1 GBP = 87.20 INR                       

BREAKING NEWS

ഭീകരാക്രമണത്തിനെതിരെയുള്ള ഭാരതീയ വായുസേനയുടെ പോരാട്ടത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഓരോ ഭാരതീയനും; റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയ് സ്റ്റീഫന്‍

ധുനിക ലോകത്തു മനുഷ്യര്‍ മറ്റുള്ളവരെ കൂടുതല്‍ ഉള്‍ക്കൊള്ളുവാന്‍ തയ്യാറുള്ളതുകൊണ്ടും കൂടുതല്‍ സഹിഷ്ണത പുലര്‍ത്തുവാന്‍ സാധിക്കുന്നതുകൊണ്ടും രാജ്യങ്ങള്‍ തമ്മില്‍ അന്യോന്യം മത്സരിക്കുവാനും ശത്രുത പുലര്‍ത്തുവാനും ശ്രമിക്കുന്നില്ല. അതോടൊപ്പം തന്നെ എല്ലാ രാജ്യങ്ങളും സാമ്പത്തികമായും സാമൂഹികമായും വളര്‍ച്ച പ്രാപിച്ചപ്പോള്‍ അന്താരാഷ്ട്ര തലങ്ങളില്‍ നിലവിലുണ്ടായിരുന്ന വല്യേട്ടന്‍ മനോഭാവത്തിനുപകരം മറ്റുള്ളവര്‍ക്ക് കൈത്താങ്ങാകുവാനും തങ്ങള്‍ക്കൊപ്പം വളരാത്ത രാജ്യങ്ങളെ സഹായിച്ചുകൊണ്ടും സംരക്ഷിച്ചുകൊണ്ടും കൂടുതല്‍ ഉദാരമാതികളാകുവാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊതുവേ കാണുപ്പെടുന്നത്. എന്നാല്‍ രാജ്യസുരക്ഷാ വിഷയങ്ങളില്‍ വലിയ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവുന്നുമില്ല. എല്ലാ വികസിത രാജ്യങ്ങളും സാമ്പത്തിക വളര്‍ച്ചയോടൊപ്പം തങ്ങളുടെ സുരക്ഷയെപ്രതി പ്രതിരോധമേഖലകളിലും മെച്ചപ്പെട്ട വികസനങ്ങള്‍ ആവിഷ്‌കരിച്ചുകോണ്ട് ഈ ലോകം അപ്പാടെ നശിപ്പിക്കുവാന്‍ കഴിവുള്ള അണ്വായുധങ്ങള്‍ വികസിപ്പിച്ചു കഴിഞ്ഞു. ഞൊടിയിടയില്‍ ലോകത്തിന്റെ ഏതു ഭാഗത്തും സര്‍വനാശം വരുത്തുവാന്‍ കരുത്തുള്ള ആണവായുധങ്ങള്‍ ശൂന്യാകാശത്തു വര്‍ഷങ്ങളോളം ഒളിപ്പിച്ചു നിര്‍ത്തുവാന്‍ പോന്ന സാങ്കേതികവിദ്യ വികസിപ്പിച്ചതായുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര സംഘടനകള്‍ വെളിപ്പെടുത്തികൊണ്ടിരിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും പോലുള്ള വളര്‍ന്നു കൊണ്ടിരിക്കുന്ന രാജ്യങ്ങളും അണ്വായുധങ്ങള്‍ വികസിപ്പിക്കുകയും ചെയ്ത് തങ്ങളുടെ സാങ്കേതിക മികവും തെളിയിച്ചു കഴിഞ്ഞപ്പോള്‍ ഇനിയൊരു യുദ്ധമുണ്ടായാലുള്ള ഭവിഷുത്തുകള്‍ ഭയാനകമായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ അന്യോന്യം സഹിഷ്ണതയില്ലാത്ത ജനങ്ങള്‍ വസിക്കുന്ന രാജ്യങ്ങള്‍ തമ്മിലൊരു യുദ്ധമുണ്ടാകുവാനാഗ്രഹിക്കുന്നില്ല അതുകൊണ്ടു തന്നെ അന്താരാഷ്ട്ര സംഘടനകളും വളരെ ചെറിയ ചെറിയ സംഘര്‍ഷങ്ങള്‍ പോലും എത്രയും വേഗം ഒത്തുതീര്‍പ്പിലേക്കെത്തിക്കുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

