1 GBP = 87.90 INR                       

BREAKING NEWS

പരോള്‍ ഇല്ലാത്ത സമയത്ത് വല്ലപ്പോഴും ജയിലില്‍ എത്തിയാല്‍ അഞ്ച് പേര്‍ക്ക് താമസിക്കാവുന്ന സെല്ലില്‍ ഒറ്റയ്ക്ക് വാസം; മൊബൈല്‍ ഫോണും ചാര്‍ജറും സഹായികളായി ജീവനക്കാരും; ഇറച്ചിയും മീനും മദ്യവും അടങ്ങിയ ഭക്ഷണവും സെല്ലില്‍ എത്തും; ഒറ്റ ദിവസം പോലും ജോലി ചെയ്യാറില്ലെങ്കിലും രേഖയില്‍ പച്ചക്കറി തോട്ടത്തിലെ പണിക്കാരനായി കരുതി പ്രതിമാസം കൊടി സുനിക്ക് 4000 രൂപ ശമ്പളം; ടിപി വധക്കേസിലെ പ്രതിക്ക് പിണറായി നല്‍കുന്ന മാനുഷിക പരിഗണന കണ്ടാല്‍ ആര്‍ക്കാണ് ഒന്ന് ജയിലിലാവാന്‍ കൊതി തോന്നാത്തത്?

Britishmalayali
kz´wteJI³

കൊച്ചി: 'മാനുഷിക പരിഗണന നല്‍കി കൊടി സുനിക്ക് ഇനിയും പരോള്‍ അനുവദിക്കണം'; മുഖ്യമന്ത്രിയോട് ഷാഫി പറമ്പില്‍ എംഎല്‍എ ഉയര്‍ത്തിയ ആവശ്യം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തു. ഇതിന് പിന്നാലെ പരോളിനെക്കാള്‍ വലിയ മാനുഷിക പരിഗണനയാണ് വിയ്യൂര്‍ ജയിലില്‍ ടിപി വധക്കേസിലെ മുഖ്യപ്രതി കൊടി സുനിക്ക് കിട്ടുന്നതെന്ന് വ്യക്തമാകുന്നു. പരോളിലിറങ്ങുമ്പോള്‍ ഏറ്റെടുക്കുന്ന ക്വട്ടേഷനുകള്‍ ജയിലിനുള്ളില്‍ ചെയ്യാനുള്ള സംവിധാനങ്ങള്‍. ഈ സുഖ ജീവിതത്തെ കുറിച്ചറിഞ്ഞാല്‍ ആരും ഒന്ന് ജയിലില്‍ പോയി ഇതെല്ലാം അനുഭവിക്കാന്‍ ആഗ്രഹിക്കും. അഴിക്കുള്ളില്‍ ക്വട്ടേഷനെടുത്ത് പുറത്ത് കോടികളുണ്ടാക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രതിമാസം കൊടി സുനിക്ക് ശമ്പളവും കിട്ടുന്നു. പച്ചക്കറി തോട്ടത്തിലെ ജോലിക്കാരനാണ് വിയ്യൂര്‍ ജയിലിലെ കിരീടം വയ്ക്കാത്ത രാജകുമാരനായ കൊടി സുനി സര്‍ക്കാര്‍ രേഖകളില്‍.

കൊടി സുനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങളാണ്. സര്‍ക്കാരിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് എല്ലാം. ഉത്തരവുകളൊന്നും ഇല്ലെങ്കിലും കൊടി സുനിക്ക് ഒന്നിനും കുറവ് വരരുതെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്കെല്ലാം സിപിഎമ്മിലെ ഉന്നതര്‍ നല്‍കിയിട്ടുണ്ട്. ഇതാണ് എല്ലാ സുഖ സൗകര്യങ്ങള്‍ക്കും കാരണം. 5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ ഒരു വര്‍ഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനുള്ള ഫോണ്‍ സൗകര്യം ഒരുക്കിക്കൊടുത്തതും ചാര്‍ജ് ചെയ്തു നല്‍കിയും ജയില്‍ ഉദ്യോഗസ്ഥര്‍ പോലും കൊടി സുനിയില്‍ യജമാനനെ കാണുന്നു. പച്ചക്കറിത്തോട്ടത്തില്‍ പണിക്ക് ഇറങ്ങിയ വകയില്‍ ഓരോ മാസവും 3000 മുതല്‍ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണിത്. ജയിലിലെ ഓരോ ചലനവും കൊടി സുനി അറിഞ്ഞാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പരോളിനേക്കാള്‍ വലിയ സുഖവാസമാണ് വിയ്യൂരില്‍ കൊടി സുനിക്ക്.

