1 GBP = 87.80 INR                       

BREAKING NEWS

പ്രകൃതി ദുരന്തങ്ങളെ ഇല്ലാതാക്കാന്‍ സാധിക്കില്ലെങ്കിലും ആഘാതം കുറയ്ക്കാം; അതിന് ശാസ്ത്രീയ കമ്പ്യൂട്ടര്‍ മോഡലിംഗും ഉത്തരവാദിത്വ ബോധമുള്ള ഉദ്യോഗസ്ഥരും ഉണ്ടായാല്‍ മതി; പുതുവര്‍ഷത്തിലെ ലക്ഷ്യം ഇതാകട്ടെ

Britishmalayali
റോയ് സ്റ്റീഫന്‍

രോ വ്യക്തികളുടെയും പ്രവര്‍ത്തനങ്ങളും അവരോരുത്തരും സമൂഹത്തില്‍  ജീവിക്കുമ്പോള്‍ സൃഷ്ടിക്കുന്ന പ്രതിധ്വനികളും സംഭവങ്ങളും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കുതകുന്ന പുത്തന്‍ സംഭാവനകളുമാണ്. വ്യക്തിപരമായതും സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും തൊഴിലിലൂടെയുമുള്ള തങ്ങളുടെ സംഭാവനകളാണ്    മനുഷ്യ വംശത്തിന്റെ ചരിത്രമായി എഴുതപ്പെടുന്നത്. ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തികള്‍ക്കും ഈ ചരിത്രത്തിന്റെ ഭാഗമാകുവാനുള്ള ഊര്‍ജ്ജവും ശക്തിയും ജന്മസിദ്ധവുമാണ്. ഓരോ വ്യക്തികളും തിരിച്ചറിയുക മാത്രമാണ് ചെയ്യേണ്ടത്. കണ്ണും കാതും തുറന്നുവച്ചു ലോകത്തില്‍ സംഭവിക്കുന്നതെല്ലാം വളരെ സൂഷ്മതയോടെ വീക്ഷിച്ചു പ്രതികരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ചരിതത്തിന്റെ ഭാഗമാകുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ ചരിത്രത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുന്ന ഈ പുതുവര്‍ഷത്തില്‍ നമുക്കോരോരുത്തര്‍ക്കും മാനവിക വികസനത്തിന്റെ ചരിത്രത്തിലേ ഭാഗമാകുവാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാന്‍ ശ്രമിക്കാം. ഇതാകട്ടെ ഈ പുതുവര്‍ഷത്തിലെ ലക്ഷ്യം.

നമ്മുടെ സ്വന്തം ഭൂമിയുടെയും ഈ പ്രപഞ്ചത്തിന്റെയും തന്നെ  നിലനില്‍പ്പിന് സൂര്യചന്ദ്രന്മാരുടെയും സൂര്യനെ വലംവയ്ക്കുന്ന മറ്റെല്ലാ ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും നിലവിലുള്ള അവസ്ഥയും പ്രവര്‍ത്തനങ്ങളും തല്‍സ്ഥിതിയില്‍ തന്നെ തുടര്‍ന്നു കൊണ്ടിരിക്കുക എന്നുള്ളത് അത്യന്താപേക്ഷിതമാണ്. ഈ സൗരയൂഥത്തിലുള്ള എല്ലാ ഗ്രഹങ്ങളും അതിശക്തമായ ഒരു ചീനവലയിലെ കെട്ടുകള്‍പോലെ സുദൃഢമായി നിലനില്‍ക്കുന്നതുകൊണ്ടും താന്താങ്ങളുടെ പ്രവര്‍ത്തനങ്ങളാകുന്ന സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നതുകൊണ്ടും അതോടൊപ്പം സൂര്യന് ചുറ്റും  വലംവയ്ക്കുന്നതുകൊണ്ടും അന്യോന്യം സംരക്ഷിച്ചുകൊണ്ട്   അതിജീവിക്കുന്നു. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിനു പോകുന്ന മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ കാര്യക്ഷമതയുള്ള ഓരോ വലയിലുമാണ് പ്രത്യാശ വയ്ക്കുന്നത്. വലയിലെ കണ്ണികള്‍ അകന്നുപോവുകയോ കണ്ണികളിലെ കെട്ടുകള്‍ അഴിഞ്ഞു പോവുകയോ ചെയ്യുമ്പോള്‍ വലയിലകപ്പെടുന്ന മല്‍സ്യങ്ങള്‍ രക്ഷപെടുകയും മത്സ്യത്തൊഴിലാളികളുടെ പ്രയത്‌നങ്ങള്‍ നിഷ്ഫലമാവുകയും ചെയ്യും.