അന്താരാഷ്ട്ര തലങ്ങളില്‍ സ്ഥിതി വിശേഷം ഇതാണെങ്കിലും പല രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായി മറ്റു രാജ്യങ്ങളിലേക്ക് പടരുമ്പോള്‍ അന്തരാഷ്ട്ര സമൂഹങ്ങളില്‍ ഉത്കണ്ഠ ഉണര്‍ത്തുകയും സമാധാനം പുനര്‍സ്ഥാപിക്കുന്നതിനു ഇടപെടേണ്ട സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്യും. അന്താരാഷ്ട്ര തലത്തില്‍ ഇപ്പോള്‍ നിലവിലുള്ള എല്ലാ യുദ്ധസമാന അന്തരീക്ഷവും ഏതെങ്കിലും ഒരു രാജ്യത്തു നിന്നും ഉത്ഭവിച്ചതാണെന്നു മനസിലാക്കുവാന്‍ സാധിക്കും. അമേരിക്കയുടെ ഇറാക്ക് അധിനിവേശം അഥവാ ഇറാഖിലെ സ്വേച്ഛാധിപതി സദാം ഹുസൈന്റെ പതനം ആരംഭിച്ചത് ഇറാക്ക് സൈന്യത്തിന്റെ  കുവൈറ്റിനുമേലുള്ള അധിനിവേശത്തോടുകൂടിയാണ്. ലിബിയന്‍ സ്വേച്ഛാധിപതി മുഅമ്മര്‍ ഗദ്ധാഫിയുടെ പതനവും ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്നും ഉത്ഭവിച്ചതാണ്. ഇപ്പോഴും സമാധാനമില്ലാത്ത സിറിയയിലും സമയോചിതമായ ഇടപെടലിലൂടെ തീരാവുന്ന ആഭ്യന്തര പ്രശ്നങ്ങള്‍ വളര്‍ന്നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ അലട്ടുന്ന ആഗോള കലാപമായി മാറിയിരിക്കുന്നത്. സിറിയയിലെയും പരിസര പ്രദേശങ്ങളിലെയും അസ്ഥിരതമൂലം ഉണ്ടായ നിലയ്ക്കാത്ത അഭയാര്‍ഥി പ്രവാഹം യൂറോപ്യന്‍ യൂണിയന്റെ തന്നെ നിലനില്‍പ്പിനെ ബാധിക്കുന്ന തലങ്ങളിലേയ്ക്ക് എത്തിച്ചേര്‍ത്തിരിക്കുകയാണ്. ശ്രീലങ്കന്‍ അസ്ഥിരതയ്ക്കു ശേഷം ഒരുപരിധിവരെ സമാധാനമുണ്ടായിരുന്ന ദക്ഷിണേഷ്യയില്‍ മിയന്‍മാരില്‍ നിന്നുമുള്ള റോഹിന്‍ഗ്യന്‍ വംശജരുടെ മേലുള്ള അത്യാചാരങ്ങങ്ങളെത്തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹം  അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.

