1 GBP = 102.00 INR                       

BREAKING NEWS

ഇത് 'അസ്തമയം' അല്ല ഉദയം; പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസകള്‍ ഏറ്റുവാങ്ങി നാടകം; പുത്തന്‍ താരോദയങ്ങള്‍ക്കൊപ്പം അരങ്ങില്‍ തിളങ്ങി നടി സരയൂവും; റിഥം കലാസന്ധ്യ സമ്മാനിച്ചത് അവിസ്മരണീയ കാവ്യാനുഭവം

Britishmalayali
അജിമോന്‍ ഇടക്കര

ഗ്ലോസ്റ്റര്‍: മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകത്തില്‍ കൂടി പ്രചരിപ്പിച്ചിരുന്ന ആശയങ്ങള്‍ ആദര്‍ശങ്ങളായി നെഞ്ചേറ്റിയ ഒരു സമൂഹം തന്നെ കേരളത്തില്‍ രൂപപ്പെട്ടിരുന്നു. ഇങ്ങനെ നാടകമെന്ന, പ്രത്യേകിച്ച് പ്രൊഫഷണല്‍   നാടകമെന്ന കലാരൂപത്തിന് നമ്മുടെ സമൂഹത്തില്‍ ചെലുത്താന്‍ കഴിഞ്ഞ സ്വാധീനം വിവരണാതീതമാണ്. സമകാലീന സാമൂഹ്യ വിഷയങ്ങളും ബൈബിള്‍ കഥകളും പുരാണ ഇതിഹാസങ്ങളും അടിസ്ഥാനമാക്കി ഇറങ്ങിയ നാടകങ്ങള്‍ ഇന്നും മലയാളികള്‍ക്ക് ഒരു ആവേശമാണ്. എന്നാല്‍ യുകെ പോലെയുള്ള ഒരു വിദേശ രാജ്യത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഒരു മുഴുനീള സാമൂഹ്യ സംഗീത നാടകം അരങ്ങില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ റിഥം ചെല്‍ട്ടന്‍ഹാം എന്ന സഹൃദ കൂട്ടായ്മ 'അസ്തമയം' എന്ന നാടകത്തിലൂടെ ഈ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിച്ചിരിക്കുകയാണ്.

ഗ്ലോസ്റ്റര്‍ റോയല്‍ ഹോസ്പിറ്റലിന് വേണ്ടി നടത്തിയ ചാരിറ്റി പ്രോഗ്രാം ആയ റിഥം കലാസന്ധ്യ 2019 എന്ന കലാവിരുന്നിലാണ് രണ്ടേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള  'അസ്തമയം' എന്ന നാടകം അരങ്ങേറിയത്. പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി മാവേലിക്കരയുടെ ഈടുറ്റ തിരക്കഥയില്‍ കൊല്ലം അസ്സീസി തിയേറ്റേഴ്സിന്റെ സാങ്കേതിക സഹകരണത്തോടെയാണ് റിഥം ചെല്‍ട്ടന്‍ഹാം പ്രൊഫഷണല്‍ നാടക സമിതികളോട് കിട പിടിക്കുന്ന വിധത്തില്‍ ഈ നാടകം ഒരുക്കിയത്.
കൊച്ചു കൊച്ചു പിണക്കങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ഇടയില്‍ ജീവിക്കാന്‍ മറന്നു പോയ ഒരു കുടുംബത്തിന്റെ കഥ പറയുന്ന ഈ നാടകം സംവിധാനം ചെയ്തത് യുകെ മലയാളികള്‍ക്ക് സുപരിചിതനായ റോബി മേക്കരയാണ്. പ്രൊഫഷണല്‍ സ്റ്റേജുകളോട് കിടപിടിക്കുന്ന രംഗപടവും പിന്നില്‍ നിന്നുള്ള പ്രൊജക്ടര്‍ ഉപയോഗിച്ച് ആവിഷ്‌കരിച്ച വലിയ വേദി നിറഞ്ഞു നിന്ന തന്മയത്വമാര്‍ന്ന പശ്ചാത്തല ദൃശ്യങ്ങളും കഥയ്ക്കനുയോജ്യമായ പശ്ചാത്തല സംഗീതവും ലൈവ് ആയി ഡയലോഗ് പറഞ്ഞുള്ള റിയലിസ്റ്റിക് അഭിനയവും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ കാണികള്‍ ഒരു വട്ടം കൂടി ഗതകാല ഗൃഹാതുരത്വം നിറഞ്ഞ നാടക  സ്മരണകളില്‍ മുഴുകിപ്പോയി.
