1 GBP = 92.30 INR                       

BREAKING NEWS

ഒരു സംഘടന പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയാണ്? നേതൃത്വവും അംഗങ്ങളും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ? വിജയത്തിലേക്ക് കുതിക്കാന്‍ സംഘടനകള്‍ അറിഞ്ഞിരിക്കേണ്ടത്

Britishmalayali
റോയ് സ്റ്റീഫന്‍

മൂഹങ്ങളുടേയും സംസ്‌കാരങ്ങളുടേയും വളര്‍ച്ചയ്ക്കും നിലനില്‍പ്പിനും വ്യക്തികള്‍ക്കുപരി സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ അമൂല്യമായ പങ്കു ഹിക്കുന്നുണ്ട്. സംഘടനകള്‍ വ്യക്തികളേത്തമ്മില്‍ ബന്ധപ്പെടുത്തുക മാത്രമല്ല ചെയ്യുന്നത് ഓരോരുത്തര്‍ക്കും സാമൂഹികമായി വളരുവാനും അവരോരുത്തരുടേയും കഴിവുകള്‍ വളര്‍ത്തുവാനുമുള്ള ധാരാളം അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് പുതുതലമുറയ്ക്ക് തങ്ങളുടെ മാതാപിതാക്കളുടെയും പൂര്‍വികരുടെയും മൂല്യങ്ങളും സംസ്‌കാരങ്ങളും തിരിച്ചറിയുവാനും ഉള്‍ക്കൊള്ളുവാനും പരിശീലിക്കുവാനുമുള്ള വേദികളുമാണ്. ചെറുതും വലുതുമായതും ഔദ്യോഗികമായതും അനൗദ്യോഗികമായതുമായ ധാരാളം സംഘടനകള്‍ ഓരോ നിമിഷവും വ്യക്തികളേ സ്വാധീനിക്കുകയും സംരക്ഷിച്ചു കൊണ്ടിരിക്കുന്നുമുണ്ട് ശാരീരികമായും മാനസികമായുമുള്ള വിവിധ മേഖലകളില്‍.

അതോടൊപ്പം തന്നെ സംഘടനാ ശക്തികൊണ്ട് വ്യക്തികള്‍ക്ക് അപ്രാപ്യമായ പല ലക്ഷ്യങ്ങളും നേടിയെടുക്കുവാനും സാധ്യമായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വ്യക്തികളുടെ സംഘടന ശക്തിയ്ക്ക് വ്യക്തികളേക്കാള്‍ മൂല്യവും ആധികാരികതയുമുണ്ട്. കാരണം സംഘടനകള്‍ ഒന്നില്‍ കൂടുതല്‍ വ്യക്തികളെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളും അതിന്റേതായ പ്രവര്‍ത്തന മേഖലകളില്‍ വിജയിക്കണമെങ്കില്‍ അംഗങ്ങളുടെ ആവശ്യങ്ങളുമായി കൃത്യമായി ബന്ധപ്പെടുത്തി ലക്ഷ്യങ്ങള്‍ ക്രമീകരിക്കണം. പിന്നീട് ഈ ലക്ഷ്യങ്ങളേ പല പല ലക്ഷ്യങ്ങളായി വേര്‍തിരിക്കുകയും ഇവയോരോന്നിനേയും ബന്ധിപ്പിച്ചു പല പദ്ധതികള്‍ വിഭാവനം ചെയ്യണം.

അതോടൊപ്പം തന്നെ ഒരിക്കല്‍ പോലും പ്രാഥമിക ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു പ്രവര്‍ത്തിക്കുവാനുള്ള സ്ഥിതിവിശേഷം ഉണ്ടാവാതിരിക്കുവാനും ശ്രദ്ധിക്കണം. വ്യക്തികളുടെ ആത്മീയാവശ്യങ്ങള്‍ ലക്ഷ്യമിട്ടു തുടങ്ങുന്ന സംഘടനകള്‍ മറ്റു സാംസ്‌കാരിക തലങ്ങളിലേക്ക് വികസിപ്പിക്കുവാന്‍ തുനിഞ്ഞാല്‍ സംഘടനതന്നെ ഇല്ലാതാവാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ തന്നെ ഒരു സംഘടന തന്നെ എല്ലാ മേഖലകളിലും അതായത് ഓരോ വ്യക്തികളുടെയും ആത്മീയവും ശാരീരികവും മാനസികവും വിനോദപരമായ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയാല്‍ എല്ലാ മേഖലകളിലെയും പ്രവര്‍ത്തനം ശോഷിച്ചു പോവുകയോ പല മേഖലകളിലും ഗുണമേന്മ ഇല്ലാതാവുകയോ ചെയ്യും.

