1 GBP = 102.00 INR                       

BREAKING NEWS

ആംഗ്ലേയ നാട്ടിലെ നൂറു വര്‍ഷം പിന്നിടുന്ന മലയാളി എഴുത്തിന്റെ നാള്‍വഴികള്‍

Britishmalayali
മുരളീ മുകുന്ദന്‍

ക്കങ്ങളേക്കാള്‍ കൂടുതല്‍ അക്ഷരങ്ങളേയും, കലകളേയുമൊക്കെ സ്നേഹിച്ച കുറച്ച് ആളുകള്‍ എവിടേയും ഉണ്ടാകുന്നതുകൊണ്ടാണ് അവരുടെ ഭാഷയും സംസ്‌കാരവും അവര്‍ മറ്റൊരു സ്ഥലത്തേക്ക് കുടിയേറിയാലും അവിടങ്ങളിലും കോട്ടം കൂടാതെ നിലനില്‍ക്കുന്നത്. അതുപോലെ തന്നെയാണ് നമ്മുടെ ഭാഷയുടെ സ്ഥിതിയും. അനേകം മലയാളി വംശജര്‍ ഇന്നീ ആംഗലേയദേശങ്ങളില്‍ വസിക്കുന്നുണ്ടെങ്കിലും, ഇതില്‍ ഒട്ടുമിക്കവര്‍ക്കും നമ്മുടെ പഴയകാല കുടിയേറ്റ ചരിത്രങ്ങള്‍  അത്ര വ്യക്തമായി അറിയില്ല എന്നതാണ് വാസ്തവം...! ഇത്തരം മലയാളി കുടിയേറ്റത്തിന്റെ ചരിത്രങ്ങളിലേക്ക് ഒരു എത്തി നോട്ടം നടത്തി  അന്നും, ഇന്നും -  ഈ ചരിതങ്ങളില്‍ സ്വന്തം ഭാഷയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച്  ഇടം നേടിയ ചില മഹത് വ്യക്തികളെ ഇവിടെ ജസ്റ്റ് ഒന്ന് പരിചയപ്പെടുത്തുകയാണ്...

നമ്മുടെ ഭാരതത്തിലെ ഒരു കൊച്ചുരാജ്യമായ മലയാള നാട്ടിലെ ആളുകള്‍ ഇന്ന് ആഗോളതലത്തിലുള്ള ഒട്ടുമിക്ക രാജ്യങ്ങളിലും ചേക്കേറി കുടിപ്പാര്‍പ്പ് നടത്തി പ്രവാസ ജീവിതം നയിച്ചു പോരുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍', 'ബ്രസീല്‍ ' മുതല്‍ 'ഉഗാണ്ട , 'യെമന്‍', ' വെസ്റ്റ് ഇന്റീസ്', 'സിംബ്വാവേ വരെയുള്ള A to Z രാജ്യങ്ങളില്‍ നമ്മള്‍ മലയാളികള്‍ ഇന്ന് വാസമുറപ്പിച്ചിട്ടുണ്ട്. അതായത് ആഗോള വ്യാപകമായി ഇത്ര വ്യാപ്തിയില്‍ ലോകം മുഴുവന്‍ ചേക്കേറിയ ഒരു ജനത ജൂത വംശജരായിരുന്നു എന്നാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പണ്ട് ജൂത വംശജരുടെ പേരിലുണ്ടായിരുന്ന ആ റെക്കോര്‍ഡ്, ഇപ്പോള്‍ നമ്മള്‍ മലയാളികള്‍ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്...! ആയതില്‍ ഇടം നേടിയ ഇന്നത്തെ പ്രവാസി മലയാളികളായ യുകെ മലയാളികളുടെ ചരിത്രത്തിലത്തിലേക്കും കൂടി ഒന്ന്  എത്തി നോക്കാം...

