1 GBP = 95.35 INR                       

BREAKING NEWS

പുതിയ ഒസിഐ കാര്‍ഡ് നിര്‍ബന്ധം തന്നെ; ഇന്നലെ എംബസിയിലെ പബ്ലിക് റെസ്പോണ്‍സ് യൂണിറ്റില്‍ വിളിച്ചവര്‍ക്കും സമാന മറുപടി; ഉടന്‍ യാത്ര ചെയ്യുന്നവരോട് വിസ എടുക്കാന്‍ നിര്‍ദ്ദേശം; യുകെ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സര്‍വത്ര പ്രതിഷേധം; നാട്ടില്‍ പോകാനിരിക്കുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: പുതുക്കിയ പാസ്‌പോര്‍ട്ടിന് ഒപ്പം ഒസിഐ കാര്‍ഡും പുതുക്കണം എന്ന നിര്‍ദ്ദേശം ഇന്നലെ ബ്രിട്ടീഷ് മലയാളി പുറത്തു വിട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ നൂറു കണക്കിന് ആളുകളില്‍ ചിലര്‍ നേരിട്ട് എംബസിയെ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടിയും വാര്‍ത്തയില്‍ സൂചിപ്പിച്ച കാര്യം തന്നെ ആയിരുന്നു. കുട്ടികളുടെയും 20 വയസില്‍ താഴെ എല്ലാവരുടെയും 50 വയസിനു മുകളില്‍ ഉള്ളവരും പുതിയ പാസ്പോര്‍ട്ട് പുതുക്കുമ്പോള്‍ അതിനൊപ്പം പുതിയ ഒസിഐ കാര്‍ഡും വേണമെന്ന നിഷ്‌ക്കര്‍ഷയാണ് പരക്കെ അങ്കലാപ്പ് സൃഷ്ടിച്ചിരിക്കുന്നത്.

മുഖത്തിനുണ്ടാകുന്ന വ്യത്യാസം ആശയകുഴപ്പം സൃഷ്ടിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇക്കാര്യം നടപ്പാക്കുന്നതെന്നാണ് എംബസി പറയുന്നത്. ആയിരക്കണക്കിന് മലയാളി കുടുംബങ്ങള്‍ ഈസ്റ്റര്‍ - വിഷു ആഘോഷത്തിന് നാട്ടിലേക്കു പറക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇത്തരത്തില്‍ നിര്‍ദ്ദേശം കര്‍ക്കശമാക്കിയതില്‍ സാര്‍വ്വത്രിക പ്രതിഷേധം ഉയരുകയാണ്. കഴിഞ്ഞ ഒരു മാസമായി വാട്സ്ആപ് സന്ദേശമായി പ്രചരിച്ച ഈ വിവരം വ്യക്തമായി എംബസിയുടെ വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.

ഇതോടെ ഭൂരിഭാഗം പേരും ഓസിഐ കാര്‍ഡ് എടുത്ത സ്ഥിതിക്ക് ഉണ്ടായ വരുമാന ചോര്‍ച്ച തടയുകയാണോ ഈ അനാവശ്യ നിര്‍ദ്ദേശത്തിനു പിന്നില്‍ എന്ന് സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല. പ്രവാസികളായ ഇന്ത്യക്കാരെ സഹായിക്കുന്നതിന് പകരം പിഴിഞ്ഞെടുക്കുന്ന സമീപനം ഇനിയും അവസാനിപ്പിക്കാന്‍ എംബസിയുടെ തലപ്പത്തു ഇരിക്കുന്നവര്‍ക്കു സാധിക്കുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. ഇതിനു രാഷ്ട്രീയ തീരുമാനം ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഇന്നലെ വാര്‍ത്ത പുറത്തു വന്നതോടെ അനേകമാളുകള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് വ്യക്തത തേടി ട്വീറ്റ് ചെയ്തിരിക്കുകയാണ്.
ഇന്ത്യയില്‍ ഇലക്ഷന്‍ കാലം ആയതിനാല്‍ പ്രവാസി സമൂഹത്തില്‍ കടുത്ത പ്രതിഷേധം സൃഷ്ടിക്കുന്ന ഈ തീരുമാനം മന്ത്രി തലത്തില്‍ ഉണ്ടായത് ആയിരിക്കും എന്ന് ആരും കരുതുന്നില്ല. എന്നാല്‍ ഈ നിര്‍ദ്ദേശം മുന്‍പും ഉണ്ടായിരുന്നതാണെന്നും അടുത്തിടെയാണ് എയര്‍പോര്‍ട്ടുകളില്‍ ഇത്തരം ചെക്കിങ്ങുകള്‍ ആരംഭിച്ചതെന്നും പറയപ്പെടുന്നു. വിഎഫ്എസ് എന്ന സ്വകാര്യ ഏജന്‍സിയാണ് ഇന്ത്യന്‍ എംബസിയുടെ പല ജോലികളും കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ഏജന്‍സി കൂടിയാണ് വിഎഫ്എസ്. ദുബായ് ആസ്ഥാനമാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്തിടെ യുകെയില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്ത ഒരു കുടുംബത്തിന് ഇത്തരം ഒരു അവസ്ഥ നേരിടേണ്ടി വന്നു. ഒടുവില്‍ യുകെയില്‍ മടങ്ങി എത്തിയാല്‍ ഉടനെ പുതിയ ഒസിഐ കാര്‍ഡ് എടുക്കാം എന്ന് സമ്മതിപ്പിച്ചു ശേഷമാണു പുറത്തിറങ്ങാന്‍ സാധിച്ചത്. ഇന്നലെ ബ്രിട്ടീഷ് മലയാളി വാര്‍ത്ത വായിച്ച ശേഷം അനേകം ആളുകളാണ് എംബസിയിലെ പബ്ലിക് റെസ്പോണ്‍സ് ടീമിനെ ബന്ധപ്പെട്ടത്. അവരോടെല്ലാം സമാനമായ മറുപടി തന്നെയാണ് എംബസി ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍ എംബസി വെബ്‌സൈറ്റില്‍ ഇത് കര്‍ശന പരിശോധനക്ക് നടപ്പാക്കിയ കാര്യം പൊതുജനങ്ങളെ അറിയിച്ചിരുന്നില്ല.

