1 GBP = 92.70 INR                       

BREAKING NEWS

പറയാന്‍ മറന്ന പ്രണയമുണ്ടോ? വരൂ, വാട്ഫോഡിലേക്ക്; പ്രണയാനു ഭൂതിയിലൂടെ ഒരിക്കല്‍ കൂടി പാട്ടിനൊപ്പം കൂട്ടുകൂടാം; ഓഎന്‍വി അനുസ്മരണ സന്ധ്യയില്‍ മൗറീഷ്യസ് ഗായകനുമെത്തും; ഒപ്പം മലയാളി ഗായകരും; പ്രവേശനം സൗജന്യം

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പ്രണയത്തിനു കവികള്‍ക്ക് മുന്നില്‍ പല ഭാഷയാണ്. അതില്‍ വേദനയും വിരഹവും സങ്കടവും കണ്ണീരും ചിരിയും എല്ലാം അലിഞ്ഞു ചേരും  അതില്‍ ഇല്ലാത്തതായി ഒന്നുമില്ല. ഭാവനയുടെ ചിറകിലേറി മഴവില്ലിന്റെ തേര് തെളിച്ചു കുതിച്ചു പായുന്ന ആകാശക്കുതിരകളാകുന്ന കാമുകീ കാമുക ഹൃദയങ്ങളുടെ വികാര വിചാരങ്ങള്‍ ഒപ്പിയെടുത്ത അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച് നടന്നു മറഞ്ഞ പ്രിയ കവി ഓഎന്‍വി കുറുപ്പിന് ഒരിക്കല്‍ കൂടി യുകെ മലയാളികള്‍ ഹൃദയാഞ്ജലി അര്‍പ്പിക്കാന്‍ ഒത്തുചേരുമ്പോള്‍ കൂപ്പു കൈകളുമായി ഇത്തവണ മൊറീഷ്യസ് ഗായകനും കൂടെയുണ്ടാകും.

ഒറ്റയ്ക്കിരിക്കുമ്പോള്‍ ഹൃദയ വിചാരങ്ങളെ കൂടു തുറന്നു പറത്തി വിടാന്‍ പഠിപ്പിച്ച കവി പാടിയ പാട്ടുകള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ ഉള്ള മോഹത്തോടെയാകും ഇത്തവണ സെവന്‍ ബീറ്റ്‌സ് യുകെയും വാട്ഫോഡ് കെസിഎഫും സംയുക്തമായി നടത്തുന്ന ഓഎന്‍വി സ്മൃതിസന്ധ്യ അടുത്ത ശനിയാഴ്ച അരങ്ങേറുക. കവി ഓര്‍മ്മയായിട്ടു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ കവിയുടെ ഓര്‍മ്മകള്‍ക്ക് ആദരവ് അര്‍പ്പിച്ചു ബെഡ്ഫോര്‍ഡിലെ ജോമോന്‍ എന്ന പാട്ടുസ്നേഹിയുടെ നേതൃത്വത്തില്‍ നടക്കുന്ന  ഈ സ്മൃതിസന്ധ്യക്കും മൂന്നു വയസാകുകയാണ്.

ആദ്യ വര്‍ഷം കെറ്ററിംഗിലും കഴിഞ്ഞ തവണ ബെഡ്ഫോര്‍ഡിലും പാട്ടുമോഹികളുടെ ഹൃദയത്തില്‍ കുളിരു പകര്‍ന്നാണ് ഇത്തവണ സംഗീതോത്സവം വാട്ഫോഡില്‍ എത്തുന്നത്. യുകെ മലയാളികള്‍ക്കായി ഒട്ടേറെ ആസ്വാദക സദസ്സുകള്‍ ഉണ്ടെങ്കിലും ഒരു കവിയുടെ ഓര്‍മ്മക്കായി ലാഭേച്ഛയില്ലാതെ നടത്തുന്ന ഏക സംഗീത സമര്‍പ്പണം കൂടിയാണ് സെവന്‍ ബീറ്റ്സിന്റെ ഓഎന്‍വി സ്മൃതിസന്ധ്യ എന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താല്‍ തന്നെ ബ്രിട്ടീഷ് മലയാളിയുടെ നിസീമമായ സഹകരണവും ആദ്യ വര്‍ഷം മുതല്‍ തന്നെ ഈ പരിപാടിയോടൊപ്പമുണ്ട്.

