1 GBP = 91.00 INR                       

BREAKING NEWS

വൈകിയെങ്കിലും ആലപ്പാട്ടുകാരുടെ കണ്ണുനീര്‍ സര്‍ക്കാര്‍ കാണുമോ? നാടിനെ നശിപ്പിക്കുന്ന ഖനനത്തിനെതിരെ ജനരോഷം ഉയരുമ്പോള്‍ ഒടുവില്‍ ഇടപെടലുമായി സര്‍ക്കാര്‍; തീരമിടിയുന്ന തരത്തില്‍ കരിമണല്‍ ഖനനം അനുവദിക്കില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ; ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് കമ്പനി പാലിക്കണമെന്നും മന്ത്രി; സേവ് ആലപ്പാട് ഹാഷ് ടാഗ് കാമ്പയിനുകള്‍ അന്തര്‍ദേശീയ തലത്തിലും വാര്‍ത്തയായതോടെ നിലപാട് മാറ്റി സര്‍ക്കാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സേവ് ആലപ്പാട്ട് കാമ്പയില്‍ സൈബര്‍ ലോകത്ത് വൈറലകുന്നതിനിടെ വിഷയത്തില്‍ ഇടപെടാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാര്‍. ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം നടത്തുന്നവരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. വ്യവസായ മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തും. തീരമിടിയുന്ന തരത്തില്‍ ഖനനം അനുവദിക്കാനാകില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട് കമ്പനി പാലിക്കണം. ഇതിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. അശാസ്ത്രീയ ഖനനം പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.


കൊല്ലം കരുനാഗപ്പള്ളിയിലെ കായലിനും കടലിനും ഇടയിലുള്ള ആലപ്പാട് തീരത്ത് നടക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരം എഴുപത് ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട്. ഖനനം മൂലം ഭൂവിസ്തൃതി കുറയുകയും തീരദേശം കടലാക്രമണ ഭീതിയിലുമാണ്. അവശേഷിക്കുന്ന തീരവും കടലെടുക്കുന്നതിന് മുന്‍പ് ഖനനം നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. തുടക്കത്തില്‍ ഈ വിഷയത്തോടെ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഉണ്ടായത്. ഖനനത്തെ പിന്തുണക്കുന്ന നിലപാടായിരുന്നു വ്യവസായ മന്ത്രി അടക്കമുള്ളവരുടേത്. ഇപ്പോഴാണ് ഈ വിഷയത്തില്‍ നിലപാട് മാറ്റാന്‍ അവര്‍ തയ്യാറായത്.

പൊന്മന, ആലപ്പാട് എന്നീ ഗ്രാമങ്ങളില്‍ നിന്നായി 40.46 ഹെക്ടറാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത് വില കൊടുത്ത് വാങ്ങി കരിമണല്‍ ഖനനം നടത്തുന്നത്. അറുപത് വര്‍ഷമായി ഈ ഭാഗങ്ങളില്‍ ഖനനം നടക്കുന്നു. ഓരോ വര്‍ഷവും കൂടുതല്‍ സ്ഥലം സ്വന്തമാക്കി ഖനനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 89.5 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ആലപ്പാട് ഗ്രാമം ഇപ്പോള്‍ 7.6 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഖനനം തുടരും തോറും കടല്‍ കരയെ വിഴുങ്ങുകയാണ്. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഖനനമെന്നാണ് നാട്ടുകാരുടെ പരാതി.

ഖനനം നടത്തിയ സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല. അനുമതിയില്ലാത്ത സ്ഥലത്തും ഐആര്‍ഇ കമ്പനി ഖനനം നടത്തുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 21 റീസര്‍വ്വേ നമ്പറുകളിലുള്ള സ്ഥലങ്ങള്‍ അപ്രത്യക്ഷമായെന്ന് മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിണറുകളും ഉറവകളും വറ്റി. നാട്ടുകാരുടെ പരാതികള്‍ ശരിയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒമ്പത് മാസം പിന്നിട്ടു.

