1 GBP = 87.80 INR                       

BREAKING NEWS

പഠനം പൂര്‍ത്തിയാക്കുന്നതിന് മൂന്ന്‌ മാസം മുമ്പ് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാം; പഠനം കഴിഞ്ഞാലും ആറുമാസം ജോലി തേടി യുകെയില്‍ നില്‍ക്കാം; ഈ ഒമ്പത് മാസവും പാര്‍ട്ട് ടൈം ജോലി ചെയ്യാം; പോസ്റ്റ് സ്റ്റഡി വിസ ഭാഗികമായി പുനരാരംഭിച്ച് ബ്രിട്ടന്‍; ഡിഗ്രിയും പിജിയും പഠിക്കാനെത്തുന്ന മലയാളികള്‍ക്ക് ഗുണം ചെയ്യും

Britishmalayali
kz´wteJI³

യുകെയിലെ പോസ്റ്റ് സ്റ്റഡി വിസ ഓഫര്‍ മെച്ചപ്പെടുത്തുന്നു. മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സന്തോഷമേകുന്ന വാര്‍ത്തയാണിത്. യുകെയില്‍ പഠിക്കാനെത്തുന്നവരില്‍ നല്ലൊരു ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായതിനാലാണിത്. പുതിയ നീക്കം അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കുന്നതിന് 3 മാസം മുമ്പ് വര്‍ക്ക് പെര്‍മിറ്റിലേക്ക് മാറാന്‍ അനുമതി ലഭിക്കും.  പഠനം കഴിഞ്ഞാലും ആറുമാസം ജോലി തേടി യുകെയില്‍ നില്‍ക്കാനും സാധിക്കും.  ഈ ഒമ്പത് മാസവും പാര്‍ട്ട് ടൈം ജോലി ചെയ്യാനും കഴിയും. മുമ്പ് റദ്ദ് ചെയ്ത പോസ്റ്റ് സ്റ്റഡി വിസ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് ബ്രിട്ടന്‍. ഡിഗ്രിയും പിജിയും പഠിക്കാനെത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യുന്ന പരിഷ്‌കാരമാണിത്.

യുകെ നടപ്പിലാക്കുന്ന പുതിയ ' ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ സ്ട്രാറ്റജി' യുടെ ഭാഗമായിട്ടാണ് പോസ്റ്റ് സ്റ്റഡി വിസ നിയമത്തില്‍ ആകര്‍ഷകമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ബ്രെക്‌സിറ്റിന് ശേഷമുള്ള നയങ്ങള്‍ക്ക് ഒരുങ്ങുന്നതിന്റെ ഭാഗമായി  ഇന്നലെയാണ് യുകെ ഗവണ്‍മെന്റ് പുതിയ സ്ട്രാറ്റജി ലോഞ്ച് ചെയ്തിരിക്കുന്നത്. ലോകമെമ്പാട് നിന്നും യുകെയിലെ ഹയര്‍ എഡ്യുക്കേഷന്‍ സിസ്റ്റത്തിലേക്ക് പഠിക്കാനെത്തുന്ന ഇന്റര്‍നാഷണല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം നിലവിലെ 460,000 പേരില്‍ നിന്നും 2030 ആകുമ്പോഴേക്കും ഓരോ വര്‍ഷവും ആറ് ലക്ഷം വീതമാക്കാനാണ് ഈ സ്ട്രാറ്റജിയിലൂടെ ലക്ഷ്യമിടുന്നത്.

ചൈന കഴിഞ്ഞാല്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും യുകെയില്‍ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതലെത്തുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.  പോസ്റ്റ് സ്റ്റഡി വര്‍ക്ക് ഓപ്ഷന്റെ ലഭ്യത അല്ലെങ്കില്‍ ഉദാരത എത്രത്തോളമുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിക്കാന്‍ പോകണമോ വേണ്ടയോ എന്ന തീരുമാനമെടുക്കുന്നത്. അതായത് യുകെ യുണിവേഴ്‌സിറ്റികളില്‍ നിന്നും തങ്ങള്‍ നേടുന്ന ഡിഗ്രി കോഴ്‌സുകള്‍ക്ക് ശേഷം  ഇവിടെ വര്‍ക്ക് എക്‌സ്പീരിയന്‍സിന് എത്രത്തോളം അവസരമുണ്ടെന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് വരുന്നതിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. 

