1 GBP = 94.40 INR                       

BREAKING NEWS

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ സമ്പല്‍ സമൃദ്ധിയില്‍ ജീവിക്കുന്ന നമുക്ക് കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള വേദിയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍; ദുഃഖിതരുടെ കണ്ണീരൊപ്പിയ മറ്റൊരു വര്‍ഷം കൂടി കടന്നുപോകുമ്പോള്‍

Britishmalayali
റോയി സ്റ്റീഫന്‍

ധാരാളം ഗുണഗണങ്ങളുള്ള മനുഷ്യനില്‍ നിന്നും പരക്കുന്ന ഏറ്റവും മേന്മയേറിയതും നിര്‍മ്മലവുമായ സുഗന്ധമാണ് ''കരുണ'' യെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും അത്യാവശ്യ നേരത്തു മറ്റുള്ളവരില്‍ നിന്നും കരുണ ലഭിച്ച വ്യക്തികള്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ദാനം കൊടുക്കുമ്പോഴും  സഹായിക്കുമ്പോഴുമുണ്ടാകുന്ന സംതൃപ്തി മറ്റൊരു പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്നില്ലാ എന്ന് തന്നെയാണ് മാനുഷിക സ്വഭാവങ്ങളിലെ പഠനങ്ങളില്‍ നിന്നും വ്യക്തമാക്കുന്നത്.

ആവര്‍ത്തനവിരസത അനുഭവിക്കുന്നവരിലും ദിനചര്യകളില്‍ നിരന്തരം വേറിട്ടു പ്രവര്‍ത്തിക്കുന്നവരിലും നടത്തിയ പഠനങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും മനസിലാകുന്ന വസ്തുതയാണിത്. പതിവ് ജോലിയോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും വിനോദവ്യായാമ പ്രവര്‍ത്തനങ്ങളും എല്ലാം ഓരോ വ്യക്തികള്‍ക്കും ഒരു പരിധിവരെ വിരസത സമ്മാനിക്കുന്നുണ്ടെങ്കിലും മറ്റൊരാള്‍ക്ക് ദാനം കൊടുക്കുമ്പോഴും  സഹായിക്കുമ്പോഴുമുണ്ടാകുന്ന സംതൃപ്തി ഒരിക്കലും ചോര്‍ന്നു പോകാറില്ലെന്നും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നുമാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വ്യക്തികള്‍ പല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോ പ്രവര്‍ത്തനങ്ങളുടെയും അനന്തരഫലങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ ശ്രമിക്കും. അതോടൊപ്പം വളരെ എളുപ്പത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഗുണഗണങ്ങളും താരതമ്യം ചെയ്യുവാന്‍ ശ്രമിക്കും. ഇങ്ങനെയുള്ള ചിന്തകളെല്ലാം ആവര്‍ത്തന വിരസതയിലേയ്ക്ക് മാത്രമാണ് നയിക്കുന്നത്. എന്നാല്‍ ഓരോ കാരുണ്യപ്രവൃത്തി ചെയ്യുമ്പോഴും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചു ചിന്തിക്കാതെ ചെയ്യുന്നതുകൊണ്ടും അനന്തര ഫലങ്ങളെക്കുറിച്ചു കൂടുതല്‍ വിശകലനം ചെയ്യാതിരിക്കുന്നതുകൊണ്ടും ദാനം കൊടുക്കുന്ന വ്യക്തികള്‍ക്ക് വിരസത ഉണ്ടാവുകയുമില്ല. തങ്ങളുടെ നന്മ പ്രവൃത്തിയില്‍ കൂടുതല്‍ സംതൃപ്തരാവുകയും ചെയ്യുന്നു.

ജീവിതത്തില്‍ എല്ലായ്പ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് ലോകത്തിലുള്ള എല്ലാ മനുഷ്യരും. എന്നാല്‍ ഒരിക്കലും സന്തോഷം മാത്രമായി ജീവിതത്തില്‍ സംഭവിക്കാറില്ലായെന്നും അനുഭവത്തിലൂടെ നമ്മള്‍ പഠിക്കുന്നത്. പകരം സുഖവും ദുഃഖവും സമ്മിശ്രമാണ് നമ്മുടെയെല്ലാം ജീവിതം. എന്നാല്‍ ഒരു പരിധിവരെ, നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന അസന്തോഷകരമായ കാര്യങ്ങള്‍, നമ്മുടെ ജീവിതത്തില്‍ നാം വെച്ചുപുലര്‍ത്തുന്ന ചില വിശ്വാസങ്ങളുടെയും, ചിന്തകളുടെയും അനന്തരഫലമാണെന്ന് പല വ്യക്തികളും തിരിച്ചറിയാറില്ല.

