1 GBP = 90.50 INR                       

BREAKING NEWS

വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നേരിയ വ്യത്യാസത്തില്‍ യുക്മാ ഭരണം നിലനിര്‍ത്തി എബി-മാമന്‍ വിഭാഗം; റോജിമോനെ രണ്ടുവോട്ടിനു തോല്‍പ്പിച്ച് ഡോര്‍സെറ്റിലെ മനോജ് പിള്ള പ്രസിഡന്റായി; ബാല-അസി വിഭാഗത്തില്‍ വിജയിച്ചത് ട്രഷറര്‍ അനീഷ് മാത്രം: ഇനി യുകെയിലെ മലയാളി സംഘടനകളെ ഇവര്‍ ഭരിക്കും

Britishmalayali
ടോമിച്ചന്‍ കൊഴുവനാല്‍

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടന എന്നു വിശേഷിപ്പിക്കപ്പെടുന്ന യുക്മയുടെ ഭരണം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തില്‍ നിലവിലുള്ള പ്രസിഡന്റ് മാമന്‍ ഫിലിപ്പിന്റെയും മുന്‍ കെഎസ്‌യു നേതാവ് എബി സെബാസ്റ്റ്യന്റെയും നേതൃത്വത്തിലുള്ള വിഭാഗം പിടിച്ചെടുത്തു. മുന്‍ പ്രസിഡന്റായ അസി എന്നു വിളിക്കുന്ന ഫ്രാന്‍സിസ് കവളക്കാട്ടിലും മുന്‍ സെക്രട്ടറിയായ ബാലാ സജീവ് കുമാറും നേതൃത്വം നല്‍കുന്ന വിഭാഗത്തിന്റെ പാനലില്‍ മത്സരിച്ച നിലവില്‍ സെക്രട്ടറിയായ റോജിമോന്‍ വര്‍ഗീസിനെ കേവലം രണ്ടു വോട്ടിന്റെ വ്യത്യാസത്തില്‍ ഡോര്‍സെറ്റിലെ മനോജ് പിള്ള തോല്‍പ്പിച്ചത്. ഇനി വരുന്ന മൂന്നു വര്‍ഷം യുക്മയുടെ ഭരണം നിയന്ത്രിക്കുക മനോജ് പിള്ള പ്രസിഡന്റും മാഞ്ചസ്റ്ററിലെ അലക്‌സ് വര്‍ഗീസ് സെക്രട്ടറിയുമായ ഭരണ സമിതിയാവും.

അസി വിഭാഗത്തില്‍ ആകെ വിജയിച്ചത് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച ലെസ്റ്ററിലെ അനീഷ് ജോണ്‍ ആണ്. എതിര്‍ സ്ഥാനത്തെ ജയകുമാര്‍ നായരെ വെറും ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ ആണ് അനീഷ് തോല്‍പ്പിച്ചത്. ജോയന്റ് സെക്രട്ടറി ആയി മത്സരിച്ച ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും 118 വീതം തുല്യ വോട്ടുകള്‍ ലഭിച്ചപ്പോള്‍ നറുക്കെടുപ്പില്‍ ഭാഗ്യം ലഭിച്ചത് മാമന്‍ വിഭാഗത്തിലെ സാജന്‍ സത്യന്‍ ആയിരുന്നു. അതോടെ ട്രഷറര്‍ അനീഷില്‍ മാത്രം ഒതുങ്ങി മറു വിഭാഗത്തിന്റെ വിജയം. നാളുകളായി യുക്മയുടെ ചുക്കാന്‍ നിന്നും നിയന്ത്രിക്കുന്ന ഗ്രൂപ്പ് നേതാവ് എബി സെബാസ്റ്റ്യന്‍ വന്‍ ഭൂരിപക്ഷത്തില്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ്. എബി സെബാസ്റ്റ്യന്‍ 133 വോട്ടു നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ ലോറന്‍സ് പെല്ലിശ്ശേരി 103 വോട്ടുകള്‍ മാത്രമേ നേടിയുള്ളൂ.
ഏറ്റവും കൂടുതല്‍ വോട്ടു നേടിയത് മറു വിഭാഗത്തിന്റെ തട്ടകത്തില്‍ നിന്നും ജോയന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി കണ്ടെത്തിയ മാമന്‍ വിഭാഗത്തിന്റെ നീക്കം ഗുണം ചെയ്തു എന്നു മനസിലാക്കാന്‍ സെലീമാ സജീവിനു ലഭിച്ച വോട്ടുകള്‍ തന്നെ തെളിവ്. അസിയുടെയും ബാലയുടെയും നാട്ടില്‍ നിന്നും മാമന്‍ വിഭാഗത്തിന്റെ ജോയന്റ് സെക്രട്ടറിയായി മത്സരിച്ച സെലീമാ സജീവിനു 138 വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി രശ്മി മനോജിനു 100 വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളൂ. ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് സെലീമയാണ്. എബിയുടെ ഭൂരിപക്ഷം രണ്ടാമതെത്തി.
121 വോട്ടുകള്‍ നേടിയാണ് മാഞ്ചസ്റ്ററിലെ അലക്‌സ് വര്‍ഗീസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഓസ്റ്റന്‍ അഗസ്റ്റിനെ ഏഴു വോട്ടുകള്‍ക്കാണ് അലക്‌സ് പരാജയപ്പെടുത്തിയത്. വൈസ് പ്രസിഡന്റ് വനിതാ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മാമന്‍ വിഭാഗത്തിലെ ലിറ്റി ജിജോ ആണ്. അസി വിഭാഗത്തിലെ ശീതള്‍ ജോര്‍ജ്ജ് ആയിരുന്നു ലിറ്റിയുടെ എതിരാളി. ഏഴു വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലിറ്റി ശീതളിനെ പരാജയപ്പെടുത്തിയത്. ജോയന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച മാമന്‍ വിഭാഗത്തിലെ ടിറ്റോ തോമസ് മൂന്നു വോട്ടുകള്‍ക്കാണ് എതിര്‍ വിഭാഗത്തിലെ അജിത്ത് വെണ്‍മണിയെ തോല്‍പ്പിച്ചത്. ടിറ്റോ തോമസ് 120 വോട്ടുകള്‍ നേടിയപ്പോള്‍ 117 വോട്ടുകളാണ് അജിത്ത് വെണ്‍മണിക്ക് നേടാന്‍ കഴിഞ്ഞത്.

