1 GBP = 90.20 INR                       

BREAKING NEWS

ചരിത്രത്തില്‍ ആദ്യമായി എന്‍എസ്എസ് നേതൃത്വത്തിന് സ്വാധീനം രൂപപ്പെടുമ്പോള്‍ എങ്ങനെ മുതലാക്കാന്‍ സാധിക്കുമെന്ന് തലപുകഞ്ഞ് ബിജെപി; പരസ്യ പിന്തുണ ഇല്ലെന്നറിയിച്ചെങ്കിലും തിരുവനന്തപുരത്തിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനത്തിന് വഴി തുറന്ന് സുകുമാരന്‍ നായര്‍; പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസും; എന്‍എസ്എസ് സ്വാധീനം അളക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി സിപിഎം; ബ്രാന്‍ഡ് വാല്യൂ ഉയര്‍ന്ന എന്‍എസ്എസിന്റേയും സുകുമാരന്‍ നായരുടേയും പിന്നാലെ വട്ടം കൂടി എല്ലാ പാര്‍ട്ടികളും

Britishmalayali
kz´wteJI³

തിരുവനന്തപുരം: 2000 ഡിസംബര്‍ അവസാനം അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയ് കുമരകത്ത് എത്തിയത് എന്‍ എസ് എസിന്റെ മനസ്സ് ബിജെപിക്ക് അനുകൂലമാക്കാനായിരുന്നു. എന്നാല്‍ അന്നത്തെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍ അതിന് സമ്മതം മൂളിയില്ല. വാജ്‌പേയി ഒരാഴ്ചക്കാലം കുമരകത്ത് വിശ്രമിച്ച് ഡല്‍ഹിക്ക് മടങ്ങി. എന്‍ എസ് എസിന്റെ പ്രസിദ്ധമായ സമദൂരസിദ്ധാന്തം പുതിയ തലത്തിലേക്ക് എത്തിച്ചത് ഈ സംഭവമായിരുന്നു. എന്നാല്‍ ശബരിമലയിലെ യുവതി പ്രവേശന വിധി എല്ലാം മാറ്റി മറിച്ചു. നാരായണ പണിക്കരുടെ പിന്‍ഗാമിയായ ജി സുകുമാരന്‍ നായര്‍ ശബരിമലയില്‍ പ്രക്ഷോഭത്തിന് സമുദായാംഗങ്ങളോട് ആഹ്വാനം ചെയ്തു. അത് ഏറ്റെടുത്ത് സമുദായ അംഗങ്ങള്‍ തെരുവിലെത്തിയപ്പോള്‍ എന്‍ എസ് എസിന് പുതിയ കരുത്തും ആവേശവും കിട്ടി.

മീശ നോവല്‍ നിരോധനത്തിലൂടെ മാതൃഭൂമിയെ പോലും വിറപ്പിച്ച സുകുമാരന്‍ നായര്‍ ശബരിമല പ്രക്ഷോഭത്തിലൂടെ കൂടുതല്‍ കരുത്തനായി. സമുദായ അംഗങ്ങള്‍ കുറ്റം പറഞ്ഞിരുന്ന നേതാവ് ഏവരും അംഗീകരിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറി. മുമ്പൊരിക്കലും എന്‍ എസ് എസിന് തെരഞ്ഞെടുപ്പില്‍ കാര്യമായ സ്വാധീനം ചെലുത്താനായിരുന്നില്ല. സമുദായ അംഗങ്ങളും നേതൃത്വവും തമ്മിലെ അകലമായിരുന്നു ഇതിന് കാരണം. എന്നാല്‍ ശബരിമലയോടെ കാര്യങ്ങള്‍ മാറി. സുകുമാരന്‍ നായര്‍ പറയുന്നിടത്ത് വോട്ട് ചെയ്യാന്‍ സമൂദായ അംഗങ്ങള്‍ തയ്യാറാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതുകൊണ്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും സുകുമാരന്‍ നായരുടെ മനസ്സ് അനുകൂലമാക്കാന്‍ ഏങ്ങനേയും ശ്രമിക്കുന്നത്.