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നാല്‍പതോളം ഗായകരും അനേകം നര്‍ത്തകരും വേദിയില്‍ എത്തുന്ന ചടങ്ങു കൂടിയാണിത്. കല വില്‍പ്പന ചരക്കല്ല എന്നോര്‍മ്മിപ്പിച്ചു പൂര്‍ണമായും സൗജന്യമായി നടത്തുന്ന ഈ ചടങ്ങില്‍ ഓരോ വര്‍ഷവും കലാസ്നേഹികള്‍ നല്‍കുന്ന നാണയത്തുട്ടുകള്‍ ചേര്‍ത്ത് അവശത അനുഭവിക്കുന്ന ഏതെങ്കിലും രോഗിക്ക് ആശ്വാസം നല്‍കാനും ഓരോ വര്‍ഷവും സംഘാടകര്‍ ശ്രമിക്കാറുണ്ട്.

ലോക പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനുവിന്റെ അതെ ശബ്ദ സൗന്ദര്യത്തില്‍ ഗാനാലാപനം നടത്തുന്ന മൗറീഷ്യസ് ഗായകന്‍ സാന്‍ സാന്റോക്കാണ് ഇത്തവണത്തെ ഓ എന്‍ വി സ്മൃതിസന്ധ്യയിലെ പ്രധാന ആകര്‍ഷണം. അടിപൊളി ബോളിവുഡ് ഗാനങ്ങള്‍ ഒരു വിദേശ ഗായകന്റെ ശബ്ദത്തില്‍ ശ്രോതാക്കള്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു എന്ന പ്രത്യേകത സംഗീതത്തിന് ഭാഷയില്ല എന്ന ചൊല്ലിനെ യാഥാര്‍ഥ്യമാക്കുന്നതാണ്. മെട്രോള്‍പൊളിറ്റന്‍ പൊലീസിന് വേണ്ടി ബിസിനസ് സപ്പോര്‍ട് നല്‍കുന്ന സംരംഭകന്‍ കൂടിയാണ് ഈ ഗായകന്‍  ഇദ്ദേഹമാകട്ടെ കാര്യമായി മലയാളി പരിപാടികളില്‍ പങ്കെടുത്തിട്ടുമില്ല . അതിനാല്‍ ഗാനാസ്വാദകര്‍ക്കു ഏറെ പ്രിയപ്പെട്ടതാകും സാനിന്റെ പാട്ടെന്നും ഉറപ്പിക്കാം.

കാതോട് കാതോരം ചൊല്ലാന്‍ ലിന്‍ഡ ബെന്നി
പ്രണയം കാതോട് കാതോരമായി പങ്കുവയ്ക്കുന്നതാണ് കാമുകി കാമുകന്മാരുടെ ശീലം. അവിടെ മൗനത്തിനു പോലും അവാച്യമായ സൗന്ദര്യമാണ്. മൂന്നര പതിറ്റാണ്ട് മുന്‍പ് കവി എഴുതിയ ഈ ഗാനത്തിന് സംഗീതം നല്‍കിയത് മലയാളികളെ പ്രണയത്തിന്റെ സൗന്ദര്യാ മുഹൂര്‍ത്തങ്ങള്‍ അഭ്രപാളികളില്‍ എത്തിച്ചു കാണിച്ച ഭരതന്‍ ആയപ്പോള്‍ കാവ്യാനുഭൂതിയുടെ മൂര്ധന്യതയാണ് ഈ പാട്ട് സമ്മാനിക്കുന്നത്. പാട്ടിന്റെ ആദ്യ വരികള്‍ തന്നെ സിനിമയുടെ പേരുമായപ്പോള്‍ താന്‍ സംവിധാനം ചെയ്യുന്ന പടത്തിലെ പാട്ടിനു തന്റെ തന്നെ ഈണം ഇരിക്കട്ടെ എന്ന് ഭരതന്‍ തീരുമാനിക്കുക ആയിരുന്നു.

ഈണം കേട്ടപ്പോള്‍ കവിക്കും പൂര്‍ണ സന്തോഷം. പ്രണയ മുഹൂര്‍ത്തത്തില്‍ കാതോട് കാതോരം കാമിനികള്‍ ചൊല്ലിയത് എന്താണ് എന്ന് കവി വ്യക്തമാക്കുന്നിലെങ്കിലും അത് ശ്രോതാക്കള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ എന്താണ് എന്ന് ഊഹിക്കും എന്ന് ഉറപ്പാണ്. എന്നാല്‍ എപ്പോഴത്തെയും പോലെ തന്റെ പ്രണയം പ്രകൃതിയോടാണ് എന്ന് വ്യക്തമാക്കി കവി നെല്‍ച്ചെടികളെ ഉപമിക്കുന്ന വരികള്‍ കാമുകന്‍ കാമുകിയോട് മന്ത്രിക്കും രഹസ്യത്തെക്കാള്‍ മധുരമാണ്. നെല്‍വയലിനെ ഒരുക്കിയെടുക്കാന്‍ തേക്കുകൊട്ട പാടി തേകുന്നതും നിലം ഉഴുതു മറിച്ചു മണ്ണ് പൊന്നാക്കുന്നതുമൊക്കെ ഒരു പ്രണയ രഹസ്യം പോലെയാണ് ശ്രോതാക്കള്‍ക്ക് മുന്നില്‍ എത്തുന്നത്. ഈ ഗാനത്തിന്റെ മനോഹാരിത നഷ്ടമാകാതെ ഓ എന്‍ വി സ്മൃതി സന്ധ്യയുടെ തുടക്കം മുതല്‍ കൂടെയുള്ള ലിന്‍ഡ ബെന്നിയാണ് വേദിയില്‍ എത്തിക്കുന്നത്.