സ്വാഭാവികമായും മനുഷ്യന്‍ ജീവിതത്തില്‍ ഉയര്‍ച്ച പ്രാപിക്കുവാന്‍ മാത്രമാണ് ശ്രമിച്ചു കൊണ്ടേയിരിക്കുന്നത് എന്നും എല്ലായ്പ്പോഴും നന്മയുണ്ടാകണമെന്നും  വിജയം മാത്രം നേടുവാനും ആഗ്രഹിക്കുന്നു. അതിനായി കഠിനപ്രയത്നം ചെയ്തുകൊണ്ടിരിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരുപടി പോലും പുറകോട്ടു പോകുവാനോ തോല്‍ക്കുവാനോ ആഗ്രഹിക്കുന്നുമില്ല ഇഷ്ടപ്പെടുന്നുമില്ല. എന്നാല്‍ ഒരിക്കലെങ്കിലും ഏതെങ്കിലും കാരണവശാല്‍ പരാജയപ്പെടുമ്പോള്‍ പെട്ടെന്ന് തകര്‍ന്നു പോകുന്നതായി കാണപ്പെടുന്നു. അങ്ങനെയുള്ള വ്യക്തികള്‍ക്ക് പരാജയത്തിന്റെ അനന്തരഫലങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വരികയും പിന്നീടൊരിക്കലും വീണ്ടെടുക്കുവാനാകാതെ തളര്‍ന്നു പോവുകയും ചെയ്യുന്നു.

എന്നാല്‍ ജീവിതത്തില്‍ പരാജയം അഥവാ താളപ്പിഴകള്‍ രുചിച്ചറിഞ്ഞ വ്യക്തികള്‍ മറ്റുള്ളവരുടെ സങ്കടങ്ങളും പരാധീനതകളും തിരിച്ചറിയുകയും ദുരിതമനുഭവിക്കുന്ന ഓരോരുത്തരെയും സഹായിക്കുവാനും കൈത്താങ്ങാകുവാനും തയ്യാറായി മുന്നോട്ടു വരികയും ചെയ്യുന്നു. ദാനം കൊടുക്കുവാനുള്ള ശീലം അഥവാ മനോഭാവം മനുഷ്യനിലെ മറ്റു ഗുണഗണങ്ങള്‍ പോലെ തന്നെ സ്വാഭാവികമായും വളര്‍ത്തിയെടുക്കേണ്ട ചിന്താഗതികളാണ്. എല്ലാ ആത്മീയ ഗ്രന്ഥങ്ങളും വിശ്വാസങ്ങളും ദാനത്തിനെ ഒരു വലിയ പുണ്യ പ്രവര്‍ത്തിയായിട്ടു തന്നെയാണ് എല്ലായിടത്തും വര്‍ണ്ണിച്ചിരിക്കുന്നത്. ദാനം ചെയ്യാത്ത ധനം കെട്ടിക്കിടക്കുന്ന വെള്ളംപോലെ അപവിത്രമാണെന്ന് ഭാരതത്തിലെ പൂര്‍വപിതാക്കന്മാര്‍ കരുതിയിരുന്നത്. അതിനാല്‍ ന്യായമാര്‍ഗ്ഗങ്ങളിലൂടെ സമ്പാദിച്ച ധനത്തിന്റെ പത്തിലൊരു ഭാഗം ദാനത്തിനായി ഉപയോഗിക്കാന്‍ അവരെല്ലാവരും തന്നെ നിര്‍ദ്ദേശിക്കുന്നതായി കാണുവാന്‍ സാധിക്കും.