യുകെയിലെമ്പാടുമുള്ള 101 മലയാളി അസോസിയേഷനുകളാണ് ദേശീയ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. തെരഞ്ഞെടുപ്പിലേക്ക് 302 വോട്ടേഴ്‌സ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും 239 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബര്‍മിങ്ഹാം സെന്റ് എഡ്മണ്ട് കാംപിയന്‍ കാത്തലിക് സ്‌കൂളില്‍ നടന്ന തെരഞ്ഞെടുപ്പിലും പൊതുയോഗത്തിനും മുന്നൂറോളം ആളുകളാണ് പങ്കെടുത്തത്.
ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് പൊതു യോഗം ആരംഭിച്ചത്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് അധ്യക്ഷനായി. സുജു ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. റോജിമോന്‍ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രിപ്പോര്‍ട്ട് യോഗം ഏകകണ്ഠേന പാസാക്കി. ട്രഷറര്‍ അലക്സ് വര്‍ഗീസ് കണക്ക് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഐക്യകണ്ഠേന പാസാക്കി. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നത്.

മ്പി ജോസും ബിജുവും ഭരണാധികാരിയായിരുന്നുരാത്രി പത്തുമണിയോടെ വോട്ടിങ് പൂര്‍ത്തിയാക്കി സ്‌കൂളില്‍ നിന്ന് ഒഴിയേണ്ടിവന്നു. പിന്നീട് ഹോട്ടലിലേക്ക് മാറി ഇവിടെ വച്ചാണ് ഫലം പ്രഖ്യാപിച്ചത്. രാത്രി ഒന്നരയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.

യുകെ മലയാളികള്‍ക്കിടയിലെ പകരം വെക്കാനില്ലാത്ത സാന്നിധ്യം പ്രസിഡന്റ് സ്ഥാനത്ത്
സൗത്ത് ഈസ്റ്റ് റീജിയനിലെ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ മനോജ് പിള്ള യുക്മ പ്രസിഡന്റായി സ്ഥാനമേറ്റപ്പോള്‍ ആഹ്ലാദം അലതല്ലുകയാണ്. പൊതുരംഗത്ത് യുകെ മലയാളികള്‍ക്കിടയില്‍ പകരം വയ്ക്കാനില്ലാത്ത സജീവസാന്നിധ്യമാണ് മനോജ് കുമാര്‍ പിള്ള. കഴിഞ്ഞ പത്തു വര്‍ഷക്കാലം യുക്മ ദേശീയ തലത്തിലും സൗത്ത് റീജിയണിലും സംഘടിപ്പിച്ചിട്ടുള്ള എല്ലാ പരിപാടികളിലെയും നിറസാന്നിധ്യമാണ് ഈ വ്യക്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഡോര്‍സെറ്റിലെ മലയാളി സംഘടനാ രംഗത്ത് നിരവധി പദവികള്‍ വഹിച്ചിട്ടുള്ള മനോജ് നിലവില്‍ ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ (ഡി.കെ.സി) പ്രസിഡന്റാണ്. ഡി.കെ.സി യുക്മയിലെ ഏറ്റവും സജീവമായ സംഘടനകളിലൊന്നാണ്.

