1 GBP = 87.80 INR                       

BREAKING NEWS

വ്യക്തികള്‍ക്ക് സംഘബോധം തെറ്റല്ല; എന്നാല്‍ നന്മതിന്മകള്‍ തിരിച്ചറിയാനാകാതെ സംഘത്തിലൂടെ മനുഷ്യന്‍ നാല്‍ക്കാലികള്‍ക്ക് സമമാവുകയാണ് ഇന്ന്; മതങ്ങള്‍ പഠിപ്പിക്കുന്നത് എല്ലാവരെയും സ്‌നേഹിക്കുവാനും അംഗീകരിക്കുവാനും; കേരളത്തിലേത് വെറും രാഷ്ട്രീയ നാടകങ്ങളാണെന്ന് മനസിലാക്കുക

Britishmalayali
റോയ് സ്റ്റീഫന്‍

ലോകത്തിലുള്ള എല്ലാ രാജ്യങ്ങളിലും എല്ലാ ഭാഷകളിലും ധാരാളം പഴഞ്ചൊല്ലുകളുണ്ട്. ചില പഴഞ്ചൊല്ലുകള്‍ ഭൂഖണ്ഡങ്ങളിലുള്ള വിവിധ ഭാഷകളിലും അര്‍ത്ഥത്തിലും വ്യാപ്തിയിലും വലിയ മാറ്റങ്ങളില്ലാതെ സമൂഹങ്ങളുടെ തനിമയായി നിറഞ്ഞു നിലനില്‍ക്കുന്നുമുണ്ട്. മലയാള ഭാഷയില്‍ ധാരാളം പഴഞ്ചൊല്ലുകളുണ്ട്. ചിലതെല്ലാം ദക്ഷിണ ഭാരതത്തില്‍ ഉടനീളം ഉപയോഗിക്കുന്നുമുണ്ട്. അതോടൊപ്പംതന്നെ ചില പൊതുവായ വാക്യങ്ങള്‍ ലോകം മുഴുവനും ഉപയോഗിക്കുന്നതായി കാണപ്പെടുന്നുമുണ്ട്. ഇതില്‍നിന്നെല്ലാം ഒരു കാര്യം വളരെ വ്യക്തമാണ് പഴഞ്ചൊല്ലുകള്‍ ചിലതെല്ലാം ഇപ്പോഴും സത്യമാണെന്നും അര്‍ത്ഥവത്താണെന്നും ലോകം  വളര്‍ന്നു കൊണ്ടിരിക്കുമ്പോഴും ലോക ജനസംഖ്യയും വളര്‍ന്നു കൊണ്ടിരിക്കുമ്പോഴും മനുഷ്യന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും വലിയ അന്തരങ്ങളൊമൊന്നുമില്ലായെന്നും പഴഞ്ചൊല്ലുകളില്‍ പതിരില്ലായെന്നു പറയുമ്പോഴും കാലത്തിനൊത്തു കോലം മാറണമെന്നാണ് കാലം നമ്മളെ പഠിപ്പിക്കുന്നത്. കാരണം കാലത്തിന്റെ മാറ്റങ്ങളുള്‍ക്കൊണ്ടു മനുഷ്യരുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും പ്രവര്‍ത്തനത്തിലും മാറ്റങ്ങള്‍ സാധ്യമാക്കിയില്ലെങ്കില്‍ സമൂഹത്തില്‍നിന്നും പിന്തള്ളപ്പെടും.

