1 GBP = 88.00 INR                       

BREAKING NEWS

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും കേരളാ പൊലീസും ചേര്‍ന്ന് അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ സാധാരണക്കാരന് നഷ്ടമാവുന്നത് നീതിയും ന്യായവും

Britishmalayali
റോയ് സ്റ്റീഫന്‍

ള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട യുപിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ മരണം ഭാരതത്തിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കളങ്കമാകാതെയും പൊതുജനങ്ങള്‍ക്ക് നീതി ന്യായ വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടതും വളരെ അത്യാവശ്യമാണ്. കൃത്യനിര്‍വഹണത്തിനിടെ കൊല്ലപ്പെട്ട ഈ ഉദ്യോഗസ്ഥന്‍ വളരെ സത്യസന്ധനായിരുന്നു എന്നും സാധാരണക്കാര്‍ക്ക് നീതി സാധ്യമാക്കികൊടുക്കുവാന്‍ അക്ഷീണം പ്രയത്നിച്ചിരുന്ന വ്യക്തിയുമായിരുന്നു എന്നാണ് ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ ഉത്തരവാദിത്തങ്ങളില്‍ ഇരിക്കുന്ന വ്യക്തികളുടെ പ്രതികരണങ്ങള്‍ വളരെ ദയനീയമാണ്. സംഭവം നടന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും കൊലപാതകത്തെക്കുറിച്ചു സംസാരിക്കാത്ത മുഖ്യമന്ത്രി യോഗീനാഥ് സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോവധത്തിനു പിന്നിലെ കാരണം കണ്ടെത്തണമെന്ന നിലപാട് സ്വീകരിക്കുന്നത് പൊതു ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ല.

കൊല്ലപ്പെട്ട ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ കുടുംബാംഗങ്ങളുടെ ആരോപണങ്ങള്‍ വളരെ കഴമ്പുള്ളതാണെന്നു പ്രഥമ ദൃഷ്ട്യാ മനസിലാക്കുവാന്‍ സാധിക്കും. കോളിളക്കമുണ്ടായ ദാദ്രി ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുമ്പോള്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്നത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ് അതോടൊപ്പം തന്നെ വളരെ ഗുരുതരമായ ആരോപണമാണ് മറ്റു പോലീസുദ്യോഗസ്ഥരുടെ അറിവോടെയാണ് അല്ലെങ്കില്‍ ഒത്താശയോടെയാണ് ഈ നരഹത്യ അരങ്ങേറിയതെന്നുള്ളത് സംസ്ഥാനവും കേന്ദ്രവും ഒരേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരിക്കുമ്പോള്‍ ഈ സത്യസന്ധനായ ഉദ്യോഗസ്ഥന് ഉടനെയൊന്നും നീതി ലഭിക്കും എന്നുകരുതുവാന്‍ സാധ്യതയില്ല.

നിഷ്പക്ഷ മതികളും സത്യസന്ധരുമായ പോലീസ് ഉദ്യോഗസ്ഥര്‍ ജനാധിപധ്യത്തിന്റെ ആണിക്കല്ലായിരിക്കെ പൊതുജനങ്ങള്‍ക്ക് നീതിയും ന്യായവും സാധ്യമാക്കികൊടുക്കുമ്പോള്‍ അവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളുണ്ടാവുമ്പോള്‍ ജനാധിപത്യത്തിലുള്ള വിശ്വാസം പൊതുജനങ്ങള്‍ക്ക്  നഷ്ടമായിക്കൊണ്ടിരിക്കും.

ജനാധിപത്യത്തിന്റെ നെടും തൂണുകളാണ് കളങ്കമില്ലാത്ത നീതിന്യായ വ്യവസ്ഥിതിയും വെള്ളം ചേര്‍ക്കാത്ത ഭരണഘടനയും കാപട്യം ലെവലേശമില്ലാത്ത പോലീസ് സേനയും ഇതിലൊന്നിലെങ്കിലും മായം ചേര്‍ക്കപ്പെടുമ്പോള്‍ ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും ബാധിക്കുകയും സാധാരണക്കാര്‍ക്ക് ജനാധിപത്യത്തിന്റെ സല്‍ഗുണങ്ങള്‍ ലഭിക്കാതെ വരികയും ചെയ്യും.