തുമ്പീ വാ തുമ്പ കുടത്തില്‍ പാടാന്‍ ലിവര്‍പൂളിലെ കൗമാര പ്രതിഭ ഇസബെല്‍
ശനിയാഴ്ച വാട്ഫോഡില്‍ ഈ പാട്ടു വീണ്ടും കേള്‍ക്കുമ്പോള്‍ സദസ്സില്‍ മിക്കവരും തങ്ങളുടെ കുട്ടിക്കാലത്തേക്ക് മടങ്ങിയിരിക്കും. ഒരു സമയത്തു കുട്ടികള്‍ക്ക് താരാട്ടു പാടാന്‍ അമ്മമാര്‍ പാടിയിരുന്ന പാട്ടുകൂടിയാണ് 1982 ല്‍ ഓഎന്‍വിയുടെ പേനത്തുമ്പില്‍ നിന്നും അടര്‍ന്നു വീണത്. അന്നത്തെ കുട്ടികളില്‍ ചിലരാണ് ഇപ്പോള്‍ ശ്രോതാക്കളായി വാട്ഫോഡില്‍ എത്തുന്നത് എന്നതിനാല്‍ ഈ പാട്ടു കേള്‍ക്കുമ്പോള്‍ പലര്‍ക്കും അമ്മതണല്‍ തേടി കുട്ടിക്കാലത്തേക്കു മടങ്ങാതിരിക്കാന്‍ ആവില്ല.

കുട്ടിത്തം വിട്ടുമാറാത്ത ലിവര്‍പൂളിലെ മിടുക്കി ഇസബെല്‍ ഫ്രാന്‍സിസ് തന്നെ തുമ്പി പാട്ടുമായി എത്തുമ്പോള്‍ മധുരമേറും എന്നുറപ്പ്. ക്ഷേത്ര വാദ്യോപകരണമായ ഇടയ്ക്കയില്‍ പോലും ഈ പാട്ടു കൊട്ടിപ്പാടിയിട്ടുണ്ട് എന്നതാണ് ഇതിന്റെ ലാളിത്യ സൗന്ദര്യം വ്യക്തമാക്കുന്നത്. ആകാശത്തെ പൊന്നാലിനിന്റെ ഇലകളില്‍ പോയി ഊഞ്ഞാലാടി തൊട്ടു നോക്കാം എന്നൊക്കെ ഭാവനയുടെ ഊഞ്ഞാലാട്ടം നടത്താന്‍ മലയാളത്തിന് ഭാഗ്യമായുണ്ടായതും ഓ എന്‍ വിയിലൂടെയാണ് എന്നതും ഈ പാട്ടു കേള്‍വിക്കാരെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്ദ്രനീലിമയോലും പാടി മലയാളത്തെ മോഹിപ്പിച്ചു ദേശീയ മികവ് 

പ്രണയം ഏറ്റവും കയ്യടക്കത്തില്‍ കൈകാര്യം ചെയ്ത മലയാളത്തിലെ പാട്ടുകാരന്‍ ആണ് ഓഎന്‍വി. പല കവികള്‍ക്കും പ്രണയം കൈകാര്യം ചെയ്യുമ്പോള്‍ നിയന്ത്രണ രേഖ കൈവിട്ടു പോയപ്പോള്‍ ഓഎന്‍ വിയുടെ മൃദു സമീപനമാണ് മലയാളി ഇഷ്ടപ്പെട്ടതും ആഗ്രഹിച്ചതും. പ്രണയത്തെ തുറന്നു കാട്ടാന്‍ കവി എപ്പോഴും മടിച്ചു. ഒരു മൂടുപടം അണിയിച്ചാണ് കവി എന്നും പ്രണയത്തെ ശ്രോതാക്കളുടെ മുന്നില്‍ എത്തിച്ചത്. എന്നാല്‍ ഇതേ കവിയുടെ തന്നെ ഭാവനകള്‍ കെട്ടുപൊട്ടിച്ച പാഞ്ഞ ഗാനരംഗങ്ങളാണ് വൈശാലിയിലൂടെ പിറന്നു വീണത്. മലയാളിയെ മോഹപ്പൊയ്കയില്‍ നീറാട്ടിനിറക്കിയ കവിയെ തേടി ദേശീയ അംഗീകാരവും ഈ പാട്ടുകളിലൂടെ എത്തി. അതിന്‍ പൊരുള്‍ നിനക്കേതും അറിയില്ലല്ലോ എന്ന് കവി പാടുമ്പോള്‍ അതിനു ആയിരം അര്‍ത്ഥ തലങ്ങളുണ്ട്.