പുതുതലമുറ പഴഞ്ചൊല്ലുകളെ അവഗണിക്കുന്നത് പഴഞ്ചൊല്ലായതുകൊണ്ടു മാത്രമാണ്. പുതുയുഗത്തില്‍ ഇതിന്റെ പ്രായോഗികത മനസിലാക്കുവാനും ഉള്‍ക്കൊള്ളുവാനും സാധിക്കാത്തതുകൊണ്ടും പഴഞ്ചൊല്ലുകളെല്ലാം സൃഷ്ടിക്കപ്പെട്ടത് അല്ലെങ്കില്‍ ഉത്ഭവിച്ചത് ഇന്നത്തേതില്‍ നിന്നും വിഭിന്നമായ സാമൂഹിക സാംസ്‌കാരിക സ്ഥിതി വിശേഷത്തിലായിരുന്നിരിക്കണം എന്നുവേണം വിലയിരുത്തുവാന്‍. കാരണം കൂടുതല്‍ പഴഞ്ചൊല്ലുകളും മനുഷ്യനെ പ്രകൃതിയുടെയും  മൃഗങ്ങളുടെയും പെരുമാറ്റവുമായി ബന്ധപെടുത്തിയുള്ളതാണ്. ഭൂമിയിലെ ജനസാന്ദ്രത ഉയരുവാന്‍ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. അപ്പോള്‍ അതിനുമുമ്പുള്ള കാലയളവില്‍ കുറച്ചു മനുഷ്യരും കൂടുതല്‍ പ്രകൃതിയും മൃഗങ്ങളും നിലനിന്നിരുന്ന കാലയളവില്‍ അന്നത്തെ സാഹചര്യങ്ങളില്‍ സാധാരണ മനുഷ്യര്‍ക്ക് കൂടുതല്‍ നീതി ലഭിച്ചിരുന്നിരിക്കണം. ജനാധിപത്യത്തിനു മുന്‍പ് രാജഭരണ കാലയളവില്‍ സാമൂഹിക നീതി ക്ഷണിക നേരത്തില്‍ സാധ്യമായിരുന്നു എന്നുള്ള കഥകള്‍ ധാരാളം കേട്ടറിവുള്ളതാണ്. എന്നാല്‍ പുതുയുഗത്തില്‍ മിക്കവാറും നീതി സാധ്യമാവുന്നത് നീതി അര്‍ഹിക്കുന്നവര്‍ ചരിത്രമായതിനു ശേഷമാണ്.

മുന്‍പേ ഗമിക്കണ ഗോപുതന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം' എന്നു പറയുന്ന പഴഞ്ചൊല്ല് ഇപ്പോഴും ഈ അഭിനവ യുഗത്തിലും അന്വര്‍ത്ഥമാകാതിരിക്കുന്നത് മാനവ സംസ്‌കാരത്തിന് തന്നെ നാണക്കേടാകുകയാണ്. പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് വ്യര്‍ത്ഥമായി അഭിമാനിക്കുന്ന മലയാളികള്‍ വകതിരിവില്ലാതെ മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ട് മാനുഷിക മൂല്യങ്ങള്‍ക്കെതിരെ തിന്മ പ്രവര്‍ത്തിക്കുന്ന വ്യക്തികളെയാണ് ഈ പഴഞ്ചൊല്ല് ഉന്നം യ്ക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രാഥമികാന്തരം തന്നെ ന്യായാന്യായങ്ങള്‍ തമ്മില്‍ തിരിച്ചറിയുവാനുള്ള കഴിവാണ്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും വികാരങ്ങളുണ്ട്. പക്ഷേ വിചാരങ്ങള്‍ മനുഷ്യര്‍ക്ക് മാത്രമുള്ളതാണ്. വികാരങ്ങളേ വിചാരങ്ങള്‍ കീഴ്പെടുത്തുമ്പോളാണ് മനുഷ്യത്വം രൂപം കൊള്ളുന്നത്. ഈ  മനുഷ്യത്വം മനുഷ്യന് മാത്രമാണുള്ളത്. അന്യരെ തന്നെപ്പോലെ കാണുവാനും മൃഗങ്ങളേപ്പോലെ അന്യോന്യം ആക്രമിക്കാതെ അംഗീകരിക്കുന്നതുമാണ് മനുഷ്യത്വം. ഇതു നഷ്ടപ്പെടുത്തി മൃഗങ്ങളേപ്പോലെ ഉദ്ദേശമെന്തെന്നും സത്യമെന്തെന്നും തിരിച്ചറിയാതെ സഹജീവികളെ കൂട്ടമായി ആക്രമിക്കുന്ന വ്യക്തികളെയും കൂട്ടായ്മകളെയും വിശേഷിപ്പിക്കുന്ന പഴഞ്ചൊല്ലാണ് മുന്‍പേ ഗമിക്കണ ഗോപുതന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം'

വ്യക്തികള്‍ക്കിടയില്‍ സംഘബോധം തെറ്റല്ല. പക്ഷേ സംഘത്തിലൂടെ വ്യക്തികള്‍ നാല്‍ക്കാലികള്‍ക്ക് സമമായി മാറുന്ന അപകടമായ സ്ഥിതിവിശേഷമുണ്ട്. യഥാര്‍ഥ വ്യക്തി അറിയുന്നവനല്ല വിലയിരുത്തുന്നവനാണ്. മറ്റുള്ളവരിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന അറിവുകളും വാര്‍ത്തകളും വിലയിരുത്താന്‍ സാധിക്കാതെ വരുമ്പോള്‍ നന്മതിന്മകളെ തിരിച്ചറിയുവാന്‍ സാധിക്കാതെ വരും. വസ്തുതകള്‍ അന്വേഷിക്കാതെയുള്ള വ്യാഖ്യനങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ നാല്‍ക്കാലിക്കൂട്ടങ്ങള്‍ക്കു സമമാവുന്നു. ലഭിക്കുന്ന വാര്‍ത്തകള്‍ വസ്തുതാധിഷ്ഠിതമാണോ എന്ന് അന്വേഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യാതെ പങ്കുവയ്ക്കപ്പെടുന്നതിലൂടെ പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് വ്യര്‍ത്ഥമായി അഭിമാനിക്കുന്ന മലയാളികള്‍ യാന്ത്രികമായി നാല്‍ക്കാലികളെപ്പോലെ മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രം ആവര്‍ത്തിച്ചുകൊണ്ട് പഴഞ്ചൊല്ലുകളെ വീണ്ടും അന്വര്‍ത്ഥമാക്കുന്നു.