ശബരിമലയിലെ വിധിയിലൂടെ ഏറ്റവും അധികം ബ്രാന്‍ഡ് വാല്യു ഉയര്‍ന്നത് എന്‍ എസ് എസിന്റേതാണ്. എസ് എന്‍ ഡി പിക്കും വെള്ളാപ്പള്ളി നടേശനും കൃത്യമായ നിലപാട് എടുക്കാനായില്ല. പിണറായി സര്‍ക്കാരിന്റെ നവോത്ഥാന മതിലിനെ വെള്ളാപ്പള്ളി പിന്തുണച്ചു. എന്നാല്‍ ശബരിമലയില്‍ യുവതികളെ കയറ്റുന്നതിനെ എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ നവോത്ഥാന മതിലിന് പിന്നാലെ പിണറായി സര്‍ക്കാര്‍ യുവതികളെ സന്നിധാനത്ത് എത്തിച്ചു. അപ്പോഴും രണ്ട് നിലപാടാണ് വെള്ളാപ്പള്ളി എടുത്തത്. ഭക്തര്‍ക്കൊപ്പം നിന്ന സുകുമാരന്‍ നായരെ പരിഹസിക്കുകയും ചെയ്തു. എസ് എന്‍ ഡി പിയുടെ രാഷ്ട്രീയ സംവിധാനമായ ബിഡിജെഎസിനും ശബരിമലയില്‍ അടിതെറ്റി.

ഒറ്റ നിലപാടുമായി നിന്ന സുകുമാരന്‍ നായര്‍ നേതാവായി മാറുകയും ചെയ്തു. ഇത് എന്‍ എസ് എസ് അണികളിലും പ്രതിഫലമുണ്ടാക്കി. രാഷ്ട്രീയമായി ഒരുമിക്കേണ്ടതിന്റെ ആവശ്യം എന്‍ എസ് എസ് സമുദായ അംഗങ്ങളെ അറിയിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് സുകുമാരന്‍ നായരുടെ മനസ്സ് പിടിക്കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. കോണ്‍ഗ്രസും ബിജെപിയും ഇതിനായി മത്സരിക്കുമ്പോള്‍ നിശബ്ദതയിലൂടെ എല്ലാം അനുകൂലമാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്‍ എസ് എസിന്റെ സ്വാധീനം അറിയാന്‍ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ശ്രമിക്കുന്നതും ഭരണകക്ഷിയെ നയിക്കുന്ന സിപിഎമ്മിന് വേണ്ടിയാണ്.

ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ എന്‍.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴി കണ്ടെത്താന്‍ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഇടതുമുന്നണിയെ ബാധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാനുള്ള വിഷയങ്ങളുടെ കൂട്ടത്തിലാണ് എന്‍.എസ്.എസും ഉള്ളത്. എന്‍.എസ്.എസിന് നായര്‍ വോട്ടുകളില്‍ എത്രത്തോളം സ്വാധീനം ഉണ്ടെന്ന് കണ്ടെത്തണം. നല്ല സ്വാധീനമുണ്ടെങ്കില്‍ അത് ഇടതുമുന്നണിക്ക് അനുകൂലമാക്കാന്‍ എന്തുതന്ത്രം സ്വീകരിക്കണം, ഓരോ പ്രദേശത്തും എന്‍.എസ്.എസിന്റെ ഏതൊക്കെ നേതാക്കള്‍ക്കാണ് സ്വാധീനം, ഇവരില്‍ ആരെയൊക്കെ സ്വാധീനിക്കാന്‍ കഴിയും, എന്‍.എസ്.എസിന്റെ വനിതാസമാജം നേതാക്കളില്‍ ആരെയൊക്കെ സ്വാധീനിക്കാനാവും, പ്രാദേശിക എന്‍.എസ്.എസ് നേതാക്കളെ സ്വാധീനിക്കുന്നതിലൂടെ ഇടതുമുന്നണിക്ക് വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിയുമോ തുടങ്ങിയവയാണ് അന്വേഷിക്കേണ്ടത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നുമുള്ള വിവരങ്ങളാണ് എത്രയും വേഗം രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിക്കേണ്ടത്. ബിജെപിയുമായി എന്‍ എസ് എസ് അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇതെല്ലാം. കെസി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ ജനറല്‍ സെക്രട്ടറിയായതോടെ യുഡിഎഫും പ്രതീക്ഷയിലാണ്. സുകുമാരന്‍ നായരുടെ അതിവിശ്വസ്തനായ വേണുഗോപാല്‍ എന്‍ എസ് എസ് വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

ബിജെപിയോടും ആര്‍ എസ് എസിനോടും എന്‍ എസ് എസ് നേതൃത്വത്തിന് ഒരു അകലം ഏക്കാലത്തുമുണ്ടായിരുന്നു. ആര്‍എസ്എസ് തങ്ങളെ വിഴുങ്ങിയാലോ എന്നാവാം ഭയം. ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി ബന്ധങ്ങളില്‍ മാറ്റം വരുത്തി. വിധിക്കെതിരെ നാമജപഘോഷയാത്രയുമായി എന്‍ എസ് എസ് തെരുവിലിറങ്ങിയപ്പോള്‍ അതിലെ സുവര്‍ണാവസരം ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ള കണ്ടു. പരിവാറുകാരുടെ പ്രതിഷേധത്തിനും എന്‍ എസ് എസുകാരെത്തി.

