1 GBP = 85.00 INR                       

BREAKING NEWS

ഇങ്ങനെയൊക്കെ ചെയ്യാമോയെന്ന് ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനോട് സോഷ്യല്‍മീഡിയ; ഇത് ന്യൂജനറേഷന്‍ രാഷ്ട്രീയമെന്ന് മറുപടിയും; ഒമ്പതാം വയസില്‍ മത്സ്യബന്ധനത്തിന് കടലില്‍ ഇറങ്ങിയ രാധാകൃഷ്ണന്‍ പിഎസ് സി ചെയര്‍മാന്‍ പദവിയില്‍ ചവിട്ടിക്കയറി; ഇപ്പോള്‍ കളത്തിലിറങ്ങുന്നത് വിജയം വീശിയെടുക്കാന്‍ തന്നെ; ഇച്ഛാശക്തി കൊണ്ട് ജീവിതവിജയം നേടിയ രാധാകൃഷ്ണന്റെ കഥ ഇങ്ങനെ

Britishmalayali
പി.വിനയചന്ദ്രന്‍

ആലപ്പുഴ: ഇങ്ങനെയൊക്കെ ചെയ്യാമോ...? കുറച്ചു ദിവസങ്ങളായി സോഷ്യല്‍മീഡിയ ഡോ.കെ.എസ്.രാധാകൃഷ്ണനോട് ചോദിക്കുന്ന ചോദ്യമാണിത്. കോണ്‍ഗ്രസിന്റെ ബുദ്ധിജീവിയും നേതാക്കള്‍ക്ക് ക്ലാസെടുക്കുന്ന ഗുരുനാഥനുമായിരുന്ന ഡോ.കെ.എസ്. രാധാകൃഷ്ണന്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നതാണ് സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കിയത്. ബിജെപിയുടെ സംസ്ഥാന നേതാക്കളെയെല്ലാം മറികടന്ന്, അഖിലേന്ത്യാ അദ്ധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് നേരിട്ട് അംഗത്വം സ്വീകരിച്ചാണ് രാധാകൃഷ്ണന്‍ ബിജെപിയിലെത്തിയത്. ആലപ്പുഴയില്‍ ബിജെപിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി എന്നാണ് രാധാകൃഷ്ണനെ ബിജെപി വിലയിരുത്തുന്നത്.

കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയുടെ വൈസ്ചാന്‍സലറും സംസ്ഥാന പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാനുമായിരുന്ന ശേഷമാണ് രാധാകൃഷ്ണന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുന്നത്. രണ്ട് വന്‍ പദവികളും കോണ്‍ഗ്രസ് നല്‍കിയതാണെന്ന ആക്ഷേപമാണ് സോഷ്യല്‍മീഡിയ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസില്‍ ഉമ്മന്‍ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്മാരില്‍ ഒരാളായിരുന്നു രാധാകൃഷ്ണന്‍. ഐ ഗ്രൂപ്പില്‍ നിന്ന് പ്രബലനായി വളര്‍ന്നുവരുന്ന ടി.എന്‍.പ്രതാപനെ ഒതുക്കാന്‍ ഉമ്മന്‍ ചാണ്ടിയാണ് ധീവര സമുദായത്തില്‍പെട്ട രാധാകൃഷ്ണനെ പി.എസ്.സി ചെയര്‍മാനാക്കിയതെന്നും പരസ്യമായ രഹസ്യമാണ്.

എന്നാല്‍ മാതാ അമൃതാനന്ദമയിയുടെ ശുപാര്‍ശയോടെ രാധാകൃഷ്ണന്‍ ശബരിമല കര്‍മ്മസമിതിയുടെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുകയും പൊടുന്നനെ ബിജെപി സ്ഥാനാര്‍ത്ഥിയാവുകയുമായിരുന്നു. ആലപ്പുഴയില്‍ രണ്ട് മുസ്ലിം വിഭാഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികളാണ് ഇടതു- വലതു മുന്നണികള്‍ക്ക്, ആരിഫും ഷാനിമോള്‍ ഉസ്മാനും. ഈ സാഹചര്യത്തില്‍ അവിടെ ഹിന്ദുവോട്ടുകളുടെ ധ്രുവീകരണമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. മാത്രമല്ല, അമൃതാനന്ദമയിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് ആലപ്പുഴ.

