1 GBP = 87.80 INR                       

BREAKING NEWS

നമ്മുടെ ഉത്തരവാദിത്തങ്ങളെല്ലാം കൃത്യമായി ചെയ്യുക; നമ്മുടെ ജീവിതം ഭൂമിയുടെ നിലനില്‍പ്പിനു കൂടി ഉള്ളതാവട്ടെ... ചില പുതുവര്‍ഷ ചിന്തകള്‍

Britishmalayali
റോയ് സ്റ്റീഫന്‍

ജോലിയും മുടങ്ങാതെ ശമ്പളവും നല്‍കുന്ന സ്ഥാപനങ്ങളോട് ആത്മാര്‍ത്ഥതയും കൂറും പുലര്‍ത്തുക എന്നുള്ളത് ജോലിചെയ്യുന്ന ഭൂരിഭാഗം സാധാരണക്കാരുടേയും ഉള്ളിന്റെ ഉള്ളിലുള്ള വസ്തുതയാണ്. അവരോരുത്തരും വളരെ ഭംഗിയായിത്തന്നെ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടി തങ്ങളുടെ കടമകള്‍ ഏതൊരു പ്രതികൂലാവസരങ്ങളിലും വളരെ ഭംഗിയായിത്തന്നെ നിര്‍വഹിക്കുന്നു. ചുരുക്കം ചില വിരുതന്മാര്‍ മാത്രം ഇത്തിള്‍കണ്ണികളായി ജീവിച്ചുപോകുന്നു. വൈവിധ്യം നിറഞ്ഞ ലോകത്തുനിന്നും പ്രതീക്ഷിക്കാവുന്ന ഘടകങ്ങളാണിവ. എന്നാല്‍ സ്വന്തം ജോലിയിലും സമൂഹത്തിലും ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തികള്‍ക്കു മാത്രം ലഭിക്കുന്ന സംതൃപ്തിയും ആനന്ദവും മറ്റുള്ളവര്‍ക്ക് ലഭിക്കില്ല. കാരണം ഇത്രയും ആത്മാര്‍ത്ഥതയോടു പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ മറ്റുള്ളവര്‍ എന്തു ചെയ്തു എന്നതിലുപരി എനിക്ക് എന്തു ചെയ്യുവാന്‍ സാധിച്ചു എന്ന് അന്വേഷിക്കുന്നതുകൊണ്ട് മാത്രമാണ്.

ബുദ്ധിയും വിവേകവുമുള്ള വ്യക്തികള്‍ മറ്റു വ്യക്തികളിലെ നന്മയും തിന്മയും അളക്കുന്നതിനു പകരം മറ്റുള്ളവര്‍ക്കും സമൂഹത്തിനും ഗുണപ്രദമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഫലപ്രദമായി വിഭാവനം ചെയ്തു പ്രവര്‍ത്തികമാക്കുന്ന ഗുണ ഗണങ്ങളുള്ളവരാണ്. ഈ പുതുവര്‍ഷത്തില്‍ മറ്റുള്ളവര്‍ എന്തു ചെയ്തു ചെയ്തില്ല എന്ന് അന്വേഷിക്കുന്നതിനു പകരം എനിക്കെന്തു ചെയ്യുവാന്‍ സാധിച്ചു ഞാനെന്ന വ്യക്തിയുള്‍പ്പെടുന്ന എല്ലാ മേഖലകളിലും എന്നിലൂടെ ഈ ലോകത്തിനുള്ള  സംഭാവനകള്‍ എന്തെല്ലാമായിരുന്നു എന്ന് വിചിന്തനം ചെയ്യുകയും വേണമെങ്കില്‍ പ്രവര്‍ത്തന മേഖലകള്‍ തിരുത്തുകയും നേരായ മാര്‍ഗ്ഗത്തിലേയ്ക്ക് ദിശ മാറ്റുകയും ചെയ്യാം.

