1 GBP = 87.50 INR                       

BREAKING NEWS

പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിന്റെ ചതിയില്‍പെട്ട് ദുബായിലെ ബിസിനസുകളടക്കം സര്‍വതും നഷ്ടമായി; നാട്ടില്‍ എത്തിയപ്പോള്‍ ആശ്രമത്തില്‍ നിന്ന് നേരിട്ടത് തുടര്‍ച്ചയായി തിക്താനുഭവങ്ങളും വധഭീഷണിയും; സര്‍വവും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കില്‍ മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ്; തങ്ങളുടെ ഭാഗത്തുനിന്ന് പിഴവില്ലെന്നും എല്ലാം വ്യവസായിയുടെ കുഴപ്പമെന്നും ശാന്തിഗിരി ആശ്രമം

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: പോത്തന്‍കോട് ശാന്തിഗിരി ആശ്രമം അധികൃതര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത് വഴിയാധാരമാക്കിയെന്നും കരാര്‍ വഞ്ചനയിലൂടെ ഗള്‍ഫില്‍ ജയിലാക്കിലെന്നും ആരോപിച്ച് മലയാളിയായ പ്രവാസി വ്യവസായി തുളസിദാസ് രംഗത്ത്. ആശ്രമത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് തുളസീദാസ് ഉന്നയിക്കുന്നത്.പത്ത് വര്‍ഷം മുന്‍പ് ഏര്‍പ്പെട്ട കരാറിനെ തുടര്‍ന്ന് ആശ്രമം ചതിക്കുകയും ദുബായിലെ ബിസിനസുകള്‍ അന്യാധീനപ്പെടുകയും അവിടെ ഒന്നര വര്‍ഷം ജയില്‍ വാസം അനുഭവിക്കേണ്ടി വന്നുമെന്നുമാണ് തുളസിദാസ് പറയുന്നത്.

ആശ്രമത്തിന്റെ ഉത്പ്പന്നങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ വിറ്റഴിക്കാനാണ് 2007-ല്‍ തുളസിദാസ് കരാറില്‍ ഒപ്പുവെച്ചത്. ഒരു ലക്ഷത്തി എഴുപതിനായിരം ദിര്‍ഹമിന്റെ ഉത്പ്പന്നങ്ങള്‍ കപ്പല്‍ വഴി അയച്ചപ്പോള്‍ അത് നേരാംവണ്ണം തന്നെ അറിയിക്കുകയോ പോര്‍ട്ടില്‍ നിന്ന് ഏറ്റെടുക്കാന്‍ ആശ്രമം പ്രതിനിധികള്‍ എത്തുകയോ ചെയ്തില്ലെന്നാണ് തുളസിദാസ് പറയുന്നത്. ഒന്നേമുക്കാല്‍ ലക്ഷം ദിര്‍ഹം അയച്ചപ്പോള്‍ അതിന്റെ മൂല്യം ആശ്രമത്തിന്റെതായി വന്ന സ്‌പൈസസ് ഉത്പ്പനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അത് ഏറ്റെടുക്കാന്‍ തനിക്ക് സാധിച്ചില്ല. ഉത്പ്പന്നങ്ങള്‍ തിരിച്ചയക്കേണ്ടി വന്നു. പക്ഷെ മിഡില്‍ ഈസ്റ്റില്‍ ആശ്രമ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യാനായി വെയര്‍ഹൗസ്, വാഹനങ്ങള്‍, ഓഫീസ്, എസി, തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കോടികള്‍ ചിലവഴിക്കേണ്ടി വന്നു. ഇത്തരം വന്‍ തുക ഈ സംരംഭത്തിനു വേണ്ടി നീക്കി വയ്‌ക്കേണ്ടി വന്നപ്പോള്‍ തന്റെ മറ്റു ബിസിനസുകള്‍ തകര്‍ച്ചയെ നേരിട്ടു. സ്ഥാപനങ്ങള്‍ തന്നെ മറ്റുള്ളവര്‍ക്ക് കൈമാറേണ്ടി വന്നു. ചെക്കുകള്‍ മടങ്ങിയതിന്റെ പേരില്‍ യാത്രാ നിരോധനവും ഒടുവില്‍ ജയില്‍ വാസവും അനുഭവിക്കേണ്ടി വന്നു. തന്റെ സ്വത്തുക്കള്‍ മുഴുവന്‍ നഷ്ടമായി. തനിക്ക് വന്ന നഷ്ടം നികത്താന്‍ ആശ്രമത്തിനോട് പലകുറി ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. തന്റെ ജീവനു നേരെ ഭീഷണി തന്നെ ആശ്രമം മുഴക്കി. ആശ്രമംകാരണം താന്‍ വഴിയാധാരമായി. ബന്ധുക്കള്‍ അകന്നു. വീട്ടിലും പ്രശ്‌നങ്ങള്‍ രൂക്ഷമായി. അതിഭീകരമായ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്- മറുനാടന്‍ മലയാളിയോട് തുളസിദാസ് തന്റെ അനുഭവങ്ങള്‍ പറഞ്ഞു.

