1 GBP = 90.50 INR                       

BREAKING NEWS

ഭര്‍ത്താവും സഹോദരനും പുറത്തു പോയ തക്കത്തിന് പിന്‍ വാതില്‍ പൊളിച്ച് കള്ളന്മാര്‍ കയറി; ലിവര്‍പൂളിലെ മലയാളി വീട്ടമ്മയേയും കുട്ടികളേയും കത്തിമുനയില്‍ നിര്‍ത്തി കവര്‍ന്നത് സ്വര്‍ണവും പണവും; കള്ളന്മാരെ തന്ത്രപരമായി പുറത്തെത്തിച്ചത് ജീവന്‍ കാത്തു; ഇനിയെങ്കിലും സ്വര്‍ണം വീടുകളില്‍ സൂക്ഷിക്കരുതേ

Britishmalayali
സോണി ചാക്കോ

യുകെയിലെ മലയാളികളെ ലക്ഷ്യമിട്ടുള്ള മോഷണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ലെസ്റ്ററിലും കവന്‍ട്രിയിലും നടക്കുന്ന മോഷണ പരമ്പരകള്‍ക്കു പിന്നാലെയാണ് ഇന്നലെ ലിവര്‍പൂളിലെ മലയാളിയുടെ വീട്ടില്‍ മോഷണം നടന്നത്. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം ലക്ഷ്യമിട്ടു തന്നെയാണ് മോഷ്ടാക്കള്‍ എത്തിയത്. മുന്‍പൊക്കെ അര്‍ദ്ധരാത്രിയിലും വീട്ടില്‍ ആളില്ലാത്ത നേരത്തുമൊക്കെയാണ് മോഷണം നടന്നതെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലും വീട്ടില്‍ ആളുകള്‍ ഉള്ള നേരത്തും ഒക്കെ തന്നെയാണ് മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കായി എത്തുന്നത്.

ഇന്നലെ വൈകിട്ട് 7.40ഓടെയാണ് ലിവര്‍പൂള്‍ ബെര്‍ക്കിന്‍ഹെഡിലെ മലയാളിയുടെ വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. ഈ സമയത്ത് വീട്ടമ്മയും കുട്ടികളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. 7.30നാണ് വീട്ടമ്മയുടെ ഭര്‍ത്താവും സഹോദരനും പുറത്തേക്ക് പോയത്. അതു മനസിലാക്കിയ മോഷ്ടാക്കള്‍ വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്.

അഞ്ചംഗ സംഘമാണ് മോഷണം നടത്തുവാന്‍ എത്തിയത്. മോഷ്ടാക്കളെ കണ്ടപ്പോള്‍ പേടിച്ചരണ്ട വീട്ടമ്മയേയും കുട്ടികളേയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കത്തിക്കാട്ടി ഭീഷണിപ്പെടുത്തി വീട്ടിലുള്ള മുഴുവന്‍ സ്വര്‍ണവും പണവും എടുത്തു നല്‍കുവാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് അനുസരിക്കാന്‍ മാത്രമേ വീട്ടമ്മയ്ക്ക് അപ്പോള്‍ കഴിയുമായിരുന്നുള്ളൂ. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മുഴുവന്‍ അവര്‍ എടുത്തു നല്‍കി.

കൂടുതല്‍ സ്വര്‍ണ്ണം എവിടെയിരിക്കുന്നു എന്ന് മകനെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ചോദിച്ചപ്പോള്‍ പുറത്തെ ഗാര്‍ഡന്‍ ഷെഡിലാണ് സ്വര്‍ണ്ണം ഇരിക്കുന്നതെന്നു പറഞ്ഞു. ഇതിലൂടെ തന്ത്രപരമായി വീട്ടമ്മ അവരെ പുറത്തേക്കു കൊണ്ടുപോയി. അവര്‍ ഗാര്‍ഡന്‍ ഷെഡ് പൊളിച്ചു പരിശോധിച്ചിട്ട് ഒന്നും ലഭിച്ചില്ല. അപ്പോഴേക്കും രംഗം വഷളാകുമെന്ന് മനസിലാക്കിയ മോഷ്ടാക്കള്‍ പിന്നീട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഭാര്യയെ വിളിച്ചിട്ട് ഫോണ്‍ എടുക്കതെ വന്നപ്പോള്‍ വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയും കുട്ടികളും പേടിച്ചിരിക്കുന്നതാണ്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടപടികള്‍ സ്വീകരിച്ചു. മലയാളികള്‍ സ്വര്‍ണ്ണം ഉപയോഗിക്കുന്നവരാണ് എന്നറിയാവുന്നതുകൊണ്ട് മലയാളികളുടെ വീടുകള്‍ തിരഞ്ഞുപിടിച്ചാണ് കള്ളന്മാര്‍ കയറുന്നത്. കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് സെന്റ് ഹെലന്‍സിലെ ഒരു മലയാളി വീട്ടിലും മോഷ്ടാക്കള്‍ കയറി സ്വര്‍ണ്ണം കവര്‍ന്നിരുന്നു.

മുന്‍ കാലങ്ങളില്‍ വീടുകളില്‍ ആളുകള്‍ പുറത്തു പോകുന്ന തക്കം നോക്കി എത്തിയിരുന്നവര്‍ ഇപ്പോള്‍ വീട്ടില്‍ ആളുകള്‍ ഉള്ളപ്പോള്‍ തന്നെ ധൈര്യപൂര്‍വം കടന്നു വരുന്നു. അതും ആയുധവുമായി. ഇതോടെ യുകെ ജീവിതത്തില്‍ മലയാളികള്‍ കൂടുതല്‍ ഭീതിയും ആശങ്കയും പങ്കുവയ്ക്കുകയാണ്. മലയാളികള്‍ അധികമുള്ള മിക്ക നഗരങ്ങളിലും വീട്ടില്‍ ആളുകള്‍ കിടന്നുറങ്ങുമ്പോള്‍ തന്നെ മോഷണം നടക്കുകയാണ്.

മുന്‍ കാലങ്ങളില്‍ ആള്‍ ഇല്ലാത്ത വീടുകള്‍ ലക്ഷ്യം വച്ചിരുന്ന മോഷ്ടാക്കള്‍ ഇപ്പോള്‍ പാതിയിലേറെ വീടുകള്‍ ലക്ഷ്യമിടുന്നതും അകത്തു ആള്‍ ഉണ്ട് എന്ന് മനസിലാക്കി തന്നെയാണ്. മോഷ്ടാക്കളെ നേരില്‍ വീടിനുള്ളില്‍ കാണേണ്ടി വന്നതിനെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്നു പോകുന്നവരും കുറവല്ല. കുട്ടികള്‍ വീട്ടില്‍ തനിച്ചിരിക്കുന്ന തക്കം നോക്കി എത്തുന്ന മോഷ്ടാക്കളും ഇപ്പോള്‍ ഏറിയിരിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category