ആലപ്പാട്ട് സമരം തുടങ്ങി കാലങ്ങള്‍ കഴിഞ്ഞെങ്കിലും തുടക്കത്തില്‍ മാധ്യമങ്ങള്‍ തിരുഞ്ഞു നോക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് സമരസമിതി സോഷ്യല്‍ മീഡിയ എന്ന പ്ലാറ്റ് ഫോം തിരഞ്ഞെടുത്തത്. സമരത്തെപറ്റി വിശദമായി തന്നെ വാട്ട്സാപ്പ് വഴിയും ഫെയ്സ് ബുക്ക് വഴിയും പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇതിനായി കൊല്ലത്തെ ട്രോള്‍ ഗ്രൂപ്പുകളായ ട്രോള്‍ കൊല്ലം, ട്രോള്‍ കരുനാഗപ്പള്ളി എന്നീ ഗ്രൂപ്പുകളെ സമീപിപ്പിക്കുകയും അവരുടെ സഹായത്തോടെ കൂടുതല്‍ ആളുകളിലേക്ക് സമരത്തെപറ്റിയും സമരത്തിന്റെ ആവശ്യകതയെപറ്റിയും വിവരങ്ങള്‍ എത്തിച്ചു. ഫെയ്സ് ബുക്കില്‍ ഇതോടെ സേവ് ആലപ്പാട് ഹാഷ്ടാഗായി ഉയര്‍ന്നുവന്നു. ഇത് ഇന്‍സ്റ്റാഗ്രാമിലേക്കും പടര്‍ന്നു. ഇന്‍സ്റ്റാഗ്രാമില്‍ പലരും സെലിബ്രിറ്റികളെ ടാഗ് ചെയ്തതോടെ പ്രമുഖ താരങ്ങളൊക്കെ പിന്‍തുണയുമായി രംഗത്തെത്തി. സൂപ്പര്‍ സ്റ്റാര്‍ പൃഥിരാജ് പോലും തന്റെ ഫെയ്സ് ബുക്കിലൂടെ ആലപ്പാടിനുള്ള പിന്‍തുണ നല്‍കി. ആദ്യമായി സിനിമ രംഗത്ത് നിന്നും പിന്‍തുണ ലഭിക്കുന്നത് ടൊവിനോയുടതായിരുന്നു. കൊല്ലത്തെ ഒരു പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ പിന്‍തുണ അറിയിച്ചത്. ഇതോടെയാണ് മറ്റു പലരും രംഗത്തെത്തിയത്.

നടനും സംവിധായകനും നിര്‍മ്മാതാവുമായ സന്തോഷ് പണ്ഡിറ്റ് ആലപ്പാടെത്തുകയും പിന്‍തുണ അറിയിക്കുകയും ചെയ്തു. നാട്ടുകാര്‍ നടത്തുന്ന നിരാഹാര സമരത്തില്‍ ഒരു ദിവസം താനും കിടക്കാന്‍ തയ്യാറാണെന്നും അറിയിച്ചാണ് അദ്ദേഹം മടങ്ങിയത്. സമൂഹ മാധ്യമങ്ങളില്‍ വിഷയം കത്തിപടരുകയായിരുന്നു. ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് സേവ് ആലപ്പാട് സമരം കേരളം മുഴുവന്‍ വ്യാപിച്ചു. കേരളത്തിന് പുറത്തേക്കും. സമരം അറുപത്തി ഒന്‍പത് ദിവസം പിന്നിടുമ്പോഴും കണ്ണടച്ചിരുന്ന മാധ്യമ കോര്‍പ്പറേറ്റുകള്‍ക്ക് നേരെയായി പിന്നീട് പ്രതിഷേധം. ഇതോടെ അവര്‍ കണ്ണുതുറന്നു. ഇപ്പോള്‍ മാധ്യമങ്ങളെ തട്ടിയിട്ട് ആലപ്പാടുകാര്‍ക്ക് നടക്കാന്‍ കഴിയാതെയായി.സമൂഹം നേരിടുന്ന പ്രശ്നംലോക ശ്രദ്ധയിലെത്തിക്കാന്‍ ചാനലുകളും പ്ത്രങ്ങളും ഇല്ലെങ്കിലും സോഷ്യല്‍ മീഡിയ എന്ന ഏറ്റവും വലിയ മാധ്യമത്തിന് കഴിയും എന്നതിന്റെ മറ്റൊരു നേര്‍ക്കാഴ്ചയാണ് ആലപ്പാട് കാണാന്‍ കഴിയുന്നത്. യുവാക്കളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. കണ്ണടച്ചിരുന്ന പല പാര്‍ട്ടീ നേതാക്കളും ആലപ്പാട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നു. സോഷ്യല്‍ മീഡിയ എന്ന വലിയ ശക്തിയുടെ പിന്‍തുണ ഒന്നു കൊണ്ടു മാത്രം.

