1 GBP = 90.60 INR                       

BREAKING NEWS

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്തകള്‍ തള്ളി പത്മകുമാര്‍; കാലാവധി കഴിയുന്നത് വരെ ദേവസ്വം ബോര്‍ഡ് തലപ്പത്ത് തുടരും; ശബരിമലയെ തകര്‍ക്കാന്‍ നടക്കുന്നത് ആസൂത്രിതമായ ശ്രമങ്ങള്‍; മാധ്യമവാര്‍ത്തകള്‍ അനുസരിച്ചാണെങ്കില്‍ താന്‍ പലവട്ടം രാജിവെച്ചു കഴിഞ്ഞു; വ്യാജ പ്രചരണത്തിനെതിരെ ഇനി നിയമ പോരാട്ടമെന്നും പത്മകുമാര്‍

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്ത തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ രംഗത്ത്. രാജിയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും പത്മകുമാര്‍ മറുനാടന്‍ മലയാളിയോട് നിഷേധിച്ചു.

'മംഗള'മാണ് ഇപ്പോള്‍ രാജി വയ്ക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മംഗളം വാര്‍ത്ത ശരിയാണെങ്കില്‍ വരുന്ന നവംബര്‍ 14നു എന്റെ രാജി പ്രാബല്യത്തില്‍ വരും-പത്മകുമാര്‍ പരിഹസിച്ചു. നവംബര്‍ 14 നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാറിന്റെ കാലാവധി അവസാനിക്കുന്നത്. കാലാവധി തീരുംവരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് സജീവമായിരിക്കും. മാധ്യമവാര്‍ത്തകള്‍ പ്രകാരമാണെങ്കില്‍ എത്രയോ തവണ പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ചു കഴിഞ്ഞിരിക്കുന്നു-പത്മകുമാര്‍ പറയുന്നു.

ഇപ്പോള്‍ എന്റെ വ്യാജരാജി വാര്‍ത്ത ചമച്ച മംഗളം പത്രത്തിന്നെതിരെ നിയമനടപടി സ്വീകരിക്കും. അതിന്റെ ഭാഗമായി വക്കീല്‍ നോട്ടീസ് അയക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയില്‍ വിവാദമുണ്ടാക്കാന്‍ ആസൂത്രിതമായ നിരന്തര ശ്രമങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് സ്ഥാനമേറ്റത് മുതല്‍ എന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ നിരന്തര ശ്രമങ്ങള്‍ നടക്കുന്നത്. എന്റെ രാജിവാര്‍ത്തയും ഇതിന്റെ ഭാഗമായാണ്. ഇനി രാജിയിലേക്ക് വന്നാല്‍, എന്തിനാണ് രാജി വയ്ക്കുന്നത്. ഞാന്‍ രാജി വയ്‌ക്കേണ്ട എന്ത് പ്രശ്നമാണ് നിലവിലുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയി സ്ഥാനമേറ്റത് മുതല്‍ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീക്കിയിട്ടുണ്ട്.

പ്രശ്നങ്ങള്‍ ഒട്ടുവളരെ വന്നെങ്കിലും അതിനെയെല്ലാം എതിരിട്ട്, നേരിട്ട് മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടുണ്ട്. ശബരിമലയിലെ കാര്യത്തില്‍ വ്യക്തിപരമായി താത്പര്യമുള്ള വ്യക്തികൂടിയാണ് ഞാന്‍. ശബരിമലയും ഞാനും തമ്മിലുള്ള ബന്ധം എല്ലാവര്‍ക്കും അറിയാം. ആ താത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയിലെ എല്ലാ കാര്യങ്ങളും മുന്നോട്ടു നീക്കിയത്. എന്റെ കാലാവധി കഴിയുന്നത് വരെ ഈ കാര്യങ്ങള്‍ എല്ലാം നിലവിലെ രീതിയില്‍ തന്നെ മുന്നോട്ടു പോകും. ശബരിമലയ്ക്ക് എതിരായി ഒട്ടേറെ വിവാദങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
ആ കൂട്ടത്തില്‍ എന്നെ മനഃപൂര്‍വം വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമം നടക്കുന്നത്. അങ്ങിനെ കുഴപ്പങ്ങള്‍ ഉണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പലപ്രാവശ്യം ഞാന്‍ രാജിവെച്ച് കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ഫോണ്‍ വിളിക്കുന്ന ഈ സമയത്ത് ഞാന്‍ എരുമേലി പേട്ടതുള്ളലിനു പോയിക്കൊണ്ടിരിക്കുകയാണ്. നാളെ തിരുവാഭരണഘോഷയാത്രയ്ക്ക് ഒപ്പം ചേരും. എന്നെ ചുമതലപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ കൃത്യമായി, ഭംഗിയായി നിര്‍വഹിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം അതിന്റെ തെളിവാണ്. ഈ ബോര്‍ഡിന്റെ കാലാവധി തീരും വരെ ഞാന്‍ തുടരുക തന്നെ ചെയ്യും-പത്മകുമാര്‍ പറയുന്നു.

ശബരിമലയിലെ യുവതീ പ്രവേശനവും അതേ തുടര്‍ന്നുണ്ടായ ശുദ്ധിക്രിയാ വിവാദത്തിലും പത്മകുമാറിന്റെ നിലപാട് സര്‍ക്കാരിന് വിരുദ്ധമായിരുന്നു. പരസ്യമായി പ്രകടിപ്പിച്ചില്ലെങ്കിലും തന്നെ അറിയിക്കാതെ യുവതികളെ സന്നിധാനത്ത് പൊലീസ് എത്തിച്ചതില്‍ പത്മകുമാര്‍ നിരാശനുമായിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം പത്മകുമാര്‍ രാജിവച്ചതായി വാര്‍ത്തകള്‍ വന്നിരുന്നത്. ഇപ്പോള്‍ പുതുതായി മംഗളമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വാര്‍ത്തയാണ് പത്മകുമാര്‍ മറുനാടനോട് നിഷേധിച്ചത്.

ശബരിമലയില്‍ വിശ്വാസികള്‍ക്കൊപ്പമാണ് പത്മകുമാറിന്റെ കുടുംബം. ശബരിമലയുമായി അടുപ്പവും ഈ കുടുംബത്തിനുണ്ട്. ഈ സാഹചര്യമെല്ലാം പരിഗണിച്ചാണ് ഭക്തര്‍ക്കും തന്ത്രിക്കുമെതിരെ നിലപാട് എടുക്കാന്‍ പത്മകുമാറിന് കഴിയാതെ വരുന്നത്. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയോട് യോജിക്കാത്ത നിലപാടാണ് പത്മകുമാറിന്. വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടില്‍നിന്നു യുവതികളാരും ശബരിമലയ്ക്കു പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന്, ആദ്യനിലപാടില്‍നിന്നു പിന്നാക്കം പോയ പത്മകുമാര്‍ ഈ വിഷയത്തില്‍ പലവട്ടം പിന്നീട് മലക്കം മറിഞ്ഞിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category