കോടാനുകോടി വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രപഞ്ചനത്തിന്റെ സ്വാഭാവികമായതും സ്ഥിരതയുമുള്ള പ്രക്രിയകളില്‍ അണുവിട പോലും വ്യതിയാനമുണ്ടായാല്‍ ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചിലപ്പോള്‍ പ്രവചനാതീതമായ നാശത്തിലേക്കു നയിക്കുകയും ചെയ്യും. പ്രപഞ്ച ശക്തികള്‍ക്ക് മുന്‍പില്‍ മനുഷ്യന്റെ ശക്തി വളരെ പരിമിതമാണെന്നു ലോകമെമ്പാടും തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കാറ്റും മഴയും ഒരു പരിധിവരെ ഇതിന്റെ കാഠിന്യവും പ്രവചിക്കുവാന്‍ സാധിക്കുമെങ്കിലും എത്രത്തോളം വിസ്തൃതിയില്‍ ഇതിന്റെ കാഠിന്യം അനുഭവപ്പെടുമെന്ന് പ്രവചിക്കുവാന്‍ സാധ്യമല്ല. 2017 നവംബറിലെ ഓഖി ചുഴലിക്കാറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഉത്ഭവിച്ചു കേരളത്തിന്റെ തീരത്തിലൂടെ വടക്കോട്ടു വീശുമെന്നു കൃത്യമായി പ്രവചിക്കുവാന്‍ സാധിച്ചെങ്കിലും എത്രത്തോളം കരയിലെത്തുമെന്നു കൃത്യമായി പ്രവചിക്കുവാന്‍ സാധിക്കാത്തതുകൊണ്ടു വലിയ നാശ നഷ്ടങ്ങള്‍ക്കൊപ്പം വിലയേറിയ ജീവിതങ്ങളും നഷ്ടപ്പെട്ടു. കേരളത്തിന് ഇന്നും ഓഖി ചുഴലിക്കാറ്റ് വരുത്തിവച്ച നാശനഷ്ടങ്ങളില്‍ നിന്നും കരകയറുവാന്‍ സാധിച്ചിട്ടില്ല. അതിനപ്പുറമാണ് ഈ വര്‍ഷത്തെ പ്രളയം വരുത്തിയ കൊടിയ യാതനകളും നാശനഷ്ടങ്ങളും. മണ്‍സൂണ്‍ അതിശക്തമാകുമെന്നു പ്രവചിക്കുവാന്‍ സാധിച്ചില്ലെങ്കിലും സാധാരണ മഴക്കാലം പ്രതീക്ഷിച്ചിരുന്നു. പക്ഷെ പ്രതീക്ഷയിലുപരി മഴ പെയ്യുകയും മഴ സംഭരണികള്‍ പ്രായോഗികമായി ഉപയോഗിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ വലിയ നാശനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിവന്നു.

