1 GBP = 87.50 INR                       

BREAKING NEWS

നാളെ ദൈവത്തിന്റെ മുമ്പില്‍ നീയായിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടത്! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികനെ ന്യായീകരിക്കാന്‍ രംഗത്തിറങ്ങിയ സണ്‍ഡേ ശാലോം പത്രാധിപര്‍ ഒടുവില്‍ കുറ്റമെല്ലാം മാധ്യമങ്ങളുടെ പുറത്തു ചാരുന്നത് റോബിനച്ചനെ നിരപരാധിയാക്കാന്‍ കഴിയില്ലെന്നു ഉറപ്പായതോടെ; പെണ്‍കുട്ടിയും മാതാപിതാക്കളും കൂറു മാറിയിട്ടും കൊട്ടിയൂര്‍ പീഡന കേസിലെ പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതോടെ തലയൂരാന്‍ മറുനാടന്‍ അടക്കമുള്ള മാധ്യമങ്ങളെ പേരു പറഞ്ഞ് വിമര്‍ശിച്ചു ബെന്നി പുന്നത്തറയും ശാലോമും

Britishmalayali
kz´wteJI³

കോട്ടയം: പീഡനത്തിന് ഇരകളായവര്‍ക്കൊപ്പമാണ് സഭാ നേതൃത്വമെന്ന് യുഎഇ സന്ദര്‍ശന വേളയിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ റോബിന്‍ അച്ചനെ സംരക്ഷിക്കാന്‍ കത്തോലിക്കാ സഭയുടെ വിവധ കേന്ദ്രങ്ങളില്‍ നിന്നും ശ്രമം ഉണ്ടായിരുന്നു. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും വൈദികനെ വെള്ളപൂശി രംഗത്തുവന്നിരുന്നു. എന്നാല്‍, കേസ് വിചാരണ പൂര്‍ത്തിയായി വിധി പറയുന്ന ഘട്ടത്തിലേക്ക് എത്തിയതോടെ റോബിന്‍ അച്ചന്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെ വൈദികനെ വെള്ളപൂശാന്‍ രംഗത്തിറങ്ങിയ സണ്‍ഡേ ശാലോം പ്രസിദ്ധീകരണം മലക്കം മറിഞ്ഞു രംഗത്തെത്തി.

റോബിന്‍ അച്ചന്റെ വിഷയം വിവാദമാക്കിയത് അടക്കം എല്ലാ കുറ്റങ്ങളും മാധ്യമങ്ങളുടെ പെടലിക്ക് വെ്ച്ചുകൊണ്ടാണ് ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തറ ഒടുവില്‍ രംഗത്തുവന്നത്. 'സണ്‍ഡേ ശാലോം'. പ്രസിദ്ധീകരണത്തിന്റെ ഫേസ്ബുക്ക് പേജിലാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. 2017 മാര്‍ച്ച് ആദ്യവാരം ഫാ.റോബിനെ ന്യായീകരിച്ചും ഇരയായ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിയും സണ്‍ഡേ ശാലോം വെബ്‌സൈറ്റില്‍ വന്ന ലേഖനം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. 'വൈദികനും നേരെ ചൂണ്ടുവിരല്‍ ഉയരുമ്പോള്‍' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ പീഡനം നടന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കാണെന്ന മട്ടിലായിരുന്നു വിമര്‍ശനം. 'നാളെ ദൈവത്തിന്റെ മുന്നില്‍ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ, ഒരു വൈദികന്‍ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?' തുടങ്ങിയ വിവാദ പരാമര്‍ശങ്ങള്‍ വന്നിരുന്നു. ഇതാണ് മാധ്യമങ്ങള്‍ അന്ന് ഉയര്‍ത്തികാട്ടിയത്.