ഓരോ സംഘടനയെയും അതിന്റെ പ്രാഥമിക ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിക്കാതെ നിലനിര്‍ത്തേണ്ടത് അത്യാന്താപേക്ഷിതമാകയാല്‍ അതാതു സംഘടനകളുടെ നേതൃത്വത്തിലുള്ള വ്യക്തികള്‍ വളരെ ക്രിയാത്മകതയോടും ആത്മാര്‍ത്ഥമായിത്തന്നെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ഓരോ സംഘടനയുടെയും വിജയം നേതൃത്വത്തിന്റെ കൈകളില്‍ മാത്രമാണ്. സംഘടനകളെ വിജയത്തിലേക്ക് നയിക്കുവാന്‍ ഓരോ നേതാവിനും ഉത്തരവാദിത്ത്വമുണ്ട്. അവരോരുത്തര്‍ക്കും വിവിധ ഗുണഗണങ്ങളും ഉണ്ടായിരിക്കണം. അതിലുപരി നന്മയും ആത്മാര്‍ത്ഥതയും പ്രവര്‍ത്തന നിരതയുമുള്ള നേതൃത്വത്തിന് സംഘടനയ്ക്കും സംഘടനാംഗങ്ങള്‍ക്കും ഫലപ്രദവും അനുയോജ്യവുമായ പുരോഗമനങ്ങള്‍ അനുദിനവും നിരന്തരവുമായി കാഴ്ച വയ്ക്കുവാന്‍ സാധിക്കുന്നു.

ഓരോ സംഘടനയ്ക്കും കൃത്യതയോടും ഫലപ്രദവുമായി പ്രവര്‍ത്തിക്കുന്ന നേതൃത്വമുണ്ടെങ്കില്‍ അനേകം ഗുണങ്ങളാണ് സംഘടനയ്ക്കും സംഘടനാംഗങ്ങള്‍ക്കും ലഭിക്കുന്നത്.

സംഘടനയുടെ ലക്ഷ്യങ്ങള്‍ ഫലപ്രദമായി ക്രമീകരിക്കുന്നു
വ്യക്തികളുടെ ജീവിത സാഹചര്യങ്ങളും അവരോരുത്തരുടേയും ആവശ്യങ്ങള്‍ക്ക് അനുസൃതമായാണ് സംഘടനയുടെ ലക്ഷ്യങ്ങള്‍ രൂപീകരിക്കേണ്ടത്. അതോടൊപ്പം എല്ലാ ലക്ഷ്യങ്ങളും പ്രാവര്‍ത്തികമാകാവുന്നതുമായിരിക്കണം. തുടക്കത്തില്‍ തന്നെ വളരെ ലളിതമായതും വ്യക്തമായതും നന്നായി രൂപകല്‍പ്പന ചെയ്തതുമായ ലക്ഷ്യങ്ങള്‍ വളരെ എളുപ്പത്തില്‍ അംഗങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാനും അംഗീകരിപ്പിക്കുവാനും സാധിക്കും. ഭൂരിപക്ഷം അംഗങ്ങളുടെയും അംഗീകാരം ലഭിക്കുമ്പോള്‍ തന്നെ പകുതി വിജയമുറപ്പിക്കുവാന്‍ സാധിക്കുന്നു. പിന്നീട് അംഗങ്ങളുടെ പൂര്‍ണമായ സഹകരണം കൂടി ഉറപ്പുവരുത്തിയാല്‍ ലക്ഷ്യമിട്ടിരിക്കുന്ന പദ്ധതികള്‍ സഫലീകരിക്കപ്പെടും.

ഓരോ സംഘടനയിലെയും അംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് നിശ്ചിത കാലയളവില്‍ 'ന്യൂസ് ലെറ്റേഴ്‌സ് തയ്യാറാക്കുന്നത് സാധ്യമാക്കാവുന്ന ലക്ഷ്യമാണ്. പക്ഷെ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ പത്രം തന്നെ തുടങ്ങുവാനും നടത്തിക്കൊണ്ടു പോകുവാനും ശ്രമിച്ചാല്‍ വിജയിപ്പിച്ചെടുക്കുവാന്‍ ബുദ്ധിമുട്ടാണ്. മറ്റുള്ളവരോടുള്ള വാശിയുടെ പേരില്‍ അപ്രാപ്യമായ പദ്ധതികള്‍ തുടങ്ങി പരാജയപ്പെടുമ്പോള്‍ തോല്‍ക്കുന്നത് സംഘടനയാണ് അതിലൂടെ അംഗങ്ങളും.