യുക്മ രൂപീകൃതമായതിനു ശേഷം റെഡ്ഡിങില്‍ നടന്ന ആദ്യ റീജിയണല്‍ രൂപീകരണ യോഗത്തില്‍ യുക്മയുടെ പ്രഥമ റീജിയണായി രൂപീകരിക്കപ്പെട്ട സൗത്ത് ഈസ്റ്റ്-  സൗത്ത് വെസ്റ്റ് സംയുക്ത റീജിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് യുക്മയിലെ ഒരു പതിറ്റാണ്ട് കാലത്തെ ഇടതടവില്ലാത്ത  പ്രവര്‍ത്തനങ്ങള്‍ക്ക് മനോജ് തുടക്കം കുറിക്കുന്നത്. പൊതുപ്രവര്‍ത്തനം നടത്തുവാന്‍ നേതൃ സ്ഥാനങ്ങളിലിരിക്കാതെയും സാധിക്കുമെന്ന് തെളിയിച്ച് യുക്മയില്‍ സജീവമായി പ്രവര്‍ത്തിച്ച മനോജ് 2015ലാണ് റീജിയണല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. നിലവില്‍ യുക്മ സാംസ്‌ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന സ്ഥാനവും വഹിക്കുന്നുണ്ട്.

യുക്മയെ കൂടാതെ ഡോര്‍സെറ്റിലെ പൊതുസമൂഹത്തിലും മനോജ് ഏറെ അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമാണ്. എല്ലാ വര്‍ഷവും സംഘടിപ്പിക്കപ്പെടുന്ന സൗത്ത് വെസ്റ്റിലെ ഏറ്റവും വലിയ ഭാരതീയ സാംസ്‌ക്കാരിക പരിപാടിയായ 'ഡോര്‍സെറ്റ് ഇന്ത്യന്‍ മേള'യുടെ മുഖ്യസംഘാടകനാണ് മനോജ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കൂട്ടായ്മ നേതൃത്വം നല്‍കുന്ന ഈ പരിപാടിയില്‍ മലയാളി സമൂഹത്തിന്റെ പ്രതിനിധിയായിട്ടാണ് മനോജിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രാദേശിക ലീഗില്‍ കളിയ്ക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബിന്റെ ചെയര്‍മാന്‍ എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ഗോ സൗത്ത് കോസ്റ്റ് ലിമിറ്റഡില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്നു.

ജനറല്‍ സെക്രട്ടറിയായി മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ നെടുംതൂണ്‍ 
യുക്മയുടെ പ്രഥമ ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം നേടിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ)ന്റെ നെടുംതൂണായി നിരവധി പദവികള്‍ വഹിച്ചിട്ടുള്ള അലക്‌സ് ഇനി യുക്മയുടെ ജനറല്‍ സെക്രട്ടറിയാണ്. നിലവില്‍ എം.എം.സി.എയുടെ പ്രസിഡന്റും യുക്മയിലെ ഏറ്റവുമധികം പരിചയസമ്പന്നനുമായ സംഘാടകനാണ്. വിനയം മുഖമുദ്രയാക്കി സൗമ്യതയോടെ ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ വൈദഗ്ധ്യമാണ് കൂടുതല്‍ ഉയര്‍ന്ന പദവികളിലേയ്ക്ക് അദ്ദേഹത്തെ എപ്പോഴും എത്തിക്കുന്നത്. യുക്മ ദേശീയ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗം, പി.ആര്‍.ഒ, ജോ. ട്രഷറര്‍, ജോ. സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം നിലവിലുള്ള ദേശീയ ട്രഷററാണ്. മാഞ്ചസ്റ്റര്‍ സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ ട്രസ്റ്റിയായും പ്രവര്‍ത്തിച്ചിട്ടുള്ള അലക്‌സ് ടെസ്‌ക്കോയിലാണ് ജോലി ചെയ്യുന്നത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായ അലക്‌സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഒരു വോട്ടിന് വിജയം കൈവരിച്ച് അനീഷ് ജോണ്‍ ട്രഷറര്‍ സ്ഥാനത്തേക്ക്
മാമന്‍ ഫിലിപ്പ് - എബി സെബാസ്റ്റ്യന്‍ സഖ്യത്തിലെ ജയകുമാര്‍ നായരെ വെറും ഒരു വോട്ടിന് പരാജയപ്പെടുത്തിയാണ് അനീഷ് ജോണ്‍ ട്രഷറര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അസി വിഭാഗത്തില്‍ നിന്നും ജയിച്ചു കയറിയ ഒരേയൊരു സ്ഥാനാര്‍ത്ഥിയാണ് അനീഷ്. മികച്ച ഗായകന്‍ കൂടിയായ ഈ വ്യക്തിത്വം പൊതു പ്രവര്‍ത്തന രംഗത്തും യുക്മയിലും സജീവമാണ്. ലെസ്റ്ററിലാണ് താമസം. ലെസ്റ്ററിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അനീഷ് അവിടുത്തെ കേരളാ കമ്മ്യൂണിറ്റി സ്‌കൂളിന്റെ നേതൃ നിരയിലും പ്രവര്‍ത്തിച്ചു വരികയാണ്. 

