1 GBP = 96.00 INR                       

BREAKING NEWS

കുടുംബ ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുമ്പോഴാണ് മതപണ്ഡിതരന്മാരടക്കമുള്ള പീഡനവീരന്മാര്‍ സ്ഥാനമുറപ്പിക്കുന്നത്; കുട്ടികള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജീവിക്കുവാനുള്ള അവസരം നല്‍കിയാല്‍ ഈ വീരന്മാരെ തുരത്താം: റോയ് സ്റ്റീഫന്‍ എഴുതുന്നു

Britishmalayali
റോയി സ്റ്റീഫന്‍

ല്ലാ മത നേതാക്കന്മാരും മത പ്രഘോഷകരും ഓരോ മത വിഭാഗങ്ങള്‍ക്കും മാതൃകയാവേണ്ടവരായിരിക്കെ മതപണ്ഡിതന്മാരും മതപുരോഹിതന്മാരും നാള്‍ക്കുനാള്‍ സമൂഹത്തിലെ ഏറ്റവും മ്ലേച്ഛമായ കുറ്റകൃത്യങ്ങളിലൊന്നായ ബാല പീഡനങ്ങളിലും കുടുംബിനികളുടെ മേലുള്ള ലൈംഗീകാതിക്രമങ്ങളിലും കുറ്റാരോപിതരാവുന്ന പ്രവണത ആധുനിക ലോകത്തിന് തീരാ കളങ്കമായി മാറിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ കേരളത്തില്‍ മാത്രമല്ല ലോകത്തിലുള്ള മലയാളി സമൂഹങ്ങളുള്‍പ്പെടുന്ന മറ്റെല്ലാ കമ്മ്യൂണിറ്റികളിലും പ്രത്യേകിച്ചും ആദര്‍ശങ്ങളും അഭിമാനങ്ങളും സംരക്ഷിക്കുന്ന കുടുംബങ്ങളിലും കൂട്ടായ്മകളിലും സംഭവിക്കുന്ന ഇതുപോലുള്ള അതിക്രമങ്ങളില്‍ വെറും കുറച്ചു ശതമാനം മാത്രമാണ് പുറം ലോകത്തെത്തുന്നതെന്നതും പരസ്യമായ രഹസ്യവുമാണ്.

ഇതിലധികവും അതിക്രമിക്കപ്പെടുന്നവര്‍ക്ക് സംരക്ഷണമൊരുക്കേണ്ട അഥവാ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വ്യക്തികളിലൂടെയാണ് സംഭവിക്കുന്നതുമെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കുവാന്‍ സാധിക്കുന്നുമില്ല. ഓരോ പുരുഷനെയും സ്ത്രീയേയും പരിപൂര്‍ണരാക്കുന്നത് അവര്‍ അന്യോന്യം എല്ലാ അര്‍ത്ഥത്തിലും സംയോജിച്ചു ജീവിക്കുമ്പോള്‍ മാത്രമാണെന്ന് ലോകത്തിലുള്ള സകല മത ഗ്രന്ഥങ്ങളും പഠിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തനത്തിലൂടെ മാതൃകയാവേണ്ട വ്യക്തികള്‍ തന്നെ നാള്‍ക്കുനാള്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍ ചീഫ് ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ പോലീസ് കുറ്റം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തമിഴ്നാട്ടില്‍ നിന്നും വേട്ടയാടി പിടികൂടിയപ്പോഴും താന്‍ ചെയ്ത തെറ്റിന്മേല്‍ പശ്ചാത്തപിക്കുന്നതിനു പകരം മറ്റുള്ള ഇമാമുകളും ഇതേ കുറ്റം ചെയ്യുന്നു എന്നും എന്തുകൊണ്ട് അവരെ ആരും അറസ്റ്റ് ചെയ്യാത്തത് എന്നുള്ള മറു ചോദ്യം ഉന്നയിക്കുമ്പോള്‍ ഇത്രയും നാള്‍ സമൂഹത്തെ നയിച്ചിരുന്ന നേരിന്റെ വഴികളെല്ലാം അസ്തമിച്ചതായി തിരിച്ചറിയുന്നു. മതവിശ്വാസങ്ങള്‍ സ്നേഹവും സംരക്ഷണവും പഠിപ്പിക്കുമ്പോള്‍ വിശ്വാസമേകേണ്ട വ്യക്തികള്‍ മറ്റുള്ളവര്‍ തെറ്റ് ചെയ്യുന്നതുകൊണ്ട് മാത്രമാണ് ഞാനും തെറ്റ് ചെയ്യുന്നതെന്ന് ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത് സാമൂഹിക വിരുദ്ധത മാത്രമാണ്.