വഞ്ചനയുടെ കഥ തുളസിദാസ് പറയുന്നത് ഇങ്ങിനെ
1990 മുതല്‍ ദുബായില്‍ ബിസിനസ് നടത്തുകയാണ്. അത് നല്ലനിലയില്‍ പോകുമ്പോഴാണ് എന്റെ ഭാര്യയുടെ അടുത്ത ബന്ധു രാഘവന്‍ നായര്‍ എന്നെ വിളിക്കുന്നത്. അദ്ദേഹം ശാന്തിഗിരി ആശ്രമവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ്. എന്റെ ഭാര്യയുടെ അച്ഛന്റെ മൂത്ത സഹോദരിയുടെ മകനാണ്. അദ്ദേഹം സ്വത്തുക്കള്‍ പലതും ആശ്രമത്തിനു എഴുതി നല്‍കിയ ആളാണ്. അദ്ദേഹം പറഞ്ഞത് ശാന്തിഗിരി ആശ്രമത്തിനു ഒരു പാട് ബിസിനസുകള്‍ ഉണ്ട്. അത് ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ താത്പര്യമുണ്ട്. അത് സാമ്പത്തികമായി നല്ല നിലയില്‍ ആണെങ്കില്‍ തുളസിദാസിനോട് ഏറ്റെടുത്തുകൂടെ എന്നാണ് രാഘവന്‍ നായര്‍ ആ ഫോണ്‍ സംഭാഷണത്തില്‍ എന്നോടു ചോദിച്ചത്. ആലോചിക്കാം എന്ന് പറഞ്ഞപ്പോള്‍ രാഘവന്‍ നായര്‍ ആശ്രമത്തില്‍ ബന്ധപ്പെട്ട ശേഷം വീണ്ടും എന്നെ വിളിച്ചു പറഞ്ഞു. അങ്ങിനെയെങ്കില്‍ ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിക്ക് ഒന്ന് കാണണം. അതിനായി ഒന്ന് വരണം. രണ്ടു മൂന്നു ദിവസം കൊണ്ട് ഞാന്‍ വന്നു .ശാന്തിഗിരി ഉത്പ്പന്നങ്ങളുടെ ദുബായി ഡീലര്‍ എന്ന നിലയിലാണ് തീരുമാനം വന്നത്. ശാന്തിഗിരി ഉത്പ്പന്നങ്ങള്‍ക്കായി മിഡില്‍ ഈസ്റ്റില്‍ മാര്‍ക്കറ്റ് സൃഷ്ടിക്കുക. അതിനായി ഒരു ഡീലര്‍ഷിപ്പ് എഗ്രീമെന്റ് ഉണ്ടാക്കുക. ഇതാണ് ആശ്രമം പറഞ്ഞത്.

തുളസിദാസിനു ആശ്രമത്തെക്കുറിച്ച് അറിയില്ല; രാഘവന്‍ നായര്‍ പറഞ്ഞുതരും
കരാറിന്റെ ഭാഗമായി അഞ്ചുലക്ഷം രൂപ സെക്യൂരിറ്റിയായി ആശ്രമത്തിനു നല്‍കുകയും ചെയ്തു. ആശ്രമവും എന്റെ സ്ഥാപനമായ ഗോള്‍ഡന്‍ കോര്‍ണര്‍ കാറ്ററിങ് സര്‍വീസുമായാണ് ഉടമ്പടി ഉണ്ടാക്കിയത്. എന്റെ കമ്പനിക്ക് വേണ്ടി ഞാനും ശാന്തിഗിരിക്ക് സ്വാമി ഗുരുമിത്രനുമാണ് ഉടമ്പടി ഒപ്പ് വച്ചത്. സംസാരങ്ങള്‍ മുഴുവന്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുമായിട്ടും ഉടമ്പടി ഗുരുമിത്രനുമായാണ് ഒപ്പ് വെച്ചത്. 2007 ജനുവരി 22 നാണ് കരാര്‍ ഒപ്പ് വെച്ചത്. അപ്പോള്‍ ഞാന്‍ പറഞ്ഞു. ഇവിടുത്തെ രീതിയും ഇവിടുത്തെ നിയമവും അല്ല അവിടെ. ഭക്ഷ്യ നിയമം വേറെയാണ്.സ്റ്റോറെജ് അവര്‍ പറയുന്ന രീതിയില്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. എസി വാഹനങ്ങള്‍, വെയര്‍ഹൗസ്, ഓഫീസ് അങ്ങിനെ വിപുലമായ സൗകര്യങ്ങള്‍ വേണം. വലിയ നിക്ഷേപം വേണം. അപ്പോള്‍ ആശ്രമം പറഞ്ഞു തുളസിദാസിന് ആശ്രമത്തെക്കുറിച്ച് അറിയില്ല. അതുകൊണ്ടാണ് ഇങ്ങിനെ പറയുന്നത്. രാഘവന്‍ നായരോട് ചോദിച്ചു നോക്കൂ. അദ്ദേഹം കൃത്യമായി പറയും. ഞാന്‍ തിരിച്ചു ഗള്‍ഫിലേക്ക് പോയി.രണ്ടാഴ്ചയായപ്പോള്‍ രാഘവന്‍ നായര്‍ വിളിച്ചു. ഒന്ന് വീണ്ടും വരാമോ? ജനനിക്ക് ഒന്ന് കാണണം. ഗുരുവിന്റെ സ്ഥാനമുള്ള സ്ത്രീയാണ് അവര്‍. അവര്‍ക്ക് ആണ് എന്നെ കാണണമെന്ന് പറഞ്ഞത്

എനിക്ക് വലിയ സൗകര്യങ്ങള്‍ ആണ് ആശ്രമം നല്‍കിയത്. ഞാന്‍ ആശ്രമത്തില്‍ തങ്ങുമ്പോള്‍ അടുത്ത റൂമില്‍ അപ്പോള്‍ ഉണ്ടായിരുന്നത് കേന്ദ്രമന്ത്രി അന്‍പുമണി രാംദാസ് ആയിരുന്നു. പത്ത് ദിവസം നിന്നിട്ടാണ് എനിക്ക് ജനനിയെ കാണാന്‍ കഴിഞ്ഞത്. ജനനി പറഞ്ഞു. മോനെ നിന്റെ സമയം മോശമാണ്. എന്റെ അമ്മാവന്‍ ജോത്സ്യന്‍ ആണ്. 1996-ല്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിന്റെ സമയം മോശമാണ് എന്ന്. അതുതന്നെ ജനനിയും പറഞ്ഞപ്പോള്‍ എനിക്ക് കൂടുതല്‍ വിശ്വാസമായി. രാവിലെ ഞാന്‍ ഉറക്കമുണര്‍ന്നു നോക്കുമ്പോള്‍ സംവിധായകന്‍ മധുപാല്‍ അടക്കമുള്ള ആളുകള്‍ ആശ്രമത്തിനും മുന്നില്‍ രാവിലെ വലം വയ്ക്കുന്ന കാഴ്ചയാണ്. ഇതോടെ എനിക്ക് കൂടുതല്‍ വിശ്വാസമായി. ജോയിന്റ് വെഞ്ച്വര്‍ ബിസിനസ് ആകാം എന്നാണ് ആശ്രമം പറയുന്നത്. അതോടെ നാല് ദിവസം കൂടി അവിടെ തങ്ങി. പുതിയ ബിസിനസ് കരാര്‍ വന്നു. അതിന്റെ പ്രധാന ഭാഗം ദുബായിലെ അടിസ്ഥാന സൗകര്യം ഞാന്‍ ഒരുക്കണം. ലൈസന്‍സ്, സ്‌പോണ്‍സര്‍, വെയര്‍ഹൗസ്, ഓഫീസ്, വാഹനങ്ങള്‍ അങ്ങിനെ പലതും. ഇത് എന്റെ നിക്ഷേപം ആയിരിക്കും. എല്ലാം റെഡി ആയാല്‍ ആശ്രമത്തിന്റെ ആളുകള്‍ വന്നു അത് വെരിഫൈ ചെയ്യണം, അതിനുശേഷം മാത്രം ബിസിനസ് സ്റ്റാര്‍ട്ട് ചെയ്യാം. അവരുടെ നിക്ഷേപം എന്ന് പറഞ്ഞാല്‍ അവരുടെ ഉത്പ്പന്നങ്ങള്‍ ആണ്. നാല് പേരുടെ വിസ ആണ് ആശ്രമം ആവശ്യപ്പെട്ടത്. പക്ഷെ വിസ കിട്ടുന്ന സ്റ്റേജില്‍ ആശ്രമം അത് രണ്ടു പേര്‍ ആയി ചുരുക്കി. വിശ്വനാഥന്‍, പുഷ്പരാജന്‍ എന്നിവരാണ് വരുന്നത് എന്നാണ് പറഞ്ഞത്, എയര്‍പോര്‍ട്ടില്‍ ഇവരെ സ്വീകരിക്കാന്‍ പോയപ്പോള്‍ പുഷ്പരാജന്‍ വന്നിട്ടില്ല. വിശ്വനാഥന്‍ മാത്രമാണ് വന്നത്. ആശ്രമത്തിന്റെ കത്ത് വിശ്വനാഥന്‍ എന്റെ കയ്യില്‍ തന്നു. അത് മുതല്‍ വിശ്വനാഥന്‍ എന്റെയൊപ്പമായി

