1 GBP = 85.00 INR                       

BREAKING NEWS

ലോക് കേരള സഭ ആര്‍ഭാടവും അധികപ്പറ്റുമാകുമ്പോള്‍ പൊടിയു ന്നത് ദശകോടികള്‍; കയ്യടിക്കാന്‍ ദുബൈയില്‍ ആളെക്കിട്ടുമെന്ന്‌ കാണിക്കാന്‍ 15000 പേരെ പങ്കെടുപ്പിക്കാന്‍ ശ്രമം; യാത്രക്കും താമസത്തിനും ലക്ഷങ്ങളാകുമ്പോള്‍ രസിപ്പിക്കാന്‍ ആശാശരത്തും; ആദ്യ സഭയുടെ കാറ്റില്‍ പറന്ന നിര്‍ദ്ദേശങ്ങള്‍ വീണ്ടും ചര്‍ച്ചക്ക്‌

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ധൂര്‍ത്തിന്റെ പേരോ കേരള സര്‍ക്കാര്‍? സര്‍ക്കാറിനെ സ്ഥിരമായി വിമര്‍ശിക്കുന്നവര്‍ ഇങ്ങനെ ചോദിയ്ക്കാന്‍ ഇടയുണ്ടെങ്കിലും ലക്ഷകണക്കിന് പ്രവാസി മലയാളികളെക്കൊണ്ട് ആദ്യമായി ഇങ്ങനെ ചോദിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് കേരള സര്‍ക്കാര്‍. പ്രത്യേകിച്ചും ചിലവിടുന്ന പണത്തിനു കൃത്യമായ കണക്കും പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവും ഉള്ള നാടുകളില്‍ ജീവിക്കുന്ന പ്രവാസി മലയാളികളുടെ മുന്നിലേക്ക് ലോക് കേരള സഭയെന്ന വെള്ളാനയെ ആടയാഭരണങ്ങള്‍ ചുറ്റിച്ചു കേരള സര്‍ക്കാര്‍ വീണ്ടും എഴുന്നെള്ളിക്കുമ്പോള്‍ ധൂര്‍ത്തിന്റെയും ആഡംബരത്തിന്റെയും കെടുകാര്യസ്ഥതയുടെയും ആര്‍ജ്ജവമില്ലായ്മയുടെയും ഒക്കെ കഥകളാണ് ഒരാഴ്ചക്കകം ലോക പ്രവാസി മലയാളി സമൂഹത്തിലേക്ക് എത്തുന്നത്. വേണ്ടത്ര മുന്നൊരുക്കവും പഠനവും ഇല്ലാതെ നടന്ന ആദ്യ ലോക് കേരള സഭയെന്ന പഴി മായും മുന്‍പേ ഒരു വിദേശ രാജ്യത്തു പൂര്‍വാധികം ആഡംബരത്തോടെ രണ്ടാം ലോക് കേരള സഭയ്ക്കു ഈ മാസം 15, 16 തീയതികള്‍ അരങ്ങൊരുമ്പോള്‍ ആദ്യ സഭയുടെ തീരുമാനങ്ങള്‍ക്കു എന്ത് പറ്റി എന്നാരെങ്കിലും ചോദിച്ചാല്‍ അതിനും പഴി കേള്‍ക്കാന്‍ പ്രളയത്തിന് തന്നെ ആയിരിക്കും വിധി.
 
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലോകത്തെ ഏറ്റവും വലിയ ദുരന്തം എന്ന് ഐക്യ രാഷ്ട്ര സഭ പോലും പ്രഖ്യാപിച്ചിട്ടും ആ ദുരന്തത്തില്‍ സകലതും നഷ്ടമായ ആയിരങ്ങളെ ഇപ്പോഴും കൂര പോലും ഇല്ലാതെ പെരുവഴിയില്‍ ഉപേക്ഷിച്ചാണ് കോടികള്‍ ദൂര്‍ത്തടിച്ചു കേരളം ഈ കെട്ടുകാഴ്ച ഒരുക്കിയെടുക്കുന്നത്. ഏകദേശം 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിന് കയ്യടിക്കാന്‍ ആള് പോരാ എന്ന തോന്നലില്‍ ആകണം വെള്ളിയാഴ്ചത്തെ അവധി ദിനം നോക്കി 15000 പേരെങ്കിലും പങ്കെടുക്കണം എന്നാണ് തിരുവന്തപുരത്തു നിന്നും ദുബൈയിലെ ആഘോഷക്കമ്മറ്റിക്കു ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഡാന്‍സും മേളവും ഒന്നും കുറയ്‌ക്കേണ്ട എന്ന നിര്‍ദ്ദേശം കൂടിയായതോടെ ഒരു വേദിയില്‍ എത്താന്‍ ലക്ഷങ്ങള്‍ വാങ്ങുന്ന ആശാ ശരത് ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ തന്നെ ജനക്കൂട്ടത്തെ രസിപ്പിക്കാന്‍ വേദിയില്‍ എത്തും. പണം കൊടുക്കാതെ പോലും നൃത്ത ഇനങ്ങള്‍ ചെയ്യാന്‍ ഗള്‍ഫിലെ അനേകം ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നും സൗജന്യമായി മലയാളി കുട്ടികളെ തന്നെ ലഭിക്കുമ്പോള്‍ ഇതൊക്കെ ദൂര്‍ത്തല്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ പോലും ഏതാനും മാസം മുന്‍പ് ലോകത്തിനു മുന്നില്‍ കൈനീട്ടിയ നാടാണ് കേരളം എന്ന് സൗകര്യപൂര്‍വം സര്‍ക്കാരും സംഘാടകരും മറന്നു കളയും.

