1 GBP = 90.60 INR                       

BREAKING NEWS

യൂണിവേഴ്‌സിറ്റി ഫീസുകളില്‍ വന്‍ കുറവ് വരുത്താന്‍ ആലോചന; പിടിച്ചു നില്‍ക്കാന്‍ കോളേജുകളില്‍ 50% വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം ചെയ്യാന്‍ നീക്കം; ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടും; കേരളത്തില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ക്കു ചുളുവില്‍ ലക്ഷങ്ങള്‍ സ്വന്തമാക്കാം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: യൂണിവേഴ്‌സിറ്റി ഫീസ് കാര്യമായി വെട്ടിക്കുറയ്ക്കാന്‍ തെരേസ മേ സര്‍ക്കാര്‍ ആലോചനയില്‍. ഇതു സംബന്ധിച്ച പ്രഖ്യാപനം ഈ മാസമോ അടുത്ത മാസമോ ഉണ്ടായേക്കും എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നത്. നിലവിലെ വാര്‍ഷിക ഫീസായി 9250 പൗണ്ട് 6500 ലേക്ക് താഴ്ത്താന്‍ ഉള്ള ആലോചനയിലാണ് സര്‍ക്കാര്‍. വരുമാനം മൂന്നിലൊന്നായി ചുരുങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ സര്‍വകലാശാലകള്‍ തേടുന്ന മറുവഴിയാണ് പാതി സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി വയ്ക്കുക എന്നത്.

ഇതോടെ ഇന്ത്യന്‍, ചൈനീസ് വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്കാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ പ്രവേശനവും ഡിഗ്രിയും നേടാന്‍ എത്ര പണം മുടക്കാനും തയ്യാറായല്ല മധ്യവര്‍ത്തി കുടുംബങ്ങള്‍ ക്യൂ നില്‍ക്കുമ്പോള്‍ തദ്ദേശീയരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച മാര്‍ക്ക് ഉണ്ടെങ്കിലേ നല്ല യൂണിവേഴ്സിറ്റികളിലും കോളേജുകളിലും പ്രവേശനം ലഭിക്കൂ എന്നതാണ് മറ്റൊരു വസ്തുത.

അതേ സമയം ബ്രക്സിറ്റിനെ തുടര്‍ന്ന് രൂപമെടുക്കുന്ന പുതിയ സാഹചര്യത്തില്‍ അനേകം മലയാളികള്‍ക്കും പുതിയ നീക്കം ഗുണമായി മാറും. ബ്രിട്ടനില്‍ പഠിക്കുക എന്നത് പലരുടെയും മോഹസ്വപ്നമായി നിലനില്‍ക്കുകയും അതിനായി എത്ര പണം വേണമെങ്കിലും മുടക്കാന്‍ തയാറായി നൂറുകണക്കിന് ആളുകള്‍ കാത്തുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രതിവര്‍ഷം 12000 പൗണ്ട് മുടക്കാന്‍ തയ്യാറുള്ള വിദേശ വിദ്യാര്‍ത്ഥികളില്‍ കണ്ണ് വയ്ക്കുകയാണ് ബ്രിട്ടീഷ് സര്‍വകലാശാലകള്‍.
നിലവില്‍ തന്നെ കേരളത്തിലെ ചെറുകിട ബിസിനസുകാരുടെ മക്കള്‍ പോലും ബ്രിട്ടനില്‍ എത്തി പഠിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യപ്പെടുമ്പോള്‍ ഇങ്ങനെ എത്തുന്നവരുടെ എണ്ണവും ഉയരും. ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ മലയാളികളുടെ എണ്ണം ആനുപാതികമായി എപ്പോഴും മുന്നിലാണ്. കേരളത്തില്‍ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തുന്നവരുടെ കൊയ്ത്തു കാലം കൂടിയായിരിക്കും കടന്നു വരുന്നത്. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന അറിവുകള്‍ പോലും പങ്കു വച്ച് കൊള്ള നടത്താന്‍ ഇറങ്ങുന്ന കേരളത്തിലെ ഉപദേശകര്‍ക്കുള്ള സുവര്‍ണാവസരമായിരിക്കും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ വാതില്‍ വിദേശികള്‍ക്കായി തുറക്കാന്‍ ഉള്ള തീരുമാനം.