എന്നാല്‍ ഈ ലേഖനം അന്ന് മാധ്യമങ്ങള്‍ വിവാദമാക്കുകയും ചെയ്തു. ഇപ്പോള്‍ റോബിന്‍ അച്ചനെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകള്‍ ണ്ടെന്ന് വ്യക്തമായതോടെ ശിക്ഷിക്കുമെന്നത് ഉറപ്പാണ്. ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും പെണ്‍കുട്ടിയും മൊഴി മാറ്റിയിരുന്നു. എങ്കിലും ഡിഎന്‍എ പരിശോധനയില്‍ എല്ലാ കൂറുമാറ്റങ്ങളും പൊളിയുന്ന തെളിവുണ്ടായതോടെ അച്ചന്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെയാണ് ഇവര്‍ മറുകണ്ടം ചാടി ബെന്നി പുന്നത്തറ രംഗത്തുവന്നത്. സണ്‍ഡേ ശാലോമിന്റെ ചീഫ് എഡിറ്ററാണ് ബെന്നി പുന്നത്തറ. ലേഖനത്തെ എഡിറ്റോറിയല്‍ ആയി ചിത്രീകരിച്ചുവെന്നും ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തറയുടെ പേരില്‍ ലേഖനം ചാര്‍ത്തിക്കൊടുത്തുവെന്നും ഇതിന്റെ പേരില്‍ രണ്ടു വര്‍ഷത്തോളമായി ചീഫ് എഡിറ്ററും സണ്‍ഡേ ശാലോമും പഴി കേട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്നത്.

കൊട്ടിയൂര്‍ കേസിന്റെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പഴികേട്ട് മാനസികമായി തളര്‍ന്ന അനേകായിരം പുരോഹിതരെ ആശ്വസിപ്പിക്കുക മാത്രമാണ് രണ്ടു വര്‍ഷം മുന്‍പ് ലേഖനം പോസ്റ്റ് ചെയ്ത വ്യക്തി ലക്ഷ്യം വച്ചത്. വ്യത്യസ്ത കോണുകളിലൂടെ നോക്കികണ്ട പലരുടേയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ മകളുടെ സ്ഥാനത്ത് ആ പെണ്‍കുട്ടിയെ കണ്ട് വികാരനിര്‍ഭരമായ കുറിപ്പ് എഴുതിയ ദേവി മേനോന്‍ എന്ന സ്ത്രീയുടെ ചില വാചകങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഈ ലേഖനം വ്യക്തിപരമാണെന്നും ശാലോമിനോ ബെന്നി പുന്നത്തറയ്‌ക്കോ അതുമായി ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയിരുന്നുവെന്നും ഈ മാസം രണ്ടിന് ഫേസ്ബുക്കില്‍ സണ്‍ഡേ ശാലോം എഡിറ്റോറിയല്‍ ടീം പോസ്റ്റു ചെയ്തിരിക്കുന്നത്.

പിന്നീട് അങ്ങോട്ട് പോസ്റ്റില്‍ ഉടനീളം മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമാണ്. ചില ചാനല്‍ മാധ്യമപ്രവര്‍ത്തകരെ പേരെടുത്ത് പറഞ്ഞും വിമര്‍ശിക്കുന്നുണ്ട്. ''അതിന് ശേഷം രണ്ട് വര്‍ഷങ്ങളോളമായിട്ടും, നമ്മുടെ ചില മാധ്യമങ്ങളിലെ ചര്‍ച്ചാ അവതാരകര്‍ തങ്ങളുടെ നുണകളെ ലജ്ജയില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം നല്‍കുവാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്.

കഴുകന്‍ കണ്ണുകളോടെ, ദുഷിച്ചതും അഴുകിയതും മാത്രം തിരയുന്ന, സകലത്തിലും തിന്മ മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന, തിന്മയെ നന്മയും, നന്മയെ തിന്മയുമാക്കി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കറുത്ത മാധ്യമത്തിന്റെ ഗൂഢാലോചനയായിരുന്നു ഇത്തരം ഒരു വിവാദത്തിന് വഴിവച്ചത്. ഒരു അച്ചടിമാധ്യമത്തിന്റെ എഡിറ്റോറിയല്‍ എന്നാല്‍ എന്താണെന്ന് അറിയാത്തവര്‍ ആയിരുന്നില്ല ഈ വിഷയം വിവാദമാക്കാനും, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളോളമായി അത് കെട്ടടങ്ങാതെ സൂക്ഷിക്കുവാനും ശ്രദ്ധിച്ച മാധ്യമഗുണ്ടകള്‍. അവരെ പിന്തുടര്‍ന്ന് വിഷയം ഏറ്റുപിടിച്ച മറ്റുചില മാധ്യമങ്ങളും നിര്‍ലജ്ജം ഇതേ കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. പലര്‍ക്കും പലവിധ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് നാം തിരിച്ചറിയണം. ചിലര്‍ ശാലോമിന്റെ മറവില്‍ സഭയെ ആക്രമിച്ചപ്പോള്‍, മറ്റുചിലര്‍ സ്ഥാപിത താത്പര്യങ്ങളോടെ ശാലോമിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.''- ഇങ്ങനെ പോകുന്നു പോസ്റ്റിലെ വിമര്‍ശനങ്ങള്‍.