കാശ്മീരില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന അരക്ഷിതാവാസ്ഥ ദക്ഷിണേഷ്യയിലെ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നുണ്ട്. ഫുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും ഇപ്പോളിത് മിഡില്‍ ഈസ്റ്റിലും മറ്റു സമീപ പ്രദേശങ്ങളിലേക്കും വ്യാപിക്കുവാനുള്ള സാധ്യത അന്താരാഷ്ട്ര സംഘടനകള്‍ തള്ളിക്കളയുന്നില്ല. ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും കൈവശമുള്ള ആണവായുധങ്ങള്‍ തന്നെയാണ് ലോകരാഷ്ട്രങ്ങളുടെ ആശങ്കയ്ക്കുള്ള പ്രാഥമിക കാരണവും. അതിനുപുറമെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന്‍ ശക്തി പ്രാപിക്കുന്നതിന്റെ ആശങ്കയും. താലിബാന്റെ പിന്‍ബലത്തില്‍ പാകിസ്ഥാനിലെ മറ്റു ഭീകര സംഘടനകള്‍ ശക്തി പ്രാപിക്കുന്നതും. കാശ്മീര്‍ സംഘര്‍ഷം വീണ്ടും കൊടുമ്പിരിക്കൊണ്ടാല്‍ പാകിസ്ഥാനില്‍ മത തീവ്രവാദികള്‍  ആഭ്യന്തര കലാപം സൃഷ്ടിച്ചുകൊണ്ട് ആണവ കേന്ദ്രങ്ങളിലെത്തിപ്പെട്ടാലുണ്ടാവുന്ന ഭവിഷ്യത്തുകള്‍ മാനുഷികചിന്തകള്‍ക്കതീതമാണ്. ചിലപ്പോള്‍ ലോകൊത്തൊരു ശക്തിക്കും നിയന്ത്രിക്കുവാന്‍ സാധിക്കാതെ വരും. ഇപ്രകാരമുള്ള അപകടകരമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നതുകൊണ്ടു മാത്രം ഇപ്പോഴും നാറ്റോ സഖ്യകക്ഷികള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അതിരുവിടാതിരിക്കുവാന്‍ എല്ലാ ശ്രമവും നടത്തുന്നുണ്ട്.

അതിശക്തമായ സൈനിക വിഭാഗങ്ങളുള്ള രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ സ്വാഭാവികമായും വായുസേനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് തുടക്കം കുറിക്കുന്നത്. അമേരിക്ക ഉള്‍പ്പെടുന്ന സഖ്യകക്ഷികള്‍ ഇറാക്ക് യുദ്ധത്തിലും പിന്നീട് താലിബാനെതിരെ നടന്ന യുദ്ധത്തിലും പോര്‍വിമാനങ്ങളുപയോഗിച്ചു ശത്രു സേനയുടെ പ്രബലമായ ശക്തി കേന്ദ്രങ്ങളാകുന്ന റഡാര്‍ സ്റ്റേഷനുകളും ആശയവിനിമയ കേന്ദ്രങ്ങളും തുടക്കത്തിലേ തന്നെ തകര്‍ത്തു പിന്നീട് വരുന്ന കരസേനയ്ക്കു ഭാഗീഗമായാണെങ്കിലും ശക്തി ക്ഷയിച്ച ശത്രു സേനയെ നിഷ്‌ക്രിയമാക്കുവാന്‍ എളുപ്പമായിരുന്നു. ഇറാക്കിന്റെ കരസേന വളരെയേറെ പ്രബലമായതായിരുന്നു അംഗബലം കൊണ്ടും ആധുനിക യുദ്ധ സമഗ്രഹികള്‍ കൊണ്ടും പ്രതിരോധിക്കുവാന്‍ കഴിവുള്ളവരായിരിന്നു. സദാം ഹുസൈന്‍ ഒരു പരിധി വരെ അമിതമായ ആത്മവിശ്വാസം പകര്‍ന്നു കൊടുത്ത ഘടകം ഈ ബൃഹത്തായ സൈനീക ശക്തിതന്നെയായിരുന്നു. ശക്തമായ ഇറാക്കി  കരസേനയെ തോല്‍പ്പിക്കുവാന്‍ സാധ്യതയില്ലായെന്ന് മറ്റു ലോക രാജ്യങ്ങള്‍ വിലയിരുത്തിയതുകൊണ്ടു മാത്രം ഇറാക്ക് യുദ്ധം മാസങ്ങളോളം നീളുമെന്ന് വരെ പ്രതീക്ഷിച്ചിരുന്നു എന്നാല്‍ ഒരു മാസം കൊണ്ട് ഇറാക്കിനെ കീഴടക്കിയത് ആധുനിക യുദ്ധോപകരങ്ങളുടെ അവസരോചിതമായ ഉപയോഗം കൊണ്ട് മാത്രമാണ്. അധിനിവേശ സേനയെ നേരിട്ടുള്ള യുദ്ധത്തില്‍ തോല്‍പ്പിക്കുവാന്‍ കാത്തിരുന്ന ഒരു വലിയ ഇറാക്കി ബ്രിഗേഡിനെ വളരെ ദൂരത്തു നിന്നു തന്നെ അധിനിവേശ സേനയ്ക്ക് അശേഷം നശിപ്പിക്കുവാന്‍ സാധിച്ചു. ഇറക്കി സേനയുടെ കൈവശമുണ്ടായിരുന്ന പീരങ്കികളുടെയും ടാങ്കുകളുടെയും ആക്രമണ ശ്രേണി അധിനിവേശ സേനയുടെ കൈവശമുള്ള യുദ്ധോപകരണങ്ങളേക്കാള്‍ വളരെ കുറച്ചു മാത്രമായിരുന്നു. ചുരുക്കത്തില്‍ ഇറാക്കി സേനയ്ക്ക് കൈവശമുണ്ടായിരുന്ന യുദ്ധോപകരണങ്ങള്‍ അധിനിവേശ സേനയ്ക്കെതിരെ ഉപയോഗിക്കുവാനുള്ള അവസരമുണ്ടായില്ല.