പൂര്‍ണ്ണ സാക്ഷരത നേടിയെന്നു വ്യര്‍ത്ഥമായി അഭിമാനിക്കുന്ന മലയാളികളിലെ പൊള്ളയായ സാമൂഹിക നിലപാടുകളാണ് ഇതുപോലുള്ള വ്യക്തികളിലൂടെ പുറത്തുവരുന്നത്. ഇതേപോലുള്ള സാമൂഹിക വിരുദ്ധരുടെ പൊള്ളയായ ന്യായീകരണങ്ങളില്‍ പലപ്പോഴും അപൂര്‍ണ്ണവും പരസ്പര വിരുദ്ധവുമാണെന്നും അവരുടെ  സംസാരങ്ങളില്‍ യാതൊരു കഴമ്പും ഇല്ലായെന്നും മറ്റുള്ളവരുടെയും സമൂഹങ്ങളുടെയും മുന്‍പില്‍ പിടിച്ചു നില്‍ക്കുവാനുള്ള ജല്‍പനങ്ങള്‍ മാത്രമാണെന്ന് പൊതു സമൂഹത്തിനു അറിവുള്ള കാര്യമായിരിക്കെ സ്ത്രീകളോടുള്ള പ്രത്യേകിച്ചും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോടുള്ള ലൈംഗീകാതിക്രമങ്ങള്‍ കൂടുവാനുള്ള കാരണങ്ങളും ഒരു പരിധിവരെ പൊതുസമൂഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കുറവു മൂലവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍ മാത്രമല്ല ലോകത്തെമ്പാടുമുള്ള മതപ്രബോധന മേഖലകളില്‍ ലൈംഗീകാതിക്രമങ്ങള്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കാറുണ്ട്. കൂടുതലും ബാലപീഡനങ്ങള്‍ മാത്രമാണ് നാള്‍ക്കുനാള്‍ വളര്‍ന്നു കേള്‍ക്കുന്നത്. ഇതിന്റെയെല്ലാം മൂലകാരണങ്ങള്‍ ഒരു പരിധിവരെ ഈ കുട്ടികളുടെ കുടുംബ പശ്ചാത്തലങ്ങള്‍ തന്നെയാണ്. മദ്യപരും അസാന്മാര്‍ഗികളുമായ മാതാപിതാക്കന്മാര്‍. കുടുംബബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കാതെ ബന്ധുമിത്രാദികള്‍. പീഡനവീരന്മാരായ എല്ലാ വ്യക്തികളും  തങ്ങളുടെ ഇരയെ പലപ്പോഴും തിരഞ്ഞെടുക്കുന്നത് അവരുടെ ജീവിത ചുറ്റുപാടുകള്‍ പഠിച്ചതിനു ശേഷം മാത്രമാണ്. കെട്ടുറപ്പില്ലാത്ത കുടുംബ പശ്ചാത്തലമുള്ള കുട്ടികള്‍ കൂടുതലും മാനസികമായി തകര്‍ന്നവരും സമാധാനം അന്വേഷിക്കുന്നവരും അതോടൊപ്പം ആരിലെങ്കിലും ആശ്രയിക്കുവാന്‍ ശ്രമിക്കുന്നവരുമാണെന്നു ഈ വ്യക്തികള്‍ക്ക് തിരിച്ചറിവുണ്ട്.