വൈവിധ്യം നിറഞ്ഞ ലോകത്തില്‍ അനന്തമായ തൊഴിലുകളും പരിജ്ഞാനവും നിറഞ്ഞിരിക്കുമ്പോഴും എല്ലാ മനുഷ്യര്‍ക്കും ഒരു പരിധിവരെ വൈവിധ്യമാര്‍ന്ന പരിജ്ഞാനമുള്ളപ്പോഴും പല വ്യക്തികളും തങ്ങളുടെ അധികാര പരിധിക്കു പുറത്തു പ്രവര്‍ത്തിക്കുവനോ അധികാരങ്ങള്‍ക്ക് അധികമായി പ്രവര്‍ത്തിക്കുവനോ വിമുഖത പ്രകടിപ്പിക്കുന്നു. ഇതിനെ ചോദ്യം ചെയ്യുവാന്‍ മറ്റുള്ളവര്‍ക്ക് സാധിക്കുകയുമില്ല. പക്ഷേ ഓരോ വ്യക്തികളുടെയും മഹത്വം പ്രകടിപ്പിക്കുവാന്‍ സാധിക്കുന്നത് തങ്ങളുടെ അധികാരങ്ങള്‍ക്ക് അധികമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. ഒരു സാധാരണ ജോലിക്കാരനുള്ള കൂലിയാണ്.

കൃത്യമായി ലഭിക്കുന്ന വേതനം അതു ചിലപ്പോള്‍ ദിവസത്തിലാകാം മാസത്തിലാകാം തന്റെ ജോലി മാത്രം ചെയ്യുന്ന വ്യക്തികള്‍ക്ക് കൂടുതല്‍ അംഗീകാരങ്ങളോ അഭിനന്ദനങ്ങളോ ലഭിക്കേണ്ട ആവശ്യകതയുമില്ല. സര്‍ക്കാര്‍ ഓഫിസുകളില്‍ ക്ലര്‍ക്കിന്റെ അഭാവത്തില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സൂപ്രണ്ടുമാര്‍ക്കും ഓഫീസര്‍മാര്‍ക്കും ക്ലര്‍ക്കിന്റെ ജോലികൂടി ചെയ്യുവാന്‍ സാധിക്കും. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ് പ്രശംസ അര്‍ഹിക്കുന്നത്. ഇങ്ങനെയുള്ളവരാണ് മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നതും. എന്നാല്‍ സുപ്രണ്ടിന്റെയും ഓഫീസറിന്റെയും അഭാവത്തില്‍ ഒരു ക്ലര്‍ക്കിന് തന്റെ ജോലി മുഴുവനായും തീര്‍ക്കുവാനും സാധിക്കില്ല. പക്ഷേ ഒരു ക്ലര്‍ക്കിന് തന്റെ ജോലി വളരെ നേരത്തെ തീര്‍ക്കുവാനും സാധിക്കും. അതും പ്രശംസനീയം തന്നെയാണ്. എല്ലാ മേഖലകളിലും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ക്കുപരി പ്രവര്‍ത്തിക്കുന്നവരെയാണ് ലോകം ആദരിക്കുന്നതും അംഗീകരിക്കുന്നതും അങ്ങനെയുള്ള വ്യക്തികളാണ് മറ്റുള്ളവര്‍ക്ക് പ്രചോദനവുമായി മാറുന്നത്

തൃശൂര്‍ കളക്ടര്‍ ടി വി അനുപമയുടെ ഉത്തരവാദിത്ത്വ ബോധം എല്ലാ സര്‍ക്കാരുദ്യോഗസ്ഥര്‍ക്കും മാതൃകയും പ്രചോദനവുമേറുന്നതാണ്. പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലു വാഹനങ്ങള്‍ക്കധിമായി വന്നാല്‍ ടോള്‍ പിരിയ്ക്കാതെ കടത്തി വിടണമെന്നും ടോള്‍ പിരിവു ഒരു കാരണവശാലും ഗതാഗത കുരുക്ക് സൃഷ്ടി ക്കുവാന്‍ പാടില്ലെന്നും കര്‍ശനമായ നിയമം നിലനില്‍ക്കെയാണ് ടോള്‍ പിരിവിനുവേണ്ടി മാത്രം  ഒന്നര കിലോമീറ്റര്‍ ഗതാഗത കുരുക്കുണ്ടായത്. യാത്രമദ്ധ്യേ ഈ ഗതാഗത കുരുക്കിലകപ്പെട്ട കളക്ടര്‍ക്ക് മറ്റു സാധാരണ യാത്രക്കാരുടെ ദുരിതം മനസിലാക്കുവാന്‍ സാധിച്ചു. അതിലുപരി ഇതെന്റെ ഉത്തരവാദിത്ത്വമാണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. മറ്റു ജോലിത്തിരക്കുകള്‍ മാറ്റിവച്ചിട്ടു ടോള്‍ പ്ലാസയില്‍ അരമണിക്കൂര്‍ ചിലവിട്ട് ടോളുടമകളുടെ പൊതുജനങ്ങളെ ദ്രോഹിക്കുന്ന അത്യാഗ്രഹത്തിന് അറുതി വരുത്തിയതിനു ശേഷമാണ് യാത്ര തുടര്‍ന്നത്. ടോള്‍ ഉദ്യോഗസ്ഥരോടൊപ്പം കൂടി യാത്രക്കാരെ ദുരിതത്തിലാക്കിയ പോലീസുദ്യോഗസ്ഥരെയും ശകാരിക്കുവാന്‍ ചങ്കുറപ്പുള്ള ഈ കര്‍മ്മനിരതയായ ഉദ്യോഗസ്ഥ മറന്നില്ല.