അയ്യപ്പ ജ്യോതിയിലും അയ്യപ്പ സംഗമത്തിലും ആയിരങ്ങളെയാണ് എന്‍ എസ് എസ് എത്തിച്ചത്. അതുകൊണ്ട് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിലും എന്‍ എസ് എസ് സഹായം ബിജെപിയും പരിവാറും പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം ലോക്സഭയില്‍ ജയിക്കാമെന്നാണ് ബിജെപി പ്രതീക്ഷ. ഇവിടെ ജയം നിശ്ചയിക്കുന്ന പ്രധാന ഘടകമാണ് എന്‍ എസ് എസ്. അതുകൊണ്ട് തന്നെ തിരുവനന്തുപരത്ത് കുമ്മനം രാജശേഖരനെ സ്ഥാനാര്‍ത്ഥിയാക്കി എന്‍ എസ് എസ് വോട്ടുകള്‍ അനുകൂലമാക്കാനാണ് ബിജെപിയുടെ ശ്രമം. ശബരിമല സമരനായകനെന്ന മിസോറാം ഗവര്‍ണ്ണറുടെ പ്രതിച്ഛായയാകും ബിജെപി ഇതിനായി ഉപയോഗിക്കുക. ലക്ഷ്യം എന്‍ എസ് എസ് വോട്ടുകളാണ്. പക്ഷേ സുകുമാരന്‍ നായര്‍ കുമ്മനത്തെ അനുകൂലിച്ച് എത്തേണ്ടതു മുണ്ട്. ഇത് അത്ര എളുപ്പമാകില്ലെന്ന് ബിജെപിക്കും അറിയാം.

2009 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ശശി തരൂര്‍ ബിജെപിയുടെ മനക്കോട്ട തിരുവനന്തപുരത്ത് തകര്‍ത്തുടച്ചുകളഞ്ഞു. 3,26,725 വോട്ടു നേടിയ തരൂര്‍ ഒരുലക്ഷം വോട്ടിനാണ് സിപിഐ നേതാവ് പി. രാമചന്ദ്രന്‍ നായരെ തോല്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് 84,084 വോട്ടുമായി മൂന്നാം സ്ഥാനത്തുമെത്തി. 2014 ലാവട്ടെ, ശശി തരൂരിന്റെ ഭൂരിപക്ഷം 15,000 വോട്ടായി കുറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. സിപിഐയിലെ ഡോ. ബെന്നറ്റ് ഏബ്രഹാം മൂന്നാം സ്ഥാനത്തും. തരൂരിന് 2,97,806 വോട്ടും രാജഗോപാലിന് 2,82,336 വോട്ടും ബെന്നറ്റ് ഏബ്രഹാമിന് 2,48,941 വോട്ടും കിട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ. രാജഗോപാല്‍ നേമത്തുനിന്നു വിജയിക്കുകയും ചെയ്തു.ബിജെപിക്ക് വലിയ വിജയ പ്രതീക്ഷ നല്‍കുന്ന മണ്ഡലം തന്നെയാണ് തിരുവനന്തപുരം. 2014ലെ 15000 എന്ന ഭൂരിപക്ഷം മറികടക്കാന്‍ എന്‍ എസ് എസിന്റെ പിന്തുണ നിര്‍ണ്ണായകമാണ്. സുകുമാരന്‍ നായര്‍ മനസ്സ് വച്ചാല്‍ വിജയിക്കാമെന്ന് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ.

പെരുന്നയില്‍നിന്നുള്ള രാഷ്ട്രീയസൂചനകള്‍ വിരല്‍ചൂണ്ടുന്നത് ബിജെപിക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. പൊതുവായ ഒരു രാഷ്ട്രീയ പിന്തുണ തരാനാവില്ലെന്ന് എന്‍ എസ് എസ് നേതൃത്വം ബിജെപിയോടു പറയും. പകരം ഒന്നോ രണ്ടോ സീറ്റുകള്‍ നിര്‍ദ്ദേശിക്കാന്‍ എന്‍ എസ് എസ് ആവശ്യപ്പെടും. അവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കുവേണ്ടി എന്‍ എസ് എസ് ശ്രദ്ധ കേന്ദ്രീകരിക്കും. മറ്റ് മണ്ഡലങ്ങളില്‍ ശബരിമലയില്‍ വിശ്വാസികളെ ഹനിച്ച പിണറായി സര്‍ക്കാരിനെതിരേയും പ്രയോഗിക്കും. അതായത് തിരുവനന്തപുരത്ത് ബിജെപിയെ എന്‍ എസ് എസ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. കൃത്യമായ ലക്ഷ്യംവെച്ച് ഒന്നോ രണ്ടോ മണ്ഡലത്തില്‍ ബിജെപിക്ക് കൃത്യമായ പിന്തുണ കൊടുത്താല്‍ ഒന്നിലെങ്കിലും ഫലം കാണാമെന്നാണ് മനക്കണക്ക്.