ഡാര്‍ട്ട്‌ഫോര്‍ഡുകാര്‍ക്ക് അഭിമാനമായി എബി സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത്
'കേരളാ പൂരം' എന്ന പേരില്‍ യുക്മ നടത്തിയ വള്ളംകളിയുടെ ജനറല്‍ കണ്‍വീനര്‍ ആണ് എബി സെബാസ്റ്റ്യന്‍. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യുക്മയുടെ സന്തതസഹചാരിയായ എബി യുക്മയുടെ പ്രഥമ കലാമേള മുതലാണ് സംഘടനയിലെ സജീവസാന്നിധ്യമാകുന്നത്. അസാധ്യമെന്ന് പലരും കരുതിയിരുന്ന ദേശീയ കലാമേള സംഘടിപ്പിക്കുന്നതിന് പിന്നണിയില്‍ ശക്തമായ പിന്തുണ നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ യുക്മ ദേശീയ കലാമേളയുടെ വിജയികള്‍ക്കുള്ള എവര്‍റോളിങ് ട്രോഫി നല്‍കുന്നതിന് പ്രഥമ ദേശീയ ഭരണസമിതി അനുമതി നല്‍കുകയും ചെയ്തു.

സൗത്ത് ഈസ്റ്റ് റീജിയണിലെ ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസോസിയേഷനിലാണ് എബി പ്രവര്‍ത്തിക്കുന്നത്. കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയന്‍ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവ. ലോ കോളേജില്‍ രണ്ട് വട്ടം സര്‍വകലാശാലാ യൂണിയന്‍ കൗണ്‍സിലര്‍, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനാണ്. ലണ്ടന്‍ ലൂയിഷാമിലെ ബ്രിന്ദാ സോളിസിറ്റേഴ്‌സില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ്.

സ്ത്രീ ശക്തി തെളിയിക്കുവാന്‍ വനിതാ വൈസ് പ്രസിഡന്റായി ലിറ്റി ജിജോ
ബ്രിട്ടണിലെ സംഘടനാ രംഗത്തെ ശക്തമായ വനിതാ സാന്നിധ്യമാണ് ലിറ്റി ജിജോ. മിഡ്‌ലാന്റ്‌സിലെ ഏറ്റവും കരുത്തുറ്റ മലയാളി സംഘടനയും യുക്മയുടെ നിരവധി വേദികളില്‍ ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെയുള്ള പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ബര്‍മ്മിങ്ഹാം ബി.സി.എം.സിയുടെ വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ച്ച വച്ചിട്ടുള്ള വ്യക്തിയാണ് ലിറ്റി. മുന്നൂറു പേരെ അണിനിരത്തി യു.കെയുടെ ചരിത്രത്തില്‍ നടത്തപ്പെട്ട മാര്‍ഗ്ഗംകളിയും തിരുവാതിരയും ലിറ്റിയുടെ നേതൃത്വത്തില്‍ കൊറിയോഗ്രാഫി ചെയ്ത് സംഘടിപ്പിച്ചതാണ്. യു.കെ ക്‌നാനായ വനിതാ ഫോറത്തിന്റെ അഡ്‌ഹോക് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ദേശീയ തലത്തിലും മികവുറ്റ സംഘാടക പാടവം പ്രകടമാക്കിയ ലിറ്റി ബര്‍മ്മിങ്ഹാം കമ്മ്യൂണിറ്റി എന്‍.എച്ച്.എസ് ട്രസ്റ്റിലെ സീനിയര്‍ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയാണ്. 