കാലങ്ങള്‍ക്ക് അനുയോജ്യമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്യും
ലോകം വളരുന്നതിനൊപ്പം ജീവിത രീതികളിലും പ്രവര്‍ത്തന ശൈലികളിലും മാറ്റങ്ങളുണ്ടാവണം. ആധുനിക യുഗത്തിലെ അന്തരീക്ഷം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതാണ്. മാറിവരുന്ന പരിസ്ഥിതികള്‍ നേരിടുന്നതിന്, പല മാറ്റങ്ങളും സംഘടനയില്‍ അംഗീകരിച്ചു നടപ്പാക്കണം. കഴിവുള്ള നേതൃത്വത്തിനു അംഗങ്ങളെ മാറ്റങ്ങളെ ഉള്‍ക്കൊള്ളുവാന്‍ പ്രേരിപ്പിക്കുവാന്‍ സാധിക്കും. സാധാരണക്കാരെന്നും മാറ്റങ്ങള്‍ക്കെതിരായിരിക്കും. പക്ഷേ ശക്തമായ നേതൃത്വം എതിര്‍പ്പുകളെ ഇല്ലാതാക്കുവാന്‍ സാധിക്കും.

വികസിത രാജ്യങ്ങളില്‍ സാമൂഹിക സംഘടനകള്‍ക്ക് ധാരാളം പ്രോത്സാഹനങ്ങള്‍ പണമായും അംഗീകാരങ്ങളുമായി അധികൃതര്‍ നല്‍കുന്നുണ്ട്. അടിസ്ഥാനപരമായ സംഘടന ചട്ടക്കൂടുകള്‍ നിര്‍മ്മിക്കുകയും കാലാകാലങ്ങളില്‍ വാര്‍ഷിക റിപ്പോര്‍ട്ടുകളും സാമ്പത്തിക റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചാല്‍ മാത്രം മതി. നീതിയും ന്യായവും കൈമുതലായുള്ള എല്ലാ വ്യക്തികള്‍ക്കും സാധിക്കുന്നതു തന്നെയാണിത്. അതോടൊപ്പം തന്നെ ചെറുതും വലുതുമായ ധാരാളം ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ ഏജന്‍സികളോടൊത്തു ചേര്‍ന്നു ചെയ്യുവാനുള്ള അവസരങ്ങളും.

അംഗങ്ങളുടെ പെരുമാറ്റ രീതികളില്‍ സ്വാധീനം ചെലുത്തുവാന്‍ സഹായിക്കുന്നു
എല്ലാ സംഘടനകളുടേയും വിജയം അംഗങ്ങളുടെ സഹകരണത്തില്‍ ആശ്രയിച്ചാണിരിക്കുന്നത്. വളരെ വിപുലമായ പദ്ധതികള്‍ വളരെ കൃത്യനിഷ്ഠയോടു കൂടി ആവിഷ്‌കരിച്ചാലും അംഗങ്ങളുടെ സാന്നിദ്ധ്യവും ഭാഗഭാഗിത്വവും ഉറപ്പാക്കുവാന്‍ സാധ്യമായില്ലെങ്കില്‍ പദ്ധതികള്‍ വിജയിക്കാതെ വരികയും സംഘടന പരാജയപ്പെടുകയും ചെയ്യും. വേറിട്ട ചിന്തകളും സ്വഭാവ സവിശേഷതകളുമുള്ള സാധാരണക്കാരായ അംഗങ്ങളെ ഏകോപിപ്പിക്കുവാനും സ്വാധീനിക്കുവാനും അത്രയെളുപ്പമല്ലെങ്കിലും സംഘടനയുടെ പൊതുലക്ഷ്യത്തിലേക്ക് നയിക്കുവാനും പങ്കെടുപ്പിക്കുവാനും സവിശേഷതകളുള്ള നേതൃത്വത്തിന് സാധിക്കും.

വ്യക്തികളില്ലെങ്കില്‍ സമൂഹവുമില്ല നാനാത്വത്തിലേ ഏകത്വമെന്നപോലെ സമൂഹത്തിലെ ഓരോ വ്യക്തികളേയും സംഘടനയ്ക്കും സമൂഹത്തിനും ആവശ്യമുണ്ട്. കൂട്ടത്തിലുള്ള ഒരാളെപ്പോലും നഷ്ടപ്പെടുത്താതെ ഒരുമിപ്പിക്കുവാന്‍ നേതൃത്വത്തിനു സാധിക്കണം. സംഘടനയിലും സമൂഹത്തിലും അംഗങ്ങളായിരിക്കുവാന്‍ യോഗ്യതയുള്ള ഒരാളെപ്പോലും പുറത്താക്കുവാനോ മാറ്റിനിറുത്തുവാന്‍ ശ്രമിക്കാത്തവരായിരിക്കണം നേതാക്കന്മാര്‍.