രാജഭരണം സാധാരണക്കാര്‍ക്ക് സാമൂഹിക നീതി എപ്പോഴും സാധ്യമാക്കില്ലായെന്നു പൊതു ജനങ്ങളെ വിശ്വസിപ്പിച്ചാണ് ജനാധിപത്യം സാധ്യമാക്കിയത്. ജനങ്ങളുടെ വിശ്വാസമാണ് ജനാധിപധ്യം. ഈ വിശ്വാസത്തെയാണ് തികച്ചും സ്വകാര്യവിഷയമായ ശബരിമലയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു ഓരോ ദിവസവും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരത്തിലേറിയവര്‍ തന്നെ പൊതുജനങ്ങളെ മതങ്ങളിലെ ആചാരങ്ങളുടെ പേരില്‍ ദുരുപയോഗം ചെയ്യുന്നു. ഇന്നത്തെ ജനാധിപധ്യത്തില്‍ രാഷ്ട്ര നിര്‍മാണത്തിന് പകരം പാര്‍ട്ടി നിര്‍മ്മാണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് സാമൂഹ്യബോധത്തിനെ അടിച്ചമര്‍ത്തി ജാതിമത ബോധത്തിലുള്ള സംഘബോധത്തിനെ വളര്‍ത്തികൊണ്ടിരിക്കുന്നു.

ആദര്‍ശ ധീരരായ ഒരു രാഷ്ട്രീയ നേതാവിനെയും മഷിയിട്ടു നോക്കിയാല്‍ പോലും ലഭിക്കാത്ത ഈ ആധുനിക യുഗത്തില്‍ അഴിമതിയില്‍ നിറഞ്ഞ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും അന്യോന്യം സഹകരിച്ചു പൊതുജനങ്ങളെ പമ്പര വിഡ്ഢികളാക്കികൊണ്ടും തമ്മില്‍ത്തല്ലിച്ചു കൊണ്ടും ഭരിക്കുമ്പോഴും കഥയറിയാതെ ആട്ടം കാണാന്‍ വിധിക്കപ്പെട്ടു പോയ പൊതുജനത്തിന് പ്രതികരണശേഷി നഷ്ടപ്പെട്ടു. വീണ്ടുവിചാരങ്ങളില്ലാതെ സംഘബോധത്തിന്റെ പേരില്‍ മതങ്ങള്‍ പകര്‍ന്നേകുന്ന വികാരങ്ങള്‍ മാത്രമുള്‍ക്കൊണ്ടുകൊണ്ടു സ്വന്തം സഹോദരനെതിരെയും സമൂഹത്തിനെതിരേയും വാളെടുക്കുമ്പോള്‍ ജനാധിപധ്യത്തിന്റെ മൂല്യങ്ങള്‍ സാധാരണക്കാര്‍ മറന്നു പോകുന്നു