ഈ ആധുനിക യുഗത്തിലെ ജീവിത സാഹചര്യങ്ങളുടെ പരിമിതികള്‍ നിമിത്തം സന്തോഷമാണെങ്കിലും ദുഃഖമാണെങ്കിലും മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് എത്തിനോക്കുവാനും ഇടപെടുവാനും പലരും മടിക്കുകയാണിപ്പോള്‍. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേയ്ക്ക് ജീവിതം മാറിയപ്പോള്‍ ഒന്നും പരസ്പരം പങ്കു വയ്ക്കാത്ത സാഹചര്യത്തില്‍ സുഖ ദുഃഖങ്ങളും പങ്കു വയ്ക്കുവാനും ശ്രമിക്കുന്നുമില്ല. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കി ജീവിക്കുവാനാണ് ഇപ്പോള്‍ മനുഷ്യന്‍ പഠിച്ചതും മറ്റുള്ളവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതും. അതോടൊപ്പം തന്നെ അന്യോന്യം മത്സരിക്കുവാന്‍ കൂടി കുടുംബങ്ങളിലും സമൂഹങ്ങളിലും ആവര്‍ത്തിച്ചു പ്രോത്സാഹിപ്പിക്കുവാനും തുടങ്ങിയപ്പോള്‍ അന്യന്റെ തോല്‍വിയിലാണ് തങ്ങളുടെ ജയമെന്ന് മൂഢമായി വിശ്വസിക്കുവാനും തുടങ്ങി. ഈ പ്രവണത വീണ്ടും മനുഷ്യരെ തങ്ങളിലേക്കൊതുക്കി ഓരോ മനുഷ്യരുടെയും ലോകം അതായത് അവരോരുത്തരുടേയും പ്രവര്‍ത്തന മേഖലകള്‍ വീണ്ടും ചുരുങ്ങി. അങ്ങനെ ലോകം വളരും തോറും കൂടുതല്‍ മനുഷ്യരും അന്തര്‍മുഖരായി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷം.

കേരളത്തിലെ പ്രളയം മലയാളികളെ ധാരാളം പാഠങ്ങള്‍ പഠിപ്പിച്ചതായി മാധ്യമങ്ങള്‍ മുഖാന്തരം ലോകം കണ്ടും കേട്ടുമറിഞ്ഞു. ഓരോ ഇഞ്ചു ഭൂമിയും കയ്യടക്കി വേര്‍തിരിച്ചു അതിരുകെട്ടിയ എല്ലാ വേലികളും ഒരിക്കല്‍ ഇരുണ്ടു വെളുത്തപ്പോള്‍ ഇല്ലാതായ കാഴ്ച്ച ധാരാളം  വ്യക്തികളുടെ  കണ്ണ് തുറപ്പിച്ചു എന്നും. പ്രളയത്തിന്റെ കുത്തൊഴുക്കില്‍ അയല്‍ക്കാരില്‍ നിന്നകന്ന് കെട്ടിപ്പടുത്ത മണിമാളികയടക്കം ജീവിതത്തിന്റെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെട്ടപ്പോഴും ജീവന്‍ മാത്രം തിരിച്ചു ലഭിക്കണമെന്ന് സര്‍വേശ്വരനോട് വിളിച്ചു പ്രാര്‍ത്ഥിച്ചുയെന്നും. എന്നാല്‍ ഇതിലെല്ലാമുപരി ധാരാളം സമ്പാദിച്ചു സൂക്ഷിച്ചു വച്ചിരുന്ന പണവും അത്യാവശ്യ സമയത്തു ഉപകരിക്കില്ലായെന്നു പ്രകൃതി മനുഷ്യനെ പഠിപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പാഠമെന്നും പ്രത്യേക ഉദാഹരണങ്ങളോടെ ലോകത്തിനു മുന്‍പില്‍ എത്തിച്ചു.

പ്രളയം മൂലം ദിവസങ്ങളോളം വീടിന്റെ മട്ടുപ്പാവിലകപ്പെട്ട കുടുംബത്തിനെ മല്‍സ്യത്തോഴിലാളികള്‍ തങ്ങളുടെ വള്ളങ്ങളില്‍ രക്ഷിച്ചപ്പോള്‍ മനസുതുറന്നു നന്ദി പറയുന്നതിനു പകരം പണമെടുത്തു നീട്ടിയപ്പോള്‍ ധാരാളം ജീവിതാനുഭവങ്ങളുള്ളതും ഓരോ ജീവിതത്തിന്റെയും വിലയറിയാവുന്നവനുമായ മല്‍സ്യത്തൊഴിലാളിയുടെ മറുപടി അന്തര്‍മുഖരായി ജീവിക്കുവാന്‍ ശ്രമിക്കുന്ന ആധുനിക ലോകത്തിനുള്ള ഏറ്റവും വലിയ സന്ദേശം തന്നെയാണ് 'പണത്തിനു വേണ്ടിയല്ല പകരം സാധിക്കുമെങ്കില്‍ ഓരോ ജീവനേയും രക്ഷിക്കുവാന്‍ വേണ്ടി മാത്രം എത്തിയതാണ് ഞങ്ങള്‍.'