കരയിലോ കടലിലോ ഉണ്ടാകുന്ന ഭൂമി കുലുക്കങ്ങളും ഭൂകമ്പങ്ങളും മൂലമുണ്ടാകുന്ന സുനാമികള്‍ എത്രത്തോളം നാശം വിതയ്ക്കുമെന്നും പ്രവചിക്കുവാന്‍ സാധിക്കില്ല. പക്ഷെ ഭൂമി കുലുക്കങ്ങളും ഭൂകമ്പങ്ങളും വളരെ കൃത്യമായിത്തന്നെ പ്രവചിക്കുന്നുണ്ട്. നാശനഷ്ടങ്ങളും ആളപായങ്ങളും ഒഴിവാക്കാനുള്ള മുന്‍ കരുതലുകളെടുക്കുവാന്‍ അധികൃതര്‍ യഥാസമയങ്ങളില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും സാധാരണക്കാര്‍ ഇതെല്ലാം അവഗണിക്കുന്നു. ഇന്തോനേഷ്യ അടങ്ങിയിട്ടുള്ള ദക്ഷിണ തീരദേശ മേഖലകളില്‍ ഭൂമി കുലുക്കങ്ങളും ഭൂകമ്പങ്ങളും കൂടുതലുണ്ടാകുവാനുള്ള സാധ്യതയുള്ളതാണ്. കരയിലുള്ള എല്ലാ കെട്ടിടങ്ങളും തന്നെ ഭൂമി കുലുക്കങ്ങളെ പ്രതിരോധിക്കുവാന്‍ ശേഷിയുള്ളവയാണ്. കടലില്‍ നിന്നും ഉത്ഭവിക്കുന്ന സുനാമികളേ പ്രായോഗികമായി പ്രതിരോധിക്കുവാന്‍ സാധ്യമല്ലെങ്കിലും മുന്‍കൂര്‍ മുന്നറിയിപ്പുകള്‍ നല്‍കുവാന്‍ ശേഷിയുള്ള സംവിധാനങ്ങള്‍ സ്ഥാപിച്ചെങ്കിലും മതിയായ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താത്തതുകൊണ്ടും പൊതുജനങ്ങളിലെ അറിവില്ലായ്മ കൊണ്ടും ഈ സംവിധാനങ്ങള്‍ നശിച്ചുപോയി. അല്ലെങ്കില്‍ ജനങ്ങള്‍ തന്നെ നശിപ്പിച്ചു കളഞ്ഞു. എന്നാല്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ആദിവാസികള്‍ക്ക് ഈ പ്രകൃതിദുരന്തങ്ങള്‍ മറ്റുള്ളവരെക്കാള്‍ നേരത്തെ അറിയുവാന്‍ സാധിക്കുന്നതും പ്രതിരോധിക്കുന്നതും ആധുനിക മനുഷ്യന്‍ വളരെ ആശ്ചര്യത്തോടെയാണ് കാണുന്നത്. എന്നാല്‍ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യരെ പ്രകൃതി സംരക്ഷിക്കുമെന്നുള്ള അറിവ് വളര്‍ച്ചയുടെ ഏതോ ഘട്ടത്തില്‍ ആധുനിക മനുഷ്യന്‍ ബോധപൂര്‍വം അവഗണിക്കുന്നു.

പ്രകൃതിയുടെ ചെറിയ ചലനങ്ങളും വ്യതിയാനങ്ങളും ആധുനിക മനുഷ്യന്‍ അറിവില്ലാത്തവര്‍ എന്ന് വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്ക് മനസിലാക്കുവാനും തങ്ങളുടെ സുരക്ഷ ഉറപ്പാക്കുവാനും സാധിക്കുന്നുണ്ടെങ്കില്‍ ശാസ്ത്രീയമായി വളര്‍ന്നുവെന്നു വിശേഷിപ്പിക്കുന്ന മറ്റു സാധാരണക്കാര്‍ക്കും സാധ്യമാവും.  പുരോഗതി നേടിയ ആധുനിക സമൂഹം വളര്‍ച്ചയുടെ പടവുകളില്‍ പുറകിലെവിടെയോ പ്രകൃതിയുമായി വിച്ഛേദിച്ച ബന്ധം പുനര്‍സ്ഥാപിച്ചാല്‍ മാത്രം മതി. ആധുനിക സമൂഹത്തിന്റെ വളര്‍ച്ചയില്‍ പ്രകൃതിയുടെ വളരെ പരിമിതമായ എല്ലാ വിഭവങ്ങളും ഉപയോഗിച്ചുകൊണ്ടിരുന്നു. ഒരു പരിധിവരെ മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ മുന്‍പില്‍ പ്രകൃതിയുടെ സ്വാഭാവികത തന്നെ നഷ്ടമായി. എന്നാല്‍ ഓരോ പ്രകൃതി ദുരന്തങ്ങള്‍ക്കുശേഷവും മനുഷ്യന്‍ നഷ്ടമാക്കിയ ചിലതെല്ലാം പ്രകൃതി തിരികെ നല്‍കുന്നതായിട്ടും കാണപ്പെടുന്നു. ഭൂമുഖത്തുള്ള മറ്റെല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യനെയും പ്രകൃതി സ്‌നേഹിക്കുന്നു എന്നുള്ളതിന്റെ തെളിവാണിത്. ഈ  പ്രകൃതിയുടെ അമൂല്യമായ എല്ലാ വിഭവങ്ങളും വളരെ സൗജന്യമായി ഉപയോഗിക്കുന്ന ഓരോ വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും പ്രകൃതിയോടും കടപ്പാടുണ്ട്. കാടുകളില്‍ ജീവിക്കുന്ന ആദിവാസികള്‍ കാടിന്റെ ഭംഗിയും സവിശേഷതകളും സംരക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ നഗരങ്ങളില്‍ പാര്‍ക്കുന്ന നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്ത ബോധമുള്ളവരായി ജീവിക്കാം. നമ്മളോരോരുത്തരോടും നമ്മുടെ സമൂഹത്തോടും നമ്മുടെ പ്രകൃതിയോടും.