ഒരു സീറ്റിലെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ മുഴുവന്‍ ക്രെഡിറ്റും എന്‍ എസ് എസിനു കിട്ടുകയും ചെയ്യും. ഇതിനാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഇത് മനസ്സിലാക്കിയാണ് ബിജെപി മനസ്സില്‍ മോഹങ്ങള്‍ നെയ്യുന്നതും. തിരുവനന്തപുരം ഒഴികെയുള്ള എല്ലായിടത്തും കോണ്‍ഗ്രസും സഹായം പ്രതീക്ഷിക്കുന്നു. സര്‍വ്വേ നടത്തുന്നുണ്ടെങ്കിലും ശബരിമലയിലെ വാദിപ്രതിവാദങ്ങളോട് സിപിഎമ്മുമായി എന്‍ എസ് എസ് ഏറെ അകന്നു കഴിഞ്ഞു. അതിനാല്‍ സിപിഎമ്മിന് സുകുമാരന്‍ നായര്‍ക്ക് താല്‍പ്പര്യമുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയാല്‍ മാത്രമേ എന്‍ എസ് എസ് പിന്തുണ കിട്ടൂവെന്ന അവസ്ഥയാണുള്ളത്. ഇതിനും സിപിഎം ശ്രമിക്കും. കോട്ടയത്തും കൊല്ലത്തും എന്‍ എസ് എസ് പിന്തുണയുള്ളവരെയാകും മത്സരിപ്പിക്കുക.

നാരായണ പണിക്കരില്‍ നിന്ന് സമുദായത്തിന്റെ നേതൃത്വം സുകുമാരന്‍ നായര്‍ ഏറ്റെടുക്കുമ്പോള്‍ വിവാദ പുരുഷനായിരുന്നു സുകുമാരന്‍ നായര്‍. സമുദായ അംഗങ്ങള്‍ തന്നെ പലവിധ സംശയങ്ങള്‍ ഉയര്‍ത്തി. അദ്ദേഹത്തിന്റെ അര്‍ഹത പോലും ചോദ്യം ചെയ്തു. സര്‍ക്കാരുകളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന വെള്ളാപ്പള്ളി നടേശനുമായി സുകുമാരന്‍ നായരെ താരതമ്യം ചെയ്തു. അപ്പോഴും സമുദായത്തിലെ നേതൃപിന്തുണയുടെ മികവില്‍ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറിയായി സുകുമാരന്‍ നായര്‍ മുമ്പോട്ട് പോയി. എന്നാല്‍ ശബരിമല വിഷയത്തിലൂടെ എന്‍ എസ് എസിന്റെ യഥാര്‍ത്ഥ നേതാവായി സുകുമാരന്‍ നായരും മാറുകയായിരുന്നു. ആചാര വിഷയങ്ങളില്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുന്ന സുകുമാരന്‍ നായര്‍ ചതിച്ചവര്‍ക്ക് പണി കൊടുക്കാനുള്ള തന്ത്രമൊരുക്കയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരായ വികാരം ആളിക്കത്തിക്കാനാണ് എന്‍ എസ് എസ് നീക്കമെന്നാണ് വിലയിരുത്തല്‍.