ലോകം സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു എന്ന് വിശ്വസിക്കുമ്പോഴും ലോകജനസംഖ്യയുടെ 80% ജനതയും ഇപ്പോഴും ജീവിക്കുന്നത് വെറും മുന്നൂറ് രൂപയില്‍ താഴെ മാത്രം വരുമാനത്തിലാണ്. ലോകത്തിലുള്ള പാവപ്പെട്ടവരില്‍ മൂന്നിലൊരു ശതമാനം ഭാരതത്തിലാണ് ജീവിക്കുന്നത്. ഭാരതത്തില്‍ 2014 ലേ കണക്കു പ്രകാരം ഭാരത ജനസംഘ്യയുടെ മൂന്നിലൊന്നും ഇപ്പോഴും നൂറു രൂപ പോലും ദിവസ വരുമാനമില്ലാത്തവരാണ്. യൂണിസെഫിന്റെ കണക്കുപ്രകാരം ലോകത്തിന്റെ പലഭാഗങ്ങളിലായി ഏകദേശം 22000 കുട്ടികള്‍ ആവശ്യമായ ആഹാരം ലഭിക്കാത്തതുമൂലം ദിവസവും മരിക്കുന്നു. ഭാരതമുള്‍പ്പെടെയുള്ള വളരുന്ന രാജ്യങ്ങളിലെ ഏകദേശം 30 ശതമാനം കുട്ടികളും ജനിക്കുന്നതു തന്നെ ആരോഗ്യം ക്ഷയിച്ചിട്ടാണ് ആവശ്യകമായ പോഷകാഹാരക്കുറവ് മൂലം.  ഭാരതമുള്‍പ്പെടുന്ന ലോകത്തില്‍ അനിയന്ത്രിതമായി ഉയരുന്ന  ജനസംഖ്യ പെരുപ്പം ഈ കണക്കുകളെയെല്ലാം വീണ്ടും  അനിശ്ചിതത്ത്വത്തില്‍ നിര്‍ത്തുകയാണ്. ലോകാരോഗ്യ സംഘടനകള്‍ക്ക് തല്‍ക്കാലം ആശ്വാസം നല്‍കുന്ന ഒരു സംഭവ വികാസങ്ങളും ലോകത്തൊരിടത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലായെന്നതും തികച്ചും ആശങ്കാജനകം തന്നെയാണ്.

ഐക്യരാഷ്ട്ര സംഘടന ഉള്‍പ്പെടുന്ന എല്ലാ സാമൂഹിക സാംസ്‌കാരിക സംഘടനകളും ഒരേ കാര്യം തന്നെയാണ് ലോകത്തിലെ 20 ശതമാനം സാമ്പത്തികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വ്യക്തികളോടും സമൂഹങ്ങളോടും ആവശ്യപ്പെടുന്നത് 'മറ്റുള്ളവരോട് കരുണ കാണിക്കുക' ലോകജനതയുടെ 80 ശതമാനവും ജീവിക്കുവാന്‍ കഷ്ടപ്പെടുമ്പോള്‍ അവര്‍ക്കു വേണ്ടി കരുണയുടെ കാവലാളാകുവാന്‍. ലോകത്തിലൊരു കുട്ടി പോലും പോഷകാഹാരക്കുറവ് മൂലം മരിക്കാനിടയാകാതിരിക്കുവാന്‍. എല്ലാ കുട്ടികളും പൂര്‍ണ്ണ ആരോഗ്യത്തിലൂടെ ഈ ലോകത്തില്‍ ജന്മമെടുക്കുവാന്‍. അയല്‍ക്കാരനും കുടുംബങ്ങളും ദാരിദ്രത്തില്‍ ജീവിക്കുമ്പോള്‍ അവരുടെ നേരെ കരുണ കാണിക്കുവാന്‍.