കാളവണ്ടിക്കാരനായ ദുശ്ശാസനന്‍ പിള്ളയുടെ കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ നാടകം ജീവിക്കുവാന്‍ മറന്നു പോകുന്ന നിമിഷങ്ങള്‍ക്ക് നല്‍കേണ്ട വില വളരെ വലുതായിരിക്കും എന്ന സന്ദേശമാണ് കാണികള്‍ക്ക് നല്‍കിയത്. ന്യൂ ജനറേഷന്‍ സിനിമകളില്‍ മാത്രമല്ലാ നാടകത്തിലും റിയലിസ്റ്റിക് ആയിട്ടുള്ള അഭിനയം സാധ്യമാകുമെന്ന് സ്റ്റേജില്‍ തെളിയിച്ചത് ദുശ്ശാസനന്‍ പിള്ളയും ഭാര്യ ഗൗരിയുമായി അരങ്ങില്‍ ജീവിച്ച ചെല്‍ട്ടന്‍ഹാം സ്വദേശികളായ സണ്ണി ലൂക്കോസും ഫ്‌ലോറന്‍സ് ഫെലിക്സുമായിരുന്നു. അരങ്ങിലെ അവരുടെ നര്‍മ്മവും കാര്യവും ഇടകലര്‍ന്ന ഓരോ അഭിനയ മുഹൂര്‍ത്തങ്ങളും ഇരുത്തം വന്ന അഭിനേതാക്കള്‍ ആണിവര്‍ എന്ന് തെളിയിക്കുന്നതായിരുന്നു.
മകന്റെ പ്രണയലേഖനം കാമുകിക്ക് എത്തിച്ചു കൊടുക്കുന്ന അച്ഛനായും വിട്ടുപോകുമായിരുന്ന കുടുംബ ബന്ധത്തിന്റെ നേര്‍ത്ത ചങ്ങല കണ്ണികള്‍ പൊട്ടാതെ സൂക്ഷിച്ച മുത്തശ്ശനായും നാടകത്തില്‍ നിറഞ്ഞു ജീവിച്ച ദുശ്ശാസനന്‍ പിള്ള എന്ന സണ്ണി ലൂക്കോസ് മുത്തശ്ശനെന്നു പറഞ്ഞാല്‍ ഉമ്മറത്തിരിക്കുന്ന ബാധ്യതയുടെ പേരല്ല മക്കളേ, ജീവിതമറിയുന്ന പാഠപുസ്തകമാണ്' എന്ന് ചെറു മകനോട് പറയുമ്പോള്‍ ആ സത്യം  ആഴ്ന്നിറങ്ങിയത് കാണികളുടെ ഹൃദയത്തിലേക്കാണ്. ദുശ്ശാസനന്‍ പിള്ളയുടെ മകനും നാടകത്തിലെ നായക കഥാപാത്രമായ ഡോ. മോഹനന്‍ ആയി തിളങ്ങിയത് സംവിധായകന്‍ തന്നെയായ റോബി മേക്കരയാണ്. സംവിധായകന്റെ ഉത്തരവാദിത്വ ഭാരം തന്നിലെ അഭിനേതാവിനെ ബാധിക്കാതെ, തന്റെ റോള്‍ മനോഹരമായി അവതരിപ്പിക്കുവാന്‍ റോബിക്ക് കഴിഞ്ഞു. യുക്മ കലോത്സവ വേദികളിലും, നിരവധി അവാര്‍ഡ് നിശകളിലും നര്‍ത്തകിയും ഗായികയും അഭിനേത്രിയും ഒക്കെയായി യുകെ മലയാളികള്‍ക്ക് ചിരപരിചിതയായ ബിന്ദു സോമന്‍ ആണ് ഡോ. മോഹനന്റെ ഭാര്യയായ പ്രൊഫസര്‍ സുജാതയായി കാണികളുടെ കണ്ണ് നനയിക്കുന്ന അഭിനയം കാഴ്ച വച്ചത്.