പുതിയ നയം യുകെയില്‍ വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  തല്‍ഫലമായി  അണ്ടര്‍ ഗ്രാജ്വേറ്റുകള്‍ക്കും മാസ്റ്റര്‍ സ്റ്റുഡന്റ്‌സിനും ഗ്രാജ്വേഷന് ശേഷം ആറ് മാസത്തോളം  തൊഴിലന്വേഷണത്തിനായി യുകെയില്‍ താമസിക്കാന്‍ സാധിക്കും. യുകെയില്‍ പഠനത്തിന് ശേഷം തൊഴിലെടുക്കാന്‍ അവസരം ലഭിക്കുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്ര മാത്രം പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് തങ്ങള്‍ മനസിലാക്കുന്നുവെന്നും അതിനനുസരിച്ചുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കുന്നതെന്നുമാണ് യൂണിവേഴ്‌സിറ്റീസ് യുകെ ഇന്റര്‍നാഷണല്‍ ഡയറക്ടറായ വിവിയെന്നെ സ്റ്റേണ്‍ പറയുന്നത്.  പുതിയ സ്ട്രാറ്റജി നടപ്പിലാക്കുന്നതില്‍ ഗവണ്‍മെന്റുമായി ചേര്‍ന്ന്  പ്രവര്‍ത്തിക്കുന്ന ഹയര്‍ എഡ്യുക്കേഷന്‍ റപ്രസന്റേറ്റീവ് ബോഡിയാണ് യുയുകെ. 

പുതിയ നീക്കത്തിലൂടെ പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് യുകെയിലെ പഠന ശേഷം ഒരു വര്‍ഷത്തോളം  ഇവിടെ തൊഴില്‍ കണ്ടെത്തുന്നതിനായി തങ്ങാന്‍ സാധിക്കും.  ഇതിന് പുറമെ പഠനം പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ അവര്‍ക്ക് തങ്ങളുടെ സ്റ്റഡി വിസ വര്‍ക്ക് വിസയിലേക്ക് മാറ്റാനും സാധിക്കും. പോസ്റ്റ് സ്റ്റഡി ലീവ് പിരിയഡിനിടെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടുന്നതിനുള്ള നിയമങ്ങളില്‍ ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് സ്ട്രാറ്റജി പേപ്പര്‍ വിശദീകരിക്കുന്നു. പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ റദ്ദാക്കിയതിനെ തുടര്‍ന്ന് യുകെയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിരുന്നു. 

പ്രധാനമായും ഇന്ത്യയില്‍ നിന്നുമെത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലായിരുന്നു കാര്യമായ ഇടിവുണ്ടായിരുന്നത്.  2010-11നും 2016-17നും ഇടയില്‍ ഇന്ത്യയില്‍ നിന്നും യുകെയിലെത്തിയ ഹയര്‍ എഡ്യുക്കേഷന്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം പകുതിയായി കുറഞ്ഞിരുന്നുവെന്നാണ് യുകെയിലെ ഓള്‍ പാര്‍ട്ടി പാര്‍ലിമെന്ററി ഗ്രൂപ്പ് കഴിഞ്ഞ നവംബറില്‍ എടുത്ത് കാട്ടിയിരുന്നത്. പുതിയ നയത്തിലൂടെ 2030 ആകുമ്പോഴേക്കും യുകെയിലെത്തുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവുണ്ടാക്കുന്നതിലൂടെ യുകെയ്ക്ക് വിദ്യാഭ്യാസ കയറ്റുമതിയിലൂടെ  നേടാന്‍ സാധിക്കുന്ന വരുമാനം 35 ബില്യണ്‍ പൗണ്ടായി വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുകെയിലെ പഠനശേഷം ഇവിടെ ജോലി ചെയ്യുന്നതിന് വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അവസരമേകുന്നതിനുള്ള പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസക്ക് മേല്‍ 2011 ഏപ്രില്‍ മുതല്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ തുടങ്ങിയിരുന്നു. അത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുകയും യുകെയിലെത്തുന്ന ഇവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടാവുകയും ചെയ്തിരുന്നു. അധികം വൈകാതെ 2012ല്‍ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ നിര്‍ത്തിയത് കാര്യങ്ങളെ കൂടുതല്‍ വഷളാക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് പഠനാനനന്തരം പോസ്റ്റ് സ്റ്റഡി വിസയില്‍ അവിടെ ജോലി ചെയ്യുന്നതിന് പകരം വിദ്യാര്‍ത്ഥികള്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയാണുണ്ടായത്.

ഇതു സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രത്യേകിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ദോഷകരമായി ബാധിച്ചത്. സയന്‍സിലെ ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍, ടെക്നോളജി, എന്‍ജിനീയറിംഗ്, അഗ്രികള്‍ച്ചര്‍, മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ അഭ്യസ്തവിദ്യരായവര്‍ക്ക് പഠനശേഷം യുകെയില്‍ ജോലി ലഭിക്കുന്നതിനുള്ള അവസരങ്ങളുടെ കടയ്ക്കലാണിത് കത്തി വയ്ക്കപ്പെടുകയും ചെയ്തിരുന്നു. പോസ്റ്റ് സ്റ്റ്ഡി വര്‍ക്ക് വിസ പുനരാരംഭിക്കാന്‍ ഇന്ത്യ നിരവധി തവണ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം നിരസിക്കപ്പെടുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category