എന്താണ് ആലപ്പാട് നടക്കുന്ന സമരം?
തികച്ചും സമാധാനപരമായി നടക്കുന്ന സേവ് ആലപ്പാട് സമരം ആലപ്പാട് എന്ന ഗ്രാമം ഓര്‍മ്മയാകാതിരിക്കാനാണ്. ആലപ്പാട് പഞ്ചായത്ത് എന്ന പ്രദേശം 1955 ലെ ലിത്തോമാപ്പ് പ്രകാരം 89.5 ചതുരശ്ര കി.മീ. ആയിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഐ.ആര്‍.ഇ.എല്‍ നടത്തുന്ന കരിമണല്‍ ഖനനം മൂലം ഇപ്പോള്‍ 7. 6 ചതുരശ്ര കി.മീ. ആയി ചുരുങ്ങി.ഏകദേശം ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലായി മാറി. ഈ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സി.ആര്‍.ഇസഡ്(Coastal Regulation Zone ;CRZ) നിയമം പോലും പാലിക്കാതെ മെഷിനറികള്‍ ഉപയോഗിച്ച് കുഴിച്ചെടുക്കുമ്പോള്‍ പഞ്ചായത്തിന്റെ മുഴുവന്‍ കടല്‍ തീരവും, ആലപ്പുഴ ജില്ലയിലെ ആറാട്ടുപ്പുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരവും കടലാക്രമണം മൂലം ഇടിച്ചു നിരത്തി മണല്‍ ഈ കുഴികളില്‍ എത്തിച്ചേരുന്നു. ഈ നിരന്തര പ്രവര്‍ത്തനമാണ് ഭൂമി നഷ്ടപ്പെടാന്‍ കാരണം. ഈ പ്രദേശത്തുണ്ടായിരുന്ന മൂന്ന് കൃഷി വരെ ഇറക്കിയിരുന്ന മൂക്കുംപുഴ പാടവും പനക്കടപ്പാടങ്ങളും യഥേഷ്ടം കായ്ഫലമുണ്ടായിരുന്ന കേര വൃക്ഷങ്ങളും അടുമ്പിവള്ളികള്‍ പൂത്തുല്ലസിച്ചിരുന്ന തീരങ്ങളും എന്നേ കടലില്‍ നഷ്ടമായി. ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂലത്തൊഴിലായിരുന്ന മത്സ്യ ബന്ധനം പോലും തീരത്ത് നിന്ന് നടത്തുന്നതിന് കഴിയാതെ വന്നിരിക്കുന്നു. ഭൂ സ്വത്തുക്കള്‍ കടലാസില്‍ മാത്രമായി. ഭൂമിയൊക്കെയും കടല്‍ കാര്‍ന്നു തിന്നു.

ഓരോ സര്‍വ്വേ കഴിയുമ്പോഴും റവന്യൂ റിക്കോര്‍ഡില്‍ നിന്നും ഭൂമി നീക്കം ചെയ്യപ്പെടുന്നു. കരിമണല്‍ ഖനനത്തിന്റെ നേര്‍ സാക്ഷിയായി പൊന്‍ മന എന്ന ഗ്രാമം തകര്‍ന്നടിഞ്ഞു. രണ്ടായിരത്തിലധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്ത് മണല്‍ക്കുഴികളും മണല്‍ക്കൂനകളും മാത്രം. ആലപ്പാട് പഞ്ചായത്തിലെ അവശേഷിക്കുന്ന കരയില്‍ ഇപ്പോഴും ഖനനം നടന്നു കൊണ്ടിരിക്കുകയാണ്. ഖനനം നടത്തിയ പ്രദേശങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാതെ ഓരോ മേഖലയും തകര്‍ന്നു കഴിയുമ്പോള്‍ തൊട്ടടുത്ത പ്രദേശം ഖനനം വ്യാപിച്ചു കൊണ്ടിരിക്കുന്നു. കമ്പനികളില്‍ നിന്നും പുറം തള്ളുന്ന രാസ മാലിന്യങ്ങള്‍ കടലിന്റെ ആവാസ വ്യവസ്ഥയേയും മത്സ്യ സമ്പത്തിനേയും നശിപ്പിക്കുന്നു. കടലാമ ഉള്‍പ്പെടെയുള്ള നിരവധി ജീവി വര്‍ഗ്ഗങ്ങളുടെ പ്രജനന മേഖല കൂടി ഖനനം മൂലം തകര്‍ന്നിരിക്കുയാണ്. ദീര്‍ഘ കാലമായി വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുവാദമില്ലാതെയും പൊതു ജനാഭിപ്രായം മാനിക്കാതെയുമാണ് ഈ പൊതുമേഖലാ സ്ഥാപനം ഖനനം നടത്തുന്നത്.