ഈ അടുത്ത നാളുകളില്‍ കേരളാപ്പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും പ്രശംസ അര്‍ഹിക്കുന്നതാണെങ്കിലും ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കടുത്ത ആരോപണങ്ങള്‍ കേരളാപ്പൊലീസിനെ ഒന്നടങ്കം കളങ്കപ്പെടുത്തുന്നതായിട്ടാണ് കണ്ടുവരുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേകിച്ചും പോലീസ് മേധാവികള്‍ കീഴുദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അതിലുപരി വളര്‍ന്നു വരുന്ന യുവതലമുറയ്ക്കും മാതൃകയും പ്രചോദനവുമാകേണ്ട വ്യക്തിത്വമായിരിക്കെ പോലീസ് മേധാവിക്കെതിരെയുള്ള ഗൗരവമേറിയ ആരോപണം അതും കേന്ദ്രമന്ത്രിയായിരുന്ന വ്യക്തിയില്‍ നിന്നും ഉയരുന്നത് പോലീസ് സേനയെത്തന്നെ ആകമാനം വീര്യം കെടുത്തുന്നതും പൊതുജനങ്ങള്‍ക്ക് ആശങ്കയേറുന്നതും സേനയിലുള്ള വിശ്വാസം നശിപ്പിക്കുന്നതുമാണ്. ഈ ഗൗരവമേറിയ ആരോപണങ്ങളുടെ നിജസ്ഥിതി എത്രയും പെട്ടെന്ന് അകറ്റേണ്ടത് ആരോപണവിധേയന്റെ കടമയാണ്. അതിനു സാധിക്കുന്നില്ലെങ്കില്‍ ഒട്ടും വൈകിപ്പിക്കാതെ തന്റെ മേന്മയേറിയ അധികാരങ്ങള്‍ വിശ്വാസ യോഗ്യമായവരെ ഏല്‍പിക്കുകയെന്നതാണ്.

നാളുകള്‍ ചെല്ലും തോറും മൂല്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആത്മാര്‍ത്ഥത ലെവലേശമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരും കേരളമുള്‍പ്പെടുന്ന ഭാരതത്തിനെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ചുവന്ന നാടകളില്‍ കുരുങ്ങിക്കിടക്കാതെ പുറത്തു വരുന്ന ഓരോ വാര്‍ത്തകളിലും അടിവരയിട്ടു സ്ഥാപിക്കുന്നത് രാഷ്ട്രീയ നേതാക്കന്മാര്‍ അധികാരം മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സത്യത്തിനും നീതിക്കും ന്യായത്തിനും പുല്ലുവിലപോലുമില്ലാത്ത അവസ്ഥയില്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കു നിഷ്പക്ഷമായി പ്രവര്‍ത്തിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു വേണം മനസിലാക്കുവാന്‍. സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി പ്രവര്‍ത്തിക്കുവാന്‍ ധൈര്യം കാണിക്കുന്ന പോലീസുദ്യോഗസ്ഥരടങ്ങുന്ന വിവിധ സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പല കയ്പ്പേറിയ അനുഭവങ്ങളുണ്ടാവുമ്പോള്‍ സ്വാഭാവികമായും ഒഴിഞ്ഞു മാറേണ്ട സ്ഥിതിവിശേഷം സംജാതമാകും. വക്രബുദ്ധികളും കപടത നിറഞ്ഞ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് സര്‍ക്കാരുദ്യോഗസ്ഥരെ ചൊല്‍പ്പടിയില്‍ നിര്‍ത്തുവാന്‍ ധാരാളം അവസരങ്ങളാണുള്ളത്. ആവശ്യത്തിലും അനാവശ്യത്തിലും അര്‍ഹതയില്ലാത്ത താന്താങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധു മിത്രാദികള്‍ക്കും വേണ്ടി മാത്രം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും നിലവിലുള്ള എല്ലാ മാനദണ്ഡങ്ങളേയും  കാറ്റില്‍ പറത്തികൊണ്ടു ഓരോരുത്തരെയായി നിയോഗിക്കുകയും ചെയ്യുമ്പോള്‍ അര്‍ഹതയുള്ളവരുടെ മനശക്തി ചോര്‍ന്നുപോവുകയാണ്. ഉറക്കമിളച്ചിരുന്ന് അധ്വാനിച്ചു നേടിയ വിദ്യാഭ്യാസ യോഗ്യതകളെ മാനിക്കാതെ വരുമ്പോള്‍ ഓരോ സാധാരണക്കാരന്റെയും പ്രതീക്ഷ നശിച്ചു പോകും.

