1 GBP = 90.40 INR                       

BREAKING NEWS

അലമാര തുറക്കുന്ന ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ കണ്ടത് ഒരു കുടവയറനേയും കുള്ളനേയും; നിങ്ങളാരാ... എന്നു ചോദിച്ച് ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ബെഡിലേക്ക് തള്ളിയിട്ട് പുതപ്പുകൊണ്ട് മൂടി; ഒന്നും ചെയ്യരുതെന്ന് അപേക്ഷിച്ചപ്പോള്‍ ഉപദ്രവിക്കില്ലെന്നും പണവും സ്വര്‍ണവും മാത്രം മതിയെന്നും മറുപടി; ഒരാള്‍ കയ്യില്‍ പിടിച്ച് നിന്നപ്പോള്‍ മറ്റേയാള്‍ സ്വര്‍ണവും പണവും ഷാളില്‍ പൊതിഞ്ഞെടുത്തു; ചിരിച്ചുകൊണ്ട് മോഷണം നടത്തിയവര്‍ തന്നെ അടുത്തറിയാവുന്നവര്‍ തന്നെയെന്ന് വെളിപ്പെടുത്തി ഡോ. ഗ്രേസ് മാത്യു

Britishmalayali
പ്രകാശ് ചന്ദ്രശേഖര്‍

അങ്കമാലി: അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് എഴുന്നേറ്റത്. കുടവയറുള്ള ഒരാളെയും പൊക്കം കുറഞ്ഞ ഒരാളെയും മുറിയില്‍ക്കണ്ടു. നിങ്ങളാരാ എന്ന് ചോദിച്ച് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. അപ്പോള്‍ ഒരുത്തന്‍ ബെഡിലേയ്ക്ക് തള്ളി വീഴ്ത്തി, പുതപ്പുകൊണ്ട് മൂടി. ഒന്നും ചെയ്യരുതെന്ന് പറഞ്ഞപ്പോള്‍ ഉപദ്രവിക്കില്ലെന്നും പണവും സ്വര്‍ണ്ണവും മാത്രം മതിയെന്നും പറഞ്ഞു. ഒരാള്‍ കയ്യില്‍ പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റെയാള്‍ സ്വര്‍ണ്ണവും പണവും മുഴുവന്‍ വാരിക്കൂട്ടി ചുരിദാറിന്റെ ഷാളില്‍ പൊതിഞ്ഞെടുത്തു. തുടര്‍ന്ന് ചിരിച്ചുകൊണ്ടുതന്നെ പിന്നിലെ വാതില്‍ വഴി മടങ്ങി.

തന്റെ വീട്ടില്‍ നിന്നും 100 പവനോളം സര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷത്തോളം രൂപയും നഷ്ടമായ കഴിഞ്ഞ ദിവസത്തെ കവര്‍ച്ചയെക്കുറിച്ചും കവര്‍ച്ചയ്‌ക്കെത്തിയ രണ്ടംഗ സംഘത്തിന്റെ നീക്കത്തെക്കുറിച്ചും അത്താണി മാമ്പറ്റത്ത് പറുദീസയില്‍ ഡോ. ഗ്രേസ് മാത്യൂവിന്റെ വിവരണം ഇങ്ങിനെ. കവര്‍ച്ചയുടെ പിന്നാമ്പുറത്ത് നടന്ന സംഭവങ്ങളെക്കുറിച്ച് ആദ്യം പുറത്തുവന്ന വാര്‍ത്തകളേറെയും നിറംപിടിപ്പിച്ച കഥകളാണെന്നും കവര്‍ച്ചക്കാര്‍ സ്ത്രീ എന്ന നിലയില്‍ തനിക്ക് ആദരവും ബഹുമാനവും നല്‍കിയെന്നും കൈയില്‍പ്പിടിച്ചതുപോലും മൃദുവായിട്ടായിരുന്നെന്നും ഇവര്‍ വ്യക്തമാക്കി.

തന്നെ അറിയാവുന്നവര്‍ തന്നെയാണ് കവര്‍ച്ചയ്ക്ക് വന്നതെന്നും അതുകൊണ്ടാണ് തന്നോട് ഇത്രയും സ്‌നേഹവും ആദരവും പ്രകടിപ്പിച്ചതെന്നുമാണ് ഡോക്ടര്‍ വിശ്വസിക്കുന്നത്. വിവാഹത്തിന് ലഭിച്ചതടക്കം പലപ്പോഴായി കിട്ടിയ പഴയ ആഭരണങ്ങള്‍ മാറി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ വാങ്ങിയിരുന്നു. ഇതുമുഴുവനും കവര്‍ച്ചക്കാര്‍ കൊണ്ടുപോയി. പൊലീസില്‍ പറഞ്ഞത് ഓര്‍മ്മയിലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ മാത്രമാണ്.

