1 GBP = 88.00 INR                       

BREAKING NEWS

അന്ധത നിറഞ്ഞ ഈ ലോകത്തിനു വെളിച്ചം നല്‍കുവാന്‍ അയക്കപ്പെട്ടവരാണ് നമ്മള്‍; അതു തിരിച്ചറിഞ്ഞാല്‍ ദൈവം നമ്മളില്‍ തന്നെ പിറക്കും

Britishmalayali
റോയ് സ്റ്റീഫന്‍

ദൈവപുത്രനായ യേശു ക്രിസ്തു മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവന്‍ ഹോമിക്കുവാന്‍ ഭൂമിയില്‍ പൂജാതനായപ്പോള്‍ സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ പാടി ''അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി. ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം'' എന്നാല്‍ ലോകത്തിലുള്ള സകല ജീവജാലങ്ങള്‍ക്കും നിത്യ രക്ഷയ്ക്കുള്ള ഈ സത്വാര്‍ത്ത സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ അറിയിച്ചത് ആട്ടിടയന്മാര്‍ക്കും രക്ഷകന്റെ വരവിനെ പ്രതീക്ഷിച്ചിരുന്ന ചുരുക്കം ചില രാജാക്കന്മാര്‍ക്കും ജ്ഞാനികള്‍ക്കും മാത്രം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പും ലോകത്തിലെ സാമൂഹിക വ്യവസ്ഥിതികള്‍  വ്യക്തികളെയും സമൂഹങ്ങളേയും വിവിധ തരത്തിലുള്ള അതിര്‍വരമ്പുകള്‍ സൃഷ്ടിച്ചു പ്രത്യക്ഷത്തിലുള്ള എല്ലാ മാനദണ്ഡങ്ങളും ഉപയോഗിച്ചു വേര്‍തിരിച്ചു നിറുത്തുകയും അശരണരെയും ബലഹീനരെയും ഓരോ നിമിഷവും മര്‍ദിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തിരുന്ന കാലഘട്ടത്തില്‍ തന്നെപ്പോലെ തന്നെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ പഠിപ്പിക്കുവാന്‍ ഒരു പ്രവാചകന്‍ അല്ലെങ്കില്‍ ഒരു രക്ഷകന്‍ എത്തുമ്പോള്‍ സന്മനസുള്ളവര്‍ സമാധാനിക്കുമെന്ന് സ്വര്‍ഗ്ഗത്തിലുള്ള മാലാഖമാര്‍ തിരിച്ചറിഞ്ഞിരിക്കണം.

സാമൂഹിക പുരോഗതി കൈവരിക്കുന്നത്തിന് മുന്‍പ് ആദിമ മനുഷ്യര്‍ മറ്റു പക്ഷി മൃഗാതികള്‍ക്കൊപ്പം കാടുകളിലും ഗുഹകളിലും പാര്‍ത്തിരുന്നു ഈ അവസ്ഥകളില്‍ നിന്നും സ്വന്തമായി പാര്‍പ്പിടമെന്ന സ്ഥിതിവിശേഷം സംജാതമാകുന്ന കാലയളവില്‍ മനുഷ്യരെ മറ്റു പക്ഷി മൃഗാദികളില്‍ നിന്നും വേര്‍തിരിക്കുവാന്‍ കഴിഞ്ഞിരുന്ന കാലയളവിലും ലോകരക്ഷകന് ഭൂമിയില്‍ അവതരിക്കുവാന്‍ ഒരു കാലിത്തൊഴുത്തു മാത്രം ലഭ്യമായത് അഥവാ കാലിത്തൊഴുത്തു തിരഞ്ഞെടുത്തത് ദൈവത്തിന്റെ പരസ്നേഹത്തിനുപരി സകല ജീവജാലങ്ങളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവമാണ് എന്ന് മനുഷ്യനെ ഓര്‍മപ്പെടുത്തുവാനും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ഓരോ വ്യക്തികളും ദൈവത്തിന്റെ മുന്‍പില്‍ മനുഷ്യര്‍ തന്നെയെന്നു സാക്ഷ്യപ്പെടുത്തുവാനും കൂടി ആയിരിക്കണം. രാജകൊട്ടാരങ്ങളും  മണിമന്ദിരങ്ങളും ദൈവപുത്രന്റെ വരവിനായി കാത്തിരുന്നെങ്കിലും വഴി യാത്രക്കാര്‍ക്കുവേണ്ടിയുള്ള സത്രങ്ങളിലും ഇടം ലഭിക്കാതെ കാലിത്തൊഴുത്തു അല്ലെങ്കില്‍ കാട്ടു മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ഗുഹയില്‍ ലോക രക്ഷകന്‍ പിറന്നു മറ്റുള്ളവര്‍ക്കു മാതൃകയാവുകയാണ് ലോകത്തെ പരിപാലിക്കുന്ന ദൈവത്തിനും ഭൂമിയില്‍ സ്വന്തമായ പാര്‍പ്പിടമാവശ്യമില്ലായെന്നു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യനു ദൈവം വ്യക്തമാക്കി കൊടുത്തു.