എല്ലാ സൗകര്യങ്ങളും വിശ്വനാഥന്‍ ഓടി നടന്നു കണ്ടു. കടലാസുകള്‍ എല്ലാം കണ്ടു. ഒക്കെ ഉറപ്പ് വരുത്തി. അതിനു ശേഷം പറഞ്ഞു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സന്ദര്‍ശിക്കണം. അവര്‍ അവിടെ ശ്രദ്ധിച്ചത് ഈസ്റ്റേണ്‍ ഉത്പ്പന്നങ്ങള്‍ ഗള്‍ഫില്‍ എങ്ങിനെ പോകുന്നു. അതിന്റെ വിലനിലവാരം എന്ത് എന്നതൊക്കെയാണ്. ആശ്രമം പറഞ്ഞത് ഇവിടുത്തെ ലോക്കല്‍ മാര്‍ക്കറ്റിന്റെ ഉത്പ്പന്നത്തിന്റെ മുപ്പത് ശതമാനം കുറച്ച് തരും എന്നാണ്. ഇരുന്നൂറു ഗ്രാം സാമ്പാര്‍ പൊടിയുടെ അവിടുത്തെ വില ഒരു പാക്കറ്റിന് ഒരു ദിര്‍ഹവും കുറച്ചുമേ വരുകയുള്ളൂ. റേറ്റ് വ്യത്യാസമുണ്ട്. അന്ന് പ്രൊഡക്റ്റിനു നാലേമുക്കാല്‍ ദിര്‍ഹമുണ്ട്. അത് ഇവിടുത്തെ തുക നോക്കി അദ്ദേഹം വിലവ്യത്യാസം താരതമ്യം ചെയ്തു. 60-65 ന്നടുത്ത് തുക പാക്കറ്റിനു വില വരും. എല്ലാം ഓക്കെയെന്നു അവര്‍ക്ക് തോന്നിയതോടെ ഉത്പന്നങ്ങള്‍ അവര്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. തട്ടിക്കൂട്ട് പാക്കിങ് പോരാ എന്ന് ഞാന്‍ നിര്‍ദ്ദേശം വെച്ചു. പാക്കിങ് വരെ ഞാന്‍ ഡിസൈന്‍ ചെയ്ത് അയച്ചു. എന്റെ സ്ഥാപനമായ ഗോള്‍ഡന്‍ കോര്‍ണര്‍ കാറ്ററിങ് സര്‍വീസ് എന്ന് ഉത്പ്പന്നങ്ങളുടെ പാക്കറ്റില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. അപ്പോള്‍ എന്നോടു സാമ്പിള്‍ നോക്കാന്‍ വേണ്ടി വരാന്‍ പറഞ്ഞു. അപ്പോഴേക്കും കരാര്‍ ആയി ഒമ്പത് മാസം കഴിഞ്ഞിരുന്നു. പക്ഷെ എന്ന് സാധനം കയറ്റിവിടുന്നു എന്നൊന്നും ഞാന്‍ അറിയുന്നില്ല. ഇവിടുത്തെ 5000 രൂപയ്ക്ക് മുകളില്‍ അവിടെ വാടക എനിക്ക് നല്‍കേണ്ടി വന്നു. വെയര്‍ഹൗസ് അടക്കമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി. അപ്പോഴേക്കും 2008 ഉം കഴിയാന്‍ പോവുകയാണ്.

ദുബായ് ഇസ്ലാമിക് ബാങ്കില്‍ നിന്ന് എന്നെ വിളിച്ചു; ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിര്‍ഹം അടയ്ക്കണം

