1 GBP = 88.30 INR                       

BREAKING NEWS

'എന്നെ ആരെങ്കിലും ഒന്നു പിച്ചാമോ' എന്ന സുന്ദരിയുടെ ചോദ്യത്തില്‍ കാര്യമുണ്ട്; 'മകനെ നിനക്ക് വേണ്ടി' എന്ന മന്ത്രത്തോടെ മിഴികള്‍ നിറഞ്ഞപ്പോള്‍ മലയാളിപ്പെണ്ണിന്റെ ശിരസ്സിലെത്തിയത് ലണ്ടനിലെ സൗന്ദര്യ കിരീടം; ഇന്ത്യാക്കാര്‍ക്കിടയിലെ സുന്ദരി നിഷ ജൂലൈയില്‍ ലോക സുന്ദരിയാകാന്‍ അമേരിക്കയിലേക്ക്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഏഴു വയസുകാരന്‍ മകന് വേണ്ടിയാണു നിഷയുടെ ജീവിതം. മുംബൈയില്‍ നിന്നും നിറമുള്ള സ്വപ്നങ്ങളുമായി ലണ്ടനില്‍ എത്തിയ മലയാളി പെണ്ണിന് സ്വപ്നം കണ്ടത് പോലെ ഒന്നും ലണ്ടനില്‍ കണ്ടെത്താനായില്ലെങ്കിലും സ്വപ്ന തുല്യമായൊരു നേട്ടം സാക്ഷാല്‍ക്കരിക്കപ്പെട്ട നിമിഷങ്ങളുടെ അപൂര്‍വത പങ്കിടുകയാണ് ഈ യുവതി. ലണ്ടനില്‍ ഇന്ത്യാക്കാര്‍ക്കിടയിലെ മിസ് ആന്‍ഡ് മിസിസ് ആരെന്നു കണ്ടെത്തുവാനുള്ള മത്സരത്തില്‍ ഫൈനലില്‍ എത്തിയ ഏക മലയാളിയായ നിഷ ജോര്‍ജ്ജ് സൗന്ദര്യവേദിയില്‍ മലയാളി പെണ്ണിനോളം മാറ്റുള്ളവര്‍ വേറെയില്ലെന്നു തെളിയിച്ചാണ് കിരീടം സ്വന്തമാക്കിയത്. കിരീട പ്രഖ്യാപന വേളയില്‍ വേദിക്ക് സമീപം നിന്ന മകനിലേക്കു അമ്മക്കണ്ണുകള്‍ പതിയെ നീണ്ടപ്പോള്‍ സംഘാടകര്‍ തന്നെയാണ് ഏഴു വയസുകാരനെ വേദിയിലേക്ക് ക്ഷണിച്ചതും കിരീട ധാരണ ചടങ്ങില്‍ പ്രധാന റോളില്‍ അവസരം നല്‍കിയതും.

ഒട്ടും പ്രതീക്ഷകള്‍ ഇല്ലാതെയാണ് മിസിസ് യൂണിവേഴ്സ് ക്ലാസിക് ജേതാവ് പ്രിയങ്ക കാവിന്‍ടെ സംവിധാനം ചെയ്ത ഈ സൗന്ദര്യ മത്സരത്തിലേക്ക് നിഷ ജോര്‍ജ് ചുവടു വച്ചത്. ലണ്ടനിലെ ബോളി വുഡ് വേദികളില്‍ തീരെ അപരിചിതയല്ലാത്ത നിഷ വലിയ ഒരുക്കങ്ങളോടെ നടത്തപ്പെടുന്ന ഈ മത്സരത്തില്‍ വിജയിക്കുക എന്നതിനപ്പുറം തനിക്കു ലഭിച്ച ഒരവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തീരെ ലാഘവത്തോടെയാണ് റാമ്പിലേക്കു ചുവടു വച്ചത്. എന്നാല്‍ മത്സരം അടുത്തു വന്നപ്പോള്‍ നന്നായി ടെന്‍ഷന്‍ കൂടെകൂടിയെന്നും നിഷ സൂചിപ്പിക്കുന്നു. താന്‍ കരുതിയതിലും ഏറെ ഗൗരവത്തോടെയുള്ള ഒരുക്കങ്ങള്‍ അടുത്തറിഞ്ഞപ്പോള്‍ ഈ നേട്ടം സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. ഏതായാലും തുനിഞ്ഞിറങ്ങി എന്നാല്‍ അവസാനം വരെ മനക്കരുത്തു വിടാതെ പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ നിഷ എത്തിയത്.