തങ്ങളുടെ ആവശ്യം നിവര്‍ത്തിക്കുന്നതില്‍ അനുയായികളെ സഹായിക്കുന്നു, പരിശീലിപ്പിക്കുന്നു
നേതാക്കന്മാര്‍ക്കെല്ലാം പരിമിതിയുള്ള കാലാവധികളാണ് ഓരോ സംഘടനയിലുമുള്ളത്. ആത്മാര്‍ത്ഥതയും കര്‍മ്മനിരതരുമായ നേതാക്കന്മാര്‍ തങ്ങള്‍ക്കുശേഷം പ്രളയമെന്നു ചിന്തിക്കാതെ തങ്ങളെപ്പോലെ തന്നെ കഴിവുള്ള നേതൃത്വത്തിനേ വളരെ നേരത്തതന്നെ കണ്ടെത്തി അവര്‍ക്കറിയാവുന്ന സംഘടനാ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുകയും അതിലുപരി സന്തോഷത്തോടെ അധികാരങ്ങള്‍ കാലാകാലങ്ങളില്‍ കൈമാറുകയും ചെയ്യും. എല്ലാ നേതാക്കന്മാര്‍ക്കും പ്രവര്‍ത്തിക്കുവാനുള്ള പരിമിതികളുണ്ട്. തിരിച്ചറിവുള്ള നേതാക്കന്മാര്‍ അവരെക്കാളും കഴിവുള്ള വ്യക്തികളെ കണ്ടെത്തി സംഘടനയുടെ നേതൃത്വത്തിലേയ്ക്ക് എത്തിക്കും.   കഴിവുകളും പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരുമായ വ്യക്തികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ശാന്തമായി പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യവുമൊരുക്കും. ഇങ്ങനെ വ്യക്തികളേക്കാളുപരി സംഘടനയെ സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നവരാണ് ഏറ്റവും മേന്മയേറിയ നേതാക്കന്മാര്‍.

ദേശീയമായും അന്തര്‍ദേശീയവുമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു അംഗങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കും
ലോകത്തിലുടനീളം ധാരാളം നേതാക്കന്മാര്‍ താഴേക്കിടയില്‍ നിന്നും വളരെ ക്രിയാത്മകമായ പ്രവര്‍ത്തനത്തിലൂടെ ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. അവര്‍ക്കിത് സാധ്യമായത് അവസരങ്ങള്‍ ലഭിച്ചതുകൊണ്ട് മാത്രമാണ്. ഓരോ സംഘടനകള്‍ക്കും തങ്ങളുടെ അംഗങ്ങള്‍ക്കുവേണ്ടി ഇതുപോലുള്ള അവസരങ്ങള്‍ സൃഷ്ടിക്കാവുന്നതാണ്. എല്ലാ സംഘടനകള്‍ക്ക് അവരുടേതായ പ്രാഥമിക ലക്ഷ്യങ്ങളുണ്ടെങ്കിലും പ്രവര്‍ത്തന മേഖലകള്‍ വിപുലീകരിക്കാവുന്നതാണ്. പിന്നീട് മറ്റു സമാനമായ സംഘടനകളുമായി സഹകരിച്ചു തങ്ങളുടെ പ്രവര്‍ത്തന മേഖലകള്‍ വളര്‍ത്തുമ്പോള്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് വീണ്ടും അനവധി അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും.

വിശാലമായ പ്രവൃത്തിപരിചയവും ആത്മ ധൈര്യവുമുണ്ടെങ്കില്‍ എല്ലാ വ്യക്തികള്‍ക്കും നേതൃത്വത്തിലേയ്ക്ക് എത്തുവാനും വിജയിപ്പിക്കുവാനും സാധിക്കും. പക്ഷേ നേതൃത്വത്തില്‍ എത്തിയാല്‍ മാത്രം തീരുന്നതല്ല ഉത്തരവാദിത്ത്വങ്ങള്‍. പ്രതിനിധാനം ചെയ്യുന്ന സംഘടനയേയും അംഗങ്ങളേയും വളര്‍ച്ചയുടെയും വിജയത്തിന്റെയും പാതയിലേക്ക് നയിക്കണം. അപ്പോള്‍ മാത്രമാണ് നേതൃത്വം സഫലമാകുന്നതും. നേതാക്കള്‍ക്ക് വിജയം ആഘോഷിക്കുവാന്‍ സാധിക്കുന്നതും. അതിനുള്ള നേതൃത്വ ഗുണഗണങ്ങള്‍ ജന്മനാ ലഭിക്കുന്നതിനുപരി പരിശീലനത്തിലൂടെയും പ്രവര്‍ത്തി പരിചയത്തിലൂടെയും നേടിയെടുക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ ഇനിയുള്ള ആഴ്ചകളില്‍...

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category