1 GBP = 90.00 INR                       

BREAKING NEWS

റഫാലില്‍ മുഖം നഷ്ടപ്പെട്ട മോദിക്കും ബിജെപിക്കും പിടിവള്ളിയായി ക്രിസ്റ്റ്യന്‍ മിഷേലിന്റെ അറസ്റ്റ്; സോണിയയ്‌ക്കെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ മോദി സര്‍ക്കാരിന് മുന്‍തൂക്കം കിട്ടുമെന്ന് തിരിച്ചറിഞ്ഞ് അഗസ്റ്റാ ഇടപാടില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ തകൃതിയായ നീക്കങ്ങള്‍; 3600 കോടിയുടെ ഇടപാടില്‍ 300 കോടി കൈക്കൂലി വാങ്ങിയത് ആരെന്ന വെളിപ്പെടുത്തലിന് കാതോര്‍ത്ത് രാജ്യം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അഗസ്റ്റാ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനെന്ന് ആരോപിക്കപ്പെടുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടപ്പോള്‍ രാജ്യം കാതോര്‍ക്കുന്നത് വെളിപ്പെടുത്തലുകള്‍ക്ക് വേണ്ടിയാണ്. രാഷ്ട്രപതിയുള്‍പ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്ന് 12 എഡബ്ള്യു101 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ല്‍ നല്‍കിയ കുറ്റപത്രത്തിലെ ആരോപണം. ഈ കോഴപ്പണത്തിലെ ഇടനിലക്കാരനാണ് മിഷേല്‍ എന്നാണ് ആരോപണം. ആര്‍ക്കാണ് കോഴ കൊടുത്തതെന്ന് കണ്ടെത്താനാണ് നീക്കം. മിഷേലിന്റെ ഡയറിയിലെ ചില പേരുകളാണ് ചര്‍ച്ചയ്ക്ക് പുതിയമാനം നല്‍കുന്നത്.

അതുകൊണ്ട് തന്നെയാണ് ബിജെപി പ്രതീക്ഷയോടെ മിഷേലിന്റെ അറസ്റ്റിനെ കാണുന്നത്. മിഷേലിന്റെ ഡയറിയില്‍ എപി എന്നും ഫാമിലിയെന്നും രണ്ട് കുറിപ്പുകള്‍ ഉണ്ട്. ഇതില്‍ എപിയെന്നത് അഹമ്മദ് പട്ടേലാണെന്നാണ് ബിജെപിയുടെ ആരോപണം. ഫാമിലിയെന്നത് സോണിയയുടെ കുടുംബമാണമെന്നും ആരോപിക്കുന്നു. ഈ രണ്ട് പേരുകളിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ശ്രമം. ഇതിലൂടെ റഫാല്‍ ഇടപാടിലെ പേരു ദോഷം കഴുകി കളയാമെന്നാണ് മോദി ക്യാമ്പിന്റെ പ്രതീക്ഷ. സോണിയയേയും കുടുംബത്തേയും ആരോപണത്തില്‍ കുടുക്കി ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് നീക്കം. ഇതിനായി കരുതലോടെയുള്ള നീക്കങ്ങള്‍ ബിജെപി നടത്തുന്നുണ്ട്. മിഷേല്‍ സോണിയയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയാല്‍ അത് പുതിയ തലത്തിലേക്ക് എത്തിക്കാനാണ് നീക്കം.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 2010 ഫെബ്രുവരിയില്‍ ഉണ്ടാക്കിയ കരാര്‍ സര്‍ക്കാരിന് 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിലെ ആരോപണം. ചൊവ്വാഴ്ച രാത്രി പത്തരയോടെ യുഎഇയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച മിഷേലിനെ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് മിഷേലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ചോദ്യം ചെയ്യലിനായി വിട്ടുതരണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകന് രാവിലെയും വൈകിട്ടും ഓരോ മണിക്കൂര്‍ വീതം മിഷേലിനെ സന്ദര്‍ശിക്കാനുള്ള അനുമതിയും നല്‍കി. ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ അഴിമതി നടന്നുവെന്ന കേസിലെ മുഖ്യപ്രതിയാണ് ലണ്ടന്‍ സ്വദേശിയായ ക്രിസ്ത്യന്‍ മൈക്കില്‍. കേന്ദ്ര സര്‍ക്കാരിലെ ഉന്നതര്‍ക്ക് തുക കൈമാറിയത് മൈക്കിലാണന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 2016ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