ദുബായില്‍ ക്രൈസിസ് തുടങ്ങിയിട്ടുണ്ട്. എന്റെ സ്ഥാപന ഫണ്ടുകള്‍ ഇവിടെ വെറുതെ ചെലവിടുകയാണ്. ചുരുക്കം ചില സുഹൃത്തുക്കളില്‍ നിന്നും ഫണ്ട് ഞാന്‍ സമാഹരിച്ചിട്ടുമുണ്ട്. ഒരു ദിവസം ദുബായ് ഇസ്ലാമിക് ബാങ്കില്‍ നിന്ന് എന്നെ വിളിക്കുകയാണ്. അപ്പോള്‍ കടലാസ് വന്നത് തിരുവനന്തപുരത്ത് നിന്നുമാണ്. കോപ്പി തരാന്‍ നിയമം ഇല്ല എന്ന് പറഞ്ഞു. ഞാന്‍ എന്റെ സ്‌പോണ്‍സറെ വിളിച്ചു. ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിര്‍ഹമിന്റെതാണ് ഡോക്യുമെന്റ്. ശാന്തിഗിരി അയച്ച സാധനങ്ങളുടെ ഡോക്യുമെന്റ് ആണിത്. പോര്‍ട്ടില്‍ സാധനം വന്നത് ക്ലിയര്‍ ചെയ്യാന്‍ ബില്‍ തുക അടയ്ക്കണം. അവിടെ പ്രശ്‌നം തുടങ്ങി. കരാര്‍ പ്രകാരം എന്റെ റോള്‍ കഴിഞ്ഞു. ഇനി അവരുടെ നോമിനി കൂടി വേണം. ഈ തുക അടയ്ക്കാന്‍ അവര്‍ കൂടി വേണം. വലിയ തുകയാണ്. കടലാസുകളില്‍ ഒപ്പ് വയ്ക്കാന്‍ അവരുടെ പ്രതിനിധി കൂടി വേണം. ഈ സാധനങ്ങള്‍ അവര്‍ കയറ്റിവിടുമ്പോള്‍ രേഖകളുമായി അവരുടെ പ്രതിനിധി വരണം. അതവര്‍ അയച്ചില്ല. 90 ദിവസ കാലാവധിയായാണ് ഇവര്‍ സാധനം കയറ്റി അയച്ചത്. ഞാന്‍ ശാന്തിഗിരിയോട് പറഞ്ഞു. ഇത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബിസിനസ് ആണ്. കയറ്റുമതിക്ക് ചില നടപടി ക്രമങ്ങളുണ്ട്. പെര്‍ഫോമ ഇന്‍വോയിസ് അയക്കണം. കയറ്റി അയക്കുന്ന ഉത്പ്പന്നങ്ങളുടെ സാമ്പിള്‍ ഡോക്യുമെന്റ് ആണിത്. ഇത് ആദ്യം അയക്കണം. ഇത് ഞങ്ങള്‍ വെരിഫൈ ചെയ്യണം.അതിനു ശേഷം ഞങ്ങളുടെ ലെറ്റര്‍ഹെഡില്‍ നിന്ന് ലെറ്റര്‍ പോകണം. അതിനുശേഷം മാത്രമേ ഉത്പന്നങ്ങള്‍ കയറ്റി വിടാന്‍ കഴിയൂ.ഞാന്‍ പറഞ്ഞു. എനിക്ക് ഇന്‍വോയ്‌സ് കോപ്പി അയക്കൂ. ഞാന്‍ അത് പഠിക്കട്ടെ. അത് അവര്‍ അയച്ചില്ല. 15-20 ദിവസത്തിനു ശേഷം രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ അവര്‍ അയച്ചു.

ഇന്‍വോയ്‌സ് എന്നെ ഞെട്ടിച്ചു; പണി തന്നത് വിശ്വനാഥന്‍

ഇന്‍വോയ്‌സ് നോക്കിയപ്പോള്‍ ആണത് എനിക്ക് മനസിലായത്. ഒരു ദിര്‍ഹത്തിനും കുറച്ച് മുകളില്‍ എനിക്ക് ലഭിക്കേണ്ട 200 ഗ്രാമിന്റെ സാധനം മൂന്നു ദിര്‍ഹം വ്യത്യാസത്തിലാണ് അയച്ചിരിക്കുന്നത്. വിശ്വനാഥന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി കാര്യങ്ങള്‍ കണ്ടു മനസിലാക്കി എനിക്ക് പണി തന്നതായി എനിക്ക് മനസിലായി. വെയര്‍ഹൗസിനു മാത്രമുണ്ട് ഒരു ലക്ഷം ദിര്‍ഹം വാടക. അത് ഇന്‍സുലേറ്റ് ചെയ്തതിന് വേറെ. ടാക്‌സ്, ഓഫീസ് വാടക, എന്നിവ വേറെയും. ഇതൊന്നും കണക്കിലെടുക്കാതെയാണ് അവര്‍ വില നിശ്ചയിച്ചിരുന്നത്. അപ്പോള്‍ തന്നെ എനിക്ക് രണ്ടു കോടി രൂപയ്ക്ക് അടുത്ത് മുതല്‍ മുടക്കായിട്ടുണ്ട്. പിന്നെ അവര്‍ വിലയുടെ കാര്യത്തില്‍ വിലപേശല്‍ തുടങ്ങി. ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിര്‍ഹത്തില്‍ നിന്ന് ഒരു അയ്യായിരം കുറച്ചു. ഒരു നാലായിരം കുറച്ചു. അങ്ങിനെ ഇന്‍വോയിസ് വന്നു തുടങ്ങി. ഒടുവില്‍ ഞാന്‍ ഗുരുരത്‌നത്തോട് പറഞ്ഞു. കരാര്‍ എന്താണ്. കരാര്‍ പ്രകാരം നിങ്ങള്‍ കാര്യങ്ങള്‍ ചെയ്യൂ. അതവര്‍ ചെയ്തില്ല.അപ്പോള്‍ തന്നെ എനിക്ക് പ്രശ്‌നങ്ങള്‍ തുടങ്ങി. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്ന അവസ്ഥയായി. എനിക്ക് വരാനുള്ള കാഷുകള്‍ ബ്ലോക്ക് ആയി. ദുബായില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു.