അത്ര വ്യപകമായൊന്നുമില്ലെങ്കിലും, ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതല്‍ ഭാരതീയ കുടിയേറ്റങ്ങള്‍ യൂറോപ്പില്‍ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങള്‍ പറയുന്നത്. അന്നൊക്കെ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ കോളണികള്‍ സ്ഥാപിച്ച ശേഷം പോര്‍ച്ച്ഗീസിലേക്കും, ഇംഗ്ലണ്ടിലേക്കും, ഫ്രാന്‍സിലേക്കുമൊക്കെയാണ് അന്നീ പ്രഥമ കുടിയേറ്റങ്ങള്‍ നടത്തപ്പെട്ടത്... അന്ന് കാലത്ത് കോളണി രാജ്യങ്ങളില്‍ നിന്നും കച്ചവടം ചെയ്തും, കൊള്ള ചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്‌കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ്, ആയതില്‍ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത്, ഒപ്പം അല്‍പസ്വല്‍പ്പം അടിമപ്പണിക്കും... യജമാന സേവകാരായും, തോട്ടപ്പണിക്കാരായും, റെയില്‍വെ പണിക്കാരായും കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരില്‍ ഒട്ടുമിക്കവര്‍ക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. 

പിന്നീടവര്‍ ഒരു തരം മിക്സ്ച്ചര്‍ ജനറേഷനായി, ജിപ്സികളായി ഇവിടെ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍  ജീവിതം നയിച്ചു. ശേഷം രണ്ട് നൂറ്റാണ്ടോളം ഈ യജമാനന്‍ - സേവക മനുഷ്യ കടത്തലുകള്‍ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് ..! ഏതാണ്ട്  ഒന്നേകാല്‍ നൂറ്റാണ്ട്  മുമ്പ് മുതല്‍ കാശ് മുടക്കി അതിസമ്പന്നരുടേയും, നാടുവാഴികളുടേയും തലമുറയില്‍ പെട്ടവര്‍ പഠിക്കുവാനും മറ്റുമായി ബിലാത്തിയിലേക്ക് കപ്പലേറി വന്നു തുടങ്ങി. പിന്നീട് പല ഡോക്ടര്‍മാരടക്കം, ഉന്നത ബിരുദം കരസ്ഥമാക്കുവാന്‍ ലണ്ടനിലെത്തിയ മലയാളികള്‍ ജീവിതം മെച്ചപ്പെടുത്തുവാന്‍ വേണ്ടി ഇവിടെ വന്ന് ചെറിയ രീതിയില്‍ സ്ഥിര താമസം തുടങ്ങിയെങ്കിലും അവര്‍ തമ്മിലുള്ള കൂട്ടായ്മകള്‍ കെട്ടിപ്പടുത്തതും അതിനുശേഷം അര നൂറ്റാണ്ട് പിന്നിട്ടാണ്...

പിന്നീട് 1950കള്‍ക്ക്  ശേഷം സിലോണ്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബ്രിട്ടീഷ് കമ്പനികളിലെ ജോലിക്കാര്‍ക്ക്, ബ്രിട്ടനില്‍ ജോലി ചെയ്യുവാന്‍ അവകാശം കിട്ടിയപ്പോള്‍ ധാരാളം മലയാളികള്‍ കുടുംബമായി ഇവിടേക്ക് വ്യാപകമായി കുടിയേറുകയും ഉണ്ടായി. 1950 മുതല്‍ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളില്‍ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തന്‍ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച് കൊണ്ടിരുന്നത്. ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും, അതോടൊപ്പം മലയാള നാടിന്റെ പല സാംസ്‌കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളിലൂടെ , ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു. പിന്നീടവര്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ ചുവട് വെച്ച് തുടങ്ങി. അതില്‍ നിന്നും പല പ്രതിഭകളും ഉടലെടുത്ത് വന്ന് ഈ രാജ്യത്തും നമ്മുടെ കലാസാഹിത്യ വേദികള്‍ക്കൊക്കെ തറക്കല്ലിട്ടു...