ഒരിക്കല്‍ തെറ്റ് ചെയ്താല്‍ പിന്നീടതൊരു ശീലമായി മാറിയ രാഷ്ട്രീയ നേതൃത്വമാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ളത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും അധികാരത്തിലിരുന്നപ്പോള്‍ പ്രവര്‍ത്തിച്ച അഴിമതി മൂലം അന്യോന്യം ചോദ്യം ചെയ്യുവാന്‍ സാധിക്കാതെ വരുമ്പോഴും ഇതിനെ ചോദ്യം ചെയ്യാന്‍ കരുത്തുള്ള ഒരു സാമൂഹിക സാംസ്‌കാരിക സംഘടന പോലുമില്ലായെന്നതാണ് ഇന്നത്തെ സാധാരണക്കാരന്റെ സങ്കടവും നിസ്സഹായവസ്ഥയും. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് പ്രതിരോധക്കരാറിലെ അഴിമതിയുള്‍പ്പെടെ നിരവധി അഴിമതികളും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് പഴയകാല അഴിമതികളും കാരണം അങ്ങോട്ടുമിങ്ങോട്ടും കുറ്റപ്പെടുത്തുവാന്‍ സാധിക്കുന്നില്ല. കേരളത്തിലേയും ഭാരതത്തിലൊട്ടുക്കുമുള്ള എല്ലാ മതസംഘടനകളും അതിലേ നേതൃത്വവും ഭൂമികുംഭകോണമുള്‍പ്പെടെ മറ്റനേകം അഴിമതികളിലും പീഡനങ്ങളിലും നിറഞ്ഞു നില്‍ക്കുമ്പോള്‍ ദുര്‍ഭരണ സംവിധാനങ്ങളെ ചോദ്യം ചെയ്യുവാന്‍ സാധിക്കാതെ വരുന്നു

എല്ലാ മതങ്ങളും മറ്റുള്ളവരെ സ്നേഹിക്കാനും അംഗീകരിക്കുവാനും മാത്രമാണ് പഠിപ്പിക്കുന്നത്. ഓരോ മതങ്ങളിലുമുള്ള നന്മ മാത്രമാണ് മറ്റുമതസ്ഥരേ ആകര്‍ഷിക്കുന്നത്. ഓരോ ദൈവവിശ്വാസിയുടെയും ഉള്ളിന്റെയുള്ളിലുള്ളത് ദൈവത്തില്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുമ്പോള്‍ ദൈവമെന്നെ രക്ഷിക്കുമെന്നാണ്. ദൈവനിന്ദ ചെയ്താല്‍ ദൈവം തന്നെ ശിക്ഷിക്കുമെന്നും സ്നേഹിക്കുന്ന ദൈവത്തെ മാത്രമാണ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും പക്ഷേ ദൈവത്തെ വിശ്വാസിയും കൂടി ഇനി സംരക്ഷിക്കണമെന്ന് പഠിപ്പിച്ചു തുടങ്ങിയാല്‍ ഇതുവരെയുള്ള ദൈവവിശ്വാസം തിരുത്തിയെഴുതേണ്ടിവരുന്ന സ്ഥിതിയാണ് ഇന്ന് മലയാളികള്‍ അനുഭവിക്കുന്നത്. എല്ലാ മതങ്ങളും മനുഷ്യന് ഈ ജീവിതത്തില്‍ ശാന്തിയും സമാധാനവും ലഭിക്കുവാനുള്ള വേദിയും ഇനിയൊരു ജീവിതത്തില്‍ പ്രത്യാശ വയ്ക്കുവാനുള്ള അഭയകേന്ദ്രവുമാണ്. മതങ്ങളിലുള്ള വിശ്വാസത്തിന്റെ കണ്ണികളും അതിര്‍വരമ്പുകളും മനുഷ്യരേ ഒരുമിപ്പിച്ചു സമൂഹങ്ങളാക്കുവാനുള്ള ഉപകരണങ്ങളാണ്. ഇങ്ങനെ ഒരുമിപ്പിച്ചു നിര്‍ത്തുവാന്‍ ഉപകരിക്കേണ്ട വിശ്വാസങ്ങളെ മനുഷ്യനെത്തമ്മില്‍ ഭിന്നിപ്പിക്കുവാന്‍ ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ വീണ്ടും മനുഷ്യന്‍ വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നു. വിചാരങ്ങളും വീണ്ടുവിചാരങ്ങളൊന്നുമില്ലാതെ വാര്‍ത്തകള്‍ വിശകലനം ചെയ്യാതെ അന്ധമായ വിശ്വാസങ്ങള്‍ക്ക് അടിപ്പെട്ടുപോകുന്നു. സത്യാന്വേഷണത്ത്വര ഓരോ വ്യക്തികളിലുമുണ്ടെങ്കിലും അധിക വിജ്ഞാനമുണ്ടെന്ന തെറ്റായ ആത്മവിശ്വാസം വാര്‍ത്തകളെ വിശകലനം ചെയ്യുവാനും സത്യമെന്തെന്ന് അന്വഷിക്കുവാന്‍ ഓരോ വ്യക്തികളെയും അനുവദിക്കുന്നില്ല. അതുമൂലം തന്നെ ഈ വ്യക്തികള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ അറിവുണ്ടെന്ന് അവര്‍ തന്നെ വിശ്വസിക്കുന്നു. ഈ വിശ്വാസത്തില്‍ നിലനില്‍ക്കാന്‍ അവരെ അനുവദിക്കുന്നത് തെറ്റുകള്‍ തിരുത്താത്ത മറ്റുള്ളവര്‍ തന്നെ ആണ്.

