ചണ്ഡീഗഡ്: കേരളത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് രക്ഷയുടെ കരം നീട്ടിയ വ്യോമ സേനാ ഉദ്യോഗസ്ഥന് നിറ കണ്ണുകളോടെ രാജ്യം വിട ചൊല്ലി. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ വ്യോമസേനാ ഹെലിക്കോപ്റ്റര്‍ തകര്‍ന്നു കൊല്ലപ്പെട്ട സ്ക്വാഡ്രന്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠിന്റെ മൃതദ്ദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്. വസിഷ്ഠിന്റെ പിതാവാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ഭാര്യയും സ്വാഡ്രന്‍ ലീഡറുമായ ആരതി സിങ് യൂണിഫോം അണിഞ്ഞാണ് വസിഷ്ഠിന് അന്ത്യോപചാരമര്‍പ്പിച്ചത്. ചണ്ഡിഗഡിലെ വീട്ടില്‍ രണ്ടു വയസ്സുകാരന് അംഗദിന്റെ പിറന്നാളാഘോഷത്തിന്റെ മധുരം മാറും മുമ്പാണ് അച്ഛന് സിദ്ധാര്‍ഥ് വസിഷ്ഠിന്റെ വേര്‍പാട്. മകന്റെ പിറന്നാളാഘോഷം കഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സിദ്ധാര്‍ഥ് വസിഷ്ഠ് ശ്രീനഗറിലേക്ക് മടങ്ങിയെത്തിയത്. 155 ഹെലികോപ്റ്റര്‍ യൂണിറ്റിലെ സ്ക്വാഡ്രണ്‍ ലീഡറായിരുന്നു ഇദ്ദേഹം.
മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലുണ്ടായ മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ദൗത്യത്തില്‍ മികച്ച രീതിയില്‍ പങ്കെടുത്തതിന് സിദ്ധാര്‍ത്ഥ് സേനയുടെ ബഹുമതി ലഭിച്ചിരുന്നു. 2010ലാണ് സിദ്ധാര്‍ഥ് വ്യോമസേനയില്‍ ചേര്‍ന്നത്. ബദ്ഗാമില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാരുള്‍പ്പെടെ ആറു സൈനികരും ഒരു നാട്ടുകാരനുമാണു മരിച്ചത്.
വ്യോമസേനയുടെ എംഐ17 ട്രാന്‍സ്പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണത്. രണ്ടു പൈലറ്റുമാരും മൂന്നു പദേശവാസികളും കൊല്ലപ്പെട്ടെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. 27ന് രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. തകര്‍ന്നുവീണ ഉടനെതന്നെ തീപിടിത്തമുണ്ടായി. തകര്‍ന്നത് മിഗ് വിമാനമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സാങ്കേതിക തകരാറു കാരണമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് സൈന്യം വിശദീകരിച്ചിരുന്നു. സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പാക് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. അതേസമയം, ഇന്ത്യ പാക് സംഘര്‍ഷം യുദ്ധസമാനമായ നിലയില്‍ തുടരുകയാണ്. സംഭവത്തിന് ഏതാനും മണിക്കൂര്‍ മുന്‍പ് വ്യോമാതിര്‍ത്തി ലംഘിച്ച പാക് വ്യോമസേനാ വിമാനം ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കന്‍ നിര്‍മ്മിത എഫ്-16 വിമാനമാണ് നൗഷേരയിലെ നാം താഴ്വരയില് തകര്‍ന്നുവീണത്. പൈലറ്റിനെക്കുറിച്ച് വിവരമില്ല. പഠാന്‍കോട്ട് ജമ്മു ദേശീയപാതയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു.
പാക് പ്രകോപനത്തെത്തുടര്‍ന്ന് ജമ്മുകശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങള്‍ അടച്ചരുന്നു. ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം വ്യോമസേന ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രദേശങ്ങള്‍ വ്യോമ നിരോധിത മേഖലയായി പ്രഖ്യാപിച്ചു. അവധിയിലുള്ള വ്യോമസേനാംഗങ്ങളെ തിരിച്ചുവിളിച്ചു. ഏതു സാഹചര്യവും നേരിടാന്‍ സജ്ജരാകണമെന്ന് അര്‍ധ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മേധാവികളുമായും അടിയന്തര ചര്‍ച്ച നടത്തിയിരുന്നു. തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ലഹോര്‍, ഇസ്ലാമബാദ്, ഫൈസലാബാദ് എയര്‍പോര്‍ട്ടുകള്‍ പാക്കിസ്ഥാനും അടച്ചിട്ടിരിക്കുകയാണ്.