മനസാക്ഷി ലെവലേശമില്ലാത്ത ഇക്കൂട്ടര്‍ നിര്‍ദാക്ഷിണ്യം കുട്ടികളെ ദുരുപയോഗം ചെയ്യുമ്പോഴും കുട്ടികള്‍ ചെറുത്തു നില്‍ക്കുവാനാകാതെ അടിമപ്പെട്ടു പോകുന്ന സ്ഥിതിവിശേഷമുണ്ടാകുന്നു. കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതി ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി പതിനാറു വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവം സാധാരണക്കാര്‍ മറന്നെങ്കിലും പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബ പശ്ചാത്തലവും മറിച്ചല്ലായിരുന്നു എന്ന് കുട്ടിയും കുട്ടിയുടെ മാതാപിതാക്കളും കേസിന്റെ പല ഘട്ടങ്ങളിലെടുത്ത നിലപാടുകളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കും.

കുട്ടികള്‍ എക്കാലവും അതായത് പ്രായപൂര്‍ത്തിയാകുന്നതുവരെയെങ്കിലും തങ്ങളുടെ മാതാപിതാക്കളില്‍ നിന്നും ബന്ധുമിത്രാദികളില്‍ നിന്നും എന്നും സ്നേഹവും  സംരക്ഷണവും മാത്രം ആഗ്രഹിക്കുമ്പോള്‍ നിരുത്തരവാദികളായ മാതാപിതാക്കളും ബന്ധുമിത്രാദികളും കുട്ടികളുടെ അറിവില്ലായ്മയെയും അപക്വവുമായ ജീവിത സാഹചര്യങ്ങളെ ചൂഷണം ചെയ്യുവാന്‍ അനുവദിക്കുന്നതുകൊണ്ടു മാത്രമാണ് ഈ അതിക്രമങ്ങളെല്ലാം സംഭവിക്കുന്നത് ഫാദര്‍ റോബിന്റെയും ഇമാം അല്‍ ഖാസിമിയുടെയും ഉള്‍പ്പെടുന്ന വിവിധ ബാലപീഡനക്കേസുകള്‍ അവലോകനം ചെയ്യുമ്പോള്‍ മനസിലാകുന്ന വസ്തുതകളെല്ലാം പീഡന വിധേയരായ കുട്ടികളുടെ മാതാപിതാക്കളുടെ ഉത്തരവാദിത്ത്വമില്ലായ്മയിലേയ്ക്കും സംരക്ഷണക്കുറവിലേക്കു മാത്രമാണ് വിരല്‍ ചൂണ്ടുന്നത്. ഭൂരിഭാഗം കേസുകളിലും മൂന്നാമതൊരാളുടെ പരാതിയില്‍ പൊലീസിന് കേസെടുക്കേണ്ട സ്ഥിതിവിശേഷമുണ്ടായി. ഇമാം അല്‍ ഖാസിമിയുടെ കേസില്‍ പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പള്ളി കമ്മിറ്റി പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതുപോലെ തന്നെ ഫാദര്‍ റോബിനെതിരെയും കേസെടുക്കേണ്ട സാഹചര്യം പേര് വെളിപ്പെടുത്തുവാന്‍ താല്‍പര്യമില്ലാത്ത വ്യക്തിയുടെ പരാതിയിലാണ്.

മതങ്ങള്‍ സമൂഹത്തിന്റെ നിലനില്‍പിന് അത്യന്താപേക്ഷിതമായ ഘടകങ്ങള്‍ തന്നെയായിരിക്കെ, മതബോധനങ്ങളുടെ പേരില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുവാനുള്ള സാഹചര്യങ്ങളെയാണ് ഉന്മൂലനം ചെയ്യേണ്ടത്. നന്നേ ചെറുപ്പത്തില്‍ത്തന്നെ ലൈംഗീകാതിക്രമങ്ങളില്‍ അകപ്പെടുന്ന കുട്ടികള്‍ക്ക് മാനസികമായും ആഴമേറിയ മുറിവുകളും സംഭവിക്കുന്നു. അതിക്രമങ്ങള്‍ക്കുശേഷം വര്‍ഷങ്ങളോളം പല കുട്ടികളും വിഷാദ രോഗത്തിനടിമയായി തീരുന്നതായിട്ടാണ് കണ്ടുവരുന്നത്. ആജീവനാന്തം ഈ മുറിവുകളില്‍ നിന്നും രക്ഷ നേടുവാന്‍ സാധിക്കാതെ വരുന്നു. മതബോധനങ്ങളും മതാചാരാനുഷ്ഠാനങ്ങളും സമൂഹത്തിന്റെ നിലനില്‍പിനാവശ്യമാണ്. അതോടൊപ്പം കുട്ടികളെ ഈ ആചാരാനുഷ്ഠാനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും കെട്ടുറപ്പുള്ളതും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ പഠിപ്പിക്കുവാനുള്ള സാഹചര്യമുളവായെങ്കില്‍ മാത്രമേ മതങ്ങളുടെ നന്മകള്‍ കുട്ടികള്‍ ഉള്‍കൊള്ളുകയുള്ളൂ.

മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി കേരളത്തിനും ഭാരതത്തിനു പുറത്തെത്തിപ്പെടുമ്പോഴും പ്രവാസിയായ ഓരോ മലയാളിയുടെ കൂടെയും സാമൂഹിക ആചാരാനുഷ്ടാനങ്ങള്‍ക്കും ഉപരി മതാടിസ്ഥാനത്തിലുള്ള സംസ്‌കാരങ്ങളെയും ആചാരങ്ങളെയും പ്രഘോഷിക്കുവാനും സംരക്ഷിക്കുവാനാണ് കൂടുതല്‍ ഉത്സാഹം കാണിക്കുന്നത്. ഈ പ്രവണതയ്ക്ക് എല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടേതായ ന്യായീകരണങ്ങള്‍ ധാരാളമുണ്ട്. എല്ലാം തന്നെ പൂര്‍ണ്ണമായി അംഗീകരിക്കേണ്ട വസ്തുതയുമായിരിക്കാം. എന്നാല്‍ ഇതിന്റെ മറവില്‍ അത്യാചാരങ്ങള്‍ അനുവദിക്കരുത്. അതോടൊപ്പം തങ്ങളുടെ കുട്ടികളുടെ പൂര്‍ണ്ണ സംരക്ഷണവും ഉറപ്പാക്കേണ്ട ഉത്തരവാദിത്ത്വം കൂടി ജാതി മത പ്രഘോഷകരായ മാതാപിതാക്കള്‍ക്കുണ്ട്.

1970കളിലും 80കളിലും മലയാളികളുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടിയുള്ള കുടിയേറ്റം കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലായിരുന്നു. കാലത്തിനൊത്തു സാമ്പത്തിക പരാധീനതകള്‍ നീങ്ങിയപ്പോള്‍ സ്വാഭാവികമായും കുടുംബങ്ങളും കുടിയേറുവാന്‍ തുടങ്ങി അധികം താമസിയാതെ തന്നെ മത പ്രഘോഷകരും അനുധാവനം ചെയ്തു. ആദ്യകാലങ്ങളിലെല്ലാം തന്നെ ഈ മത പ്രഘോഷകര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത് ഓരോ കുടുംബങ്ങളിലായിരുന്നു. കുടുംബനാഥന്റെ അഭാവത്തില്‍ മത പ്രഘോഷകര്‍ കുടുംബിനികളെയും കുട്ടികളെയും നിരന്തരം ദുരുപയോഗം ചെയ്ത കഥകള്‍ പിന്നീട് പല വ്യക്തികളും സ്വകാര്യമായി പങ്കു വച്ചിട്ടുണ്ട്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഒരു പ്രത്യേക വിഭാഗം പുരോഹിതരുടെ ഗള്‍ഫ് മേഖലാ സന്ദര്‍ശനങ്ങള്‍ വരെ മത്സരാടിസ്ഥാനത്തിലായിരുന്നു എന്നും ഉന്നതാധികാരികളെ വേണ്ട രീതിയില്‍ പ്രീണിപ്പിക്കുന്ന വ്യക്തികള്‍ക്കും മാത്രമുള്ളതായിരിന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.