അനേകായിരങ്ങള്‍ ഉടുതുണി പോലും ഇല്ലാതെ പ്രളയത്തില്‍ ജീവന്‍ മാത്രം കയ്യില്‍ പിടിച്ചു നീന്തിക്കയറിയ നാടിനു കൈ നല്‍്കാന്‍ ഞങ്ങളുണ്ട് എന്ന് പറഞ്ഞ പ്രവാസി മലയാളികളാണ് ഇപ്പോള്‍ ലജ്ജാഭാരത്തില്‍ തലകുനിക്കുന്നത്. ഇത്തരം ദൂര്‍ത്തുകള്‍ നടത്താന്‍ മനഃസാക്ഷിയുള്ള ഒരു ഭരണാധികാരികള്‍ക്കും കഴിയില്ല എന്നാണ് പ്രളയനാടിനു കൈത്താങ്ങാകാന്‍ എത്തിയ പ്രവാസി സംഘടനകള്‍ ചൂണ്ടികാട്ടുന്നതും. ലോകമൊട്ടാകെയുള്ള പ്രവാസി മലയാളികള്‍ എത്തിച്ച പണം തന്നെയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ കയ്യില്‍ ഉള്ള ഏക മുതല്‍ക്കൂട്ട്. ക്രൗഡ് ഫണ്ടിങ് പോലെയുള്ള ധനസമാഹരണ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ വലിയ ആവേശത്തില്‍ തുടങ്ങിയെങ്കിലും ഒരാള്‍ പോലും തിരിഞ്ഞു നോക്കാത്തവിധം പരാജയപ്പെടുക ആയിരുന്നു അത്തരം സംരഭങ്ങള്‍. സാലറി ചലഞ്ചും കേരളത്തില്‍ നിന്ന് പിരിഞ്ഞതും ഒക്കെ ആവശ്യമുളത്തിന്റെ നൂറില്‍ ഒന്ന് പോലും ഇല്ലാതിരിക്കെയാണ് ലോക് കേരള സഭയുമായി പ്രവാസികളുടെ മുന്നിലേക്ക് തന്നെ കേരള സര്‍ക്കാര്‍ എത്തുന്നത് എന്നതും വിരോധാഭാസമായി മാറുകയാണ്. പ്രളയത്തിന്റെ പേരില്‍ പത്താം ബഡ്ജറ്റ് അവതരിപ്പിച്ച ധനമന്ത്രി പ്രവാസികള്‍ക്കായി പുതുതായി ഒന്നും നല്‍കിയില്ലെങ്കിലും കേമത്തം കാട്ടാന്‍ സര്‍ക്കാരിന് പണം ഒരു പ്രശ്‌നമല്ല എന്ന മട്ടിലാണ് ദുബായ് മുഹ്സിനയിലെ എത്തിഹാദ് അക്കാദമിയില്‍ കേരള സഭയ്ക്ക് വേണ്ടി ആഡംബര വേദി ഒരുക്കിയെടുക്കുന്നത്.