മനുഷ്യനായി ജനിക്കുവാന്‍ മാത്രം ദൈവം മനുഷ്യനെ സ്നേഹിച്ചു എന്ന് വേണം ഓരോ ക്രിസ്തുമസ് രാവിലും മനുഷ്യരായ നമ്മളോരോരുത്തരും മനസിലാക്കേണ്ടത് ക്രിസ്തുവിന്റെ ജനനം പോലെ തന്നെ ഓരോ മനുഷ്യ ജനനത്തെയും കാണണം. ക്രിസ്തുവിനേപ്പോലെ തന്നെ ഓരോ വ്യക്തികളും ഈ ലോകത്തേയ്ക്ക് അയക്കപ്പെട്ടവരാണ്. ലോകചരിത്രത്തിലേയ്ക്ക് അയക്കപ്പെട്ടവരാണ്. ദൈവമില്ലാത്ത ലോകത്തില്‍ ദൈവത്തിനുവേണ്ടി അയക്കപ്പെട്ടവര്‍ നീതിയെയും സ്നേഹത്തെയും ഇരുട്ടിന്റെ കൈകളില്‍ നിന്നും വിടുതല്‍ നല്‍കി. അന്ധത നിറഞ്ഞ ഈ ലോകത്തിനു വെളിച്ചം നല്‍കുവാന്‍ അയക്കപ്പെട്ടവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി ജനിച്ചു ജീവിച്ചു ജീവത്യാഗം ചെയ്ത ക്രിസ്തുവിന്റെ ജീവിതം മനുഷ്യ മഹത്ത്വത്തിന്റെ പരിപൂര്‍ണമായ പ്രതിഫലനമാണ്. ഓരോ മനുഷ്യരിലും ക്രിസ്തു ജനിക്കുമ്പോളാണ് അവരോരുത്തരും പരിപൂര്‍ണ്ണരാവുന്നത്. ദൈവത്തെ സ്നേഹിക്കുവാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തികളും ദൈവത്തെപ്പോലെ മനുഷ്യരെ വേണം സ്നേഹിക്കുവാന്‍. അരൂപിയായ ദൈവം മനുഷ്യരിലൂടെ നമ്മോടു കൂടെ നമ്മുക്കൊപ്പം വസിക്കുന്നു. ദൈവം മനുഷ്യനായി യേശുക്രിസ്തുവിന്റെ രൂപത്തില്‍ അവതരിച്ചപ്പോള്‍ വസിക്കുവാന്‍ ഒരിടം ലഭിച്ചില്ല. സ്നേഹനിധികളായ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പല വാതിലുകള്‍ മുട്ടിയെങ്കിലും തുറന്നില്ല. അവസാനം ഈ  പ്രപഞ്ചത്തിന്റെ നാഥനെ വരവേറ്റത് ഒരു കാലിക്കൂടു മാത്രം.

ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തികള്‍ ആഘോഷിക്കുന്ന ഉത്സവമാണ് ക്രിസ്തുവിന്റെ ജനനത്തിരുനാളായ ക്രിസ്മസ്. സകല ജാതിമതസ്ഥരും അന്യോന്യം സമ്മാനങ്ങള്‍ കൈമാറുന്ന സന്തോഷകരമായ സുദിനമായി ഈ ഉത്സവം രൂപാന്തരപ്പെട്ടു. രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം മനുഷ്യന്റെ സാമൂഹിക ചിന്താഗതികളും കാഴ്ചപ്പാടുകളും വളരെയേറെ വ്യത്യസ്തമായെങ്കിലും ജനാധിപത്യ വ്യവസ്ഥിതികളിലൂടെ സാമൂഹിക പരിഷ്‌കരണം സാധ്യമായെങ്കിലും ലോകത്തിലിന്നും ലോകജനസംഖ്യയുടെ ഏകദേശം 2% (150 മില്ല്യണ്‍) ജനങ്ങളിപ്പോഴും സ്വന്തമായി പാര്‍പ്പിടമില്ലാതെ തെരുവില്‍ കഴിയുന്നവരാണ്. ഹബിറ്ററ്റ് ഫോര്‍ ഹുമാനിറ്റി എന്ന ലോക സംഘടനയുടെ കണക്കു പ്രകാരം ലോകത്തിലെ 20% (1.6 ബില്യണ്‍) ജനങ്ങളും മതിയായ സംരക്ഷണമില്ലാത്ത പാര്‍പ്പിടത്തില്‍ ജീവിക്കുന്നവരാണ്