എന്നാല്‍ ഈ പുതിയ നൂറ്റാണ്ടായ 2000 മുതലും ,ആയതിനു തൊട്ട് മുമ്പും പ്രൊഫഷണലായും, സെമി - പ്രൊഫഷണലായും, വര്‍ക്ക് പെര്‍മിറ്റ് അടിസ്ഥാനത്തിലും ഇവിടെ വ്യാപകമായി സകുടുംബമായി എത്തിച്ചേര്‍ന്ന അനേകം മലയാളികള്‍, പിന്നീട് അനേകം സംഘടനകള്‍ ഉണ്ടാക്കുകയും, സ്വന്തം സ്ഥാപനങ്ങള്‍ അടക്കം പലതരം  കച്ചവടങ്ങള്‍ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങള്‍ ആംഗലേയ നാട്ടില്‍ വളരെ വിരളമായി  തീര്‍ന്നു എന്ന് പറയാം... ഇത്തരം മലയാളി കുടിയേറ്റങ്ങള്‍ക്കൊപ്പം നമ്മുടെ ഭാഷയും ഈ ബിലാത്തിയില്‍ കുറേശ്ശെയായി വേരോടികൊണ്ടിരുന്നു. ഈ പ്രവാസ കാലഘട്ടങ്ങള്‍ക്കിടയില്‍ പാശ്ചാത്യ നാട്ടില്‍ നിന്നും മലയാള ഭാഷയില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് , അന്നുണ്ടായിരുന്ന മലയാളികള്‍ ഒരു മലയാളം  കൈയെഴുത്ത് പതിപ്പ് പ്രകാശനം ചെയ്തിറക്കിയിരുന്നു... പാശ്ചാത്യ നാട്ടില്‍ നിന്നും നിന്നും പുറത്തിറങ്ങിയ ആദ്യത്തെ മലയാള പുസ്തകം...!

അതായത് ബിലാത്തിയില്‍ ശത വാര്‍ഷികം കൊണ്ടാടുന്ന ഭാരതത്തിലെ ഒരു ശ്രേഷ്ഠ ഭാഷയുടെ നൂറാം പിറന്നാള്‍ കൊണ്ടാടുന്ന ഒരു വര്‍ഷം കൂടിയാണ് 2019. 1912 -ല്‍ ലണ്ടനില്‍ പഠിക്കാനെത്തിയ എഴുത്തുകാരനും വാഗ്മിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപകരിലൊരാളുമായിരുന്ന കെ..പി. കേശവ മേനോന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച 'മലയാളി മൂവ്മെന്റ്' എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ലണ്ടനില്‍ വച്ച്, അന്നിവിടെ നിയമം പഠിക്കുവാന്‍ വന്നിരുന്ന അഡ്വേക്കേറ്റ് കെ. ടി. പോളും കൂട്ടരും ചേര്‍ന്ന് 1919 ല്‍ കൈപ്പടയാല്‍ എഴുതി, ചിത്രങ്ങള്‍ വരച്ച് പ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള കൈയെഴുത്ത് പുസ്തകം... 1920 -ല്‍  ഒരു ഇന്ത്യന്‍ സ്റ്റുഡന്‍സ് ഹോസ്റ്റല്‍ ലണ്ടന്‍ സിറ്റിയിലെ വൈ .എം.സി .എ യില്‍ (YMCA -ISH ) ആരംഭം കുറിച്ചതും ഇദ്ദേഹമാണ്. 919 മുതല്‍ തുടര്‍ച്ചയയായി കൊല്ലം തോറും പ്രസിദ്ധീകരിച്ചില്ലെങ്കിലും പല പേരുകളിലായി ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനവും, പിന്നീട് വന്ന മലയാളി സമാജവും ഓബ്രി മേനോന്‍, കോന്നി മേശ്രി, ഡോ. കുഞ്ഞന്‍, മേനോന്‍ മാരാത്ത്, വി.കെ. കൃഷ്ണമേനോന്‍, കരുവത്തില്‍ ഗോപാലന്‍, ഡോ. കോശി ഇട്ടൂപ്പ്, പി.കെ. സുകുമാരന്‍, ഡോ. ആര്‍.  കെ. മേനോന്‍, എം.എ. ഷക്കൂര്‍ എന്നീ ഭാഷ സ്നേഹികളായ പഴയ കാല യുകെ മലയാളികളുടെ പ്രയത്‌നത്താല്‍ മലയാളം കൈയെഴുത്ത് പതിപ്പുകള്‍ ശേഷമുള്ള  കാലഘട്ടങ്ങളിലൊക്കെ ഇറക്കി കൊണ്ടിരുന്നതായി പറയപ്പെടുന്നു...