പഠിക്കാന്‍ എത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി ലീവ് സമയത്തു മികച്ച ജോലി കൂടി കണ്ടെത്തിയാല്‍ തുടര്‍ന്നും യുകെയില്‍ ജീവിക്കാം എന്നതും ഇതിന്റെ നേട്ടമാണ്. ഇപ്പോഴും ടയര്‍ ടു വിസകളില്‍ 55 ശതമാനം സ്വന്തമാക്കുന്നതും ഇന്ത്യക്കാരാണ്, ഇതില്‍ നല്ല ശതമാനം മലയാളികളുമുണ്ട്. ഡോക്ടര്‍മാര്‍, ഐ ടി പ്രൊഫഷണല്‍സ് എന്നിവരില്‍ നിന്നും തിരഞ്ഞെടുപ്പ് വേണ്ടി വരുമ്പോള്‍ ബ്രിട്ടീഷ് കമ്പനികള്‍ എന്നും മുന്‍ഗണന നല്‍കുന്നത് ഇന്ത്യന്‍ അപേക്ഷകര്‍ക്കാണ്. സ്‌കില്‍ഡ് വിസ നല്‍കുന്നതിനുള്ള എണ്ണം എടുത്തു കളഞ്ഞതോടെ പഠിക്കാന്‍ എത്തുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്താനും അവസരം ലഭിക്കും. ഇതോടൊപ്പമാണ് ജോലി കണ്ടെത്താന്‍ ഉള്ള സാവകാശം കൂടി ലഭിക്കുക. അങ്ങനെയാകുമ്പോള്‍ ബ്രക്സിറ്റ് വഴി യൂറോപ്യന്‍ യൂണിയന് ഉണ്ടാകുന്ന നഷ്ടം മലയാളികളുടെ നേട്ടമായി മാറും.

എന്നാല്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം ഫീസ് കുറയുന്നു എന്നതു നേട്ടമാണെങ്കിലും സീറ്റു കുറയുന്നത് വലിയ ഭീഷണിയായി മാറും. നിലവില്‍ ബള്‍ഗേറിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പഠിക്കാന്‍ പോകുന്നവരുടെ എണ്ണം ബ്രക്സിറ്റിനെ തുടര്‍ന്ന് കുറയാനുള്ള സാധ്യത ഉണ്ടാകുന്നതോടെ ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ പ്രവേശനത്തിന് കൂടുതല്‍ പേര്‍ കാത്തുനില്‍ക്കുന്ന സാഹചര്യമാണ് രൂപം കൊള്ളുന്നത്. ഇതോടൊപ്പമാണ് സീറ്റുകള്‍ പാതിയായി വെട്ടികുറയ്ക്കുകയും അവശേഷിച്ച സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവയ്ക്കാനുമുള്ള സര്‍വകലാശാലകളുടെ നീക്കം. പ്രമുഖ വിദ്യാഭ്യസ സ്ഥാപനങ്ങളായ യൂണിവേസിറ്റി കോളേജ് ഓഫ് ലണ്ടന്‍ അടക്കമുള്ളവര്‍ പാതി സീറ്റുകള്‍ വിദേശികള്‍ക്ക് എന്ന നിലയിലാണ് പുതിയ നയം രൂപീകരിക്കുന്നത്.

സര്‍ക്കാര്‍ നയം രൂപീകരിക്കാന്‍ ആലോചിക്കുമ്പോഴേക്കും യൂണിവേഴ്സിറ്റികള്‍ ഏറെക്കുറെ തീരുമാനമെടുത്തു കഴിഞ്ഞു. ഈ അധ്യയന വര്‍ഷം തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പാതി സീറ്റുകള്‍ നല്‍കാന്‍ മിക്ക സര്‍വകലാശാലകളും തയ്യാറാകുമെന്നുറപ്പാണ്. ഈ തീരുമാനം രാഷ്ട്രീയമായും ഏറെ ചര്‍ച്ചകള്‍ക്കിടയാക്കും. ബ്രിട്ടന്റെ കുടിയേറ്റ നയത്തിന് എതിരെ പോലും ശബ്ദിക്കുന്നതാകും സര്‍ക്കാര്‍ തീരുമാനമെന്ന് പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തും. ഇന്ത്യന്‍ സര്‍ക്കാര്‍ ഏറെ നാളായി ബ്രിട്ടനോട് ആവശ്യപ്പെടുന്ന കാര്യം കൂടിയാണ് പരോക്ഷമായി നടപ്പാക്കാന്‍ പോകുന്നത്. ബ്രിട്ടന്റെ ഉന്നത വിദ്യാഭ്യസ രംഗത്തെ മേന്മകള്‍ സ്വായത്തമാക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ അനുവദിക്കണം എന്ന ആവശ്യമാണ് ഇതിലൂടെ നടപ്പാക്കുക.