കേരള സര്‍വകലാശാലയിലെ മലയാളം പ്രൊഫസറും അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകനുമായ എന്‍.പത്മറാവുവാണ് രാധാകൃഷ്ണനെതിരെ ആദ്യം രംഗത്തെത്തിയത്. ആദര്‍ശബോധമില്ലാത്ത ഇയാള്‍ക്ക് വീക്ഷണം മുതല്‍ എന്തെല്ലാം കൊടുത്തു എന്നായിരുന്നു റാവുവിന്റെ കുറിപ്പ്. '' കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് മേടിക്കാവുന്നതിന്റെ പരമാവധി മേടിച്ചു.ഇനി കേന്ദ്രത്തിലെ കോണ്‍ഗ്രസില്‍ നിന്ന് എന്തെല്ലാം അടിച്ചുമാറ്റാം എന്ന് കണക്കുകൂട്ടിയിരിക്കുമ്പോള്‍ അവരുടെ കൈയിലിരുപ്പു കൊണ്ട് കേന്ദ്ര ഭരണവും പോയി, കേരള ഭരണവും പോയി. വെടക്കന്‍ നസ്രാണി പോയത് കണ്ടില്ലേ ! അത്രയ്ക്കും വലിയ കോണ്‍ഗ്രസ് ഒന്നുമല്ലല്ലോ ഈ കെ എസ്....? ഇനി എംപി ആയില്ലെങ്കിലൊരു ഗവര്‍ണര്‍ അത് കഴിഞ്ഞാല്‍ കേന്ദ്രമന്ത്രി അഥവാ അംബാസഡര്‍! ഇതൊക്കെ വേണ്ടെന്ന് വെക്കാന്‍ ഇയാള് മഹാത്മാവോ ഗാന്ധിയോ അല്ലല്ലോ! ഇത് താന്‍ ഡാ ന്യൂ ജന്‍!'' ഇത്തരത്തിലായിരുന്നു സോഷ്യല്‍മീഡിയയുടെ പ്രതികരണം. അതായത് കോണ്‍ഗ്രസ് വിട്ട് രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ നവതരംഗ രാഷ്ട്രീയമായാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്.

കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നപ്പോഴാണ് സ്ഥാനമാനങ്ങള്‍ കിട്ടിയതെങ്കിലും രാധാകൃഷ്ണന് അതിനുള്ള സംശയരഹിതവും ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്തതുമായ യോഗ്യതയുള്ളതിനാലായിരുന്നുവെന്നാണ് മറ്റൊരു പ്രതികരണം. ഒരു കോടതിയിലും അത് ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. തനിക്ക് ഇഷ്ടമുള്ള രാഷ്ട്രീയത്തില്‍ വിശ്വസിക്കാനുള്ള രാധാകൃഷ്ണന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനും ആര്‍ക്കും അവകാശമില്ല. ഒരാള്‍ക്ക് ഇരിക്കാനും കിടക്കാനും മറ്റൊരാള്‍ ലക്ഷ്മണ രേഖ വരയ്ക്കുന്നത് ജനാധിപത്യപരല്ല. ഇങ്ങനെ പോവുന്നു സോഷ്യല്‍മീഡിയയിലെ യുദ്ധം. അദ്ധ്യാപകന്‍, എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍, വാഗ്മി, വിദ്യാഭ്യാസ വിദഗ്ധന്‍, സാംസ്‌കാരിക നായകന്‍, ദാര്‍ശനികന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പി.എസ്.സി ചെയര്‍മാന്റെ ഭരണഘടനാ പദവിയിലിരുന്നശേഷം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യയാളാണ്.

എറണാകുളം ജില്ലയിലെ മുളവുകാടില്‍ മുക്കുവ കുടുംബത്തില്‍ ജനിച്ച് കേവലം ഒന്‍പതാമത്തെ വയസില്‍ മത്സ്യബന്ധനം തൊഴിലാക്കിയ കെ. എസ്. രാധാകൃഷ്ണന്‍, ജോലി ചെയ്ത് പഠിച്ച് ദാരിദ്ര്യത്തോടും ജീവിതത്തിലെ ദുഃഖകരമായ അവസ്ഥകളോടും പോരാടി ജീവിച്ച്, സ്വപ്രയത്നത്താല്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സര്‍ക്കാര്‍ കോളേജില്‍ ഫിലോസഫി അദ്ധ്യാപകനായി. ദരിദ്ര ധീവര കുടുംബത്തില്‍ ജനിച്ച കെ. എസ്. രാധാകൃഷ്ണന്‍, സ്വപ്രയത്നത്താലാണ് ജീവിതത്തിന്റെ പടവുകള്‍ ഓരോന്നും കയറിയത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം പട്ടിണിയുടെ ദിനങ്ങളായിരുന്നു. അക്കാലത്ത് മൈക്കാട് പണി മുതല്‍ വിവിധങ്ങളായ പണികള്‍ ചെയ്ത് കുടുംബം പുലര്‍ത്തുകയും പഠിക്കുകയും ചെയ്തു. അഞ്ചാം ക്ലാസില്‍ ആദ്യ ഇംഗ്ളീഷ് പ്രസംഗം ചെയ്ത അദ്ദേഹത്തെപ്പോലെയുള്ള ഇംഗ്ലീഷ് പ്രഭാഷകര്‍ ചുരുക്കമാണ്. കുട്ടിക്കാലത്തെ കാവ്യാനുശീലം അദ്ദേഹത്തെ കവിതയില്‍ കൂടുതല്‍ അഗാധ ജ്ഞാനമുള്ളവനാക്കി. വരുമാനത്തില്‍ നിന്നും ഒരു തുക എന്നും പാവപ്പെട്ട കുട്ടികളുടെ ഫീസിനും ജീവകാരുണ്യത്തിനുമായി ഇപ്പോഴും ചെലവിടുന്നു.
പ്രമുഖ മലയാള ദിനപത്രത്തില്‍ പത്രപ്രവര്‍ത്തകനും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തില്‍ പബ്ളിക്കേഷന്‍ അസിസ്റ്റന്റുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം അദ്ധ്യാപകനായിരിക്കെ വൈസ് ചാന്‍സലറായി നിയമിതനായി. ഇരുപത് വര്‍ഷങ്ങളോളം വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപകനായിരുന്നു. അദ്വൈത ഫിലോസഫി, ഗസ്സിയന്‍ സ്റ്റഡീസ്, മതാന്തര പഠനം, ഭാരതീയ സൗന്ദര്യശാസ്ത്രവും ഫിലോസഫിയും എന്നീ മേഖലകളില്‍ പാണ്ഡിത്യം തെളിയിച്ചു. 1994 ല്‍ കാലിക്കട്ട് സര്‍വ്വകലാശാലയില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. 'അദ്ധ്യാത്മരാമായണത്തിലെ എഴുത്തച്ഛന്റെ അദ്വൈതദര്‍ശന'മായിരുന്നു ഗവേഷണ വിഷയം.

മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, ന്യൂ ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ്, കാലിക്കട്ട് സര്‍വ്വകലാശാലയിലെ ഗാന്ധിയന്‍ ചെയര്‍ എന്നിവയുടെ ഗവേണിങ് ബോഡി അംഗമായിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യു ജി സി) യുടെ വിവിധ കമ്മിറ്റികളില്‍ വിദഗ്ധ അംഗമായും പ്രവര്‍ത്തിച്ചു. സംസ്ഥാനത്തെ സ്‌കൂളുകളിലെയും കോളേജുകളിലെയും ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.

പതിനാറ് പുസ്തകങ്ങളുടെ രചയിതാവാണ്. ഗാന്ധിജി: നവോത്ഥാന ദാര്‍ശനികള്‍, ക്രിസ്തു ദര്‍ശനം, കുറ്റവും ശിക്ഷയും, ഗാന്ധിജിയുടെ രാമരാജ്യ ദര്‍ശനം, ശ്രീനാരായണ ഗുരുവും ഗാന്ധിയും, ഇസ്ലാം ജനാധിപത്യ സമൂഹത്തില്‍, മാര്‍ക്സിസവും അദ്വൈത വേദാന്തവും, സൗന്ദര്യശാസ്ത്രം - ഒരു പഠനം എന്നിവയാണ് ചില പുസ്തകങ്ങള്‍. നൂറിലധികം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്‍പതിലധികം ദേശീയ-അന്തര്‍ദ്ദേശീയ കോണ്‍ഫറന്‍സുകളില്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. നൂറിലധികം റേഡിയോ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന സത്യദീപത്തില്‍ സമകാലിക സംഭവങ്ങളെ അധികരിച്ച് എഴുതിയ 'സമീക്ഷ' എന്ന പ്രതിവാര പംക്തി പ്രശസ്തമായിരുന്നു.
ഇപ്പോള്‍ മാതൃഭൂമി ദിനപത്രത്തില്‍ ഞായറാഴ്ച ദിവസങ്ങളില്‍ 'മഹാഭാരത വിചാരങ്ങള്‍' എന്ന പേരില്‍ പ്രതിവാരപംക്തി എഴുതുന്നു. ഫിലോസഫി അദ്ധ്യാപകനെന്ന നിലയില്‍ വിദേശത്തും സ്വദേശത്തും അനേകം ശിഷ്യസമ്പത്തുള്ള ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പതിറ്റാണ്ടുകളായി ക്രിസ്ത്യന്‍ സെമിനാരികളിലും മദ്രസകളിലും ആശ്രമങ്ങളിലും ഫിലോസഫി പഠിപ്പിക്കുന്നു. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, പൂന പേപ്പല്‍ സെമിനാരി, തൃശൂരിലെ മുളയം മേരിമാത മേജര്‍ സെമിനാരി എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. പറവൂര്‍ ഗവ. എല്‍. പി. എസ്., പൊന്നാരിമംഗലം ഹിദായത്തുല്‍ ഇസ്ലാം എല്‍. പി. എസ്., പൊന്നാരിമംഗലം സെന്റ് ജോസഫ്സ് യു. പി. എസ്., എറണാകുളം മുനവറുള്‍ ഇസ്ലാം ഹൈസ്‌കൂള്‍, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മാതാപിതാക്കള്‍: പരേതരായ കെ. എ. സുകുമാരന്‍, ലക്ഷ്മിക്കുട്ടി. ഭാര്യ: ശ്രീകുമാരി. മക്കള്‍: അശ്വതി, രേവതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category