നിലവില്‍ പഴയ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവരെ തടസമില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുന്ന നയമായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ എംബസി നിര്‍ദേശം അനുസരിച്ചു കുട്ടികള്‍ക്ക് വേണ്ടി വിസ എടുക്കേണ്ടി വന്നാല്‍ വലിയൊരു തുകയാകും പൊടുന്നനെ നഷ്ടപ്പെടുത്തേണ്ടി വരിക. ചെറിയ ലാഭം നോക്കി പോലും ദൂരെയുള്ള വിമാനത്താവളങ്ങളെ ആശ്രയിച്ചു യാത്ര ചെയ്യുന്ന സാധാരണക്കാരായ യുകെ മലയാളികള്‍ക്ക് ഈ സീസണില്‍ ലഭിക്കുന്ന ഇരുട്ടടിയാണ് ഒസിഐ കാര്‍ഡ് സംബന്ധിച്ച വെളിപ്പെടുത്തല്‍.

എന്നാല്‍ ഉടന്‍ യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ ഓസിഐ കാര്‍ഡ് എടുക്കാന്‍ സമയം ഇല്ലെന്നതിനാല്‍ വിസ എടുക്കുവാനുള്ള വിചിത്ര നിര്‍ദ്ദേശമാണ് എംബസി ജീവനക്കാര്‍ നല്‍കുന്നത്. ഒരിക്കല്‍ ആജീവനാന്ത കാലത്തേക്ക് ഓസിഐ കാര്‍ഡ് എടുത്തവരോടാണ് ഈ നിര്‍ദ്ദേശം പറയുന്നത് എന്നതും വിചിത്രമാണ്. ഓഐസി കാര്‍ഡിനും ഇന്ത്യന്‍ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുന്നതിനും ഒക്കെ പണം പിടുങ്ങി വാങ്ങിയ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം അത്താഴ പട്ടിണി വന്ന മട്ടിലാണ് ഇപ്പോള്‍ പ്രവാസികളോട് സംസാരിക്കുന്നത്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എംബസികളില്‍ ഏറ്റവും അധികം വരുമാനം ഉണ്ടാക്കുന്ന നയതന്ത്ര കാര്യാലയങ്ങളില്‍ ഒന്ന് കൂടിയാണ് ലണ്ടനിലെ ഇന്ത്യന്‍ എംബസ്സി. വിദേശകാര്യ മന്ത്രാലയത്തില്‍ ഉള്ളവരുടെ ശമ്പളം നല്‍കുന്നത് ലണ്ടന്‍ എംബസിയുടെ വരുമാനം കൊണ്ടാണെന്നാണ് ആദ്യകാലങ്ങളില്‍ തമാശയായി പറഞ്ഞു കേട്ടിരുന്നത്.

എന്തായാലും ഇതിനു അടിവരയിടുന്ന മട്ടില്‍ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോഴും എംബസിക്കു കൂടുതല്‍ വരുമാനം എന്നതില്‍ കവിഞ്ഞു സാധാരണക്കാരെ സംബന്ധിച്ച് ഇന്നും എംബസിയുടെ സേവനങ്ങള്‍ ബാലികേറാമലയായി തന്നെ തുടരുകയാണ്. ഒരാള്‍ മരിച്ചാല്‍ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ പോലും ആശ്രിതരോ നാട്ടുകാരോ പലവട്ടം എംബസിയിയുടെ പടിവാതില്‍ കയറി ഇറങ്ങേണ്ട അവസ്ഥക്ക് ഇന്നും മാറ്റമില്ല എന്നതും ഇത്തരം പരിഷ്‌കാരങ്ങള്‍ വരുമ്പോള്‍ ജനങ്ങളുടെ ഓര്‍മ്മയില്‍ എത്തുകയാണ്.

അടുത്തിടെ ലണ്ടനില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ മൂന്നു വട്ടം കത്തെഴുതിയെങ്കിലും അതിനൊക്കെ പുല്ലുവില എന്ന മട്ടില്‍ മരണം റിപ്പോര്‍ട്ട് ചെയ്തു 18 ദിവസം കഴിഞ്ഞാണ് പണം നല്‍കാനുള്ള തീരുമാനം എംബസി അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. ഈ അവസ്ഥ ഇനിയും വച്ച് പൊറുപ്പിക്കാന്‍ ആവില്ലെന്ന മട്ടില്‍ ശക്തമായ ഓണ്‍ ലൈന്‍ കാമ്പയിന്‍ ലക്ഷ്യമിടുകയാണ് ലണ്ടനിലെ പ്രമുഖ മലയാളി സംഘടനകള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category