അമേരിക്കന്‍ സഖ്യ സേനയുടെ ഇതേ തന്ത്രങ്ങള്‍ ലോകെത്തെല്ലാ രാജ്യങ്ങളേയും പോലെ ഭാരതവും ഫലപ്രദമായി പ്രയോഗിക്കുന്നു. ഫുല്‍വാമ ഭീകരാക്രമണത്തിനുചിതമായ മറുപടി കൊടുത്തു  പ്രതിരോധിക്കേണ്ടത് ഭാരതത്തിന് അനിവാര്യമായിരുന്നതുകൊണ്ടു മാത്രമാണ് വായുസേനയെ ഉപയോഗിച്ച് ബലൂചിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. പാകിസ്ഥാന്‍ വായുസേനയില്‍ നിന്നും പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നതുകൊണ്ടു മാത്രം തന്ത്രപരമായി പ്രതിരോധിക്കുവാനും സാധിച്ചു. അത്യാധുനിക പോര്‍വിമാനങ്ങളും റഡാര്‍ സംവിധാനങ്ങളുമുപയോഗിക്കുന്ന ഭാരതീയ വായുസേന ലോകത്തിലെ തന്നെ മികച്ച വായുസേനകളിലൊന്നാണെന്നു സ്ഥാപിക്കുവാനും ഈ പ്രതിരോധം കൊണ്ടും പ്രത്യാക്രമണം കൊണ്ടും സാധ്യമായി. അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്റെ എട്ട് അത്യാധുനിക എഫ് 16 പോര്‍ വിമാനങ്ങളെ വിജയകരമായി തുരത്തുവാന്‍ മുന്നിട്ടിറങ്ങിയത് ഇന്ത്യന്‍ വ്യോമസേനയുടെ രണ്ടു മിഗ് 21 ബൈസണ്‍ യുദ്ധ വിമാനങ്ങളാണെന്ന വസ്തുത വ്യോമയാന ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുന്നതാണ്. അതോടൊപ്പം മിഗ് 21  യുദ്ധ വിമാനമുപയോഗിച്ചു എഫ് 16 നേ തകര്‍ത്ത ഭാരതത്തിന്റെ ധീര യുദ്ധവൈമാനികന്‍ വിങ് കമാണ്ടര്‍ അഭിനന്ദനും ചരിത്രം തിരുത്തിയെഴുതുകയാണ് ചെയ്തത്.

