‍ വിഷദംസനമേറ്റ് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും കൂടി. ഇതോടെ സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ദുരിതം കൂടിയപ്പോള്‍ സ്‌കൂള്‍ അവധി എത്താന്‍ കാത്തു നിന്ന അനേകം പേര്‍ കേരളത്തിന്റെ ശാന്തത തേടി എത്തിക്കൊണ്ടിരിക്കുകയാണ്. ചൂടുകാലം മാറും വരെ അവധിക്കാലം ഉണ്ടായെങ്കില്‍ എന്ന ആഗ്രഹവുമാണ് പലരും കേരളത്തിലേക്ക് പറക്കുന്നത്.

വീടുകളുടെ സാധ്യമായ ഇടങ്ങളെല്ലാം അടച്ചു വയ്ക്കാന്‍ നിര്‍ദേശം ഉണ്ടെങ്കിലും ഏതു പഴുതിലൂടെയാണ് പാമ്പുകള്‍ കടന്നു എത്തുന്നത് എന്ന് പിടിയില്ലാതെ വട്ടം തിരിയുകയാണ് ഓസിസ് ജനത. ചൂട് കൂടിയപ്പോള്‍ ആശ്വാസം തേടിയും ഭക്ഷണം തേടിയുമാണ് പാമ്പുകള്‍ എത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. എന്നാല്‍ ഇതൊന്നും ജനത്തിന്റെ ഭയം മാറ്റാന്‍ കാരണമാകുന്നില്ല. പൊതുവെ പാമ്പുകളെ കണ്ടാണ് ഓസിസ് ജീവിതം മുന്നേറുന്നതെങ്കിലും ഇത്തവണ വിഷപാമ്പുകളുടെ ആധിക്യമാണ് ഏവരെയും ഭയപ്പെടുത്തുന്നത്. പൊതുവെ പാമ്പിനെ ഭയത്തോടെ സമീപിക്കുന്ന മലയാളികള്‍ ഇതോടെ കൂടുതല്‍ വിഷമത്തിലുമായി. പാമ്പുകള്‍ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്ന സമയം കൂടി ആയതും ഇവ സുരക്ഷിത താവളം തേടി വീടുകളില്‍ എത്താന്‍ കാരണമായിരിക്കുകയാണ്.

ഓരോ ആഴ്ചയും ഓരോ കൊടുംകാറ്റ്, കൂടെ തോരാ മഴ, ബ്രിട്ടന് വിറയ്ക്കുന്നു
ഓരോ ആഴ്ചയും ഓരോ പേരിട്ടെത്തുന്ന കൊടുംകാറ്റും തൊട്ടു പിന്നാലെ വരുന്ന പേമാരിയുമാണ് ഇപ്പോള്‍ ബ്രിട്ടനെ വലയ്ക്കുന്നത്. ശീതക്കാറ്റിന് ശമനം ഉണ്ടെങ്കിലും രാത്രി താപനില ഫ്രീസിങ് ആയിക്കൊണ്ടിരിക്കുന്നതിനാല്‍ തണുപ്പിന്റെ അസ്വസ്ഥതകള്‍ നേരിടുമ്പോള്‍ തന്നെയാണ് കാറ്റുയര്‍ത്തുന്ന ഭീക്ഷണിയും. ഏറ്റവും ഒടുവില്‍ എത്തിയ കാറ്റു ഡൈദ്രി കടന്നു പോയ ഉടന്‍ വരാന്‍ കാത്തുനില്‍ക്കുകയാണ് എറ്റിനെ കാറ്റ്.

ഏറ്റിനെയായിരിക്കും മഞ്ഞിനെ കോരിയെടുത്തു കൊണ്ടുവരികയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ശരാശരി 80 മൈല്‍ വേഗത്തിലുള്ള കാറ്റാണ് ബ്രിട്ടനെ തേടി എത്തുന്നത്. ഇനിയുള്ള 48 മണിക്കൂറുകള്‍ കൂടി നിര്‍ണായകം ആണെന്ന് മുന്നറിയിപ്പുണ്ട്. വടക്കന്‍ നഗരങ്ങളില്‍ കൂടിയാകും കാറ്റ് പ്രധാനമായും കടന്നു പോകുക. വെള്ളിയാഴ്ച രാത്രിയാണ് കാറ്റിന്റെ ഭീകര രൂപം പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്റ്റംബറിലും ഒക്‌ടോബറിലുമായി അലി, ബ്രോനാഗ്, കാലം എന്നീ കാറ്റുകള്‍ കണ്ട ശേഷമാണ് ബ്രിട്ടനെ തേടി ഡൈദ്രീ എത്തുന്നത്. ഓരോ കാറ്റിലും വ്യാപകമായ നാശങ്ങളാണ് ബ്രിട്ടന്‍ നേരിടുന്നത്. ഈ ആഴ്ച മൊത്തമുള്ള മഴയും ഈ കാറ്റിന്റെ സംഭാവന ആയി കണക്കാക്കാം. കൂടുതല്‍ രൂക്ഷതയോടെയാണ് വരും ദിവസങ്ങളില്‍ എറ്റിനെ കാറ്റിനെ പ്രതീക്ഷിക്കുന്നത്. പോര്‍ച്ചുഗലില്‍ നിന്നാണ് ഇതു എത്തുന്നത്. വെയില്‍സ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാനും കാറ്റ് വഴി ഒരുക്കും എന്ന് മുന്നറിയിപ്പുണ്ട്.

നേരത്തേയെത്തിയ മഞ്ഞുമൂലം കൂട്ട മരണം, കാനഡ തണുപ്പില്‍ മുങ്ങി
വളരെ നേരത്തെ എത്തിയ മഞ്ഞുവീഴചയുടെ ദുരിതമാണ് കാനഡ ഇപ്പോള്‍ നേരിടുന്നത്. മഞ്ഞില്‍ വാഹനങ്ങള്‍ തെന്നി ഡിസംബര്‍ പിറന്നപ്പോള്‍ തന്നെ ഏഴുപേരുടെ മരണം കണ്ടതോടെ വേഗത നിയന്ത്രണത്തിന് കടുത്ത ജാഗ്രത നല്‍കുകയാണ് പോലീസ്. നവംബര്‍ 29 മുതല്‍ തുടങ്ങിയ അപകട പരമ്പരകള്‍ ശമനമില്ലാതെ മുന്നേറുകയാണ്. ഒട്ടേറെ ആളുകള്‍ക്കാണ് പരുക്കേല്‍ക്കുന്നത്.

പലയിടത്തും പത്തു മുതല്‍ പതിനഞ്ചു സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞുവീഴുമ്പോള്‍ ഗതാഗതം തടസപ്പെടുകയാണ്. അതിവേഗം എത്തുന്ന മഞ്ഞുവീഴ്ചയാണ് ഇത്തവണ ദുരിതം കൂട്ടാന്‍ കാരണമായത്. മഞ്ഞിനെ നേരിടാന്‍ നടത്തിയ ഒരുക്കങ്ങള്‍ എല്ലാം വെറുതെയാകും വിധമാണ് മഞ്ഞുവീഴ്ചയുടെ രൂക്ഷത. അത്യാവശ്യ യാത്ര ചെയ്യുന്നവര്‍ പോകുന്ന സ്ഥലം കൂടി ഉറ്റവരെ അറിയിക്കണമെന്നും എതാന്‍ ആവശ്യമായ സമയവും കണക്കാക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. യാത്രക്കിടയില്‍ അപകടം സംഭവിക്കാന്‍ ഉള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category