'ചൂടുള്ള നേര് കൊണ്ട് ജീവിതത്തിനേറ്റ പൊള്ളല്‍' അതിന്റെ ചൂരും ചൂടും ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ  അനുവാചക ഹൃദയങ്ങളില്‍ എത്തിക്കാന്‍ ഇത്തവണയും ബിന്ദുവിലെ കലാപ്രതിഭയ്ക്ക് കഴിഞ്ഞു. ടെലിഫിലിമുകളിലും നാടകങ്ങളിലും അഭിനയിച്ചു മുന്‍ പരിചയമുള്ള, എബിന്‍ ജോസ് ഈ ദമ്പതികളുടെ മകന്‍ സുദീപനായി വേദി കയ്യടക്കിയപ്പോള്‍ അവരുടെ മരുമകളായ സുമിത്ര ആയി രംഗത്തെത്തിയത് അനായാസ അഭിനയത്തിലൂടെ എന്നും കഴിവ് പ്രകടിപ്പിച്ചിട്ടുള്ള എലിസബത്ത് മേരി എബ്രഹാം ആണ്. കഥയുടെ ഗതി തിരിച്ചു വിടുന്ന പണ്ഡിതനും കവിയും സുജാതയുടെ അധ്യാപകനും സുമിത്രയുടെ പിതാവും ഒക്കെയായ ശിവപ്രസാദായി വേഷമിട്ടത് തന്റെ ശബ്ദ മാധുര്യം കൊണ്ട് യുകെ മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ട നേടിയ സിബി ജോസഫ് എന്ന ഗായകന്‍ ആണ്.
ഗാനാലാപനത്തിനൊപ്പം അഭിനയവും തനിക്കു വഴങ്ങും എന്ന് സിബി തന്റെ ആദ്യ അരങ്ങില്‍ തന്നെ തെളിയിച്ചു. പ്രൊഫസ്സര്‍ സുജാതയുടെ പിതാവായ' അമ്പരപ്പ് ശങ്കരന്‍ പിള്ളയായി കാണികളില്‍ ചിരിയും കൗതുകവും വിടര്‍ത്തിയ മാത്യു അമ്മായിക്കുന്നേലും കാളവണ്ടിക്കാരന്‍ ദുശ്ശാസനന്‍ പിള്ളയുടെ സഹായി അല്‍പബുദ്ധി ലോറന്‍സ് ആയി രംഗത്തെത്തിയ മാര്‍ട്ടിന്‍ ജോസും ചെറുതെങ്കിലും അവരവരുടെ ഭാഗങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു.
ജെഡ് സണ്‍ ആലപ്പാട്ടും ഭാര്യ നീനുവും അവതാരകരായി തിളങ്ങിയ കലാസന്ധ്യ തുടങ്ങിയത് പ്രസിദ്ധ നര്‍ത്തകിയും സിനിമ സീരിയല്‍ നടിയുമായ സരയുവിന്റെ രംഗപൂജയോടെയാണ്. റിഥം ചെല്‍ട്ടന്‍ഹാം പ്രതിനിധി ടോം ശങ്കൂരിക്കല്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് മാണി, സെക്രട്ടറി ജില്‍സ് പോള്‍, ജി എം എ ചെല്‍ട്ടന്‍ഹാം യൂണിറ്റ് പ്രസിഡന്റ് ജോ വില്‍ട്ടന്‍, സെക്രട്ടറി ബിസ് പോള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ കാരന്‍ ഓര്‍ഗന്‍ ആണ് നിലവിളക്കു കൊളുത്തി റിഥം കലാസന്ധ്യ 2019 ഉദ്ഘാടനം ചെയ്തത്.