എന്നാല്‍ ബ്രിട്ടനെ സംബന്ധിച്ച് വേറെ ഗതിയില്ലാതെ സ്വീകരിക്കപ്പെടുന്ന നയം എന്നതാണ് സുപ്രധാനം. ബ്രിട്ടനിലെ ഏറ്റവും വലിയ യൂണിവേഴ്സിറ്റികളെ നിയന്ത്രിക്കുന്ന റസല്‍ ഗ്രൂപ്പാണ് ഇക്കാര്യം ആദ്യം നടപ്പാക്കുക എന്നതിനാല്‍ മറ്റുള്ളവരും പിന്നാലെയുണ്ടാകും. കിങ്‌സ് കോളേജ്, ഇമ്പേരിയില്‍ കോളേജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സ് എന്നിവയടക്കമുള്ള പ്രശസ്തമായ സ്ഥാപനങ്ങള്‍ അടക്കം 24 ഗവേഷണ യൂണിവേഴ്സിറ്റികളാണ് ഈ ഗ്രൂപ്പിന് കീഴിലുള്ളത്. യൂണിവേഴ്സിറ്റികള്‍ക്കു ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നു റസല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സര്‍ ആന്റണ്‍ മസ്‌കറ്റിലി പറയുന്നു. കാരണം വരുമാനത്തില്‍ ഒറ്റയടിക്ക് മൂന്നിലൊന്നു കുറവ് സംഭവിക്കുമ്പോള്‍ മറ്റു വഴിയില്ല എന്നതാണ് യൂണിവേഴ്‌സിറ്റികള്‍ പറയുന്ന ന്യായം.

നാട്ടിലെ വിദ്യാര്‍ഥികള്‍ നല്‍കുന്ന ഫീസിന്റെ ഇരട്ടി തുക വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കും എന്നതാണ് ഇതിന്റെ നേട്ടം. എന്നാല്‍ ദീര്‍ഘകാല ഭാവിയില്‍ ബ്രിട്ടനില്‍ അഭ്യസ്ത വിദ്യരുടെ കുറവിലേക്കു പോലും നയിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നു വിമര്‍ശകര്‍ ആക്ഷേപം ഉയര്‍ത്തിക്കഴിഞ്ഞു. ഏതാനും വര്‍ഷം മുന്‍പ് പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തലാക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. ചൈനയും ഇന്ത്യയുമാണ് ഏറെ വര്‍ഷങ്ങളായി ബ്രിട്ടീഷ് ഉന്നത വിദ്യാഭ്യസ സ്ഥാപനങ്ങളുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ എന്നതും പരസ്യമായ രഹസ്യമാണ്.

എന്നാല്‍ ബ്രക്സിറ്റോടെ ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ ഉള്ള അര ലക്ഷം ജീവനക്കാരുടെയും ഒന്നര ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെയും ഭാവി എന്തെന്നതു ആര്‍ക്കും നിശ്ചയമില്ല. ബ്രിട്ടീഷ് വിദ്യാഭ്യസ മേഖലയില്‍ നോ ഡീല്‍ ബ്രക്സിറ്റ് ഉണ്ടാക്കുന്ന ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ ഇതിനകം സര്‍വ്വകലാശാല തലവന്മാര്‍ രാഷ്ട്രീയ നേതൃത്വങ്ങളെ അറിയിച്ചു കഴിഞ്ഞു. ക്യാന്‍സര്‍ ഗവേഷണം, കാലാവസ്ഥ വ്യതിയാനം, സാങ്കേതിക മാറ്റങ്ങള്‍ തുടങ്ങിയ ഗവേഷണ പദ്ധതികളുടെ ഒക്കെ ഭാവിയെന്തെന്നു സകലരും ആശങ്കപ്പെടുകയാണ്. അറുത്തു മുറിച്ചു മാറ്റപ്പെടുന്ന ബന്ധങ്ങള്‍ വഴി നീണ്ട കാലമായി തുടരുന്ന ഇത്തരം ഗവേഷണങ്ങള്‍ പോലും അവതാളത്തിലാകാം. ചില പദ്ധതികള്‍ പത്തും അതിലേറെയും വര്‍ഷത്തെ കരാറുകള്‍ ഉള്ളവ ആയതിനാല്‍ വിചാരിക്കുന്നത്ര നിസാരമായിരിക്കില്ല ബ്രക്സിറ്റ് ദൂഷ്യങ്ങള്‍ എന്നുറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category