അമേരിക്കയുടെ എഫ് 16 പോര്‍ വിമാനവും സോവിയറ്റ് യൂണിയന്റെ മിഗ് 21 പോര്‍ വിമാനവും തമ്മില്‍ നേര്‍ക്കുനേര്‍ പോരാടിയ ചരിത്രങ്ങള്‍ കുറവാണെങ്കിലും ചിലയിടങ്ങളില്‍ നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം വിജയം അമേരിക്കയുടെ എഫ് 16 പോര്‍ വിമാനത്തിനു തന്നെയായിരുന്നു. ലോകത്തുടനീളം 60 രാജ്യങ്ങളിലായി എഫ് 16നും മിഗ് 21 ഉം ഗണത്തില്‍ പ്പെട്ട ഏകദേശം 15000 യുദ്ധ വിമാനങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് ചില രാജ്യങ്ങള്‍ ഇവരണ്ടും ഉപയോഗിക്കുന്നുണ്ട്. പരിശീലനയോഗ്യമായ കനം കുറഞ്ഞതും വളരെ ലളിതമായി ഉപയോഗിക്കാവുന്നതുമാണ് ഈ വിമാനങ്ങളുടെ ആകര്‍ഷണീയത.

1970 -80 കളിലെ ഇറാന്‍ ഇറാക്ക് യുദ്ധത്തിലും എഫ് 16നും മിഗ് 21 ഉം പലയാവര്‍ത്തി നേരിട്ടു പോരാടിയപ്പോഴും വിജയം എഫ് 16നു മാത്രമായിരുന്നു. ഭാരതത്തിലും പാകിസ്താനിലും നിലവില്‍ ധാരാളം അത്യാധുനിക പോര്‍വിമാനങ്ങളുണ്ടായിരിക്കെ എല്ലാ അര്‍ത്ഥത്തിലും മോടിപിടിപ്പിച്ച യുദ്ധ വിമാനങ്ങള്‍ തമ്മിലുള്ള പോരാട്ടം അത്യന്തം ആവേശഭരിതമായിരിന്നു എന്നു വേണം കണക്കാക്കുവാന്‍. പ്രത്യകിച്ചും പാകിസ്താന്റെ കൈവശമുള്ള എഫ് 16 പോര്‍ വിമാനങ്ങള്‍ അതിര്‍ത്തികടന്നുള്ള ആക്രമണത്തിന് അനുമതിയില്ലാത്ത പരിതസ്ഥിതിയില്‍. ഭാരത വ്യോമസേന പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇരു രാജ്യങ്ങളുടെയും വിമാനങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വെറും 90 നിമിഷങ്ങളില്‍ അവസാനിച്ചു ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അതിര്‍ത്തി കടന്നെത്തിയ ലോക ചാമ്പ്യന്മാരെ തിരിച്ചു ഓടിക്കുവാനും അതിലൊന്നിനെ തകര്‍ക്കുവാനും സാധിച്ചത് ഭാരതീയ വായുസേനയുടെ വൈമാനികരുടെ അസാമാന്യമായ കഴിവുകള്‍കൊണ്ട് മാത്രമാണ്. 

ഏറെ സാഹസികത നിറഞ്ഞ ജീവിത ശൈലികളാണ് ഓരോ യുദ്ധ വൈമാനികരുടെതെന്നും വര്‍ഷങ്ങള്‍ നീളുന്ന കഠിനമായ ശാരീരികവും മാനസികവുമായ  പരിശീലനത്തിലൂടെ പൂര്‍ണ്ണമായും യോഗ്യത നേടിയവരാണ് ഇവരെന്നും മനസിലാക്കുവാന്‍ സാധ്യമായി ഫുല്‍വാമ ഭീകരാക്രമണത്തില്‍ മരണമടഞ്ഞ ഓരോ സൈനികനേയും അനുസ്മരിക്കുകയും അവരുടെ കുടുംബാഗങ്ങളെ  ആശ്വസിപ്പിക്കുകയും ചെയ്തിരുന്ന ഓരോ ഭാരതീയനും ഭീകരാക്രമണത്തിനെതിരെ ഭാരതീയ വായുസേനയുടെ ഈ പോരാട്ടത്തില്‍ അഭിമാനം കൊള്ളുകയും ഭാരതത്തിന് ഭീകരില്‍ നിന്നും ശത്രു രാജ്യങ്ങളില്‍നിന്നും നിരന്തരമായ സുരക്ഷയൊരുക്കുന്ന വൈമാനികരുള്‍പ്പെടുന്ന എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരോടും കടപ്പെട്ടിരിക്കുകയുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category