ഗുരുരത്‌നം എന്നെ വിളിച്ച് പറയാന്‍ തുടങ്ങി. സാധനം നിങ്ങള്‍ എങ്ങിനെയെങ്കിലും എടുക്കണം. ഞങ്ങള്‍ വേണ്ടത് ചെയ്തുകൊള്ളാം. നടക്കില്ലാ എന്ന് മനസിലായപ്പോള്‍ രാഘവന്‍ നായര്‍ വിളിച്ചു.. നീ ആ സാധനങ്ങള്‍ എങ്ങിനെയെങ്കിലും എടുക്ക്. ആശ്രമം ആരെയും ബുദ്ധിമുട്ടിക്കില്ലാ എന്ന്. ഒടുവില്‍ അവര്‍ ജനനിയെക്കൊണ്ട് വിളിപ്പിച്ചു. ജനനി പറഞ്ഞു. മോനേ നീ ആ ഉത്പ്പന്നങ്ങള്‍ എങ്ങിനെയെങ്കിലും എടുക്ക്. ഞാനല്ലേ പറയുന്നത്. മോന് നഷ്ടം വരില്ല. ഞങ്ങള്‍ എങ്ങിനെയെങ്കിലും ആ പൈസ തിരിച്ച് തന്നുകൊള്ളാം. ഞാന്‍ ജനനിയോട് പറഞ്ഞു. വിശ്വാസവും ബിസിനസും കൂട്ടിക്കുഴയ്‌ക്കേണ്ട. എന്നോടുള്ള വിശ്വാസത്തിന്റെ പുറത്ത് എനിക്ക് ആളുകള്‍ പണം തന്നിട്ടുണ്ട്. അത് തിരിച്ചു നല്‍കണം. അവര്‍ പിന്നീടും എന്നോടു ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു. എന്തായാലും സാധനം അയച്ചു പോയി. അപ്പോള്‍ ലെറ്റര്‍ ഹെഡില്‍ ഒരു കത്ത് എനിക്ക് സ്റ്റാമ്പ് ചെയ്ത് അയക്കണം. എനിക്ക് നഷ്ടമായ പണം തിരികെ തന്നുകൊള്ളാം എന്ന്. ആ ലെറ്റര്‍ അയച്ചാല്‍ ഞാന്‍ സാധനം കൈപ്പറ്റിക്കൊള്ളാം. പക്ഷെ ആ ലെറ്റര്‍ അയച്ചില്ല. യാഥാര്‍ത്ഥത്തില്‍ ഒരു മറുപടിയും അവര്‍ അയച്ചില്ല. ഒടുവില്‍ ഞാന്‍ പറഞ്ഞു. കരാര്‍ പിന്തുടരാം എന്നു എപ്പോള്‍ സമ്മതിക്കുന്നുവോ എപ്പോള്‍ ഞാന്‍ ഉത്പ്പന്നങ്ങള്‍ സ്വീകരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ നോമിനി വരട്ടെ. അപ്പോള്‍ ക്ലിയര്‍ ചെയ്യാം. പോര്‍ട്ടില്‍ സാധനങ്ങള്‍ അങ്ങിനെ തന്നെ കിടന്നു.

ചെക്ക് മടങ്ങി; യാത്രാ നിരോധനവും ഒടുവില്‍ അറസ്റ്റും
ചെക്ക് മടങ്ങിയതോടെ എനിക്ക് യാത്രാ നിരോധനവും വന്നു. പക്ഷെ സാധനങ്ങള്‍ ഞാന്‍ കൈപ്പറ്റിയില്ല. കാരണം ഒരു ലക്ഷത്തി എഴുപത്തിനാലായിരം ദിര്‍ഹത്തിന്റെ മൂന്നിലൊന്നു പോലും മൂല്യമുള്ള ഉത്പ്പന്നങ്ങള്‍ അല്ല വന്നിരിക്കുന്നത്. മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സാധനം മടങ്ങി. അത് പിന്നെ ഞാന്‍ ശ്രദ്ധിച്ചില്ല. 2010-ല്‍ എനിക്ക് പ്രശ്‌നങ്ങള്‍ വന്നു. പണം നല്‍കാനുള്ള ഒരാള്‍ക്ക് എന്റെ സ്ഥാപനം തന്നെ നല്‍കേണ്ടി വന്നു. പൊലീസ് വിളിച്ചു. കേസ് ആയപ്പോള്‍ ഞാന്‍ ജാമ്യത്തില്‍ ഇറങ്ങി. അതിനു ശേഷം ആശ്രമംകാരെ നേരിട്ട് കണ്ടു. ഗുരുരത്‌നം സ്വാമിയും മധുപാലുമൊക്കെ അപ്പോള്‍ ദുബായില്‍ ഉണ്ടായിരുന്നു.അവരെ കണ്ടു. അവര്‍ പറഞ്ഞു. സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു തുളസിദാസെ. നാട്ടിലേക്ക് വരുമ്പോള്‍ ആശ്രമം വേണ്ടത് ചെയ്യും. അത് പറഞ്ഞത് ഗുരുമിത്രന്‍ ആണ്. കരാറില്‍ ഒപ്പുവെച്ചത് ഗുരുമിത്രന്‍ ആണ്. അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ രണ്ടാമതും ബിസിനസ് തുടങ്ങാം. അപ്പോള്‍ ഞാന്‍ പറഞ്ഞു.അത് പ്രയാസമാണ്. അതുകഴിഞ്ഞയുടന്‍ തന്നെ ഒരോണത്തിനു പൊലീസ് വാഹനം വഴിയില്‍ തടഞ്ഞു എന്നെ അറസ്റ്റ് ചെയ്തു. ഒന്നര വര്‍ഷം ഞാന്‍ ജയിലില്‍ കഴിഞ്ഞു. അതോടെ എന്റെ സ്ഥാപനങ്ങള്‍ എനിക്ക് നഷ്ടമായി. ലഭിക്കാനുണ്ടായിരുന്ന ലക്ഷക്കണക്കിന് ദിര്‍ഹം നഷ്ടമായി. ഫര്‍ണിച്ചര്‍ ഷോപ്പില്‍ ലക്ഷക്കണക്കിന് രൂപയുടെ മെഷീനറി ഉണ്ടായിരുന്നു. എല്ലാം ലോക്ക് ആയി. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ വിസ ഓവര്‍ ആയി. പാസ്‌പോര്‍ട്ട് ഓവര്‍ ആയി. ലൈസന്‍സ് ഓവര്‍ ആയി. എന്നിട്ടും ഒന്ന് രണ്ടു വര്‍ഷം ഞാന്‍ പിടിച്ചു നില്ക്കാന്‍ നോക്കി.

