1 GBP = 90.00 INR                       

BREAKING NEWS

ശബരിമലയിലെ നിരോധനാജ്ഞ തീര്‍ത്ഥാടകര്‍ക്ക് തടസമല്ലെന്ന് ഹൈക്കോടതി; ഭക്തരുടെ സുരക്ഷക്ക് വേണ്ടിയാണ് നിയന്ത്രണങ്ങള്‍; സുഗമമായ തീര്‍ത്ഥാടനം ശബരിമലയില്‍ സാധ്യമാകുന്നുണ്ടെന്ന് മൂന്നംഗ നിരീക്ഷണ സമിതി; 144 പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലെന്ന് വ്യക്തമാക്കി സര്‍ക്കാറും; നിരോധനാജ്ഞ നീക്കേണ്ടതില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയതോടെ എ എന്‍ രാധാകൃഷ്ണന്റെയും യുഡിഎഫ് എംഎല്‍എമാരുടെയും നിരാഹാര സമരങ്ങള്‍ക്കും തിരിച്ചടി

Britishmalayali
kz´wteJI³

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാറിന് ആശ്വാസമായി ഹൈക്കോടതി ഇടപെടല്‍. ഭക്തരുടെ സുരക്ഷക്ക് വേണ്ടിയാണ് സന്നിധാനത്തെ നിയന്ത്രണങ്ങളെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി കോടതിയെ അറിയിച്ചതോടെ ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ സമരങ്ങളും അപ്രസക്തമായി. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭക്തര്‍ക്ക് തടസമല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. സുഗമമായ തീര്‍ത്ഥാടനം ശബരിമലയില്‍ സാധ്യമാകുന്നുണ്ടന്ന് മൂന്നംഗ നിരീക്ഷണസമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി.

അതേസമയം ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ ശക്തമായി ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിരോധനാജ്ഞയെ ചോദ്യം ചെയ്തു കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാനായത് നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാലാണെന്നും ശബരിമലയില്‍ ക്രമസമാധാനം ഉറപ്പാക്കാന്‍ നിരോധനാജ്ഞ വേണമെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഉചിതമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ ഉത്തരവ് പുറപ്പെടുവിച്ചതെന്നും പത്തനംതിട്ട എഡിഎം തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. ശബരിമലയിലെ ക്രമസമാധാന പാലനത്തിന് നിരോധനാജ്ഞ തുടരേണ്ടതുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൂഢ ലക്ഷ്യത്തോടെ ശബരിമല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയെ ഇവര്‍ മാനിക്കുന്നില്ല. തീര്‍ത്ഥാടകരായ സ്ത്രീകളെ ആക്രമിക്കുന്ന സാഹചര്യം സന്നിധാനത്ത് ഉണ്ടായി. ഈ അവസരത്തില്‍ 144 തുടരണമെന്ന് സര്‍ക്കാര്‍ വാദിച്ചു.

നിരോധനാജ്ഞ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികളിലാണ് കോടതി വാദം കേള്‍ക്കുന്നത്. ശബരിമലയില്‍ തിരക്ക് കൂടിയിട്ടുണ്ടന്നും കഴിഞ്ഞ ദിവസങ്ങളില്‍ എണ്‍പതിനായിരം പേര്‍ വന്നു പോയതായും സമിതി അറിയിച്ചുവെന്നും കോടതി വ്യക്തമാക്കി. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കവേയാണ് കോടതി തുറന്ന കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിരോധനാജ്ഞ അനന്തമായി നീട്ടുകയാണന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും.

ഹൈക്കോടതിയുടെ നിലപാടോടെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും നടത്തുന്ന നിരാഹാര സമരങ്ങള്‍ വെട്ടിലായി. ഈ സമരങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ഹൈക്കോടതിയും വ്യക്തമാക്കിയത്. ഇതോട ഈ വിഷയത്തിന്മേലുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമരങ്ങള്‍ക്ക് പ്രസക്തിയില്ലാതായിരിക്കുകയാണ്. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരത്തിന്റെ മുഖ്യ ആവശ്യങ്ങളിലൊന്ന് ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നായിരുന്നു.

സമാന ആവശ്യമുന്നയിച്ച് നിയമസഭയ്ക്ക് മുന്നില്‍ യുഡിഎഫ് എംഎല്‍എമാരായ പാറയ്ക്കല്‍ അബ്ദുള്ള, എന്‍ ജയരാജ്, വി എസ് ശിവകുമാര്‍ എന്നിവര്‍ നിരാഹാര സമരവും ആരംഭിച്ചിരുന്നു. നിരോധനാജ്ഞ പിന്‍വലിച്ച് ഇവരുടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണനോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് നിയമസഭയുടെ പരിധിയില്‍ നില്‍ക്കുന്ന കാര്യമല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ട ഹൈക്കോടതി തന്നെ തീരുമാനം പറഞ്ഞതോടെ യുഡിഎഫ് എംഎല്‍എമാരുടെയും ബിജെപിയുടെയും സമരം ഇനിയെന്തിനാണെന്ന ചോദ്യമുയരുകയാണ്. സുരേന്ദ്രന്റെ മോചനവും ബിജെപി ഉന്നയിക്കുന്നുണ്ടെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയതോടെ അതും കോടതിയുടെ കയ്യിലാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category