ഈ വിജയത്തിന് വേണ്ടി മൂന്നു മാസത്തെ കടുത്ത പരിശീലനമാണ് നടന്നത്. മേക് അപ്, ക്യാറ്റ്‌വാക്, പുഞ്ചിരി തുടങ്ങി സകല കാര്യങ്ങളിലും ശ്രദ്ധ നല്‍കി ഈ രംഗത്തെ വിദഗ്ധരായ സായിഷ് ഷെട്ട, തൃപ്തി ലിബഷ്‌ക, ഗ്രേസ് ലേവി, വിനീത് ജോഹ്രി എന്നിവരടങ്ങിയ നിരയാണ് സുന്ദരിമാരെ റാംപില്‍ ഒരുക്കിയെടുത്തത്. അല്‍പ വണ്ണക്കൂടുതല്‍ ഉള്ളവര്‍ക്കായി സ്‌പെഷ്യല്‍ ഭക്ഷണ ക്രമവും ഇതിനിടയില്‍ പരിശീലിപ്പിച്ചെടുത്തു. എല്ലാ ആഴ്ചയും ഒരുക്കങ്ങളുടെ റിവ്യൂ നടത്തിയാണ് ഫൈനല്‍ സ്റ്റേജിലേക്ക് പതിനഞ്ചു പേരെ എത്തിച്ചത്  തന്റെ മകന്റെ പുഞ്ചിരി കാണുവാന്‍ വേണ്ടിയാണു ഈ മത്സര വേദിയില്‍ താന്‍ അതിയായി ആഗ്രഹിച്ചതെന്നു നിഷ വ്യക്തമാക്കി.

ഐശ്വര്യ റായിയേയും സുസ്മിത സെന്നിനെയും കണ്ടു വളര്‍ന്ന തലമുറയുടെ പ്രതിനിധി എന്ന നിലയില്‍ അവരുടെ വിജയ വഴികള്‍ പിന്തുടരാന്‍ മോഹം തോന്നുക സാധാരണ പെണ്‍കുട്ടികള്‍ക്കും സ്വാഭാവികമാണ്. അത്തരം ഒരു മോഹം തന്റെ ഉള്ളിലും താന്‍ അറിയാതെ വളര്‍ന്നിരുന്നു എന്നാണ് ഈ കിരീടത്തിനൊപ്പം നില്‍ക്കുമ്പോള്‍ തോന്നുന്നത്. ഒരുപാട് പേരെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയുള്ള ഓരോ അവസരമായി താന്‍ ഈ മത്സരത്തെ കാണുകയാണ്. അതിനാല്‍ ഈ കിരീടം വെറുമൊരു ആഭരണം പോലെ കാണുവാന്‍ താന്‍ ഒരുക്കമല്ലന്നു തന്റെ ചിന്തകള്‍ പങ്കുവയ്ക്കവേ കൂട്ടിച്ചേര്‍ത്തു. മെന്റല്‍ ഹെല്‍ത്ത് ചാരിറ്റിക്ക് വേണ്ടിയും പ്രവര്‍ത്തിക്കുന്ന നിഷ പുതിയ നേട്ടം കൊണ്ട് സാധ്യമായ ഇടങ്ങളിലെല്ലാം സ്ത്രീയുടെ മനോബലവും കഴിവും എന്തിനും മേലെയാണെന്നു തെളിയിക്കാന്‍ ഉള്ള ഒരുക്കത്തിലുമാണ്.