വികസിത രാജ്യമായ ഇംഗ്ലണ്ടിലും വെല്‍സിലും മാത്രം പാര്‍പ്പിടമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന ഏകദേശം 600 വ്യക്തികളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഏകദേശം 24% വര്‍ധനയാണുണ്ടായിരിക്കുന്നത്. മരണ കാരണങ്ങള്‍ വിവിധങ്ങളാണെങ്കിലും തെരുവില്‍ മരണപ്പെടുന്നവര്‍ ശരാശരി 42 നും 44 നും മദ്ധ്യേ പ്രായത്തില്‍ ഉള്‍പ്പെടുന്നവരാണ്. ചുരുക്കത്തില്‍ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും വികസിത രാജ്യങ്ങളിലെ സ്ഥിതി ഇതാണെങ്കില്‍ ഇന്ത്യ പോലുള്ള ദരിദ്ര രാജ്യങ്ങളിലെ തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അവര്‍ണ്ണനീയമാണ്. ധാരാളം സന്നദ്ധ സംഘടനകള്‍ ഈ മേഖലയില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നെണ്ടെങ്കിലും തെരുവിലേയ്ക്കെത്തിപ്പെടുന്നവരുടെ സംഖ്യ അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്നു.

മനുഷ്യ സ്നേഹികളായ നമ്മളോരോരുത്തരും ഏറ്റവും വലിയ മനുഷ്യ സ്നേഹിയായ ക്രിസ്തുവിന്റെ ജനനത്തിരുനാളായ ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ നമ്മുടെ ചുറ്റിലും എത്രയോ വ്യക്തികള്‍ അന്തി ഉറങ്ങുവാന്‍ ഒരു മേല്‍ക്കൂരയില്ലാതെ തെരുവില്‍ ജീവിക്കുന്നു കാഴ്ചയില്‍ സുന്ദരന്മാരും സുന്ദരികളുമല്ലെങ്കിലും ഉടുതുണിക്ക് മറുതുണിയില്ലാത്തവരാണെങ്കിലും അവരെല്ലാവരും നമ്മൊളൊരുത്തരെയുംപോലെ മനുഷ്യരാണ് ദൈവമക്കളാണ് ഓരോ ക്രിസ്തു വിശ്വാസിയും തന്റെ ഭവനങ്ങള്‍ അലങ്കരിച്ചു യേശുക്രിസ്തുവിന്റെ ഭൂമിയിലേക്കുള്ള വരവിനെ സ്വാഗതം ചെയ്യുമ്പോള്‍ നമ്മുടെയിടയില്‍ തന്നെയുള്ള കുറച്ചു ക്രിസ്തു വിശ്വസികള്‍ മനുഷ്യ സ്നേഹികള്‍ മേല്‍ക്കൂരയില്ലാതെ തെരുവില്‍ ജീവിക്കുന്നവര്‍ക്കു അഭയവും വിരുന്നും നല്‍കുന്നു ക്രിസ്മസ് രാവിനുമുമ്പ് തന്നെ തുടങ്ങി പിന്നീടുള്ള അഞ്ചു ദിവസവും ഈ അശരണര്‍ക്കൊപ്പം ചിലവിടുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി സ്വിന്‍ഡനില്‍ അഗതികള്‍ക്കു വേണ്ടി താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്ന സംഘടനയാണ് ക്രിസ്മസ് കെയര്‍ സ്വിന്‍ഡന്‍. 1988ല്‍ തുടങ്ങിയ ഈ സാമൂഹിക സന്നദ്ധ സംഘടന കഴിഞ്ഞ മൂന്ന് വര്‍ഷമായി വാല്‍ക്കോട് ഡോം കമ്മ്യൂണിറ്റി സെന്ററിലാണ് അഗതികള്‍ക്കു വേണ്ടിയുള്ള ക്രിസ്മസ് കെയര്‍ ഒരുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 70ല്‍പരം ആരോരുമില്ലാത്തവര്‍ അഞ്ചു ദിവസം പൂര്‍ണമായും ഇവിടെ താമസിച്ചു ഇതിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി. ഏകദേശം 150 പരം വ്യക്തികള്‍ പല ദിവസങ്ങളായി ആഹാരം കഴിക്കുവാന്‍ വേണ്ടി മാത്രം എത്തുകയുണ്ടായി. ഇവിടേക്കെത്തുന്ന ഓരോരുത്തര്‍ക്കും എല്ലാവിധ ജീവിത സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നാലു നേരവും വിഭവ സമൃദ്ധമായ ഭക്ഷണത്തിനുപരി പുതിയ വസ്ത്രങ്ങളും വൈദ്യ സഹായവും ഒരുക്കിയിട്ടുണ്ട്. ഈ അഞ്ചു ദിവസവും സമാധാനത്തോടുകൂടിയും സന്തോഷത്തോടുകൂടി ചിലവിടുവാനുള്ള വിനോദസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് ഈ മാസം 24നു 28 വരെയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്വിന്‍ഡണിലുള്ള നിരവധി സാമൂഹിക സംഘടനകള്‍ വിവിധ തലങ്ങളില്‍ സഹകരിക്കുന്നുണ്ട്. സ്വിന്‍ഡണില്‍ ജീവിക്കുന്ന ഇന്‍ഡ്യന്‍ വംശജരും വിവിധ സംഭാവനകള്‍ നല്‍കാറുണ്ട്.