ജയിലില്‍ ഇറച്ചിയും മീനും വയ്ക്കുന്ന ദിവസങ്ങളില്‍ രുചികരമായി തയാറാക്കിയ പ്രത്യേക ഭക്ഷണം സുനിക്കു സെല്ലിലെത്തും. സുനിയടക്കം ടിപി കേസിലെ പ്രതികള്‍ക്കു മദ്യം എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ കുറച്ചുകാലം മുന്‍പ് ജയില്‍ ജീവനക്കാര്‍ പിടിക്കപ്പെടുകയും സസ്പെന്‍ഷനിലാകുകയും ചെയ്തിരുന്നു. ഇപ്പോഴും ഇതെല്ലാം കൃത്യമായി നടക്കുന്നുണ്ട്. കാര്‍ ആക്രമിച്ചു കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകള്‍ സുനി നടപ്പാക്കുന്നു. ഇതിനായി ജയിലിനുള്ളിലിരുന്നു പുറത്തേക്കു നൂറുകണക്കിനു ഫോണ്‍ വിളികള്‍ ദിവസവും കൊടി സുനി നടത്തുന്നു. ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ചാര്‍ജ് നിറച്ച ബാറ്ററികള്‍ കൃത്യമായി എത്തും. ജയിലിലെ പച്ചക്കറിത്തോട്ടത്തില്‍ പണിയെടുക്കുന്നവരുടെ പട്ടികയില്‍ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. ഹാജര്‍ രേഖപ്പെടുത്താന്‍ ഗാര്‍ഡ് ഓഫിസര്‍ക്കു മുന്നില്‍ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കിട്ടും.


പരോളിലിറങ്ങിയ കൊടി സുനി ക്വട്ടേഷന്‍ കേസില്‍ അറസ്റ്റിലായതോടെയാണ് സുഖ സൗകര്യങ്ങള്‍ വീണ്ടും പുറം ലോകത്ത് എത്തുന്നത്. കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. സാമ്പത്തിക കുറ്റകൃത്യമായി കണ്ടു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ സുനിയെ കോടതി വിട്ടു കൊടുത്തു. എന്നാല്‍ അറസ്റ്റിലായതോടെ വിയ്യൂരിലെ സുഖങ്ങളിലേക്ക് പോകാനായിരുന്നു കൊടി സുനിക്ക് താല്‍പ്പര്യം. അങ്ങനെ പൊലീസ് തെളിവെടുപ്പ് പോലും നടത്തായെ വിയ്യൂരിലെ വിഐപി സംവിധാനങ്ങളിലേക്ക് കൊടി സുനിയെ അയച്ചു. ജയിലിനുള്ളില്‍ വലിയ ഓപ്പറേഷനുകളാണ് കൊടി സുനി നടപ്പാക്കുന്നത്.

സ്വര്‍ണ്ണക്കടത്തിനായി കൊടിസുനിയും സംഘവും റാഷിദെന്ന യുവാവ് ഗള്‍ഫിലേക്കയച്ചിരുന്നു. എന്നാല്‍ തിരികെയെത്തിയ യുവാവിന്റെ കൈയില്‍ നിന്ന് യാത്രക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടു. സ്വര്‍ണം നഷ്ടമായതോടെ പണം തിരികെക്കിട്ടാന്‍ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മര്‍ദ്ദിച്ചു. അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് യുവാവിന്റെ മാതാവ് നല്‍കിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. കൊടിസുനി പരോളില്‍ ഇറങ്ങിയ സമയത്താണ് ഈ കുറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. കേസില്‍ സജീര്‍, സമീര്‍, പ്രകാശ് എന്നീ 3 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് കവര്‍ച്ചയും അസൂത്രണം ചെയ്തിരുന്നു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും കോഴിക്കോട് പൊലീസും സമാന്തരമായി അന്വേഷണം നടത്തുന്ന കേസിലാണ് കൊടി സുനിയുടെ പങ്ക് വെളിപ്പെട്ടത്.

യുഡിഎഫ് ഭരണകാലത്ത് ഫെയ്സ് ബുക്കും വാട്സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലില്‍ ആശ്വാസം. എന്നാല്‍ സ്വന്തം സര്‍ക്കാരെത്തിയപ്പോള്‍ ജയില്‍ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ചു മൂന്നു കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അതു ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരില്‍ സുനിക്ക് സര്‍വ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലര്‍ക്ക് സമാനമായ ജീവിതമാണ് സുനി നയിച്ചത്. ഇതിന് തെളിവാണ് പുതിയ കേസ്.

