1 GBP = 90.10 INR                       

BREAKING NEWS

രാഹുലിനെ വയനാട്ടില്‍ നിന്നും പിന്‍വലിപ്പിക്കാന്‍ ഇടത് പാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദ്ദം തുടരുന്നു; അന്തിമ തീരുമാനം എടുക്കാനാവാതെ കോണ്‍ഗ്രസ് നേതൃത്വം; അമേഠിക്ക് പുറമേ സുരക്ഷിതമായ ഒരു മണ്ഡലം കൂടി വേണമെന്ന കാര്യത്തില്‍ രാഹുലിന് തര്‍ക്കമില്ല; രാഹുലിന്റെ പോസ്റ്ററുകളുമായി ഇതിനോടകം പ്രചരണം ആരംഭിച്ച് പ്രവര്‍ത്തകര്‍; വയനാട്ടിലും അമേഠിയിലും ജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തി അമേഠി പ്രിയങ്കയ്ക്ക് നല്‍കിയേക്കും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച തുടരുന്നത്. അതിനിടെ രാഹുലിനെ വയനാട് മത്സരിപ്പിക്കാതിരിക്കാന്‍ അതിശക്തമായ നീക്കവുമായി സിപിഎമ്മും രംഗത്തുണ്ട്. ഇടതു പാര്‍ട്ടികളുടെ സമ്മര്‍ദം ശക്തമാകുന്നതാണ് അന്തിമ തീരുമാനം വൈകിപ്പിക്കുന്നത്. കേരളത്തില്‍ മത്സരിച്ചാല്‍ ഇടതുപക്ഷമാകും പ്രധാന ശത്രു. ഇത് ദേശീയതലത്തിലെ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് സിപിഎം പറയുന്നത്. അതുകൊണ്ട് വയനാട് രാഹുല്‍ മത്സരിക്കരുതെന്നാണ് ആവശ്യം. എന്നാല്‍ അമേഠിയില്‍ വിജയം ഉറപ്പല്ലെന്ന തോന്നല്‍ രാഹുലിന് ഉണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു സുരക്ഷിത മണ്ഡലം വേണമെന്നാണ് നിലപാട്. രണ്ടു സീറ്റിലും ജയിക്കുന്നപക്ഷം, രാഹുല്‍ വയനാട് നിലനിര്‍ത്തുകയും അമേഠിയില്‍ പ്രിയങ്ക മത്സരിക്കുകയുമെന്ന ഫോര്‍മുലയാണു പരിഗണനയില്‍.


ഇന്നു ചേരുന്ന പ്രവര്‍ത്തകസമിതി യോഗം രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും പരിഗണിക്കും. പ്രവര്‍ത്തകസമിതിയിലെ ധാരണയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേര്‍ന്ന് അന്തിമ തീരുമാനം കൈക്കൊള്ളും. വയനാട് പോലെ സുരക്ഷിതമായ മണ്ഡലത്തില്‍ മത്സരിച്ചാല്‍ രാജ്യത്തെ മറ്റിടങ്ങളില്‍ പ്രചാരണത്തിനു കൂടുതല്‍ സമയം ലഭിക്കും. വയനാട്ടില്‍ മാത്രം മത്സരിക്കുന്നതും ചര്‍ച്ചയായി. അങ്ങനെയെങ്കില്‍ അമേഠിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കട്ടെ എന്ന നിര്‍ദ്ദേശം ഉയര്‍ന്നു. എന്നാല്‍ വയനാടിനൊപ്പം അമേഠിയിലും രാഹുല്‍ മത്സരിക്കണമെന്ന് സോണിയ നിര്‍ദ്ദേശിച്ചു. രണ്ടിടത്തും രാഹുല്‍ ജയിച്ചാല്‍ അമേഠി രാജിവയ്ക്കും. അവിടെ പ്രിയങ്കയും മത്സരിക്കും.

അതിനിടെ വയനാട്ടില്‍ മത്സരിക്കുന്നതു ദേശീയ രാഷ്ട്രീയത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നു ചൂണ്ടിക്കാട്ടി രാഹുലിന് എഐസിസി ഭാരവാഹി പി.സി. ചാക്കോ കുറിപ്പ് നല്‍കി. തിരഞ്ഞെടുപ്പിനുശേഷം ഒപ്പം നില്‍ക്കേണ്ട ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലെ പ്രശ്നങ്ങളാണു ചൂണ്ടിക്കാട്ടിയത്. ബിജെപിയല്ല സിപിഎമ്മാണു മുഖ്യ എതിരാളിയെന്ന സന്ദേശമാണു കോണ്‍ഗ്രസ് ഇതിലൂടെ നല്‍കുന്നതെന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള കുറ്റപ്പെടുത്തി. സീതാറാം യെച്ചൂരിയും അതിശക്തമായി രംഗത്തുണ്ട്. അതിനിടെ അനിശ്ചിതത്വം തുടരുമ്പോഴും വയനാട്ടിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ രാഹുല്‍ സ്തുതിക്കു വേദിയാക്കി യുഡിഎഫ്. ഇന്നലെ മാനന്തവാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി. സിദ്ദിഖ് പങ്കെടുത്ത കണ്‍വന്‍ഷനുകളിലും പൊതുയോഗങ്ങളിലും വോട്ടഭ്യര്‍ഥനയുണ്ടായില്ല. വയനാട്ടില്‍ രാഹുല്‍ മല്‍സരിച്ചാലുണ്ടാകുന്ന നേട്ടങ്ങളാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്.