ചിത്രാ നക്ഷത്രമിന്നു രാവില്‍ ശീതാംശുവിനോടൊത്തുചേരുവനോടി അണഞ്ഞതെന്തേ... എന്ന് കവി പാടുമ്പോള്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന പലതുമുണ്ട്. ഒട്ടും വൈകിയില്ല, ഓ എന്‍ വി അടുത്ത വരികളില്‍ കൂടുതല്‍ ഉന്മാദം എത്തിക്കുകയാണ്. ഹംസങ്ങള്‍ ഇണചേരും വാഹിനീതടങ്ങളില്‍ കണ്‍ചിമ്മി വന ജ്യോത്സ്ന മറഞ്ഞതെന്തേ എന്ന് പാടുമ്പോള്‍ ശ്രോതാവും അനുഭൂതിയുടെ വാഹിനി തടങ്ങള്‍ കണ്ടെത്തിയിരിക്കും. അതാണ് ഓ എന്‍ വി യുടെ ഗാനങ്ങളുടെ മായികത. ഈ ഗാനവുമായി വാട്ഫോഡിനെ പുളകച്ചാര്‍ത്തണിയിക്കാന്‍ എത്തുന്നത് ലൂട്ടന്റെ ശ്രുതിരാഗമായ ആനി അലോഷ്യസാണ്.

കേള്‍ക്കും തോറും മധുരം കൂടുന്ന വാതില്‍ പഴുതിലെ പാട്ടുമായി ഉല്ലാസ്
കാത്തിരിപ്പിന്റെ സുഖം, അത് അനുഭവിച്ചറിയാന്‍ ഉള്ളതാണ്. പ്രത്യേകിച്ചും കാമുകീ കാമുകന്മാരെ സംബന്ധിച്ചു ഇതിനു അസാധാരണ സുഖവുമുണ്ട്. നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ആയുസാണ് കാമുക ഹൃദയങ്ങളില്‍.

ഒന്ന് കാണാനും സംസാരിക്കാനും ഒക്കെയുള്ള കാത്തിരിപ്പിന്റെ മധുരം അവാച്യം കൂടിയാണ്. ദക്ഷിണാമൂര്‍ത്തി സ്വാമിയോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മയില്‍ ഓ എന്‍ വി എഴുതിയ പാട്ടാണിത്. ആയിരത്തിലേറെ പാട്ടുകള്‍ എഴുതിയ കവിയോട് പത്തു പാട്ടുകള്‍ തിരഞ്ഞെടുക്കാന്‍ പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ അദ്ദേഹത്തിന്റെ മനസ്സില്‍ നിന്നും വന്ന പ്രിയപ്പെട്ട പാട്ടുകൂടിയാണിത്. അതിനാല്‍ യുകെ മലയാളികള്‍ക്ക് വേണ്ടി ഈ പാട്ടുമായി എത്തുന്ന പൂളിലെ ഉല്ലാസ് ശങ്കരന്റെ ഉത്തരവാദിത്തവും ഏറുകയാണ്. കവിയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടിനു അതിന്റെ ഭാവാശം ചോര്‍ന്നാല്‍ അതിലും വലിയൊരു പാതകമുണ്ടോ? അതിനാല്‍ പാട്ടിന്റെ മുഴുവന്‍ സുഖാനുഭൂതിയും ശ്രോതാക്കളില്‍ എത്തിക്കാന്‍ ഉല്ലാസ് ശ്രമിക്കും എന്നുറപ്പാണ്. ഈ പാട്ടു ഇടനാഴിയില്‍ ഒരു കാലൊച്ച എന്ന സിനിമക്ക് വേണ്ടി ദക്ഷിണാമൂര്‍ത്തി സ്വാമി 1987 ല്‍ സംഗീതം നല്‍കിയ ശേഷം നീണ്ട 20 വര്ഷം സിനിമ രംഗത്ത് നിന്നും വിട്ടുനിന്നതും ചരിത്രമാണ്. വീണ്ടും അദ്ദേഹം സിനിമയില്‍ വന്നപ്പോള്‍ ആദ്യം സംഗീതം നല്‍കിയതും ഓ എന്‍ വിയുടെ മറ്റൊരു പാട്ടിനു വേണ്ടി ആയിരുന്നു എന്നത് ഇരുവരും തമ്മിലുള്ള ഇഴയടുപ്പമാണ് കാണിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category