കേരളത്തിലെയും ലോകം മുഴുവനിലെ തന്നെയും പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കുവാന്‍ സാധ്യമല്ലായിരിക്കാം. പക്ഷെ അതിലുണ്ടായ നാശനഷ്ടങ്ങള്‍ ഒരു പരിധിവരെ വ്യക്തികളുടെ ഉത്തരവാദിത്ത ബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഒഴിവാക്കുവാന്‍ സാധിക്കുമായിരുന്നു. കേരളത്തില്‍ ഓഖി കൊടുംകാറ്റെത്തുമെന്നു കൃത്യമായ മുന്നറിയിപ്പ് കേരള സര്‍ക്കാരിന്റെ അധികാരികള്‍ക്ക് നല്‍കിയിരുന്നു പക്ഷെ ഉന്നതാധികാരികള്‍ കൃത്യസമയത്തു ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വീഴ്ച വരുത്തി. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടമായത്തിന്റെ കാരണം ഒന്നുമാത്രം അധികാരത്തിലിരുന്നവരുടെ നിരുത്തരവാദമായ പെരുമാറ്റം. ഇത്രയും ശക്തിയേറിയ കൊടുംകാറ്റെത്തുമെന്നു വിവരം ലഭിച്ചിട്ടും ബന്ധപ്പെട്ടവര്‍ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സമയോചിതമായ മുന്നറിയിപ്പ് നല്‍കിയില്ല. കൊടുംകാറ്റിനു ശേഷവും എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരെയും ഏകോപിപ്പിച്ചു സമയോചിതമായ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും അധികാരികള്‍ വീഴ്ച വരുത്തിയപ്പോള്‍ വീണ്ടും നഷ്ടമായത് വിലയേറിയ ജീവിതങ്ങളാണ്. ഇവിടങ്ങളിലെല്ലാം വ്യക്തമാക്കുന്നത് അധികാരികള്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ സമയോചിതമായി നടത്തുന്നില്ലായെന്ന് തന്നെയാണ്. താഴേക്കിടയിലും അതുപോലെ തന്നെ ഉന്നതങ്ങളിലുമുള്ള എല്ലാ അധികാരികള്‍ക്കും തങ്ങളുടേതായ ഉത്തരവാദിത്വങ്ങളുണ്ട്. എന്നാലതു സമയോചിതമായി ഉപയോഗിക്കുന്നില്ലെങ്കില്‍ പാവം ജനങ്ങള്‍ക്കാണ് നഷ്ടം. ഉത്തരവാദിത്ത്വം നിര്‍വഹിക്കാതെ അല്ലെങ്കില്‍ വീഴ്ച്ച വരുത്തിയ ഒരു ഉദ്യോഗസ്ഥനെപ്പോലും ശിക്ഷിച്ചതായി കണ്ടില്ല. കാരണം മറ്റൊന്നുമല്ല അധികാരത്തില്‍ ഇരിക്കുന്നവര്‍ക്കും അറിയില്ല, അല്ലെങ്കില്‍ മനസിലാക്കുവാന്‍ സാധിക്കുന്നില്ലാ എവിടെയാണ് വീഴ്ച പറ്റിയതെന്ന്.