വിശ്വാസികളെ ഒപ്പം നിര്‍ത്തിയാണ് എന്‍ എസ് എസിന്റെ നേതാവായുള്ള സുകുമാരന്‍ നായരുടെ മാറ്റം. മാതൃഭൂമിയില്‍ മീശ നോവലില്‍ ഹിന്ദു വിരുദ്ധ പരാമര്‍ശങ്ങളുണ്ടായപ്പോഴാണ് അതിശക്തായ ഇടപെടല്‍ സുകുമാരന്‍ നായര്‍ നടത്തിയത്. മാതൃഭൂമിയെ പോലും ഞെട്ടിക്കുന്ന തരത്തില്‍ പത്രം ബഹിഷ്‌കരിക്കാന്‍ സുകുമാരന്‍ നായര്‍ ആഹ്വാനം ചെയ്തു. ഇതിനെ മാതൃഭൂമി പോലും കാര്യമായെടുത്തില്ല. എന്നാല്‍ കരയോഗത്തിലൂടെ നായര്‍ സ്ത്രീകളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി മീശയ്‌ക്കെതിരായ വികാരം കത്തിച്ചു. വലിയ നഷ്ടമാണ് മാതൃഭൂമിക്കുണ്ടായത്. വലിയ തോതില്‍ സര്‍ക്കുലേഷന്‍ കുറഞ്ഞു. ഭീമ പോലും പരസ്യം നല്‍കല്‍ നിര്‍ത്തി. ഇതോടെയാണ് സുകുമാരന്‍ നായര്‍ സ്വാധീന ശേഷിയുള്ള സമുദായ നേതാവായി മാറിയത് കേരള രാഷ്ട്രീയം തിരിച്ചറിഞ്ഞത്. ശബരിമലയില്‍ പ്രക്ഷോഭത്തിന് കാരണവും സുകുമാരന്‍ നായരുടെ നിലപാടായിരുന്നു.

ശബരിമല യുവതി പ്രവേശനത്തെ ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും തുടക്കത്തില്‍ അനുകൂലിച്ചു. എന്നാല്‍ പ്രതിഷേധത്തിനുള്ള എന്‍ എസ് എസിന്റേയും പന്തളം കൊട്ടാരത്തിന്റേയും ആവശ്യം ഭക്തര്‍ ഏറ്റെടുത്തു. നാമജപ പ്രതിഷേധം ആളിക്കത്തി. ഇതോടെയാണ് ആര്‍എസ്എസ് നിലപാട് മാറ്റിയത്. ബിജെപി പ്രത്യക്ഷ സമരത്തിനും ഇറങ്ങി. ഇതോടെ എന്‍ എസ് എസും പരിവാറും അടുക്കുകയും ചെയ്തു. അയ്യപ്പജ്യോതിയിലും അയ്യപ്പ ഭക്ത സംഗമത്തിലും ആളുകള്‍ ഒഴുകിയെത്തി. ഇതിലേക്ക് കാര്യങ്ങളെത്തിച്ചത് സുകുമാരന്‍ നായരുടെ പിന്തുണയായിരുന്നു. ഇത് തിരുവനന്തപുരത്ത് വോട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് ബിജെപി. കേരളത്തില്‍ ഉടനീളം വോട്ട് ഉയര്‍ത്താന്‍ സാഹചര്യമൊരുക്കുമെന്നും വിലയിരുത്തി.

എന്നാല്‍ തിരുവനന്തപുരത്തിന് പുറത്ത് ബിജെപിക്ക് വലിയ തോതില്‍ വോട്ടുയര്‍ന്നാല്‍ അത് സിപിഎമ്മിന് വിജയമൊരുക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് ബിജെപിക്ക് വിജയ സാധ്യതയില്ലാത്ത തിരുവനന്തപുരത്തിന് പുറത്ത് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് എന്‍ എസ് എസ് ആലോചന നടത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രൂക്ഷ വിമര്‍ശനത്തിന് അതേ നാണയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ തിരിച്ചടി നല്‍കിയതോടെ ഇഴ ചേരാനാവാത്ത വിധം അകല്‍ച്ച പ്രകടമായി. നേതൃത്വം പറയുന്നത് അണികള്‍ കേള്‍ക്കില്ലെന്ന് സുകുമാരന്‍ നായരെ കുത്തി ഇടതു മുന്നണി കണ്‍വീനര്‍ ഏ.വിജയരാഘവന്‍ പറഞ്ഞത് ഇടതുമുന്നണിയോട് എന്‍.എസ്.എസ് തിരിഞ്ഞതിന്റെ സാക്ഷ്യപത്രവുമായി.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം ആദ്യാവസാനം ഉറച്ചു നിന്നത് ബിജെപി അനുകൂല നിലപാടായി വ്യാഖ്യാനിക്കുമ്പോഴും എന്‍.എസ്.എസിന് ഏറെ താത്പര്യമുള്ള കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ എത്തിയത് നിര്‍ണ്ണായകമായി. സമദൂരം ഉപേക്ഷിച്ചെന്ന് മനസിലാക്കിയാണ് നിഴല്‍ യുദ്ധം നടത്താതെ രാഷ്ടീയ നിലപാട് വ്യക്തമാക്കണമെന്ന കോടിയേരിയുടെ പ്രസ്താവന. ഇതിനോട് സുകുമാരന്‍ നായര്‍ പ്രതികരിച്ചില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ എല്ലാം മനസ്സിലാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.



 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category