അതേസമയം, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ ലേഖനത്തിന്റെ പേരില്‍ മാധ്യമങ്ങളെ കടന്നാക്രമിക്കാന്‍ സണ്‍ഡേ ശാലോം കാണിക്കുന്ന വ്യഗ്രതയില്‍ സംശയം ഉയരുകയാണ്. കൊട്ടിയൂര്‍ കേസില്‍ ഈ മാസം 16ന് കോടതി വിധി പറയാനിരിക്കുകയാണ്. ഇരയുടെയും സാക്ഷികളുടെയും മൊഴികള്‍ കോടതിയില്‍ തിരുത്തിപറയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളില്‍ വ്യക്തമായിരുന്നു. എന്നാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോള്‍ ഈ മൊഴിമാറ്റത്തിന് വിധിയെ കാര്യമായി സ്വാധീനിക്കാന്‍ കഴിയില്ലെന്നിരിക്കേ ഒരു മുഴം മുന്‍പേ എറിഞ്ഞ് നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് പ്രസിദ്ധീകരണം.

സണ്‍ഡേ ശാലോവും മറ്റ് ശാലോം പ്രസിദ്ധീകരണങ്ങള്‍ക്കും വിശ്വാസികള്‍ക്ക് ഇടയില്‍ വലിയ സ്വാധീനമുണ്ട്. അത്തരമൊരു പ്രസിദ്ധീകരണത്തില്‍ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കം പരിശോധിക്കേണ്ട ബാധ്യത എഡിറ്റോറിയല്‍ സംഘത്തിനില്ലേ എന്ന ചോദ്യവും ഉയരുന്നു. വിശ്വാസികള്‍ വളരെ താല്‍പര്യത്തോടെ വായിക്കുന്ന ഇത്തരം പ്രസിദ്ധീകരണത്തില്‍ ഓരോരുത്തരേയും അവരവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ലേഖനം എഴുതാന്‍ അനുവദിക്കുന്നത് ശരിയാണോ? പ്രസിദ്ധീകരണത്തിന്റെ പൊതുവായ നയത്തിന് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ശാലോം പോലെയുള്ള സ്ഥാപനം അനുവദിക്കുന്നതും ശരിയാണോ? ഒരു പ്രസിദ്ധീകരണത്തില്‍ വരുന്ന ലേഖനത്തിന്റെ ഉത്തരവാദിത്തം ലേഖകന്‍ ഏറ്റെടുക്കാത്ത പക്ഷം പ്രസാധകന്‍ അതിനു മറുപടി പറയാന്‍ ബാധ്യസ്ഥന്‍ തന്നെയാണ്. കോടതിയില്‍ ഒരു വ്യവഹാരം എത്തിയാല്‍ പ്രസാധകന് ഒഴിഞ്ഞുമാറാന്‍ കഴിയില്ല എന്നോര്‍മ്മ വേണം.

ലേഖനത്തിന് ശാലോം നിലപാടുമായി ഒരു ബന്ധവുമില്ലെങ്കില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ആദ്യം എഡിറ്റ് ചെയ്യുകയും പിന്നീട് പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തതും എന്തിന്? 2017 ഫെബ്രുവരി കഴിഞ്ഞാല്‍ പിന്നീട് ഓഗസ്റ്റിലാണ് എഡിറ്റോറിയല്‍ നല്‍കിയിരിക്കുന്നത്. അഞ്ചു മാസത്തെ എഡിറ്റോറിയല്‍ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത് എന്തിനാണ്? 2017 മാര്‍ച്ച് രണ്ടു മുതല്‍ ഈ ലേഖനത്തിന്റെ പേരില്‍ ശാലോം പഴി കേള്‍ക്കുന്നു എന്നു പറയുന്ന എഡിറ്റോറിയല്‍ ടീം അത്തരമൊരു എഡിറ്റോറിയല്‍ എഴുതിയിരുന്നില്ലെന്ന് അന്ന് പത്രത്തിലൂടെ വിശദീകരണം നല്‍കിയിരുന്നുവെന്ന് പറയുന്നു. എന്നാല്‍ ലേഖനം വന്നിട്ടില്ലെന്ന കാര്യം നിഷേധിക്കുന്നുമില്ല. ലേഖനവുമായി അവര്‍ക്ക് ബന്ധമില്ലെങ്കില്‍ അത് പേജില്‍ തന്നെ തുടരാന്‍ അനുവദിക്കുന്നതില്‍ എന്താണ് അപാകത?