ഈ സ്ഥിതിവിശേഷമാണ് കേരളത്തില്‍ 2018ലെ പ്രളയത്തിലും സംഭവിച്ചത്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മ കേരളത്തിലേയ്ക്കു ഒഴുകുന്ന വെള്ളം മുഴുവനും കേരളത്തില്‍ മാത്രം പെയ്യുന്ന മഴയില്‍ നിന്നും മാത്രമല്ലെന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും ജലമെത്തുമെന്നു അധികാരികള്‍ക്ക് അറിയാമെങ്കിലും സമയോചിതമായി നിയന്ത്രിക്കുവാന്‍ സാധിച്ചില്ല. ഉത്തരവാദിത്ത്വമുള്ള ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്ത്വങ്ങള്‍ നിറവേറ്റുന്നതില്‍ വീണ്ടും വീഴ്ച വരുത്തി. കേരളത്തിലെ എല്ലാ ജലസംഭരണികളും ഒരേ സമയം തുറന്നാലും വലിയ നാശനഷ്ടം കൂടാതെ മുഴുവന്‍ വെള്ളവും അറബിക്കടലിലെത്തിക്കുവാന്‍ സാധ്യമാണ്. അതിനുവേണ്ടത് ശാസ്ത്രീയമായ കമ്പ്യൂട്ടര്‍ മോഡലിംഗ് ആണ്. ലോകത്തെമ്പാടുമുള്ള ഗവേഷണങ്ങളില്‍ ഈ കമ്പ്യൂട്ടര്‍ മോഡലിംഗ് ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ വിവിധ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുവാനും ആവശ്യമായ വ്യതിയാനങ്ങള്‍ വരുത്തുവാനും സാധിക്കും ഉത്തരവാദിത്ത്വമുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാവും.

ഇന്നത്തെ ലോകത്തിനു വേണ്ടത് ഈ ഉത്തരവാദിത്തബോധം മാത്രമാണ് ഓരോ വ്യക്തികളെയും ഏല്‍പിച്ചിരിക്കുന്ന ജോലി വളരെ സൂഷ്മതയോടും ഉത്തരവാദിത്തോടും കൂടി പൂര്‍ത്തീകരിക്കുക ഇതായിരിക്കട്ടെ ഈ പുതുവര്‍ഷത്തിലെ നമ്മളോരോരുത്തരുടേയും ലക്ഷ്യം.

ഉത്തരവാദിത്വ ബോധത്തിന്റെ മഹിമയേറിയ ധാരാളം ഉദാഹരണങ്ങളുണ്ട് അതില്‍ ശ്രേഷ്ഠമേറിയതാണ് സോവിയറ്റ് യൂണിയനിലെ പട്ടാള ഉദ്യോഗസ്ഥന്‍ Lt Col സ്ഥാനിലോവ് പെട്രോവിന്റെത്. അദ്ദേഹത്തിന്റെ സമയോചിതവും കാര്യക്ഷമവുമായ തീരുമാനം ഇന്നും ലോകത്തിന്റെ നിലനില്‍പിന് തന്നെ സഹായകമായി.  അമേരിക്കയുമായി ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലയളവില്‍ സോവിയറ്റ് യൂണിയന്റെ റഡാറില്‍ തെളിഞ്ഞ അടയാളങ്ങള്‍ അമേരിക്ക സോവിയറ്റ് യൂണിയനേ അപ്പാടെ തകര്‍ക്കുവാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചു എന്ന് പ്രഥമ ദൃഷ്ട്യാല്‍ തോന്നിപ്പിക്കുന്ന അടയാളങ്ങള്‍ അദ്ദേഹത്തിന്റെ സൂഷ്മ ദൃഷ്ടിയില്‍ വിശകലനം ചെയ്തു തെറ്റാണെന്നു കണ്ടുപിടിച്ചു. ഇരു രാജ്യങ്ങള്‍ തമ്മിലൊരു ആണവ യുദ്ധമുണ്ടായിരുന്നെങ്കില്‍ ഈ ലോകം വീണ്ടെടുക്കുവാന്‍ സാധ്യമാകാത്ത രീതിയില്‍ നശിച്ചു പോകുമായിരുന്നു. എന്നാല്‍ ഉത്തരവാദിത്ത ബോധമുള്ള Lt Col സ്ഥാനിലോവിന്റെ സമയോചിതമായ തീരുമാനം ഈ ലോകത്തെ സര്‍വനാശത്തില്‍ നിന്നും രക്ഷിച്ചു.

ഈ പുതുവര്‍ഷത്തില്‍ നമുക്കൊരുത്തര്‍ക്കും സമൂഹത്തിന്റെ കൂട്ടായ വളര്‍ച്ചയ്ക്കുതകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുവാനുള്ള തീരുമാനങ്ങളെടുക്കുകയും പ്രാവര്‍ത്തികമാക്കി ഉത്തരവാദിത്ത ബോധമുള്ളവരായി മാറാം.

എല്ലാ മാന്യ വായനക്കാര്‍ക്കും പുതുവര്‍ഷത്തിന്റെ എല്ലാ മംഗളങ്ങളും നേരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category