ആദ്യ സഭയില്‍ പങ്കെടുക്കാന്‍ തന്നെ ആവശ്യത്തിലേറെ പണം കയ്യില്‍ ഉള്ള പ്രതിനിധികള്‍ക്ക് യാത്ര ചിലവും ഭക്ഷണവും താമസവും ഒരുക്കിയ സര്‍ക്കാര്‍ നടപടി നിശിതമായ വിമര്‍ശം കേള്‍പ്പിച്ചിരുന്നു. കൃത്യം ഒരു വര്‍ഷം മുന്‍പ് നടന്ന സമ്മേളനത്തിന്റെ തനിയാവര്‍ത്തനം തന്നെയാകും ചിലവിനത്തില്‍  രണ്ടാം സഭയുമെന്നും ഒരുക്കങ്ങള്‍ സൂചിപ്പിക്കുന്നു. വലിയ ആവേശത്തോടെ സര്‍ക്കാര്‍ നടപ്പാക്കി എന്ന് മേനി പറയാന്‍ വിളിച്ച സമ്മേളനത്തില്‍ ഏതെങ്കിലും നിര്‍ദേശം ഇതിനകം നടപ്പാക്കാനായോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. പ്രവാസി മലയാളികളെ ചേര്‍ത്ത് ഓരോ വിദേശ മേഖലക്കുമായി വാണിജ്യ ചേമ്പറുകള്‍, പ്രവാസികളുടെ പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍, ഓരോ വിഭാഗം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി നോര്‍കയില്‍ പ്രത്യേക വിഭാഗങ്ങള്‍, പ്രവാസികളുടെ പണം സ്വരൂപിച്ചു കേരള  വികസന നിധി, പ്രവാസി സംരഭത്തിനുള്ള വായ്പ പദ്ധതി, നിക്ഷേപകര്‍ക്ക് ഏക ജാലക സംവിധാനം, പ്രവാസി സംഘടനകളെ ഉള്‍ക്കൊളിച്ചു ഇന്‍ഷുറന്‍സ് സ്‌കീം, നഴ്‌സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ചൂഷണം നേരിടുന്ന സ്ഥിതി ഇല്ലാതാക്കാല്‍ തുടങ്ങി റബര്‍, പഴം പച്ചക്കറി സംസ്‌കരണ പ്ലാന്റുകള്‍ അടക്കമുള്ള സുന്ദര സ്വപ്നങ്ങളാണ് കഴിഞ്ഞ സമ്മേളനത്തിന്റെ സമാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി എണ്ണിയെണ്ണി പറഞ്ഞത്.

പറഞ്ഞു വന്ന കൂട്ടത്തില്‍ പ്രവാസികള്‍ കൂടുതല്‍ ഉള്ള സ്ഥലത്തു മലയാളം വായിക്കാന്‍ പ്രസിദ്ധീകരണം തുടങ്ങുന്ന കാര്യം വരെ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. ലോകത്തെ വിദേശ ഭാഷകള്‍ കേരളത്തിലുള്ളവര്‍ പഠിക്കുന്നതും തുടര്‍ന്ന് അവര്‍ ടൂറിസം രംഗത്ത് ജോലി ചെയ്യുന്നതും ''ഞാന്‍ പ്രകാശന്‍'' സിനിമയില്‍ ശ്രീനിവാസന്‍ പറഞ്ഞത് പോലെ ജര്‍മന്‍ ഭാഷ പഠിച്ചു ജര്‍മനിയില്‍ ജോലിക്കെത്തുന്ന വിധത്തില്‍ വിദേശ ഭാഷ കൈകാര്യം ചെയ്യുന്നത് പോലും ഒന്നാം ലോക് കേരള സഭയുടെ സ്വപ്നമായിരുന്നു. ഭാഗ്യവശാല്‍ ഇതൊക്കെ എന്ന് നടപ്പിലാക്കും എന്നദ്ദേഹം പറഞ്ഞിരുന്നില്ല. സമയ ബന്ധിത പദ്ധതിയല്ലാത്തതിനാല്‍ കേരള സഭയ്ക്ക് പത്തു വയസായാലും ഒന്നും നടന്നില്ലെങ്കിലും ആര്‍ക്കും ദോഷം പറയാനും സാധിക്കില്ല എന്ന നേട്ടവും ആ പ്രസംഗത്തില്‍ ഉണ്ട്. കഴിഞ്ഞ സഭ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒക്കെ പൊടിതട്ടിയെടുത്തു ഇക്കുറിയും ചര്‍ച്ച ഉണ്ടാകും എന്നുറപ്പാണ്. ആദ്യ ദിവസം പാട്ടും നൃത്തവും ആഘോഷവും ഒകെ കഴിഞ്ഞു രണ്ടാം ദിവസമാണ് ചര്‍ച്ച. എന്നാല്‍ രണ്ടാം ദിവസത്തെ ചര്‍ച്ചക്കെത്തുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ ചിലര്‍ ശനിയാഴ്ച വൈകുന്നേരത്തെ കേരള ഫ്‌ളൈറ്റുകളില്‍ ടിക്കറ്റ് എടുത്തിട്ടുണ്ടെന്ന വിവരം കൂടി ലഭിക്കുമ്പോള്‍ രണ്ടാം വര്‍ഷ ചര്‍ച്ചയുടെ ഗൗരവവും ലഭ്യമാകുകയാണ്.