കളങ്കമില്ലാത്ത പുതുതലമുറയില്‍ പ്രതീക്ഷയുണ്ടെന്നു വിശ്വസിക്കുമ്പോഴും സത്ഭരണം കാഴ്ച വയ്ക്കുവാന്‍ തയ്യാറായി വരുന്ന പുത്തന്‍ യുവ തലമുറയെ അനുഭവമില്ലെന്നും പറഞ്ഞു മൂലയ്ക്കിരുത്തുകയും അതിനു സാധിച്ചില്ലെങ്കില്‍ തെറ്റുകുറ്റങ്ങള്‍ മാത്രം ചൂണ്ടിക്കാട്ടി അടിച്ചമര്‍ത്തുവാനും ശ്രമിക്കുമ്പോള്‍ പൊതു ജനങ്ങള്‍ക്കാണ് നഷ്ടം. അതിലുപരി വളഞ്ഞ വഴികളിലൂടെയുള്ള ഭരണം കുറ്റ കൃത്യങ്ങള്‍ വര്‍ധിക്കുവാനുള്ള സാഹചര്യങ്ങള്‍ കൂടുതലാവുകയും ചെയ്യും. കേരളത്തിലെ യുവനിരയിലുള്ള ഐഎഎസും ഐപിഎസും ഉള്‍പ്പെടെയുള്ളവര്‍ വളരെ ചുറുചുറുക്കോടും അതിലുപരി ആത്മാത്ഥതയോടും പ്രവര്‍ത്തിക്കുവാനെത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണെന്ന് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസിലാക്കുവാന്‍ സാധിക്കുകയുള്ളൂ. നാടിന്റെയും നാട്ടാരുടേയും ഉന്നമനത്തിനുവേണ്ടി മാത്രം രാഷ്ട്രീയക്കോമരങ്ങളുടെ മുന്നില്‍ പഞ്ച പുച്ഛമടക്കി നില്‍ക്കേണ്ടി വരുമ്പോള്‍ ഉളവാകുന്ന മാനസികാവസ്ഥ വളരെ ദുഃഖിപ്പിക്കുന്നതു തന്നെയാണ്.

ഭാരതത്തിലെ തന്നെ അതിസമര്‍ത്ഥരായ ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായിരുന്ന നമ്പി നാരായണന് കേരളാ പൊലീസില്‍ നിന്നും അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ ശത്രുക്കള്‍ക്കു പോലും സംഭവിക്കരുതേയെന്നു തിരിച്ചറിവുള്ള ഓരോ മലയാളിയും പ്രാര്‍ത്ഥിക്കുന്നത് ഭാരതത്തിന്റെ ശാസ്ത്ര പുരോഗതിയില്‍ അനന്തമായ സംഭാവനകള്‍ നല്‍കുവാന്‍ കഴിവുണ്ടായിരുന്ന വ്യക്തിയെ പൂര്‍ണമായി തകര്‍ത്തു കുടുംബ ജീവിതം വരെ തകര്‍ത്തത് ഒരു പരിധിവരെ പോലീസുദ്യോഗസ്ഥര്‍ തമ്മിലും വിവിധ പോലീസ് പ്രസ്ഥാനങ്ങള്‍ തമ്മിലുള്ള വടം വലിയായിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍ വലിയ സ്ഥാനമാനങ്ങള്‍ വഹിക്കുന്ന വ്യക്തികള്‍ എത്രത്തോളം തരം താഴ്ന്നവരാകാമെന്നു എത്രയോ നീചപ്രവര്‍ത്തികള്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി മാത്രം ചെയ്യുമെന്ന് തിരിച്ചറിയുവാന്‍ സാധിക്കും. താന്‍ പിടിച്ച മുയലിനു മൂന്ന് കൊമ്പുണ്ട് എന്ന് പറയുന്നത് തന്നെ മൂഢത്വവും ആയിരിക്കെ ഈ വിഡ്ഢിത്തം പറഞ്ഞു സ്ഥാപിക്കുവാന്‍ ശ്രമിക്കുന്ന വ്യക്തികളാണ് ഓരോ സംഘടനയുടെയും അമരത്തിരിക്കുന്നത്. ഇങ്ങനെയുള്ള വ്യക്തികള്‍ക്ക് കാലം തിരിച്ചടി നല്‍കുമ്പോള്‍ നേരത്തെ പറഞ്ഞതും അന്ന്യായമായി സ്ഥാപിച്ച കാര്യങ്ങളും ഒരു നാണവുമില്ലാതെ അപ്പാടെ വിഴുങ്ങുന്ന സ്ഥിതികള്‍ പൊതുജനങ്ങള്‍ക്ക് പുത്തരി അല്ലാതായിക്കൊണ്ടിരിക്കുന്നു.