എന്നാല്‍ കേരളത്തിലെ ഒരു നിയമസഭാ സാമാചികന്‍ ആറു മാസങ്ങള്‍ക്കുമുമ്പ് ഇതേ ടോള്‍ പ്ലാസയില്‍ കാട്ടിയ പരാക്രമങ്ങള്‍ കേരളജനത്തിനു ആകമാനം നാണക്കേടുണ്ടാക്കുന്ന അതിക്രമങ്ങള്‍ ഇപ്പോഴും കേരളജനത മറന്നിട്ടില്ല. ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ പൊതു ജനങ്ങള്‍ക്ക് മാതൃകയാവേണ്ടര്‍ എത്രത്തോളം തരം താഴ്ന്നവരാകാമെന്നും ഈ ഒരു സംഭവത്തിലൂടെ കേരളജനത മനസിലാക്കി. അദ്ദേഹം തന്റെയും തന്റെ കൂട്ടാളികളുടെയും സഞ്ചാര സ്വാതന്ത്യം മാത്രമാണ് ലക്ഷ്യമിട്ടത്. നിയമസഭാ സാമാചികന് സൗജനമായി ലഭിക്കേണ്ട അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ മാത്രം അതിക്രമങ്ങള്‍ അഴിച്ചുവിട്ടപ്പോഴും ഗതാഗത കുരുക്കില്‍പെട്ട മറ്റു യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കാണുവാനോ പരിഹാരം കാണുവാനോ ശ്രമിച്ചില്ല

അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും മ്ലേച്ഛമായ മാതൃകയായിട്ടാണ് ഈ പ്രവര്‍ത്തിയെ ലോകം വീക്ഷിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ട വ്യക്തികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ അല്ലെങ്കില്‍ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കുമ്പോള്‍ പൊതു ജനങ്ങള്‍ക്കും നിയമം കയ്യിലെടുക്കുവാനുള്ള പ്രചോദനവുമായി മാറുകയും നിലവിലുള്ള  ഭരണ സംവിധാനങ്ങളിലുള്ള  വിശ്വാസം നഷ്ടപ്പെടുകയും സമൂഹത്തിനെ അരക്ഷിതാവസ്ഥയിലേയ്ക്ക് നയിക്കുകയും ചെയ്യും.  പൊതുജനങ്ങളുടെ വിയര്‍പ്പിന്റെ പങ്കുപറ്റി അഹങ്കാരികളായി മാറി പൊതുജനങ്ങളെ ഭരിക്കുന്ന ഇത്തിള്‍ക്കണ്ണികളെ സമൂഹത്തില്‍ പാടെ തുടച്ചുമാറ്റുവാന്‍ എളുപ്പമല്ലെങ്കിലും പടിപടിയായി ഒഴിവാക്കുകയും അവരോരുത്തരുടേയും നിഴലുകള്‍ പുതു തലമുറയുടെ മേല്‍ വീഴാതിരിക്കുകയും ചെയ്യണം. 

പൊതുജനങ്ങള്‍ക്കു സേവനം ചെയ്യേണ്ട ഈ രണ്ടു വ്യക്തിത്വങ്ങള്‍ തമ്മിലുള്ള അന്തരം തിരിച്ചറിയാന്‍ മാത്രം സമൂഹത്തിനു കഴിവുകളുണ്ട്. കളക്ടര്‍ പൊതുജന താല്‍പര്യത്തോടു പ്രവര്‍ത്തിക്കുമ്പോള്‍ നിയമസഭാ സാമാചികന്‍ തന്റെ മാത്രം സ്വാര്‍ത്ഥ താല്‍പര്യം സംരക്ഷിക്കുന്നു.