ശാലോം ലേഖനം പൊതുസമൂഹം മറന്നിരിക്കുമ്പോള്‍ കേസില്‍ വിധി വരാനിരിക്കേ നല്‍കിയിരിക്കുന്ന വിശദീകരണം പല തരത്തിലുള്ള സംശയങ്ങളും ഉയര്‍ത്തുന്നു. ഒന്നുകില്‍ കേസ് അട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിധി വരുമ്പോള്‍ ഫലം കാണുമെന്ന വിശ്വാസമായിരിക്കാം. അല്ലെങ്കില്‍ കേസിന്റെ തുടക്കം മുതല്‍ നടത്തിയ പരിശ്രമങ്ങള്‍ എല്ലാം പാഴായി പോകുമെന്ന് നിയമവിദഗ്ധരില്‍ സൂചന ലഭിച്ചിരിക്കാം. ഇതോടെ ഒരു മുഴം മുന്‍പേ എറിഞ്ഞ് കൈകഴുകാം എന്ന ചിന്തയാകാം. എന്തിന്റെ പേരിലായാലും എല്ലാവര്‍ക്കും അവസാനം പഴിക്കാനുള്ളത് മാധ്യമങ്ങളെ മാത്രമാണ്.

കത്തോലിക്കാ സഭയില്‍ അടുത്തകാലത്തായി പീഡന കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. മറിയക്കുട്ടി കേസ് മുതല്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസ് വരെ ഇതിലുണ്ട്. ഓരോ തവണയും കേസുകള്‍ ഉയരുമ്പോള്‍ അത് മൂടിവയ്ക്കാനും ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനും സഭയിലെ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ് ഇവരുടെ എല്ലാം പൊതുശത്രുവായി മാധ്യമങ്ങള്‍ മാറാന്‍ കാരണം. മാധ്യമങ്ങളുടെ ശക്തമായ ഇടപെടല്‍ മാത്രമാണ് ഈ കേസുകളില്‍ എല്ലാം പ്രതികള്‍ നിയമത്തിനു മുന്നില്‍ നില്‍ക്കേണ്ടിവന്നത് എന്ന തിരിച്ചറിവ് ഇവര്‍ക്കുണ്ട്. വിമര്‍ശനം ഉള്‍ക്കൊണ്ട് സ്വയം തിരുത്തലിന് സഭാ നേതൃത്വം തയ്യാറായിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്ക് വിരല്‍ചൂണ്ടാന്‍ അവസരം ലഭിക്കുമായിരുന്നോ എന്ന് ഇവര്‍ ചിന്തിക്കുന്നുമില്ല.

സണ്‍ഡേ ശാലോം പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സണ്‍ഡേ ശാലോം ചീഫ് എഡിറ്റര്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ കൊട്ടിയൂര്‍ പീഡനത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെ തെറ്റുകാരിയാക്കി ചിത്രീകരിച്ചുവോ?

സണ്‍ഡേ ശാലോം എഡിറ്റോറിയലിലൂടെ കുറ്റവാളിയായ വൈദികനെ നിരപരാധിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നോ?

2017 മാര്‍ച്ച് മാസം മുതല്‍ ഏതാണ്ട് രണ്ടു വര്‍ഷങ്ങളോളമായി ശ്രീ ബെന്നി പുന്നത്തറയും, സണ്‍ഡേ ശാലോമും പഴികേള്‍ക്കുന്നതിന് പിന്നിലെ സത്യം എന്താണ്?