ഭാരതത്തിന്റെ തന്നെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളാണ് ഗുജറാത്തിലെ ആസൂത്രിതമായി എന്നാരോപിക്കുന്ന നിരവധിയായ കൊലപാതകങ്ങള്‍ സൊറാബുദിനെ വധിച്ചതും അദ്ദേഹത്തിന്റെ ഭാര്യയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതും ഒരു കാലത്തും മാപ്പര്‍ഹിക്കാത്ത സംഭാവങ്ങളായിരിക്കെ അതിനേ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളും ഈ അടുത്ത നാളുകളില്‍ ഈ കേസ് കൈകാര്യം ചെയ്യുന്ന ന്യായാധിപന്റെ തന്നെ ദുരൂഹ മരണവും അശരണര്‍ക്കു ഒരു കാലത്തും നീതി ലഭിക്കില്ലായെന്നു തോന്നിപ്പിക്കുന്ന വസ്തുതകളായി മാറുകയാണ്. അതുപോലെ തന്നെ മലയാളിയായ ഇസ്രത് ജഹാന്റെയും സുഹൃത്തുക്കളുടെയും ആസൂത്രിതമായ കൊലപാതകങ്ങള്‍ നടന്നിട്ടു വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. എല്ലാ തെളിവുകളും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എങ്കിലും ഇന്നും പലര്‍ക്കും വ്യക്തതയില്ല യഥാര്‍ത്ഥ പ്രതികള്‍ ആരാണെന്ന്. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ ചൂണ്ടിക്കാട്ടുന്നവര്‍ പ്രതികളും സാക്ഷികളുമായി മാറുന്ന വേദനാജനകമായ സ്ഥിതി വിശേഷം.

കേരളത്തിലെയും വിവിധ രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്ഥിതിയും മറിച്ചല്ല. മനുഷ്യനെ കൊത്തിയരിയുന്ന പ്രതികളെ വരെ സംരക്ഷിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വവും അതിനു ചുക്കാന്‍ പിടിക്കുന്ന പോലീസ് മേധാവികളും. പോലീസ് സേനയുടെ ഭയാനകമായ ദുരുപയോഗമാണ് കേരളമുള്‍പ്പെടുന്ന ഭാരതത്തില്‍ അരങ്ങേറുന്നത്. പൊതുജനത്തിനു നീതിയും ന്യായവും അതോടൊപ്പം ജീവന്റെ സുരക്ഷയും സാധ്യമാക്കി കൊടുക്കുന്നതിനു പകരം ഭരണ കക്ഷിയുടെയും അവരുടെ പ്രവര്‍ത്തകരുടെയും കാവല്‍ ജോലിക്കാരായി മാറിയിരിക്കുന്നു. ഭാരതത്തിന്റെ ഭരണഘടനാനുസൃതം പോലീസ് സംവിധാനം ഓരോ സംസ്ഥാനത്തിന്റെയും അധികാര പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. കേരളത്തില്‍ മാറിമാറി വരുന്ന കക്ഷി രാഷ്ട്രീയക്കാര്‍ പൊതു സംവിധാനങ്ങളെ നോക്കുകുത്തികളാക്കികൊണ്ടു അര്‍ഹതയില്ലാത്ത താന്താങ്ങളുടെ പ്രവര്‍ത്തകരെയും അതോടൊപ്പം അമിതമായ കോഴയും വാങ്ങി അനര്‍ഹരെ കുത്തി നിറയ്ക്കുമ്പോള്‍ പോലീസ് സേനയുടെ നിഷ്പക്ഷത സ്വാഭാവികമായും നഷ്ടപ്പെടും. കുറുക്കുവഴികളിലൂടെയും വളഞ്ഞവഴികളിലൂടെയും എത്തിച്ചേരുന്ന വ്യക്തികള്‍ക്ക് ചെയ്യുന്ന ജോലിയോട് എത്രമാത്രം നീതിപുലര്‍ത്തുവാന്‍ സാധിക്കും.

പോലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുവാന്‍ ധാരാളം പഠനങ്ങളും അതിനെത്തുടര്‍ന്ന് ധാരാളം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിലവില്‍ പ്രാബല്യത്തിലുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതൃത്വം ഇതെല്ലാം സൗകര്യ പൂര്‍വം അവഗണിക്കുന്നു. നിഷ്പക്ഷത കാത്തു സംരക്ഷിക്കേണ്ട ഈ സേനയെ തങ്ങളുടെ മാത്രം ചൊല്‍പ്പടിയില്‍ എന്നെന്നും നിലനിര്‍ത്തുവാനും രാഷ്ട്രീയ മുതലെടുപ്പ് സാധ്യമാക്കുവാന്‍ വേണ്ടി മാത്രം.