മിഷേല്‍ എന്തൊക്കെ വെളിപ്പെടുത്തുമെന്നറിയാന്‍ കാത്തിരിക്കാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് രാഷ്ട്രീയമായി ഇത് ഉപയോഗിക്കപ്പെടുമെന്നതിന്റെ സൂചനയാണ്. രാജസ്ഥാനിലെ കര്‍ഷകരെ കബളിപ്പിച്ച് റോബര്‍ട്ട് വാദ്ര കോടികളുണ്ടാക്കിയെന്നും മോദി ആരോപിച്ചു. സോണിയയുടെ കുടുംബത്തെ വെട്ടിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണവും. ആദ്യം മോദി റഫാല്‍ അഴിമതിയില്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു. അഗസ്റ്റ കേസിനെ വന്‍ രാഷ്ട്രീയായുധമാക്കുകയാണ് ബിജെപി. രാജസ്ഥാന്‍ പ്രചാരണത്തിന്റെ അവസാനദിവസം തന്നെ മിഷേലിനെ ഇന്ത്യയിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ബിജെപി മറച്ചുവച്ചതുമില്ല. യുഎഇ മുമ്പും ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറിയിട്ടുണ്ട്. എന്നാല്‍ ഒരു ബ്രിട്ടീഷ് പൗരനെ കൈമാറാന്‍ യുഎഇ സമ്മതിച്ചത് കേന്ദ്രസര്‍ക്കാരിന് വന്‍നേട്ടമായി.

അഗസ്റ്റ വെസ്റ്റ്ലന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയില്‍ എത്തിച്ചത്. രാജസ്ഥാനിലെ രണ്ടു റാലികളില്‍ മോദിയുടെ പ്രധാന ആയുധമായി ഈ നേട്ടം. റഫാല്‍ ഇടപാടില്‍ പ്രചരണം തുടങ്ങിയ കോണ്‍ഗ്രസിന് അവസാനം അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ മറുപടി. ''സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യം എടുത്ത് പുറത്ത് നടക്കുന്നവരാണ്. ഹെലികോപ്റ്റര്‍ ഇടപാടില്‍ സോണിയാഗാന്ധിയുടെ പേരും രേഖകളില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കെതിരെ നീങ്ങുന്നതുകൊണ്ടാണ് തനിക്കെതിരെ കള്ളകഥകള്‍ മെനയുന്നത്.'' മോദി പറഞ്ഞു. റോബര്‍ട്ട് വാധ്ര രാജസ്ഥാനില്‍ ഭൂമി വാങ്ങിയ ശേഷം കൂടിയ തുകയ്ക്ക് മറിച്ചു വിറ്റ കേസും മോദി പരാമര്‍ശിച്ചു. റഫാല്‍ അഴിമതിയില്‍ ഒരു പ്രാവശ്യം പോലും മറുപടി നല്‍കാന്‍ മോദി തയ്യാറല്ല. മറ്റുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ത്തും മുമ്പ് മോദി ഇക്കാര്യം വിശദമാക്കണം. അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ അന്വേഷണം തുടങ്ങിയത് യുപിഎ ഭരണകാലത്താണെന്നും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞതാണെന്നും രാഹുല്‍ പ്രതികരിച്ചു.

'കുടുംബം, എപി' എന്നൊക്കെയുള്ള ക്രിസ്ത്യന്‍ മിഷേലിന്റെ ഡയറിയിലെ പരാമര്‍ശങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തുന്നത്. ഇത് നെഹ്റു കുടുംബം, അഹമ്മദ് പട്ടേല്‍ എന്നിവയുടെ ചുരുക്കെഴുത്താണെന്ന ആരോപണം തെളിയിക്കാനാണ് ബിജെപിയുടെ ശ്രമം. വിജയ് മല്യയെ കൈമാറുന്ന കാര്യത്തില്‍ ലണ്ടന്‍കോടതിയില്‍ നിന്ന് അനുകൂല വിധി സര്‍ക്കാര്‍ തിങ്കളാഴ്ച പ്രതീക്ഷിക്കുന്നുണ്ട്. റഫാല്‍ ഇടപാടില്‍ സുപ്രീംകോടതി അന്വേഷണത്തിനുത്തരവിട്ടാല്‍ ബിജെപിക്കത് വലിയ ആഘാതമാകും. അങ്ങനെ വന്നാല്‍ മിഷേലില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് ആക്രമണം പ്രതിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category