2017 മാര്‍ച്ച് രണ്ടാം തിയ്യതി മുതല്‍ അനാവശ്യവിവാദത്തിനിടയാക്കിയ സംഭവങ്ങളിലേയ്ക്ക് വരാം. അതിനു പിന്നില്‍, ഒരു എഡിറ്റോറിയാലോ, ശ്രീ ബെന്നി പുന്നത്തറ എഴുതിയ ലേഖനമോ, സണ്‍ഡേ ശാലോമില്‍ അച്ചടിക്കപ്പെട്ട ഒരു ആര്‍ട്ടിക്കിളോ ആയിരുന്നില്ല ഉണ്ടായിരുന്നത്. വിവാദ കാരണമായി മാറിയ ലേഖനം, ആ കാലഘട്ടങ്ങളില്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന പൗരോഹിത്യത്തെ വിഷയമാക്കി, സണ്‍ഡേ ശാലോമിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു. ആ ദിവസങ്ങളില്‍ ഫേസ്ബുക്കിലും മറ്റും അനേകര്‍ ഷെയര്‍ ചെയ്ത ചില കുറിപ്പുകളിലൂടെ, അനാവശ്യമായി പഴികേള്‍ക്കാനിടയായ, മാനസികമായി തളര്‍ന്ന അനേകായിരം പുരോഹിതരെ ആശ്വസിപ്പിക്കുക മാത്രമാണ് അത് പോസ്റ്റ് ചെയ്ത വ്യക്തി ലക്ഷ്യം വച്ചത്. ഒപ്പം, ഇത്തരമൊരു സംഭവത്തെയും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും വ്യത്യസ്ഥ വീക്ഷണകോണുകളിലൂടെ നോക്കിക്കണ്ട ചിലരുടെ ആശയങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

തന്റെ മകളുടെ സ്ഥാനത്ത് ആ പെണ്‍കുട്ടിയെ കണ്ട് വികാരനിര്‍ഭരമായ ഒരു കുറിപ്പെഴുതിയ ദേവി മേനോന്‍ എന്ന സ്ത്രീയുടെ ചില വാചകങ്ങളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ആ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി, ചീഫ് എഡിറ്ററുടെ വാക്കുകളായി ഉദ്ധരിക്കുകയും വെബ്‌സൈറ്റില്‍ വന്ന കുറിപ്പിനെ പത്രത്തിന്റെ എഡിറ്റോറിയല്‍ എന്ന നിലയില്‍ വ്യാജമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചില മാധ്യമഭീകരര്‍ ഇല്ലാത്ത ഒരു വാര്‍ത്ത സൃഷ്ടിച്ചത്. ഇത്തരമൊരു ലേഖനം, ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രമാത്രം വലിയ വിവാദമായി മാറിയത് എങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. അനാവശ്യ ചര്‍ച്ചകള്‍ കണ്ട്, ദേവി മേനോന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഇതിനെതിരെ പ്രതികരിക്കുകയും, അത് തന്റെ വ്യക്തിപരമായ നിലപാട് ആണെന്നും ശാലോമിനോ ബെന്നി പുന്നത്തറയ്‌ക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവിച്ചിരുന്നു. അതിന് ശേഷം രണ്ട് വര്‍ഷങ്ങളോളമായിട്ടും, നമ്മുടെ ചില മാധ്യമങ്ങളിലെ ചര്‍ച്ചാ അവതാരകര്‍ തങ്ങളുടെ നുണകളെ ലജ്ജയില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം നല്‍കുവാന്‍ ഞങ്ങള്‍ നിര്‍ബ്ബന്ധിതരായിരിക്കുന്നത്.