ചെറുപ്പത്തിന്റെ ഊര്‍ജ്ജസ്വലതയും അധികാരത്തിന്റെ അന്തസും കാത്ത കളക്ടറുടെ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ മറ്റുള്ളവരുടെ ക്ഷേമത്തിന് ഊന്നല്‍ നല്‍കികൊണ്ട് തങ്ങളുടെ അധികാര പരിധിക്കപ്പുറത്തും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്ന ആര്‍ജ്ജവം ഈ പുതുവര്‍ഷത്തില്‍ ഓരോ വ്യക്തികളും തങ്ങളുടെ ജീവിതത്തില്‍ ഉള്‍കൊള്ളുകയും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്യണം.

സ്വന്തം ജോലിയോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നതിനോടൊപ്പം ആ ജോലിയില്‍ മനുഷ്യത്വം ചേര്‍ക്കുവാന്‍ സാധിക്കുന്നില്ലെങ്കില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ അര്‍ത്ഥമില്ലാതാവുന്നു. അങ്ങനെയുള്ള സംഭവമാണ് ക്രിസ്മസ് നാളുകളില്‍ ഒരു പിഞ്ചു കുഞ്ഞിനുണ്ടായ ദാരുണ മരണം. മനസാക്ഷിയുള്ള മനുഷ്യ മനസുകളെ ഞെട്ടിക്കുന്നതാണ് കൂലിപ്പണിക്കാരനായ ഷമീറിന്റെ രണ്ടു വയസ്സുമാത്രം പ്രായമുള്ള ഹൃദ്രോഗിയായ പിഞ്ചു കുഞ്ഞിനു അടിയന്തിര ചികിത്സയ്ക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ ഒരു ബര്‍ത്ത് ലഭിക്കാതെ മരിക്കാനിടയായ സംഭവം. കുഞ്ഞിന്റെ അമ്മ സുമയ്യ മാവേലി എക്‌സ്പ്രസ്സിന്റെ എട്ടു കോച്ചുകളിലും മാറി മാറി അലഞ്ഞിട്ടും പല  ടി ടി ഇ മാരോടും കെഞ്ചിയിട്ടും ഒരു ബര്‍ത്ത് താരമാക്കികൊടുക്കുവാന്‍ അവര്‍ക്കു സാധിക്കാത്തതുകൊണ്ടു നഷ്ടമായത് വിലയേറിയ ഒരു ജീവനാണ്.

ഇവിടെയും ടി ടി ഇ മാര്‍ തങ്ങളുടെ ജോലി ആത്മാര്‍ത്ഥമായിത്തന്നെ ചെയ്തുവെന്നു സ്ഥാപിക്കുവാന്‍ സാധിക്കും. ചിലപ്പോള്‍ ഒരു ബര്‍ത്ത് പോലും ഒഴിവില്ലായിരുന്നിരിക്കാം. പക്ഷേ ടി ടി ഇ മാര്‍ക്കുള്ള അധികാരം ഉപയോഗിച്ചു വേണമെങ്കില്‍ ഒരു ബര്‍ത്ത് സംഘടിപ്പിച്ചു നല്‍കാമായിരുന്നു. ഈ ഒരു നന്മപ്രവര്‍ത്തി ചെയ്യാതിരുന്നതുകൊണ്ടു ടി ടി ഇമാര്‍ക്ക് തങ്ങളുടെ ജോലിയില്‍ ഏറെ അത്യാവശ്യഘടകമായ മനുഷ്യത്വം പ്രകടിപ്പിക്കുവാന്‍ സാധിച്ചില്ല. മനസാക്ഷിയുള്ള ഒരു ടി ടി ഇ യെങ്കിലും പിന്നീട് തിരിച്ചറിയുകയും പ്രായശ്ചിത്തമായി ദുഃഖിക്കുകയും ചെയ്യുമായിരിക്കും. പക്ഷേ ചെയ്യേണ്ട നന്മ പ്രവര്‍ത്തനങ്ങള്‍ അനുയോജ്യമായ അവസരത്തില്‍ ചെയ്യാതിരുന്നിട്ടു പിന്നീട് ദുഃഖിച്ചാലും നഷ്ടപെട്ടതൊന്നും തിരികെ ലഭിക്കില്ല.