സോഷ്യല്‍ മീഡിയയുടെ അതിപ്രസരം മൂലം വ്യക്തികള്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്തതില്‍ കൂടുതല്‍ വിവരം ലഭിക്കുമ്പോള്‍ സ്വാഭാവികമായും വിവരങ്ങളെ വിശകലനം ചെയ്യാതെയും വിവരങ്ങളുടെ സത്യാവസ്ഥ മനസിലാക്കുവാന്‍ ശ്രമിക്കാതെയും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നു. അധികം താമസിയാതെ ആത്മാര്‍ത്ഥതയില്ലാത്ത സംഘബോധത്തിന്റെ പേരില്‍ തെറ്റായ വാര്‍ത്തകള്‍ വിവിധ ഗ്രൂപ്പുകളിലേയ്ക്ക് പ്രചരിപ്പിക്കപ്പെടുന്നു. പിന്നെയും ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ തെറ്റായ വിവരങ്ങളും വാര്‍ത്തകളും അവരറിയാതെ ശരിയായി മാറുന്നു. തെറ്റാണെന്ന് തിരിച്ചറിയാതെ ഇതിനെല്ലാത്തിനും ആധികാരികതയുണ്ടെന്നു പ്രചരിപ്പിക്കുന്ന വ്യക്തികളും മറ്റുള്ളവരും വിശ്വസിക്കുന്നു.

ഈ പ്രതിഭാസമാണ് എത്രയോ കാലങ്ങള്‍ക്കു മുന്‍പ് നമ്മുടെ പൂര്‍വികര്‍ തിരിച്ചറിഞ്ഞ 'മുന്‍പേ ഗമിക്കണ ഗോപുതന്റെ പിന്‍പേ ഗമിക്കും ബഹുഗോക്കളെല്ലാം'.

ശബരിമലയുടെ പേരില്‍ കേരളത്തില്‍ നടക്കുന്ന കോലാഹലങ്ങളെല്ലാം വിശ്വാസത്തിന്റെ പേരിലല്ല മറിച്ചു വെറും രാഷ്ട്രീയ നാടകങ്ങളാണെന്നു വികാരങ്ങള്‍ക്കുപരി വിചാരങ്ങളുള്ള ഏതൊരു മനുഷ്യനും മനസിലാക്കാം. ജനാധിപധ്യത്തിന്റെ കാവല്‍ക്കാരായ പരമനീതിപീഠം ഭരണഘടന സാക്ഷിയാക്കിയാണ് സ്ത്രീകളുടെ പ്രവേശനം അനുവദിച്ചു വിധി പസ്താവിച്ചത്. ഭാരതത്തില്‍ നിലനിന്നിരുന്ന സതിപോലെയും ക്ഷേത്രപ്രവേശ വിളംബരംപോലെയും അയിത്തം പോലെയുമുള്ള മറ്റനാചാരങ്ങളേ പരമനീതിപീഠത്തിന് നിശ്ശേഷം തുടച്ചു നീക്കുവാന്‍ സാധിച്ചു. എല്ലാ ഭാരതീയരും അതെല്ലാം അംഗീകരിക്കുകയും ചെയ്തതുപോലെ തന്നെ വരും കാലങ്ങളില്‍ ഈ സ്ത്രീപ്രവേശനവും എല്ലാവരും അംഗീകരിക്കും.

ശാസ്ത്രബോധവും സാമൂഹികബോധവും പൂര്‍ണ്ണവളര്‍ച്ച പ്രാപിച്ച ഈ യുഗത്തിലെങ്കിലും സ്നേഹവും അനുകമ്പയും വീണ്ടുവിചാരവുമുള്ള മനുഷ്യനെ ഇനിയെങ്കിലും സ്വാര്‍ഥത നിറഞ്ഞ വികാരങ്ങള്‍ അടിമപ്പെടുത്താതെ വിവേകവും ബുദ്ധിയുമുള്ള മനുഷ്യനായിത്തന്നെ നിലനിര്‍ത്തുവാന്‍ ഇടയാകട്ടെ. പുതിയ തലമുറ കാലോചിതമല്ലാത്ത പഴഞ്ചൊല്ലുകളേ പ്രായോഗികതയില്ലാ എന്ന് തിരിച്ചറിഞ്ഞു തള്ളിക്കളയുവാനുള്ള സ്ഥിതിവിശേഷം ഉണ്ടാവുകയും ചെയ്യട്ടെ...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category