ആലപ്പാട് പഞ്ചായത്തിന്റെ നിലനില്‍പ്പ് വളരെ അപകടത്തിലാണ്. ചില സ്ഥലങ്ങളില്‍ കടലും കായലും തമ്മിലുള്ള അകലം 5 മീറ്ററിലും താഴെ മാത്രം. കായലിന്റെയും കടലിന്റെയും ഇടയില്‍ ഒരു വരമ്പു പോലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഒരു ബഫര്‍ സോണാണ്. ഈ മണല്‍ ബണ്ട് തകര്‍ന്നു കഴിഞ്ഞാല്‍ കടല്‍ വെള്ളം കയറി ആലപ്പാട് മാത്രമല്ല അടുത്ത പ്രദേശമായ കരുനാഗപ്പള്ളി താലൂക്ക്, ശാസ്താംകോട്ട തടാകം, അപ്പര്‍കുട്ടനാട്, മധ്യതിരുവിതാംകൂര്‍ മൊത്തമായി കടല്‍ വിഴുങ്ങി കേരളം മറ്റൊരു മഹാ ദുരന്തത്തിലോട്ട് കടക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഞങ്ങളുടെ വാര്‍ത്ത ഒരു മാധ്യമത്തിലും കൊടുക്കാറില്ല. ഞങ്ങളുടെ ഈ വിലാപം പുറം ലോകത്ത് എത്തിക്കുവാന്‍ സാധിക്കണം. 30 കി.മീ. ദൂരം വരുന്ന തീരദേശ മണല്‍ ബണ്ട് സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. കേരളത്തിന്റെ സൈന്യം എന്നവകാശപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെങ്കില്‍ കരിമണല്‍ ഖനനം സംപൂര്‍ണ്ണമായി അവസാനിപ്പിച്ചേ മതിയാകു. ഇതിനായാണ് ആലപ്പാടുകാര്‍ കൈകോര്‍ത്തിരിക്കുന്നത്. മരണം വരെയും സമരം ചെയ്യും. ജനിച്ച മണ്ണില്‍ മരിക്കുവാനുള്ള സമരം. പുതു തലമുറക്ക് ജീവിക്കുവാനുള്ള സമരം.