പ്രവാസി വ്യവസായിയും നോര്‍ക്ക അംഗവുമായ മുസ്തഫയ്ക്കാണ് ഇത്തവണ നടത്തിപ്പ് ചുമതല. ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും സമ്മേളനം പ്രതീക്ഷിക്കുന്ന വിജയമാകുമോ എന്ന് സംഘാടകര്‍ക്ക് പോലും നിശ്ചയമില്ലെന്നാണ് ദുബൈയില്‍ നിന്നും ലഭ്യമായ വിവരം. സമ്മേളനം ഒരാഴ്ച അരികില്‍ എത്തിയിട്ടും രണ്ടാം ദിവസത്തെ ചര്‍ച്ച വിഷയങ്ങള്‍ സംബന്ധിച്ച അന്തിമ രൂപരേഖ കഴിഞ്ഞ ദിവസം വിളിച്ച പത്രസമ്മേളനത്തില്‍ പോലും നല്‍കാന്‍ കഴിഞ്ഞില്ല എന്നിരിക്കെ ഒരുക്കങ്ങള്‍ സംബന്ധിച്ച കൃത്യമായ ധാരണയാണ് പുറം ലോകത്തിനു ലഭിക്കുന്നത്. ലോക് കേരള സഭയിലെ ഏഴു കമ്മറ്റികളും തങ്ങളുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും എന്നാണ് കോ ഓഡിനേറ്റര്‍ എം കെ കുഞ്ഞിമുഹമ്മദ് മാധ്യമങ്ങളെ അറിയിച്ചത്. കാലാകാലങ്ങളായി പരാതിയായി പറയുന്ന മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ ഉള്ള ചിലവ്, മടങ്ങി പോകുന്നവരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങള്‍ തന്നെയാണ്്് സംഘാടകരുടെ മനസ്സില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഈ സമ്മേളനം ചിലവാക്കുന്ന പണം ഉണ്ടെങ്കില്‍ ഇത്തരം പ്രശനങ്ങള്‍ ഭംഗിയായി പരിഹരിക്കാം എന്നിരിക്കെ പുതിയ വിഷയങ്ങള്‍ക്ക് സമയം കളയാന്‍ ആര്‍ക്കും താല്‍പ്പര്യം ഇല്ലെന്നാണ് സംഘാടകരുടെ വെളിപ്പെടുത്തലില്‍ തെളിയുന്നത്.

ആദ്യ സമ്മേളനത്തിന്റെ ആവേശം എടുത്തു കാട്ടാന്‍ പറ്റുന്ന ഒന്നും മുന്നോട്ടു വയ്ക്കാന്‍ ഇല്ലാത്ത സാഹചര്യത്തില്‍ സമ്മേളനം ഏതു വിധത്തില്‍ ആവേശഭരിതമാക്കും എന്ന അങ്കലാപ്പാണ് സംഘാടകര്‍ക്ക്. പ്രത്യേകിച്ചും പ്രവാസി കോണ്‍ഗ്രസുകാര്‍ അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നല്‍കിയ കൂറ്റന്‍ വരവേല്‍പ്പ് ഏവരുടെയും മനസ്സില്‍ നില്‍ക്കെ തീരെ നിറം മങ്ങിയാല്‍ ലോക് കേരള സഭയുടെ തുടര്‍ പ്രവര്‍ത്തനം പോലും പ്രയാസത്തിലാകും എന്ന മുന്നറിയിപ്പാണ് തിരുവന്തപുരത്തു നിന്നും സംഘാടകര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതിനാല്‍ സംഘാടകര്‍ സമ്മേളനം പ്രസ്റ്റീജ് വിഷയമാക്കണം എന്നും സന്ദേശങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ഗള്‍ഫില്‍ നേതാക്കള്‍ എത്തിയാല്‍ ഇരമ്പിയെത്തുന്ന സാധാരണക്കാരിലാണ് സംഘാടകര്‍ക്കും സര്‍ക്കാരിനും പ്രതീക്ഷ. ഒന്നും നല്‍കിയില്ലെങ്കിലും മലയാളികള്‍ എല്ലാക്കാലത്തും ഈ ആശ്രിത മനോഭാവം പുലര്‍ത്തിക്കൊള്ളും എന്ന സര്‍ക്കാരിന്റെ മനോഭാവം അടുത്തെങ്ങും മാറാന്‍ പോകുന്നില്ല എന്ന് കൂടിയാണ് ദശ കോടികള്‍ വൃഥാവിലാക്കുന്ന രണ്ടാം കേരള ലോക് സഭ തെളിയിക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category