സരയുവിനൊപ്പം ചെല്‍റ്റന്‍ഹാമിലെയും ഗ്ലോസ്റ്ററിലെയും യുവ നര്‍ത്തകര്‍ കൂടി ചേര്‍ന്നവതരിപ്പിച്ച സംഘ നൃത്തങ്ങളും സ്വിണ്ടനില്‍ നിന്നെത്തിയ ഡോണ തോമസ്, വൂസ്റ്റര്‍ സ്വദേശി വിനു ജോസഫ് എന്നിവരുടെ മനോഹര ഗാനങ്ങളും നാടകത്തിനു മുന്നോടിയായി കാണികളുടെ മനം കുളിര്‍പ്പിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ തിരശീലയില്‍ തെളിഞ്ഞ അന്‍പതോളം സിനിമാ നടന്മാരുടെ ശബ്ദം മനോഹരമായി അനുകരിച്ച മാഞ്ചസ്റ്റര്‍ സ്വദേശി അശോക് ഗോവിന്ദിന്റെ സ്‌പോട്ട് ഡബ്ബിങ്ങും നിറഞ്ഞ കയ്യടികളോടെയാണ്  പ്രേക്ഷകര്‍ ആസ്വദിച്ചത്.
റിഥം ചെല്‍ട്ടന്‍ഹാം എന്ന സൗഹൃദ കൂട്ടായ്മയിലെ മുഴുവന്‍ അംഗങ്ങളുടെയും അകമഴിഞ്ഞ സഹകരണത്തില്‍ അരങ്ങേറിയ കലാസന്ധ്യയില്‍ അരങ്ങേറിയ നാടകത്തിന്റെ ശബ്ദ നിയന്ത്രണം ടോം ശങ്കൂരിക്കലും പ്രകാശ നിയന്ത്രണം പോള്‍സണ്‍ ജോസും ആണ് നിര്‍വഹിച്ചത്. മനോജ് വേണുഗോപാല്‍ ഒരുക്കിയ ഗ്രാഫിക്സും ബിസ് പോള്‍ നിര്‍മ്മിച്ച രംഗപടങ്ങളും ഈ പരിപാടിയുടെ ചാരുത പതിന്മടങ്ങുയര്‍ത്തി. സാമ്പത്തിക വശങ്ങള്‍ കൈകാര്യം ചെയ്ത മാത്യൂസ് ഇടിക്കുള, പരസ്യ വിഭാഗത്തിന്റെ മേല്‍നോട്ടം വഹിച്ച ഡോ. ബിജു പെരിങ്ങത്തറ, സ്റ്റേജ് കോര്‍ഡിനേറ്റേഴ്സ് അരുണ്‍ വിജയന്‍, സംവിധാന സഹായി ജോ വില്‍ട്ടന്‍, നാടകത്തിനു ആമുഖം നല്‍കിയ ബോബന്‍ ജോസ്, ഇവന്റ് കോര്‍ഡിനേറ്റര്‍ ആയിരുന്ന ബിനുമോന്‍ കുര്യാക്കോസ്, റിസപ്ഷന്‍ ചുമതല വഹിച്ച ബാബു ജോസഫ്, സുനില്‍ ജോര്‍ജ്, ഫോട്ടോഗ്രാഫേഴ്‌സ് ആയി സഹകരിച്ച അജി ഡേവിഡ്, റ്റിജിന്‍ ജോര്‍ജ്, ഭക്ഷണ ക്രമീകരണത്തിനു നേതൃത്വം നല്‍കിയ സന്തോഷ് ലൂക്കോസ്, സെക്യൂരിറ്റി, ട്രാന്‍സ്പോര്‍ട് ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിച്ച ജോസ് അലക്‌സാന്‍ഡര്‍ തുടങ്ങിയ ഒട്ടേറെ പേരുടെ ആത്മാര്‍ത്ഥമായ സഹകരണവും കഠിനാദ്ധ്വാനവും റിഥം കലാസന്ധ്യ 2019ന്റെ ഉജ്ജ്വല വിജയത്തിന്റെ പിന്നിലുണ്ട്.
പ്രേക്ഷകര്‍ നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ച അസ്തമയം എന്ന മുഴുനീള സാമൂഹ്യ നാടകത്തിനു വേദികള്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ റോബി മേക്കരയുമായി (ഫോണ്‍- 07843 020249) ബന്ധപ്പെടുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category