സമയം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാറില്ല. അതുപോലെതന്നെ അവസരങ്ങളും 2019 പുതുവര്‍ഷത്തിന്റെ ആദ്യാഴ്ച നമ്മുടെ മുന്നില്‍നിന്നും മാറിക്കഴിഞ്ഞു. പുതുവര്‍ഷത്തിന്റെ പുതുമകളും മങ്ങിത്തുടങ്ങി. ഇനി അധികം താമസിയാതെ തന്നെ പുതിയൊരു പുതുവര്‍ഷത്തിനz വരവേല്‍ക്കാനൊരുങ്ങേണ്ടി വരും. അന്നും പതിവുപോലെ പുതുവത്സര പ്രതിജ്ഞകള്‍ക്കുപ കരം ഈ വര്‍ഷത്തില്‍ നമ്മള്‍ നമ്മുടെ അധികാര പരിമിതികള്‍ക്കപ്പുറം പ്രവര്‍ത്തിക്കുവാന്‍ സാധിച്ച അവസരങ്ങളെയോര്‍ത്തും അതിലൂടെയുണ്ടായ നന്മകളേ ഓര്‍ത്തു സന്തോഷിക്കുവാനാകട്ടെ ലോകജനസംഖ്യയുടെ 70 -80 % വ്യക്തികളും തങ്ങളുടെതായ സ്ഥിതിയിലും പരിമിതികളിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും തങ്ങള്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും നന്മകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്.

എന്നാല്‍ മുന്‍പ് സൂചിപ്പിച്ചതുപോലെ മറ്റുള്ളവരിലേ നന്മകളിലുപരി ചെറിയ തിന്മകള്‍ മാത്രമാണ് പുറംലോകമറിയുവാന്‍ ആഗ്രഹിക്കുന്നതും കൊട്ടിഘോഷിക്കപ്പെടുന്നതും സമൂഹത്തിലേ ഭൂരിഭാഗം വ്യക്തികളും നന്മകള്‍ ചെയ്യുന്നതുകൊണ്ടു മാത്രമാണ് ഈ ലോകം വളരുന്നതും നിലനിന്നു പോകുന്നത്.  ഈ പുതുവര്‍ഷത്തില്‍ നമുക്കോരോരുത്തര്‍ക്കും മറ്റുള്ളവരിലെ നന്മകള്‍ മാത്രം അന്വോഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും പ്രഘോഷിക്കുകയും ചെയ്യാം.

നമ്മളോരുത്തരുടേയും ഉത്തരവാദിത്ത്വബോധത്തോളം വിലപ്പെട്ടതായി നമ്മുടെ ജീവിതത്തില്‍ വേറോന്നും തന്നെ ഉണ്ടാവരുത്. കാരണം നമ്മുടെ പ്രവര്‍ത്തനങ്ങളുടെ  ഭവിഷ്യത്തുകള്‍ മറ്റുള്ളവരുടെ വിലപ്പെട്ട ജീവിതത്തില്‍ ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും അതോടൊപ്പം വിവിധ സംഭവവികാസങ്ങള്‍ക്കും കാരണമായേക്കാം. സമയമാര്‍ക്കു വേണ്ടിയും കാത്തിരിക്കുന്നില്ലാത്തതുകൊണ്ടും നഷ്ടപെട്ട ഓരോ നിമിഷവും മടങ്ങിവരില്ലായെന്നു തിരിച്ചറിഞ്ഞുകൊണ്ടും വിലപ്പെട്ട നമ്മുടെ  ഉത്തരവാദിത്ത്വങ്ങളെല്ലാം തന്നെ സമയോചിതമായി അതിലുപരി സാധിക്കുമെങ്കില്‍ സമയപരിധികള്‍ക്കു മുന്‍പേ തന്നെ പൂര്‍ണ്ണമായി പൂര്‍ത്തിയാക്കുവാന്‍ പരിശ്രമിക്കാം. നമ്മുടെയോരോരുത്തരുടേയും ഹ്രസ്വമായ ഈ ജീവിതം ജീവനുള്ള മറ്റൊരാള്‍ക്ക് അതുമല്ലെങ്കില്‍ ഈ സുന്ദരമായ ഭൂമിയുടെ നിലനില്‍പിന് ഉപകാരമായി മാറുവാന്‍ നിരന്തരമായ പരിശ്രമിച്ചു കൊണ്ടിരിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category