കൂടെ മത്സരിച്ച 14 പേരെയും പിന്തള്ളി കിരീടം സ്വന്തമാക്കുമ്പോള്‍ താന്‍ തന്നെയാണോ വിജയി ആയതെന്ന് നിഷ ചുറ്റിനും നോക്കുക ആയിരുന്നു. മത്സര ശേഷം സോഷ്യല്‍ മീഡിയയില്‍ സന്തോഷം പങ്കിടാന്‍ എത്തിയ സുന്ദരി തന്നെ ആരെങ്കിലും ഒന്ന് പിച്ചാമോ എന്നാണ് ടാഗ് ലൈന്‍ കുറിച്ചത്. കാരണം അത്രയ്ക്കും അവിശ്വസനീയമാണ് ഈ വിജയം എന്ന് നിഷ കുറിക്കുന്നു. തന്നോടൊപ്പം, അല്ലെങ്കില്‍ തന്നെക്കാള്‍ ഈ വിജയം സന്തോഷം നല്‍കുന്നത് തന്റെ ഏഴുവയസുകാരന്‍ മകനാണെന്നും നിഷ കൂട്ടിച്ചേര്‍ക്കുന്നു.

അമ്മയോടൊപ്പം മിക്ക ദിവസങ്ങളിലും പരിശീലന പരിപാടികളില്‍ കാഴ്ച്ചക്കാരന്‍ ആയി എത്തിയിരുന്ന ആ മിടുക്കന്‍ കൂടെക്കൂടെ 'അമ്മ ജയിക്കുമോ എന്ന് ചോദിച്ചിരുന്ന കാര്യവും നിഷ പങ്കുവയ്ക്കുന്നു. അതിനാല്‍ തന്നെ ഈ നേട്ടം അവനു വേണ്ടി സമര്‍പ്പിക്കുക ആണെന്നും നിഷ ജോര്‍ജ് വ്യക്തമാക്കുന്നു. ഇനി അമേരിക്കയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളില്‍ കിരീടം നേടിയവര്‍ ഒത്തു ചേരുമ്പോള്‍ വിജയം കൂടുതല്‍ കടുപ്പം നിറഞ്ഞതാണെന്ന് നിഷക്കറിയാം. എങ്കിലും യുകെയിലെ വിജയി എന്ന ലേബലുമായി എത്തുന്നതിന്റെ സന്തോഷത്തോടെയങ്കും താന്‍ അമേരിക്കയിലേക്ക് പറക്കുക എന്നും നിഷ പറയുന്നു.

വിവാഹ ശേഷം മുംബൈയില്‍ നിന്നും ലണ്ടനില്‍ എത്തിയ നിഷ ബോളിവുഡ് റീമെയ്ക് രംഗത്താണ് തന്റെ പ്രാഗല്‍ഭ്യം തെളിയിച്ചത്. മെഹബൂബ് എന്ന റീമേയ്ക്ക് വിഡിയോ ആല്‍ബവും സ്വന്തം വരികള്‍ക്ക് ഈണം നല്‍കിയ ചോരി എന്ന ആല്‍ബവും നിഷ സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ചിരുന്നു. രണ്ടും സോഷ്യല്‍ മീഡിയ പ്രൊമോഷന്‍ വഴി ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഇതുകൂടാതെ അഭിനയ സാധ്യതയുള്ള ഏതാനും പ്രോജക്ടുകളും ഇപ്പോള്‍ നിഷയുടെ മുന്നിലുണ്ട്.

ലണ്ടന്‍ താവളമാക്കിയിട്ടു പത്തു വര്‍ഷത്തോളമായെങ്കിലും ഹീത്രൂ എയര്‍പോര്‍ട്ട് ജീവനക്കാരി ആയിരുന്ന ഈ മലയാളി വനിതയ്ക്കു മലയാളികളെ കാര്യമായി പരിചയം ഇല്ലെന്നതും കൗതുകമാണ്. നിഷ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന വിവരം ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫോട്ടോ ലൈക്ക് മത്സരത്തില്‍ ഇടയ്ക്കു മുന്നില്‍ എത്തിയെങ്കിലും പിന്നെ താഴോട്ടിറങ്ങിയിരുന്നു. എന്നാല്‍ ഒടുവില്‍ വിജയ കിരീടം അണിയാന്‍ ശിരസു കുനിക്കുമ്പോള്‍ തന്നിലൂടെ മറ്റൊരു മലയാളി വീരഗാഥ കൂടി ലണ്ടനില്‍ രചിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷമാണ് നിഷയിപ്പോള്‍ പങ്കിടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category