വേദിയിലും സദസ്സിലും ഉയര്‍ന്ന ബാനറുകളില്‍ രാഹുല്‍ ഗാന്ധിയുടെ മുഖം മാത്രം. ഇന്നലെ മുതല്‍ രാഹുല്‍ ഗാന്ധിക്കായി മണ്ഡലത്തില്‍ പ്രചാരണം നടത്തുമെന്നു യുഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നെങ്കിലും അന്തിമതീരുമാനം ആകാതിരുന്നതിനാല്‍ അതുണ്ടായില്ല. രാഹുല്‍ ഉറപ്പായും എത്തുമെന്നു നേതാക്കള്‍ ഇന്നലെയും പ്രഖ്യാപിച്ചു. കേരളത്തില്‍ പ്രചാരണത്തിലും പ്രതീക്ഷയിലുമുണ്ടായിരുന്ന മേല്‍ക്കൈ ഇടതുമുന്നണിക്ക് നഷ്ടപ്പെടുത്തുന്നതാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനം. ബിജെപി.ക്കെതിരേ ദേശീയയുദ്ധം നയിക്കേണ്ട രാഹുല്‍ കേരളത്തിലെ സുരക്ഷിത മണ്ഡലത്തിലേക്ക് മാറുന്നത് പരാജയഭീതികൊണ്ടാണെന്നാണ് ഇതിന് ഇടതുനേതാക്കളുടെ ആദ്യ പ്രതികരണം. രാഹുല്‍ വരുന്നതുകൊണ്ട് നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായ പി.പി. സുനീറിനെ മാറ്റേണ്ടെന്നും എല്‍.ഡി.എഫ്. തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തരതര്‍ക്കങ്ങളില്ലാതെ കോണ്‍ഗ്രസും യു.ഡി.എഫും ഒന്നിക്കുമെന്നതാണ് രാഹുലിന്റെ വരവില്‍ യു.ഡി.എഫിലുണ്ടാക്കുന്ന മാറ്റം. ഇത് സിപിഎമ്മിനെ വെട്ടിലാക്കുന്നു.

അമേഠിക്കു പുറമേ, രണ്ടാംസീറ്റെന്ന നിലയില്‍ വയനാടിനെ സ്വീകരിക്കുന്നത് കേരളത്തിലെ ജനങ്ങളെ പരീക്ഷിക്കുന്നതിന് തുല്യമാണെന്നാണ് ഇടത് പ്രതിരോധത്തിന്റെ മറ്റൊരുവാദം. രണ്ടിലും ജയിച്ചാല്‍ ഏതുസീറ്റ് നിലനിര്‍ത്തുമെന്ന് രാഹുല്‍ വ്യക്തമാക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ദേശീയതലത്തില്‍ ഇടതുമുന്നണിക്ക് പ്രധാന പ്രതീക്ഷനല്‍കുന്ന സംസ്ഥാനം കേരളമാണ്. ബംഗാളില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാന്‍ സിപിഎം. ശ്രമിച്ചിരുന്നു. അത് നടന്നില്ല. തമിഴ്നാട്ടില്‍ ഡി.എം.കെ.സഖ്യത്തില്‍ മത്സരിക്കുന്ന മധുര, കോയമ്പത്തൂര്‍ സീറ്റുകളിലാണ് പിന്നീടുള്ള പ്രതീക്ഷ. ബിഹാര്‍, മഹാരാഷ്ട്ര, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലൊന്നും സിപിഎം. നടത്തിയ സഖ്യശ്രമം വിജയം കണ്ടിട്ടിട്ടുമില്ല. സിപിഐ.യും തമിഴ്നാട്ടിലെ ഡി.എം.കെ. സഖ്യത്തിന്റെ ഭാഗമാണ്. ഇവിടെയുള്ള രണ്ടുസീറ്റില്‍ സിപിഐ.യും മത്സരിക്കുന്നുണ്ട്. അതൊക്കെ സാധ്യത മാത്രമായതിനാല്‍ ഇടതുമുന്നണിയുടെ പ്രതീക്ഷ മുഴുവന്‍ കേരളത്തിലെ സീറ്റുകളിലാണ്. രാഹുല്‍ എത്തിയാല്‍ ഈ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കും.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന വാര്‍ത്തയില്‍ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചിരുന്നു. അമേഠിയില്‍ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുല്‍ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. തമിഴ്നാട്, കര്‍ണാടക പിസിസികള്‍ രാഹുല്‍ അവരവരുടെ സംസ്ഥാനങ്ങളില്‍ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെപിസിസി വയനാട് സീറ്റില്‍ത്തന്നെ മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വച്ചത്. 'അമേഠിയാണ് രാഹുലിന്റെ കര്‍മഭൂമി. കെപിസിസിയുടെ ആവശ്യവും രാഹുല്‍ പരിഗണിക്കും.', എന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

ഇതിന് മുമ്പും രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ ഈ ആവശ്യം രാഹുലിന് മുന്നില്‍ വച്ചിരുന്നു. തമാശയെന്ന നിലയിലാണ് ആദ്യം ഈ ആവശ്യം പറഞ്ഞതെങ്കിലും അന്ന് ഗൗരവത്തോടെയാണ് രാഹുല്‍ മറുപടി പറഞ്ഞത്. 'പ്രധാനപ്പെട്ട സീറ്റാണ് വയനാട് എന്നറിയാമെന്നും, എന്നാലിപ്പോള്‍ ഉത്തരേന്ത്യയില്‍ നിന്ന് ഫോക്കസ് മാറ്റാനാകില്ലെന്നു'മായിരുന്നു രാഹുലിന്റെ പ്രതികരണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category