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്ന വേളയില്‍ വളരെ ചുരുങ്ങിയ കാലയളവില്‍ ധാരാളം നന്മ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയാനുണ്ടെങ്കിലും അതിലേറ്റവും പ്രാധാന്യമേറിയത് യുകെ മലയാളിക്ക് കഷ്ടത അനുഭവിക്കുന്നവരുടെ മേലും പാവപ്പെട്ടവരുടെ മേലും 'കരുണ' ചൊരിയുവാനുള്ള ഒരു വേദിയായി മാറിയെന്നുള്ളതാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെത്തി സാമൂഹികമായും സാമ്പത്തികമായും മുന്നേറി സമ്പല്‍ സമൃദ്ധിയില്‍ ജീവിക്കുമ്പോഴും നമ്മുടെയത്രയും ഭാഗ്യമില്ലാത്ത സഹോദരങ്ങളെ ആവശ്യാനുസരണം സഹായിക്കുവാനുള്ള വേദി. ആവശ്യക്കാരേറെയുണ്ടെങ്കിലും അതില്‍ നിന്നും അത്യാവശ്യക്കാരെ തിരിച്ചറിഞ്ഞു സഹായിക്കുവാനുള്ള വേദി. യുകെയിലെത്തിയെങ്കിലും വീണ്ടും വിധിയുടെ കറുത്ത കരങ്ങളാല്‍ കഷ്ടപ്പെടുന്നവരെയും വിശ്വസിച്ചു സഹായിക്കുവാനുള്ള വേദി.

എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന സല്‍പ്രവര്‍ത്തികള്‍ അതിന്റെ പൂര്‍ണ്ണതയില്‍ തന്നെ പുതു തലമുറയ്ക്ക് കൈമാറേണ്ടതും സാമൂഹിക സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്നതിനുപരി പുതു തലമുറയെ എല്ലാ അര്‍ത്ഥത്തിലും വളരുന്നതിനും ശക്തിപ്പെടുത്തുന്നതിനും തുല്യമാണ്. കഷ്ടപ്പാടുകളും വേദനകളും നേരിട്ടനുഭവിച്ച ഒരു ജനതയാണ് ഇപ്പോള്‍ യുകെയിലുള്ള മലയാളികള്‍ അതുകൊണ്ടു തന്നെ സഹജീവികളുടെ കണ്ണുനീര്‍ കണ്ട് അവരുടെ വേദനകള്‍ അവര്‍ക്കു മനസിലാക്കുവാന്‍ സാധിക്കുന്നു. എല്ലായ്പ്പോഴും തന്നെ ആവശ്യത്തിലുപരി സംഭാവനകള്‍ നല്‍കുന്നു.

എന്നാല്‍ പുതു തലമുറ അതായത് യുകെയില്‍ ജനിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് ഇത്രയും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വരും കാരണം മറ്റൊന്നുമല്ല ജീവിതാനുഭവങ്ങളുടെ കുറവ് നിമിത്തം. ഈ പുതുതലമുറയെ സാമൂഹിക പ്രതിബദ്ധത അതായത് സഹജീവികളുടെ കണ്ണുനീര്‍ തിരിച്ചറിയുവാനും തുടക്കുവാനുള്ള വൈദഗ്ധ്യം പരിശീലിപ്പിക്കേണ്ട കടമ കൂടി ഓരോ മാതാപിതാക്കള്‍ക്കുമുണ്ട്. ഈ മഹിമയേറിയ ശീലം കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അഥവാ പകര്‍ന്നു കൊടുക്കുമ്പോള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നത് ഒരിക്കലും വിരസത ജനിപ്പിക്കാത്ത പ്രവര്‍ത്തനമേഖലകളാണ്. അപ്പോള്‍ മാത്രമാണ് കാലചക്രത്തിന്റെ ഭ്രമണം പൂര്‍ണ്ണമാവുകയുള്ളൂ. ഭൂമിയില്‍ ജീവിക്കുന്ന ഓരോ വ്യക്തികളുടെയും കടമകള്‍ പൂര്‍ത്തിയാവുകയുള്ളൂ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category