എന്റെ കുടുംബം സാധാരണ കുടുംബം ആണ്. ഞങ്ങള്‍ക്ക് അങ്ങിനെ വീട്ടിലേക്ക് പൈസ അയക്കേണ്ടതില്ല. പക്ഷെ കൂടുതല്‍ വീട്ടില്‍ നിന്നും എടുക്കാനും കാണില്ല. കുറച്ച് കൃഷിയൊക്കെ ഉള്ളതിനാലാണിത്. പക്ഷെ കൂടുതല്‍ പൈസ വീട്ടില്‍ കാണുകയും ഇല്ല. ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചത് അവിടെത്തന്നെ നഷ്ടമാക്കിയതിനാല്‍ വീട്ടുകാര്‍ എന്നെ തള്ളിയ അവസ്ഥയിലായി. സഹോദരിമാരുടെയും അനിയന്റെയും കാര്യങ്ങള്‍ നോക്കി. എന്തിനു വീട് വരെ പണി കഴിപ്പിച്ചു. അഞ്ചാറു മുറികള്‍ ഉള്ള വലിയ വീട്. പക്ഷെ ഞാന്‍ അറിയാതെ ആ വീട് അമ്മയും എന്റെ സഹോദരങ്ങളും ചേര്‍ന്ന് എന്റെ അനിയന്റെ പേരിലേക്ക് മാറ്റി. ഞാന്‍ വീട് പണി കഴിപ്പിക്കുമ്പോള്‍ പണി കഴിക്കുന്ന ആള്‍ക്ക് ഉള്ളതാണ് വീട് എന്നാണ് പറഞ്ഞത്. പക്ഷെ വീട് എന്റെ പേരില്‍ നിന്നും പോയി. പിന്നീട് ദുബായില്‍ നിന്നും മടങ്ങിയപ്പോള്‍ ഒരു കാര്‍ വാങ്ങാന്‍ ആധാരം അടച്ച രസീത് നല്‍കിയില്ല. ശാന്തിഗിരി ചതിച്ച പോലെ എന്റെ വീട്ടുകാരും എന്നെ ചതിച്ചു.. എട്ടുകോടിയോളം രൂപയുടെ നഷ്ടമാണ് എനിക്ക് സംഭവിച്ചിരിക്കുന്നത്. ഇപ്പോള്‍ എന്റെ ഭാര്യയുടെ സഹായത്താലാണ് ഞാന്‍ കഴിഞ്ഞു പോരുന്നത്. അവരുടെ കുടുംബവീട്ടിലാണ് ഭാര്യ ഉള്ളത്. മാതാപിതാക്കളെ പരിപാലിക്കുന്നതിനാല്‍ ആ വീട് അവള്‍ക്കാണ്. പത്തറുപത് പവന്‍ എന്റെ ഭാര്യയുടെ വകയായി ഉണ്ടായിരുന്നു. എന്റെ സഹോദരങ്ങളുടെ വിവാഹത്തിനായി ഈ സ്വര്‍ണ്ണത്തിന്റെ പകുതി അവള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെയൊക്കെ പേരില്‍ പല ദിവസങ്ങളിലും എനിക്ക് ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്.

നാട്ടില്‍ എത്തിയപ്പോള്‍ ആശ്രമത്തില്‍ നിന്നും നേരിട്ടത് തുടര്‍ച്ചയായി തിക്താനുഭവങ്ങള്‍; ഒപ്പം വധഭീഷണിയും

നാട്ടില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ ആശ്രമത്തില്‍ വിളിച്ചു. ഗുരുരത്‌നത്തിനെ വിളിച്ചു. രാഘവന്‍ ചേട്ടനെ വിളിച്ചു. ഗുരുരത്‌നവും ഗുരുമിത്രനും ഫോണ്‍ കൂടി എടുക്കാത്ത അവസ്ഥയായി. രാഘവന്‍ ചേട്ടന്‍ മാത്രം ഫോണ്‍ എടുക്കും. ഒടുവില്‍ ഞാനും ഭാര്യയും ആശ്രമത്തില്‍ പോയി. അവര്‍ സ്വാമി ഇല്ലാ എന്ന് പറഞ്ഞു ഞങ്ങളെ ഒഴിവാക്കി വിട്ടു. മൂന്നു നാല് മാസം വിളിച്ചു കഴിഞ്ഞപ്പോഴാണ് ഒരിക്കല്‍ അവരെ ഫോണില്‍ കിട്ടുന്നത്. ഒടുവില്‍ ആശ്രമത്തില്‍ പോയി രാത്രി ഒന്‍പത് മണിക്കാണ് സ്വാമി ഗുരുരത്‌നത്തെ കാണുന്നത്. നാളെ നമുക്ക് രാവിലെ 10 മണിക്ക് എല്ലാം ശരിയാക്കാം-ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു. 10 മണിക്ക് ഞാന്‍ റെഡിയായി.ഹാളിലെത്തി.ഒരാള്‍ വാതില്‍ തുറന്നു തന്നു. അതിനു ശേഷം പറഞ്ഞു- സ്വാമി ഇപ്പോള്‍ വരും. എന്ന് പറഞ്ഞു ടിവി ഓണ്‍ ചെയ്തു. അവന്‍ കളിയാക്കി പറഞ്ഞതാണ് എന്ന് ഞാന്‍ അറിഞ്ഞില്ല. ടിവിയില്‍ തെളിയുന്നത് ശ്രീലങ്കന്‍ പ്രസിഡനറും ഗുരുരത്‌നം ജ്ഞാനതപസ്വിയും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ്. പത്തു മണിക്ക് വന്നു. ചാനലില്‍ ആണ് വന്നത് എന്ന് മാത്രം. അതിനു ശേഷം പിന്നീട് ഞാന്‍ സ്വാമി ആശ്രമത്തില്‍ ഉണ്ടെന്നു അറിഞ്ഞു. പോയി. എല്ലാ സമയവും ഞാന്‍ ആശ്രമത്തില്‍ ആണ് നില്‍ക്കാറുള്ളത്. പക്ഷെ അത്തവണ ആശ്രമം റൂം നല്‍കിയെങ്കിലും പുറത്താണ് ഞാന്‍ തങ്ങിയത്. രാഘവന്‍ നായര്‍ എന്നോടു പറഞ്ഞു-നീ ആശ്രമത്തിനോടാണ് കളിക്കുന്നത്. നീ സൂക്ഷിച്ച് കളിച്ചാല്‍ മതി. ആശ്രമത്തിനോടു കളിച്ചവര്‍ ആരും നിന്നിട്ടില്ല. അത് പ്രത്യേകം ശ്രദ്ധിച്ചോ? എനിക്ക് നിന്നോടു കൂടുതല്‍ ഒന്നും പറയാനില്ല. രാഘവന്‍ നായരുടെ അവസ്ഥയും മോശമാണ്. മൂന്നു കുട്ടികളും ആശ്രമത്തിലാണ്. സ്വത്തുക്കള്‍ ആശ്രമത്തില്‍ എഴുതി കൊടുത്തും കഴിഞ്ഞു. ഇന്നു രാഘവന്‍ നായര്‍ക്കുവരെ ലൈനില്‍ നിന്നാലേ ഭക്ഷണം കിട്ടൂ. അല്ലെങ്കില്‍ വീട്ടില്‍ പോയി കഴിക്കണം.