പിന്നീട് കഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപത് കാലഘട്ടം മുതല്‍ ഇവിടെ എത്തപ്പെട്ട  മണമ്പൂര്‍ സുരേഷ്, മിനി രാഘവന്‍, ഹാരീസ്, ശശി കുളമട, ശിവാനന്ദന്‍ മുതല്‍ ധാരാളം പേരുടെ പരിശ്രമത്താലും, സംഘടനകളില്‍ കൂടിയും കൈയെഴുത്തുമാസികകളായും, വാര്‍ഷിക പതിപ്പുകളായും അനേകം മലയാളം പുസ്തകങ്ങള്‍ ബ്രിട്ടനില്‍ നിന്നും മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ഒപ്പം തന്നെ ഇതുവരെയായി ആംഗലേയ മലയാളികളുടേതായി അമ്പതില്‍ പരം പല വിഭാഗത്തില്‍ പെട്ട അച്ചടിച്ച മലയാള പുസ്തകങ്ങളും വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്... ഇന്നിപ്പോള്‍ വായനയേയും എഴുത്തിനേയും പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരികമായ ഒരന്തരീക്ഷം എല്ലാ പ്രവാസികള്‍ക്കിടയിലും രൂപപ്പെട്ടു വരുന്നുണ്ട്. അതില്‍ കലാ സാംസ്‌കാരിക സംഘടനകള്‍ക്കും, ഓണ്‍ - ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും, ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ തട്ടകങ്ങള്‍ക്കുമൊക്കെ നിര്‍ണ്ണായകമായ പങ്കുണ്ട്. അതുപോലെ തന്നെ കാല്‍ നൂറ്റാണ്ടുമുമ്പ് മുതല്‍ പ്രൊഫഷണലായും, സെമി- പ്രൊഫഷണലായും ധാരാളം മലയാളികള്‍ വര്‍ക്ക് -പെര്‍മിറ്റ് വിസ'യില്‍ കൂടുംബമായി ബ്രിട്ടന്റെ നാനാഭാഗങ്ങളിക്ക് കുടിയേറ്റം നടത്തി ഈ നാട്ടിലെ പല രംഗങ്ങളിലും അവരുടെ സാനിദ്ധ്യം പ്രകടമാക്കി നല്ല രീതികളില്‍ ജീവിതം കെട്ടിപ്പടുക്കുകയും ചെയ്തുവന്നപ്പോള്‍ മലയാളം വായനയും, എഴുത്തും ആയത് പോലെ നല്ല രീതിയില്‍ വളര്‍ന്നു വന്നു. ഇന്ന് അനേകം മലയാളി വംശജര്‍ അങ്ങോളമിങ്ങോളം പല രാജ്യങ്ങളിലുമായി യൂറോപ്പില്‍ അധിവസിച്ചു വരുന്നുണ്ട്...

അതില്‍ ഏതാണ്ട് രണ്ട് ലക്ഷത്തോളം മലയാളി വംശജരുമായി ആയതില്‍ ഏറ്റവും കൂടുതല്‍ മലയാളികളായ പ്രവാസികളുള്ളത് 'ആംഗലേയ നാട്' എന്നറിയപ്പെടുന്ന 'ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട് ലാന്‍ഡ്, അയര്‍ലണ്ടുകള്‍' എന്നീ നാടുകളിലാണ്..! അതുകൊണ്ടിപ്പോള്‍ മലയാളത്തേയും, ആയതിന്റെ സാംസ്‌കാരിക ചുറ്റുവട്ടങ്ങളെയും സ്നേഹിക്കുന്ന ധാരാളം ആളുകള്‍ ഇന്ന് യുകെയിലും , പരിസര പ്രദേശങ്ങളിലുമായുണ്ട്. അതായത് ഇവിടെയുള്ള വിദേശി വംശീയരില്‍ ഏറ്റവും കൂടുതലുള്ള ഭാരതീയരില്‍ ഗുജറാത്തികള്‍ക്കും , പഞ്ചാബികള്‍ക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നതിപ്പോള്‍ മലയാളികളാണ്...!

ജീവിത വണ്ടിയില്‍ പ്രാരാബ്ദങ്ങളുടെ ഭാരവുമേറ്റി അവര്‍ക്ക് സ്വന്തം വീടും , നാടുമൊക്കെ വിട്ട് പാലായനം ചെയ്യേണ്ടി വന്നിട്ടും അവര്‍ ജനിച്ച നാടിന്റെ നന്മകളും, സംസ്‌കാരങ്ങളും, മറ്റും മറക്കാതെ മനസ്സിന്റെ ഒരു കോണില്‍ വെച്ച് താലോലിച്ച്  - ആ വിഹ്വലതകള്‍ മുഴുവന്‍ കലാ സാഹിത്യ രൂപങ്ങളില്‍ കൂടി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു...