ക്രിസ്മസ് കെയര്‍ സ്വിന്‍ഡന്റെ ഇപ്പോഴത്തെ ചെയര്‍പേഴ്സണ്‍ മിസ്സിസ് ഡയാന്‍ കില്ലിക്ക് 2017 മുതല്‍ ഈ സംഘടനയെ നയിക്കുകയാണ്. 2008 മുതല്‍ മാനേജ്മന്റ് കമ്മറ്റിയില്‍ ഉള്‍പ്പെട്ടിരുന്നു. ഡയനോടൊപ്പം മറ്റു നിരവധി കമ്മറ്റിയംഗങ്ങള്‍ ഓരോ വര്‍ഷവും അക്ഷീണമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടു സ്വിണ്ടനിലുള്ള ഓരോ നിരാലംബര്‍ക്കും ഓരോ ക്രിസ്മസ് വേളയിലെങ്കിലും അഭയം നല്‍കിപ്പോരുന്നു അതോടൊപ്പം തന്നെ സ്വിന്‍ഡനില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന അനേകം സന്നദ്ധപ്രവര്‍ത്തകര്‍ ഈ അഞ്ചു ദിവസവും രാവും പകലും പ്രവര്‍ത്തിക്കുന്നു. ഈ അഗതികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പറയുവാനുള്ളത് മനുഷ്യ സ്നേഹത്തിന്റെ കഥ മാത്രം ക്രിസ്തുവിന്റെ മനുഷ്യ സ്നേഹം ഇവരൊരുത്തരും പ്രവര്‍ത്തനത്തിലൂടെ പ്രകടിപ്പിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ സംഘടനയ്ക്ക് ഉപകാരമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതും വലിയ ദൈവാനുഗ്രഹമായി കരുതുന്നു.

ഈ സുന്ദരമായ ഭൂമിയില്‍ ഒരു മനുഷ്യനായിപ്പിറക്കുവാനും എല്ലാ ജീവിത സൗകര്യങ്ങളോടുകൂടി ജീവിക്കുവാനും സാധിക്കുന്നത് ഏറ്റവും വലിയ ദൈവാനുഗ്രഹമാണെന്ന് മനസിലാവുന്നത് നമ്മൊളൊരുത്തരുടേയും അത്രയും ഭാഗ്യമില്ലാത്തവരുമായി ബന്ധപ്പെടുമ്പോള്‍ മാത്രമാണ്. ദൈവം മനുഷ്യവംശത്തിനു നല്‍കിയ ഏറ്റവും വിശിഷ്ടമായ സമ്മാനമാണ് അവിടുത്തെ പുത്രനായ യേശുക്രിസ്തു. ദൈവം നല്‍കിയ ഈ അമൂല്യ സമ്മാനം നല്‍കുന്ന ആനന്ദം നമ്മള്‍ ആഘോഷിക്കുന്ന വേളയില്‍ നമ്മുടെയത്രയും ഭാഗ്യമില്ലാത്തവരെയും കൂടെചേര്‍ത്തു ആഘോഷിക്കുമ്പോള്‍ നാമറിയാതെത്തന്നെ ദൈവം നമ്മളിലും പിറക്കും.

ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടും പരസ്പരം ശാന്തിയും സമാധാനവും ആശംസിച്ചു കൊണ്ടും ദൈവസ്നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുന്നവരുടെ നന്മ നമ്മളോരൊരുത്തരിലും ഉദവും ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ടും ഈ ക്രിസ്മസ് നമുക്കാഘോഷിക്കുകയും ക്രിസ്മസിന്റെ ചൈതന്യം നമുക്കു കാത്തു സൂക്ഷിക്കുകയും ചെയ്യാം.

എല്ലാ വായനക്കാര്‍ക്കും ക്രിസ്മസിന്റെ മംഗളാശംസകള്‍ നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category