ലോകത്തുള്ള എല്ലാ രാജ്യങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും കാര്യക്ഷമമായ പോലീസ് സംവിധാനത്തിന്റെ ആവശ്യകത നിലനില്‍ക്കുന്നതു കൊണ്ടും ജനാധിപത്യത്തില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടതു കൊണ്ടും അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പുതുപുത്തന്‍ ആശയങ്ങള്‍ ഉരുത്തിരിയുന്നുണ്ട്. അതിലേറ്റവും പരമപ്രധാനമായത് ഓരോ പോലീസ് ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുപ്പിന്റെ രീതിയും അവരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പരിശീലന രീതികളുമാണ്. ഓരോ ഉദ്യോഗസ്ഥരെയും അവരുടെ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം തിരഞ്ഞെടുക്കുമ്പോഴും കൃത്യ നിര്‍വഹണത്തിന് ആവശ്യമായ സംരക്ഷണവും ഒരുക്കുമ്പോള്‍ മാത്രമാണ് അവരോരുത്തരുടേയും കുറ്റമറ്റ പ്രവര്‍ത്തങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ഉപകാരമായി മാറുന്നത്. യുപിയിലെ പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാറിന്റെ പോലുള്ള കൊലപാതകങ്ങള്‍ ഒഴിവാക്കുവാനും സാധിക്കുന്നത്. അതോടൊപ്പം രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ധാരാളം കൊലപാതകങ്ങളും ഒഴിവാക്കുവാനും സാധിക്കും.

അതോടൊപ്പം വളരെ ശ്രദ്ധേയമായ മറ്റൊരു മാര്‍ഗ്ഗ നിര്‍ദ്ദേശമാണ് പോലീസ് സേനയുടെ സാമൂഹിക വല്‍ക്കരണം. കേരളത്തെ സംബന്ധിച്ചിടത്തോളം ഓരോ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും നിലവിലുള്ള സാമൂഹിക സാംസ്‌കാരിക സംഘടനകളും വ്യവസായ സംരംഭങ്ങളും സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മറ്റു ക്ഷേമ സംഘടനകളുമായി സഹകരിച്ചുള്ള പങ്കാളിത്ത വികസനം ഇങ്ങനെയുള്ള സംരംഭങ്ങളില്‍ പൂര്‍ണ ജനപങ്കാളിത്തവും ഉറപ്പിക്കുവാന്‍ സാധിക്കും. ജനകീയ സംരംഭങ്ങളാവുമ്പോള്‍ വളരെയെളുപ്പത്തില്‍ കുറ്റവാളികളെ നിരപരാധികളില്‍ നിന്നും വേര്‍തിരിക്കുവാനും സാധിക്കും.

പോലീസുള്‍പ്പെടുന്ന എല്ലാ സായുധ സേനകളിലും വിവിധ സ്ഥാനമാനങ്ങള്‍ അവിഭാജ്യഘടകമാണെങ്കിലും ചുരുക്കം ചിലര്‍ ഉന്നത സ്ഥാനമാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ട്. കീഴുദ്യോഗസ്ഥരെ അടിമപ്പണി ചെയ്യിക്കുന്നത് ചില വ്യക്തികള്‍ക്ക് ഹരമായി മാറിയിരിക്കുകയാണ്. ഓരോ ജോലിയിലും അതിന്റെതായ മഹിമ ഉള്‍ക്കൊള്ളാതെ തങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ സാധ്യമാക്കുവാന്‍ ശ്രമിക്കുന്നത് കീഴുദ്യോഗസ്ഥരെ നിരാശരാക്കുകയും അവരുടെ പ്രവര്‍ത്തന ക്ഷമത നശിപ്പിക്കുകയും ചെയ്യുന്നു. വികസിത രാജ്യങ്ങളിലെപ്പോലെ ഓരോ ഉദ്യോഗസ്ഥര്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കണം. എല്ലാ പോലീസ് സ്റ്റേഷനുകളിലും ആസ്ഥാനങ്ങളിലും സ്ഥാനമാനങ്ങള്‍ക്ക് അതീതമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. പോലീസ് വാഹനങ്ങള്‍ വ്യക്തികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനുവേണ്ടി പോലീസ് മേധാവികളുടെ ഡ്രൈവര്‍ തസ്തിക ഒഴിവാക്കി അവരോരുത്തരെയും പോലീസ് സേനയുടെ ഡ്രൈവറാക്കി ഉയര്‍ത്തണം.
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category