നഴ്‌സിംഗ് രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച സാജന്‍ ജോയന്റ് സെക്രട്ടറിയാകുമ്പോള്‍
യോര്‍ക്ക്‌ഷെയര്‍ ആന്റ് ഹംബര്‍ റീജിയനിലെ വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ മലയാളി അസോസിയേഷനിലാണ് യുക്മയുടെ ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സാജന്‍ സത്യന്‍ പ്രവര്‍ത്തിക്കുന്നത്. യുക്മയിലെ ബഹുഭൂരിപക്ഷം വരുന്ന നഴ്‌സിങ് സമൂഹത്തിന്റെ മുന്നേറ്റത്തിന് സംഘടനാ തലത്തിലൂടെ സഹായമാകുവാന്‍ നഴ്‌സിങ് രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച സാജന്‍ ലീഡ്‌സ്  ജനറല്‍ ഇന്‍ഫര്‍മറിയിലെ ബാന്റ് 8 നഴ്‌സ് പ്രാക്ടീഷ്ണറാണ്. കഴിഞ്ഞ വര്‍ഷം യുക്മ ദേശീയ ഭരണസമിതി യു.കെയിലെമ്പാടും സംഘടിപ്പിച്ച നഴ്‌സിങ് കോണ്‍ഫ്രന്‍സുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയ വ്യക്തിയാണ്. ക്ലാസ്സുകള്‍ക്ക് ആവശ്യമായ വിവിധ വിഷങ്ങള്‍ കണ്ടെത്തുന്നതിനും അതിലെ അക്കാദമിക് മെറിറ്റ് വിശദീകകരിച്ച് നല്‍കുന്നതിലുമൊക്കെ സാജന്റെ കഴിവ് പുതിയ ഭരണസമിതി അധികാരത്തിലെത്തുമ്പോഴും യു.കെയിലെ നഴ്‌സിങ് സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടായി മാറുമെന്നുള്ളത് തീര്‍ച്ചയാണ്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ നഴ്‌സിങ് പഠനം മുതലുള്ള സംഘടനാ രംഗത്തെ പരിചയവും പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.

ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് സെലീനാ സജീവും
ലണ്ടന്‍ നോര്‍ത്ത് മിഡില്‍സക്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ സ്റ്റാഫ് നഴ്‌സായ സെലീന നഴ്‌സിങ് മേഖലയിലെന്ന പോലെ തന്നെ കായിക മേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. സ്‌ക്കൂള്‍-കോളേജ് പഠനകാലത്ത് വോളിബോള്‍, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്ന സെലീന യുക്മയിലെ റീജണല്‍ - ദേശീയ കായിക മേളയിലെ വനിതാവിഭാഗം മുതിര്‍ന്നവരുടെ മത്സരങ്ങളില്‍ സ്ഥിരം വ്യക്തിഗത ചാമ്പ്യനാണ്. ഈസ്റ്റ് ആംഗ്ലിയ റീജിയനിലെ എഡ്മണ്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള സെലീനയുടെ ഈ സ്‌പോട്ട്‌സ്മാന്‍ സ്പിരിറ്റും യുക്മയുടെ വളര്‍ച്ചയ്ക്ക് പോരാട്ട വീര്യം പകരും.

ജോയന്റ് ട്രഷററായി ടിറ്റോ തോമസ് ചുമതലയേല്‍ക്കുമ്പോള്‍
യുക്മയിലെ പ്രഥമ അസോസിയേഷനായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സൗത്ത് വെസ്റ്റ് റീജിയനിലെ ഓക്‌സ്മാസിന്റെ പ്രസിഡന്റ് ഉള്‍പ്പെടെ നിരവധി പദവികള്‍ വഹിച്ച ടിറ്റോ തോമസ് ജോബ് സെന്റര്‍ പ്ലസിലെ ഉദ്യോഗസ്ഥനാണ്. യുക്മ ദേശീയ വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ടിറ്റോ നിലവില്‍ യുക്മ ടൂറിസം പ്രമോഷന്‍ ക്ലബ് വൈസ് ചെയര്‍മാനാണ്. സംഘടനയിലെ സീനിയര്‍ നേതാക്കന്മാരിലൊരാളായ ടിറ്റോ തോമസിന്റെ പരിചയസമ്പത്തും യുക്മയ്ക്ക് മുതല്‍ക്കൂട്ടാവും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category