കാലം വീണ്ടും മാറി മലയാളികളുടെ സാമ്പത്തിക കുടിയേറ്റത്തിനുപകരം വികസിത രാജ്യങ്ങളിലേക്കുള്ള അഭിമാന കുടിയേറ്റങ്ങളായി മാറിയപ്പോഴും മലയാളികളുടെ ആത്മീയജീവിതം സംരക്ഷിക്കുന്ന മതപ്രഘോഷകരുടെ പ്രവര്‍ത്തന ശൈലികള്‍ക്കു മാത്രം മാറ്റം സംഭവിച്ചിട്ടില്ലാ എന്നാണ് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വീണ്ടും കേള്‍ക്കുന്ന മായം ചേര്‍ക്കാത്ത വാര്‍ത്തകള്‍. സാമ്പത്തികമായും സാമൂഹികമായും അഭിവൃദ്ധി നേടിയപ്പോഴും അഭിനവ വിഞ്ജാനികളാണെന്നു വിശേഷിപ്പിക്കുന്ന മലയാളികള്‍ക്ക് മതാനുഷ്ടാനങ്ങളുടെ അതിപ്രസരത്തെ മാത്രം അതിജീവിക്കുവാന്‍ സാധിക്കുന്നില്ല. ലോകത്തിലുള്ള എല്ലാ മത വിഭാഗങ്ങളിലുള്ള മതഗ്രന്ധങ്ങളും പഠിപ്പിക്കുന്നത് എല്ലാ ദൈവങ്ങളും സ്നേഹം മാത്രമാണെന്നും എല്ലാ ജീവജാലങ്ങളുടെയും സംരക്ഷകരാണെന്നുമാണ്.

അതോടൊപ്പം എന്നും ദുര്‍ബലരായ മനുഷ്യരോട് ദയാലുവായ ദൈവം കരുണയും ക്ഷമയും പ്രകടിപ്പിക്കുകയും ചെയ്യുന്നവനുമാണ്. എന്നാല്‍ ഭൂരിഭാഗം മത വിഭാഗങ്ങളിലുള്ള പ്രഘോഷകര്‍ മാത്രം അദൃശ്യ ശക്തിയായ മഹാകാരുണ്യവാനായ ദൈവത്തെ എന്നേരവും മനുഷ്യനേ പേടിപ്പെടുത്തുവാനും ശിക്ഷിക്കുവാനുമുള്ള ഉപകരണമായി മാറ്റുന്നത് സാധാരണക്കാരില്‍ ദൈവത്തോടുള്ള സ്നേഹത്തേക്കാളുപരി ഭീതി വളര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. സ്നേഹമായ ദൈവത്തെ സ്നേഹിക്കുവാന്‍ സാധിക്കാത്ത മനുഷ്യന് എങ്ങനെ സ്നേഹം പകരുന്ന സഹോദരങ്ങളെ തിരിച്ചറിയുവാന്‍ സാധിക്കും.

ഇനിയൊരിക്കല്‍ കൂടി മതങ്ങളുടെ പേരില്‍ ബാലികമാരും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും കുടുംബിനികളും പീഡനമേല്‍ക്കാതിരിക്കണമെങ്കില്‍ അല്‍ ഖാസിമിമാരും റോബിന്‍മാരെ പ്പോലെയുള്ള കപട മതപ്രഭോഷകരെ സമൂഹങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തണം. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ ഭാവിയില്‍ മാനസികമായും ശാരീരികമായും പൂര്‍ണ്ണ ആരോഗ്യമുള്ള വ്യക്തികളായി വളര്‍ന്നെങ്കില്‍ മാത്രമേ അവരുടെ ഭാവി സുരക്ഷിതമാവുകയുള്ളൂ.

ഇന്നത്തെ കുട്ടികള്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും ജീവിക്കുവാനുള്ള അവസരമുളവാക്കി കൊടുക്കുക എന്നതാണ് ഓരോ മാതാപിതാക്കളുടെയും പ്രാഥമികമായ കര്‍ത്തവ്യം. മതങ്ങളും മതവിശ്വാസങ്ങളും മനുഷ്യജീവിതത്തിന്റെ ചെറിയ ഒരംശം മാത്രമാണ്. സാമൂഹികമായും സാംസ്‌കാരികമായും ജീവിക്കേണ്ട വ്യക്തികളില്‍ മത വിശ്വാസങ്ങള്‍ തികച്ചും സ്വകാര്യ സമ്പത്തായി ഒതുക്കിനിര്‍ത്തണം. ഒരിക്കല്‍ പോലും പൊതുസമൂഹത്തില്‍ അന്ധമായ മതവിശ്വാസങ്ങള്‍ സ്വാധീനം ചെലുത്തുവാന്‍ ഇടയാവുകയും ചെയ്യരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category