ആ സമയത്ത് എനിക്ക് ആശ്രമത്തില്‍ റൂം കിട്ടി. കിട്ടിയത് ആശ്രമത്തിലെ പാറക്കുളത്തിനോട് ചേര്‍ന്നുള്ള ഒറ്റപ്പെട്ട സ്ഥലത്തുള്ള റൂം. അത് അപകടമാണെന്ന് മനസിലായി. താമസിക്കുന്നു എന്ന രീതിയില്‍ ഞാന്‍ പുറത്തു റൂം എടുത്തു. തലേന്ന് എന്നോടു പറഞ്ഞു. നാളെത്തെക്കൊണ്ട് എല്ലാം ശരിയാക്കാം.. എല്ലാവരും വരട്ടെ. നമുക്ക് നാളെ ശരിയാക്കാം എന്ന് പറഞ്ഞു. പിറ്റേന്നു ഗുരുരത്‌നം പറഞ്ഞു-തുളസീദാസെ ഇത് കാലം കുറെയായില്ലേ.തുളസിദാസ് ജോലി എടുത്ത് ജീവിക്ക്. ഇനിയും ഇത് നിര്‍ത്താതെ ഇത് തന്നെയാണ് തുളസീദാസിന്റെ പരിപാടിയെങ്കില്‍ തുളസീദാസ് ബൈക്കിലല്ലേ വന്നത്. മുന്‍പ് ഒരുത്തന്‍ ബൈക്കില്‍ വന്നു ഇവിടെ ഷോ നടത്തി പോയി. അവന്‍ പിന്നെ വഴിയില്‍ കിടക്കുകയാണ് ചെയ്തത്. ആ ഗതി തുളസീദാസിനു ഉണ്ടാകേണ്ട എന്ന് വിചാരിച്ചാണ് പറയുന്നത്. രാഘവന്‍ നായരുടെ ബന്ധുവായതിലാണ് എല്ലാം തുറന്നു നിങ്ങളോട് പറഞ്ഞത്.അതിനുള്ള അവസരം വയ്ക്കരുത്. ഞാന്‍ പറഞ്ഞു. നിയമം വഴി എന്നെങ്കിലും ഞാന്‍ നീതി തേടും. ഡോക്യുമെന്റ് എല്ലാം എന്റ കയ്യിലുണ്ട്. ഇത് ഒരുപാട് കാലം നീണ്ടു പോകില്ല. രാഘവന്‍ നായരോടും ഞാന്‍ പറഞ്ഞു-ചേട്ടാ ഞാന്‍ നിങ്ങള്‍ക്കും വെച്ചിട്ടുണ്ട്. എന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ്. എന്റെ കുഴപ്പം കൊണ്ടല്ല ആശ്രമത്തിന്റെ കുഴപ്പം കൊണ്ടാണ് എന്ന് രാഘവന്‍ നായര്‍ക്ക് ഭാര്യയുടെ അച്ഛനോട് പറയാമായിരുന്നു.അത് അയാള്‍ പറഞ്ഞില്ല. കരാര്‍ പ്രകാരം കാര്യങ്ങള്‍ നീക്കാന്‍ ആശ്രമത്തിലെ ആളുകളോട് രാഘവന്‍ നായര്‍ക്ക് പറയാമായിരുന്നു. അതും പറഞ്ഞില്ല. ഞാന്‍ അന്നത്തെ മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിക്ക് പരാതി നല്‍കി. അതൊന്നും ആയില്ല. പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. നടപടി വന്നില്ല. തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എന്നിട്ടും നടപടിവന്നില്ല, വിവരാവകാശ പ്രകാരം അന്വേഷിച്ചപ്പോള്‍ എനിക്ക് ലഭിച്ച മറുപടി പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ ചെന്നാല്‍ വിവരങ്ങള്‍ ലഭിക്കും എന്നായിരുന്നു. പക്ഷെ ഒരു നടപടിയും ഇതുവരെ വന്നില്ല-തുളസീദാസ് പറയുന്നു.

ആശ്രമം പറയുന്നത് ഇങ്ങിനെ: തുളസിദാസ് കൊത്തിയതുകൊക്കില്‍ ഒതുങ്ങാത്തത്

തുളസീദാസിന്റെ കുടുംബത്തിന്റെ ഭാഗമായുള്ള രാഘവന്‍ നായര്‍ ആശ്രമത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹമാണ് തുളസീദാസിന് എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണ്ടെന്നു ഞങ്ങളോട് പറയുന്നത്. അതുപ്രകാരം തുളസിദാസിനെ ആശ്രമത്തിന്റെ ഉത്പ്പന്നങ്ങളുടെ ദുബായി വിതരണക്കാരനാക്കി. 20 ലക്ഷം രൂപയുടെ ശാന്തിഗിരിയുടെ സ്‌പൈസസ് ഉത്പ്പന്നങ്ങള്‍ ആണ് ആണ് ഞങ്ങള്‍ അയച്ചു കൊടുത്തത്. അയക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. ഉത്പ്പന്നങ്ങള്‍ ക്ലിയര്‍ ചെയ്യേണ്ടത് തുളസിദാസ് ആയിരുന്നു. അത് സ്പൈസസ് ആയിരുന്നെന്നു ഓര്‍ക്കണം. അത് തുളസിദാസ് എടുക്കാതെ വലിയ താമസം വന്നു. സാധനങ്ങള്‍ മാസങ്ങള്‍ പോര്‍ട്ടില്‍ തന്നെ കഴിഞ്ഞു. അത് ദുബായില്‍ കരയ്ക്ക് ഇറങ്ങിയില്ല. സാധനങ്ങള്‍ കയറ്റി അയക്കുമ്പോള്‍ അത് പോര്‍ട്ടില്‍ നിന്നും ഏറ്റെടുക്കുക ആ ഉത്തരവാദിത്തം അദ്ദേഹം നിറവേറ്റിയില്ല. ദുബായില്‍ സാധനങ്ങള്‍ ഏറ്റെടുക്കാനോ അത് വിപണിയില്‍ എത്തിക്കാനോ കഴിയുന്ന ഒരു നെറ്റ് വര്‍ക്ക് തുളസിദാസിനു ഉണ്ടായിരുന്നില്ല. സാധനങ്ങള്‍ വന്നപ്പോള്‍ അത് ഏറ്റെടുക്കുക വിതരണക്കാരന്റെ ഉത്തരവാദിത്തമാണ്. കയറ്റി അയക്കുന്ന ആളുടെ ഉത്തരവാദിത്തം എന്ന് പറഞ്ഞാല്‍ കയറ്റി അയക്കലോടെ കഴിയുകയാണ്. അവിടുന്ന് സാധനം ഇറക്കുമതി ചെയ്യുന്ന ആള്‍ ഇവിടുന്നു കയറ്റി അയച്ച സാധനം സ്വീകരിക്കണം. അത് അവിടുത്തെ ആളുടെ ഉത്തരവാദിത്തമാണ്.

തുളസിദാസിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തില്‍ അദ്ദേഹം ഏറ്റെടുത്തില്ല. ആ ഉത്തരവാദിത്തം ഞങ്ങള്‍ക്ക് എങ്ങിനെ ഏറ്റെടുക്കാന്‍ കഴിയും. തുളസിദാസിന് ഞങ്ങള്‍ അയച്ച ഉത്പ്പന്നങ്ങള്‍ ദുബായ് പോര്‍ട്ടില്‍ നിന്ന് ക്ലിയര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. പോര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ ക്ലിയര്‍ ചെയ്യേണ്ട ഉത്തരവാദിത്തം ഇറക്കുമതി ചെയ്യുന്ന ആള്‍ക്ക് ഉള്ളതാണ്. 20 ലക്ഷത്തോളം രൂപയുടെ ആ ഉത്പ്പന്നങ്ങള്‍ കളയേണ്ട അവസ്ഥ വന്നു. ആശ്രമത്തിന്റെ ഭാഗത്ത് നിന്ന് ഒരാളെയും വഞ്ചിച്ചിട്ടില്ല. ആശ്രമത്തിന്റെ വേറെ ഒരു സ്ഥാപനത്തില്‍ നിന്നാണ് അയച്ച്ത്. ശാന്തിഗിരിയുടെ ചെറിയ യൂണിറ്റ് ആയിരുന്നു അത്. ഉത്പ്പന്ന കയറ്റുമതിക്ക് ആശ്രമത്തിന്റെ ഒരാള് വന്നിട്ടുണ്ട് എന്ന് പറഞ്ഞു ഇവരെ ഞങ്ങള്‍ സ്പൈസസ് കയറ്റുമതിക്ക് സന്നദ്ധരാക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വലിയ നഷ്ടം വന്നു. തുളസിദാസ് വന്നപ്പോള്‍ ആ കയറ്റുമതി സാധ്യത ആശ്രമം ആലോചിച്ചു എന്ന് മാത്രമേയുള്ളൂ. തുളസീദാസിന് വന്ന പാളിച്ചകളില്‍ അങ്ങിനെ തുളസിദാസിനെ കുറ്റപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറല്ല. മനഃപൂര്‍വം ചെയ്തതല്ല അത്. ദുബായിലെ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി അത് വേണ്ടും വിധത്തില്‍ ഉപയോഗിക്കാന്‍ തുളസീദാസിന് കഴിഞ്ഞില്ല.

സാധനങ്ങള്‍ അയച്ചപ്പോള്‍ വിലക്കൂടുതല്‍ എന്ന് തുളസിദാസ് പറഞ്ഞു. അത് കേടാക്കരുത്. ഉത്പ്പന്നങ്ങള്‍ കൈപ്പറ്റണം. അത് വിതരണം ചെയ്യണം.അതാണ് അതാണ് ഞങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടത്. പല തവണ ഈ കാര്യവുമായി ബന്ധപ്പെട്ടു തുളസിദാസിനെ വിളിച്ചു. പക്ഷെ ഉത്പ്പന്നങ്ങള്‍ പോര്‍ട്ടില്‍ നിന്ന് അദ്ദേഹം സ്വീകരിച്ചില്ല. മാസങ്ങള്‍ തന്നെ ഉത്പ്പന്നങ്ങള്‍ പോര്‍ട്ടില്‍ കിടന്നു. സ്‌പൈസസ് ഉത്പ്പന്നങ്ങള്‍ ആണ്. അത് എല്ലാം ഒടുവില്‍ കളയേണ്ടിയും വന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ കുരുങ്ങിയ ആശ്രമത്തിനു ആ കാലത്ത് അത് വലിയ ബാധ്യതയായി.

രാഘവന്‍ നായര്‍ ഞങ്ങള്‍ക്ക് വേണ്ടപ്പെട്ട ആളാണ്. അതുകൊണ്ടാണ് രാഘവന്‍ നായര്‍ തുളസിദാസിന്റെ കാര്യം പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് അന്ന് നോ പറയാന്‍ കഴിയാതിരുന്നത്. ആശ്രമത്തിനു ഒട്ടനവധി കെട്ടുപാടുകള്‍ ഉണ്ട്. അതുകൊണ്ടാണ് പൈസയ്ക്ക് വലിയ ബുദ്ധിമുട്ട് വന്ന ആ ഘട്ടങ്ങളില്‍ ഞങ്ങള്‍ നിശബ്ദരായി ഇരുന്നത്. ആശ്രമത്തിനു നഷ്ടം വന്നു എന്നൊക്കെ പറഞ്ഞു ആശ്രമവുമായി ബന്ധപ്പെട്ടവര്‍ക്ക് നേരെ നീങ്ങാന്‍ ആശ്രമത്തിനു കഴിയില്ല. തുളസിദാസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ആദ്യമേ സംശയമുണ്ടായിരുന്നു. ഗള്‍ഫില്‍ ഇട്ടുകളിക്കാന്‍ മാത്രം പൈസ ഇദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടോ എന്നാണ് ഞങ്ങള്‍ക്ക് സംശയം വന്നത്. ഉത്പന്ന വിതരണം എന്ന് പറഞ്ഞാല്‍ അത് നിസാര പരിപാടിയില്ല.അതും ഗള്‍ഫ് നാട്ടില്‍. അതുകൊണ്ടാണ് തുളസിദാസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയം വന്നത്. ആ സംശയം ശരിയെന്നു പിന്നീട് തെളിഞ്ഞു. കൊക്കിലൊതുങ്ങാത്ത കാര്യമാണ് തുളസിദാസ് ഏറ്റെടുത്ത് നടത്തിയത്. അത് പരാജയവുമായി. ഈ കാര്യത്തില്‍ ഞങ്ങള്‍ പിന്നീട് നിശബ്ധത പാലിക്കുകയായിരുന്നു-മഠം വ്യക്തമാക്കുന്നു.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category