കവര്‍ച്ച ആസൂത്രണം ചെയ്യാന്‍ അഞ്ഞൂറിലേറെ ഫോണ്‍ കോളുകള്‍ വിയ്യൂരില്‍ നിന്ന് കൊടി സുനി ചെയ്തു. ഇതാണ് വിനയായി മാറിയതും. നല്ലളം മോഡേണ്‍ സ്റ്റോപ്പിന് സമീപമാണ് കാര്‍യാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നത്. ഇതിന്റെ ആസൂത്രകന്‍ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവര്‍ച്ചമുതല്‍ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരന്‍ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് ഇത്രയധികം ഫോണ്‍ കോളുകള്‍ ഉണ്ടായത് കണ്ടെത്തിയത്. മൊബൈല്‍ കമ്പനികളില്‍നിന്ന് ശേഖരിച്ച ഫോണ്‍ കോള്‍ രേഖകള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, സെല്‍ ഐ.ഡി. രേഖകള്‍ എന്നിവ വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാന്‍ ഉപയോഗിച്ച അതേ നമ്പറില്‍നിന്ന് സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്.

2016 ജൂലായ് 16-ന് ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനുസമീപം കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോ സ്വര്‍ണം കവര്‍ന്നതാണ് കേസ്. ജയിലില്‍ കൊടി സുനി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി മുന്‍പും തെളിവുകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം വിവാദമാവുകയും ചെയ്തു. എന്നാല്‍ ഇടത് സര്‍ക്കാരെത്തിയപ്പോള്‍ കൊടി സുനി ജയില്‍ അധികൃതര്‍ക്കും പ്രിയങ്കരനായി. വിയ്യൂരിലെ ജയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പോലും കൊടി സുനിയാണ്. അതുകൊണ്ട് തന്നെ സുനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. ടിപിയെ കൊന്നതില്‍ പ്രധാന ഗൂഡാലോചകനാണ് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തന്‍. കുഞ്ഞനന്തന് സര്‍ക്കാര്‍ വീണ്ടും പരോള്‍ കാലാവധി നീട്ടി നല്‍കി വീട്ടിലിരുത്തുകയാണ്. ഇത് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊടി സുനിക്കും കുഞ്ഞനന്തനും ശിക്ഷാ ഇളവ് നല്‍കാന്‍ പോലും ശ്രമിച്ചു. എന്നാല്‍ ഗവര്‍ണ്ണറുടെ ഇടപെടലോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് പരോളിലൂടെ വിധിയെ അട്ടിമറിക്കുന്നത്.

കിര്‍മാണി മനോജിന് പിറകേ കൊടിസുനിയും വിവാഹിതനാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ ഒരു ഡോക്ടറാണ് വധുവെന്നാണ് അഭ്യൂഹം. മംഗലാപുരത്തെ ഒരാശുപത്രിയില്‍ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്‌സ് ബുക്ക് വഴിയാണ് ഇവര്‍ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ചൊക്ലി നിടുമ്പ്രം ഷാരൂണ്‍ വില്ലയില്‍ സുനില്‍കുമാര്‍ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ നാലാം പ്രതിയാണ്. ജയിലില്‍ കഴിയുന്ന ആളുടെ ഫെയ്‌സ് ബുക്ക് പ്രണയം തന്നെ ജയിലിലെ സുഖവാസത്തിന് തെളിവാണ്. മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലില്‍ വെച്ചു തന്നെ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവര്‍ ഏറെയാണ്.

യഥേഷ്ടം ഫോണ്‍ വിളിക്കാം, പ്രത്യേക ഭക്ഷണം, വാര്‍ഡന്മാരെ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാള്‍ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരിക്കല്‍ ജയിലിനകത്തുനിന്ന് സുനി ഫോണ്‍ വിളിക്കുന്നതു മൊബൈലില്‍ പകര്‍ത്തിയ വാര്‍ഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയില്‍ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉ ദ്യോഗസ്ഥന്‍ ഫോണ്‍ വിളി പകര്‍ത്തുന്നതു കണ്ട സുനി ഫോണ്‍ പിടിച്ചെടുത്ത് സിംകാര്‍ഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാര്‍ഡനു ജെയിലര്‍ മെമോ നല്‍കി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാല്‍ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു.

പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയില്‍ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയില്‍ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കള്‍ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികള്‍ക്ക് കൈയയച്ചു പരോള്‍ നല്‍കിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. നേരത്തെ ടിപി കേസിലെ പ്രതി കിര്‍മാണി മനോജും വിവാഹിതനായ വാര്‍ത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പൂജപ്പുര, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകള്‍ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്. ജയിലിലെ തന്ത്രപ്രധാന തീരുമാനങ്ങള്‍ പലതും ഇവരിലൂടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊടി സുനി, കിര്‍മാണി മനോജ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ ഉദ്യോഗസ്ഥര്‍ക്കു കടുത്ത തലവേദനയാണു സൃഷ്ടിക്കുന്നത്. മൂന്നു ജയിലുകളിലും വാര്‍ഡര്‍മാരെ ഡ്യൂട്ടിക്കിടുന്നതുപോലും പല ഉദ്യോഗസ്ഥരും ടിപി കേസ് പ്രതികളുടെ അനുമതി തേടിയാണെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്നതാണ് കൊടി സുനിയുടെ ജയിലിലെ ക്വട്ടേഷന്‍ പരിപാടികള്‍. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category