സ്വര്‍ണ്ണ-വജ്ര ആഭരണണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോള്‍ നഷ്ടം വളരെ വലുതാണ്. ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം ഏറെക്കുറെ മൊത്തമായും നഷ്ടമായി. തൊട്ടുത്ത വീട്ടുകാര്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടത്. എന്നിട്ടും കവര്‍ച്ചക്കാര്‍ എത്തിയത് ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പരിസരവും ചുറ്റുമുള്ള താമസക്കാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നത് - ഡോ.ഗ്രേസ് പറഞ്ഞു.

കവര്‍ച്ചക്കാര്‍ ചെലവഴിച്ചത് അരമണിക്കൂര്‍
അരമണിക്കൂറിലേറെ സമയം കവര്‍ച്ചക്കാര്‍ മുറിയില്‍ ചിലവഴിച്ചെന്നും ഇവര്‍ മുറിക്ക് പുറത്തിറങ്ങിയ ഉടന്‍ വിവരം പൊലീസില്‍ അറിയിച്ചെന്നും ഡോക്ടര്‍ പറയുന്നു. സ്റ്റേഷനില്‍ നിന്നെത്തിയ ആദ്യ പൊലീസ് സംഘം വേണ്ടവണ്ണം ഉണര്‍ന്ന് പ്രവര്‍ത്തിക്കാതിരുന്നത് കവര്‍ച്ചക്കാര്‍ക്ക് രക്ഷപെടാന്‍ അവസരം ഒരുക്കിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ബര്‍മുഡ മാത്രം ധരിച്ച്, തലയും മുഖവും മറച്ചാണ് കവര്‍ച്ചക്കാരെത്തിയത്. ഇവര്‍ വേഷം മാറി പോകാനുള്ള സമയം വീടിന്റെ പരിസരത്ത് തന്നെ ചെലവഴിച്ചിരിക്കാം. ആദ്യമെത്തിയ പൊലീസ് സംഘം ലൈറ്റുകളും മറ്റും ഉപയോഗിച്ച് തിരച്ചില്‍ ആരംഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ മോഷ്ടാക്കള്‍ വലയിലാവുമായിരുന്നെന്നുമാണ് ഇവരുടെ കണക്കുകൂട്ടല്‍.

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും വീട്ടില്‍ ജോലിക്കെത്തിയിരുന്നവരെയും ബന്ധുക്കളെയും അടക്കം നിരവധി പേരെ ചോദ്യം ചെയ്തതായി അറിഞ്ഞെന്നും കവര്‍ച്ചക്കാര്‍ താമസിയാതെ പിടിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോ.ഗ്രേസ്സ് പറഞ്ഞു. ചെങ്ങമനാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലെ ഡോക്ടറാണ് ഡോ. ഗ്രേസ്സ്. സംഭവത്തിന് ശേഷം ഇന്നുമുതലാണ് ഇവര്‍ ജോലിക്കെത്തിത്തുടങ്ങിയത്.

വീടിന്റെ പിന്‍വശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ അകത്തുനിന്നുള്ള കുറ്റികള്‍ ഇളക്കി മാറ്റിയാണ് രണ്ടംഗ കവര്‍ച്ചാ സംഘം അകത്തു കടന്നതെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും മുള്‍പ്പെടെ മുഴുവന്‍ സന്നാഹങ്ങളും ഉപയോഗിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍, ആലുവ ഡിവൈ എസ് പി ജയരാജ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ്പി റാഫി, ചെങ്ങമനാട് എസ്ഐ എകെ സൂധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പലവഴി്ക്കായി തിരിഞ്ഞ് തിരച്ചില്‍ ആരംഭിച്ചിരുന്നു.

സ്വര്‍ണ്ണാഭരണത്തിനും പണത്തിനും പുറമേ 1.5 ലക്ഷം രൂപ വിലമതിക്കുന്ന ഡൈമണ്ട് ആഭരണവും നഷ്ടപ്പെട്ടതായി ഡോക്ടര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. മാലകളും വളകളും മോതിരങ്ങളുമുള്‍പ്പെടെ ഡോക്ടര്‍ പറഞ്ഞ കണക്ക് പ്രകാരം 57 പവന്‍ ആഭരണം നഷ്ടപ്പെട്ടതായിട്ടാണ് പൊലീസ് കണക്കാക്കിയിരിക്കുന്നത്. വീടിന്റെ പിന്‍ഭാഗത്തുകൂടിയാണ് കവര്‍ച്ചക്കാര്‍ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഭാഗത്ത് മരങ്ങളും മറ്റും വളര്‍ന്നുനില്‍ക്കുന്നതിനാല്‍ ആരുടെയും കണ്ണില്‍പ്പെടാതെ കവര്‍ച്ചക്കാര്‍ക്ക് വീട്ടിലേയ്ക്ക് എത്താനുള്ള സൗകര്യം ഉണ്ടെന്നാണ് പൊലീസ് നിഗമനം.

ചെങ്ങമനാട് മേഖലയില്‍ ഇവിടത്തെ വ്യാപാരികള്‍ വ്യാപകമായി സിസി ടിവി കാമറകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ കാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. നിലവില്‍ കേസ്സില്‍ ഫലപ്രഥമാകുന്ന കൃത്യമായ തുമ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.


 

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category