ഖനനം ചെയ്യുമ്പോള്‍ ആലപ്പാടിന് സംഭവിക്കുന്നത്
ഐ.ആര്‍.ഇ.എല്‍ നിലവില്‍ ഖനനം നടത്തുന്നത് വെള്ളനാതുരുത്ത് ഭാഗത്താണ്. മിനറല്‍സ് സെപ്പറേഷന്‍ പ്ലാന്റിലേക്ക് മണല്‍ ലോറിയില്‍ കയറ്റി എത്തിച്ച് സീ വാഷ് ചെയതാണ് കരിമണല്‍ വേര്‍തിരിച്ചെടുക്കുന്നത്. വെള്ള മണല്‍ വേസ്റ്റായിട്ടാണ് കണക്കാക്കുന്നത്. മണല്‍ ശേഖരിക്കുന്നത് ഈ പ്ലാന്റിന് സമീപത്തെ കടലില്‍ നിന്നാണ്. അതായത് പ്ലാന്റും കടലും തമ്മില്‍ അഞ്ച് മീറ്റര്‍ പോലും ദൂരമില്ല. ജെ.സി.ബി ഉപയോഗിച്ച് കടലില്‍ നിന്നും മണ്ണുവാരും. കടലിന് ഒരു പ്രത്യേകതയുണ്ട്. ഒരു സ്ഥലത്തെ മണ്ണ് പോയാല്‍ കടല്‍ മറ്റെവിടെ നിന്നെങ്കിലും മണ്ണ് ഇവിടെ കൊണ്ട് നിക്ഷേപിച്ച് അവിടെ നികത്തും. ഇങ്ങനെ നികരുന്നിടത്തു നിന്നും വീണ്ടും മണ്ണ് കമ്പനി കുഴിച്ചെടുക്കും. ദൂരെ സ്ഥലത്തേക്ക് പോകാതെ തന്നെ ചെലവ് കുറച്ച് കമ്പനി ഇങ്ങനെ ദിനം പ്രതി ഖനനം ചെയ്യുന്നത് ടണ്‍ ണക്കിന് മണ്ണാണ്. ഈ മണ്ണ് എവിടെ നിന്നാണ് കടല്‍ എടുക്കുന്നത് എന്നറിയാമോ. ആലപ്പാട് പഞ്ചായത്തിന്റെ തീരദേശത്ത് നിന്നുമാണ്. എങ്ങനെയാണ് അതിന് കമ്പനി കണ്ടെത്തിയ മാര്‍ഗ്ഗം?

കേരളത്തിന്റെ തീരപ്രദേശം തെക്കോട്ട് ചരിഞ്ഞാണ് കിടക്കുന്നത്. അതിനാല്‍ ഒഴുക്ക് തെക്കോട്ടാണ്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്ത് പുലിമുട്ടിടാതെ മൈനിങ്ങ് തുടങ്ങുന്ന ഭാഗത്തിന് വടക്കുവശത്തായി പുലിമുട്ട് നിര്‍മ്മിച്ചു. എപ്പോഴും പുലിമുട്ടിന് തെക്കുവശത്തായിരിക്കും കടല്‍ മണ്ണ് നിക്ഷേപിക്കുക. ഇതി മനസ്സിലാക്കി തന്നെയാണ് കമ്പനി ഇവിടെ പുലിമുട്ട് നിര്‍മ്മിച്ചത്. ജനവാസ മേഖലയില്‍ കടലാക്രമണം ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയാണ് പുലിമുട്ടുകള്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ ആവപ്പാടിന്റെ ജനസാന്ദ്രതയുള്ള മേഖലയില്‍ പുലിമുട്ട് ഇടുവാന്‍ കമ്പനി സമ്മതിക്കില്ല. അതിന് തടസമായി എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാക്കും.

കമ്പനി നിര്‍മ്മിച്ച ഈ പുലിമുട്ടിന് തെക്ക് വശത്തു നിന്നുമാണ് ഖനനം നടത്തുന്നത്. ഈ ഭാഗത്തേക്ക് വടക്കു നിന്നും കടല്‍ വീണ്ടും മണ്ണ് കൊണ്ടു വന്ന് നികത്തും. അങ്ങനെയാണ് ഖനനം നടക്കുന്ന ഭാഗത്തിന് വടക്കു വശമുള്ള ഭാഗത്തെ തീരദേശം മുഴുവന്‍ കടല്‍ കാര്‍ന്നു കൊണ്ടുപോയത്. ഈ പുലിമുട്ടിന്റെ പ്രത്യേകത മനസ്സിലാക്കണമെങ്കില്‍ ആലപ്പാടിന്റെ വടക്കു ഭാഗത്തുള്ള അഴീക്കല്‍ ബീച്ചില്‍ പോകണം. വടക്കു ഭാഗത്തായിട്ടാണ് ഇവിടെ പുലിമുട്ട് അതിനാല്‍ തെക്കുഭാഗത്തുള്ള ബീച്ചില്‍ ആവശ്യത്തിലധികം മണ്ണ് അടിഞ്ഞുകൂടി വലിയ തീരദേശം ഇവിടെയുണ്ട്. ഈ വിധ്യയാണ് ഐ.ആര്‍.ഇ.എല്‍ നടപ്പിലാക്കിയിരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category