കഴുകന്‍ കണ്ണുകളോടെ, ദുഷിച്ചതും അഴുകിയതും മാത്രം തിരയുന്ന, സകലത്തിലും തിന്മ മാത്രം കണ്ടെത്താന്‍ ശ്രമിക്കുന്ന, തിന്മയെ നന്മയും, നന്മയെ തിന്മയുമാക്കി ചിത്രീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു കറുത്ത മാധ്യമത്തിന്റെ ഗൂഢാലോചനയായിരുന്നു ഇത്തരം ഒരു വിവാദത്തിന് വഴിവച്ചത്. ഒരു അച്ചടിമാധ്യമത്തിന്റെ എഡിറ്റോറിയല്‍ എന്നാല്‍ എന്താണെന്ന് അറിയാത്തവര്‍ ആയിരുന്നില്ല ഈ വിഷയം വിവാദമാക്കാനും, കഴിഞ്ഞ രണ്ടു വര്‍ഷങ്ങളോളമായി അത് കെട്ടടങ്ങാതെ സൂക്ഷിക്കുവാനും ശ്രദ്ധിച്ച മാധ്യമഗുണ്ടകള്‍. അവരെ പിന്തുടര്‍ന്ന് വിഷയം ഏറ്റുപിടിച്ച മറ്റുചില മാധ്യമങ്ങളും നിര്‍ലജ്ജം ഇതേ കള്ളങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഉണ്ടായത്. പലര്‍ക്കും പലവിധ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് നാം തിരിച്ചറിയണം. ചിലര്‍ ശാലോമിന്റെ മറവില്‍ സഭയെ ആക്രമിച്ചപ്പോള്‍, മറ്റുചിലര്‍ സ്ഥാപിത താത്പര്യങ്ങളോടെ ശാലോമിനെതിരെയുള്ള ദുഷ്പ്രചരണങ്ങള്‍ ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പത്രത്തിന്റെ പ്രിന്റ് എഡീഷനില്‍ വരുന്ന എഡിറ്റോറിയലുകള്‍ തന്നെയാണ് ഓണ്‍ലൈനിലും എഡിറ്റോറിയല്‍ കോളത്തില്‍ നല്‍കുന്നത്. ഈ പംക്തിയില്‍ ഇതുവരെയും ഫാ. റോബിനുമായി ബന്ധപ്പെട്ട യാതൊരു വിഷയങ്ങളും സണ്‍ഡേ ശാലോമിന്റെ ഇന്ത്യന്‍, യൂറോപ്യന്‍, അമേരിക്കന്‍ എഡീഷനുകളില്‍ ഇതുവരെ പ്രതിപാദിച്ചിട്ടുമില്ല. എന്നിട്ടും വെബ്‌സൈറ്റില്‍ നല്‍കിയ ഒരു ചെറു ലേഖനത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് എഡിറ്റോറിയലായി അവതരിപ്പിച്ച്, സണ്‍ഡേ ശാലോമിനെയും ചീഫ് എഡിറ്ററെയും അവഹേളിച്ചതിന്റെ പിന്നിലെ ഗൂഡലക്ഷ്യം എന്തായിരിക്കും? ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രമാത്രം വലിയ വിവാദമായി മാറിയതിന്റെ കാരണം എന്താണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

ദുരാരോപണങ്ങളും വ്യാജവാര്‍ത്തകളും പതിവാക്കിയ, ധാര്‍മ്മിക അടിത്തറയില്ലാത്ത ഒരു വര്‍ഗത്തോട് മല്‍പ്പിടുത്തം നടത്തുന്നത് വിവേകശൂന്യതയാണ് എന്ന ബോധ്യത്തില്‍ നിന്നുകൊണ്ടാണ് ഇതുവരെയും ഞങ്ങള്‍ നിശബ്ദത പാലിച്ചത്. എന്നാല്‍, സമീപകാലങ്ങളില്‍ ക്രൈസ്തവ സമൂഹങ്ങളെ നിരന്തരം വേട്ടയാടുന്നതിന്റെ തുടര്‍ച്ചയായി ഈ ദുരാരോപണം പതിവായി ആവര്‍ത്തിച്ചുകൊണ്ട് ഈ വലിയ വിശ്വാസിസമൂഹത്തെതന്നെ ചിലര്‍ അപമാനിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെപ്പേരെ തെറ്റിദ്ധരിപ്പിക്കുവാന്‍ ചാനലുകളിലെ വ്യാജവാര്‍ത്താവിദഗ്ദരായ ചര്‍ച്ചാവതാരകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് തുടര്‍ന്നുകൂടാ.

ഇങ്ങനെ ഒരു എഡിറ്റോറിയല്‍ സണ്‍ഡേ ശാലോം എഴുതിയിട്ടില്ല എന്ന് വിവാദങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ പത്രത്തിലൂടെ ഞങ്ങള്‍ വിശദമാക്കിയിരുന്നു. അത് അവഗണിച്ചുകൊണ്ട് വീണ്ടും ജനത്തെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രദ്ധിക്കുന്ന വ്യാജ വാര്‍ത്താഅവതാരകര്‍ക്കായി ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വ്യക്തമാക്കട്ടെ,

//ഫാ. റോബിന് അനുകൂലമായോ പ്രതികൂലമായോ സണ്‍ഡേ ശാലോം ഒരു എഡിറ്റോറിയല്‍ എഴുതിയിട്ടില്ല.