ഓരോ പ്രവാസ സമൂഹങ്ങളിലും ഇത്തരമുള്ള വളരെ തുച്ചമായ ആളുകളാണ് ഉള്ളതെങ്കിലും, അവരാണല്ലോ ഭൂരിപക്ഷമുള്ള ബാക്കിയുള്ളവര്‍ക്കെന്നും ഭാഷാപരമായിട്ടും, കലാപരമായിട്ടും മറ്റു സാംസ്‌കാരികമായ എല്ലാകാര്യങ്ങളില്‍ കൂടിയും മലയാളത്തിന്റെ തനിമകള്‍ തന്നാലായവിധം കാഴ്ച്ച വെച്ച്  ഗൃഹാതുരത്വ സ്മരണകള്‍ എന്നും അന്യനാടുകളിലും നിലനിര്‍ത്തി കൊണ്ടിരിക്കുന്നത്... അതെ അതുകൊണ്ടൊക്കെത്തന്നെയാണ് നമ്മുടെ മലയാളവും നൂറു കൊല്ലങ്ങള്‍ക്ക് ശേഷവും ഈ ആംഗലേയ നാട്ടില്‍ ഒരു കോട്ടവും  കൂടാതെ പച്ച പിടിച്ചു നില്‍ക്കുന്നത്. ഇപ്പോള്‍ ഈ പാശ്ചാത്യ നാടുകളില്‍ ഓണ്‍ -ലൈനായും, ഓഫ് -ലൈനായും ആയിരക്കണക്കിന് മലയാളം വായനക്കാര്‍ വിവിധയിടങ്ങളില്‍ ജോലിയും മറ്റുമായി ഉപജീവനം നടത്തി വരുന്നുണ്ട്. അവരവരുടെ മേഖലകളിലുള്ള വിഷയങ്ങളെ പറ്റി പലതും വിനോദോപാധി തട്ടകങ്ങളില്‍ കൂടി എന്നുമെന്നോണം വിവിധ രീതിയില്‍ കുറിച്ചിടുന്നവരേയും വേണ്ടുവോളം നമുക്ക് കാണുവാന്‍ സാധിക്കും.

ഒപ്പം തന്നെ മലയാള പുസ്തകങ്ങള്‍ രചിച്ച് 'ഡെസ്‌ക് ടോപ്പി'ല്‍ നിന്നും'ബുക്ക് ഷെല്‍ഫു'കളില്‍ ഇടം പിടിച്ച് മലയാള സാഹിത്യത്തിന്റെ വിപണിയില്‍ അവരവരുടേതായ സ്ഥാനം അലങ്കരിക്കുന്ന ഇമ്മിണി ആംഗലേയ  മലയാളികളേയും നമുക്ക് ദര്‍ശിക്കാവുന്നതാണ്... ചരിത്രത്തില്‍ മറഞ്ഞിരിക്കുന്നവരെ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ, ഇപ്പോള്‍ ഇവിടെ ആംഗലേയ ദേശങ്ങളില്‍, അങ്ങിങ്ങായി വേറിട്ടു കിടക്കുന്ന കുറച്ച് കലാ സാഹിത്യ പ്രതിഭകളെ പരസ്പരം കൂട്ടിയിണക്കുക എന്ന ഒരു സദുദ്ദേശത്തോടു കൂടി ലണ്ടനിലുള്ള കട്ടന്‍ കാപ്പിയും കവിതയും' എന്ന കലാസാഹിത്യ സാംസ്‌കാരിക കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ അനേകം നാളുകളിലായി നടത്തിയ അന്വേഷണങ്ങളാണ്, ഈ ലേഖനം ഫലപ്രാപ്തി കൈവന്നതിനുള്ള  കാരണം. ആംഗ്ലേയ നാടുകളിലെ മലയാളം ഭാഷ ചരിത്രത്തില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാതിരിക്കുവാന്‍ വേണ്ടി, ഇത്തരം ഭാഷ സ്നേഹികളായ സാഹിത്യ കുതുകികളായ ആംഗലേയ ദേശത്ത് പഴയ കാലത്ത് ഉണ്ടായിരുന്നവരേയും, ഇപ്പോള്‍ ഇവിടെ വസിക്കുന്നവരേയും ഇതോടൊപ്പം പരിചയപ്പെടുത്തുക എന്ന ഒരു വിലപ്പെട്ട ഉദ്യമമാണ് അടുത്ത ലക്ഷ്യം...!

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category