//സണ്‍ഡേ ശാലോമിന്റെ വെബ്‌സൈറ്റില്‍ വന്ന ലേഖനത്തിന്റെ വിഷയം, ഒരു വൈദികനുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ എല്ലാ വൈദികരെയും മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നത് മാത്രം.

//സോഷ്യല്‍ മീഡിയയില്‍ വൈദികരെയെല്ലാം അടച്ചാക്ഷേപിക്കുന്ന കമന്റുകള്‍ക്കിടയില്‍ വ്യത്യസ്ഥമായ ചുരുക്കം ചില ചിന്തകള്‍ കണ്ടപ്പോള്‍, അതിന്റെ ഉദാഹരണമായി ദേവി മേനോന്‍ എന്ന സഹോദരി ഇരയായ പെണ്‍കുട്ടിക്കുള്ള ഉപദേശ രൂപേണ എഴുതിയ കത്തിലെ രണ്ടു വാചകങ്ങള്‍ ഉദ്ധരിച്ചിരുന്നു. അവരുടെ വാക്കുകളെ അനുകൂലിച്ചോ, പ്രതികൂലിച്ചോ യാതൊരുവിധ പ്രസ്താവനകളും മേല്‍പ്പറഞ്ഞ ലേഖനത്തില്‍ ഉണ്ടായിരുന്നതുമില്ല. സോഷ്യല്‍ മീഡിയയിലെ വേറിട്ട ചില ചിന്തകള്‍ക്ക് ഉദാഹരണമായി അത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

//വെബ്‌സൈറ്റിലെ ഈ ലേഖനത്തെ സണ്‍ഡേ ശാലോം പത്രത്തിന്റെ എഡിറ്റോറിയലായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഏഷ്യാനെറ്റിലെ ശ്രീ വിനു ചെയ്തതും തികച്ചും അധാര്‍മ്മികമായ ഒരു പ്രവൃത്തിയാണ്. മേല്‍പ്പറഞ്ഞ വാസ്തവങ്ങള്‍ മറച്ചുവച്ച്, ലേഖനത്തിലെ മിക്ക ഭാഗങ്ങളും വിട്ടുകളഞ്ഞ് ചില വാക്കുകള്‍ മാത്രം ചീഫ് എഡിറ്ററുടേതായി അദ്ദേഹം അവതരിപ്പിക്കുകയാണ് ഉണ്ടായത്. മറ്റു ചില ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇതേ ശൈലി തന്നെയാണ് സ്വീകരിച്ചത്. ഇതുവഴി സണ്‍ഡേ ശാലോമിനെയും ചീഫ് എഡിറ്ററെയും ജനമദ്ധ്യത്തില്‍ അവഹേളിക്കുവാന്‍ കൂടി അവര്‍ നടത്തിയശ്രമം അപലപനീയമാണ്.

മാധ്യമപ്രവര്‍ത്തനം മഹാപാപം എന്ന് പറയത്തക്ക വിധം നമ്മുടെ ചാനല്‍ ചര്‍ച്ചകള്‍ തരംതാണു കഴിഞ്ഞിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ, വര്‍ഗീയ, കച്ചവട ലക്ഷ്യങ്ങള്‍ക്ക് വേണ്ടി എത്രയോപേരുടെ സല്‍പ്പേര് ഇവര്‍ തകര്‍ക്കുന്നു? നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്ന ഇവര്‍ക്ക് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ഇത്തരത്തില്‍ ചിലരുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഗൂഡശ്രമങ്ങളെ ശരിയായി വിലയിരുത്തിക്കൊണ്ട് അത്തരക്കാരുടെ കാപട്യത്തെ തുറന്നുകാണിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. മാധ്യമ രംഗത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന തിന്മയുടെ ഇരുണ്ട ശക്തികളെ തോല്‍പ്പിച്ച് സുന്ദരമായ ഒരു ലോകം പണിതുയര്‍ത്തുവാനായി നമുക്ക് കൈകോര്‍ക്കാം.

സണ്‍ഡേ ശാലോം എഡിറ്റോറിയല്‍ ടീം''

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category