1 GBP = 93.30 INR                       

BREAKING NEWS

'വിശുദ്ധനാട് തീര്‍ത്ഥാടന' ത്തിന്റെ പേരില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; അനേകം യുകെ മലയാളികള്‍ക്കു കാശു നഷ്ടമായി; കൊച്ചി യിലെ ഗ്രീന്‍ ചാനല്‍ ഹോളിഡേയ്സ് ഉടമകള്‍ക്കെതിരെ പരാതി നല്‍കി തട്ടിപ്പിനിരയായവര്‍; കേസെടുത്ത് കൊച്ചി പൊലീസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: 'വിശുദ്ധനാടുകളിലേക്ക് തീര്‍ത്ഥാടനം' എന്ന മോഹനവാഗ്ദാനം നല്‍കി യുകെ മലയാളികള്‍ അടക്കം നിരവധി പേരെ ഗ്രീന്‍ ചാനല്‍ ഹോളിഡേയ്‌സ് എന്ന സ്ഥാപനം വഞ്ചിച്ചതായി പരാതി. ഈജിപ്ത്, ഇസ്രയേല്‍ എന്നീ വിശുദ്ധനാടുകളിലേക്കുള്ള തീര്‍ത്ഥാടനത്തിനായി ഗ്രീന്‍ ചാനലിന് പണം നല്‍കിയെങ്കിലും പിന്നീട് സ്ഥാപനത്തില്‍ നിന്നും വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന കാര്യം മനസിലാക്കുന്നത്. യുകെ മലയാളികളടക്കം നിരവധി പേരാണ് കൊച്ചി കമ്മീഷ്ണര്‍ ഓഫീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നു വരികയാണ്. 

ഗ്രീന്‍ ചാനല്‍ ഹോളിഡേയ്സിന്റെ തട്ടിപ്പിനിരയായ നിരവധി പേരില്‍ നാലു യുകെ മലയാളികളാണ് ഉള്ളത്. വെയില്‍സിലെ ന്യൂപോര്‍ട്ടില്‍ ഹോസ്പിറ്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മാത്യു ജോസഫ്, ഭാര്യ സിസി മാത്യു എന്നിവരും ലണ്ടനിലെ ബേബി - ട്രീസ ബേബി ദമ്പതികളുമാണ് കബളിക്കപ്പെട്ടവര്‍. ഇവര്‍ ബന്ധുക്കളാണ്. ഇവര്‍ക്കൊപ്പം നാട്ടില്‍ നിന്നും സഹോദരനായ ഏറ്റുമാനൂര്‍ സ്വദേശി എന്‍.ജെ.അബ്രഹാമും മറ്റു രണ്ടു പേരും തീര്‍ത്ഥാടന യാത്ര ബുക്ക് ചെയ്തിരുന്നു. ഏഴു പേര്‍ക്കുമായി നാലു ലക്ഷത്തി നാല്‍പ്പതിനായിരം രൂപയുടെ ചെക്കാണ് ടിക്കറ്റിനായി ഗ്രീന്‍ ലാന്റ് ഹോളി ഡേയ്സിന് നല്‍കിയത്.

വര്‍ഷങ്ങളായി തീര്‍ത്ഥാടന യാത്ര നടത്തുന്ന സംഘമാണ് ഗ്രീന്‍ ചാനല്‍ ഹോളിഡേയ്സ്. ബൈബിള്‍ അടിസ്ഥാനമാക്കി വിശുദ്ധ നാടുകളിലേക്ക് സന്ദര്‍ശനം നടത്തുന്ന യാത്രാ ഗ്രൂപ്പ് ആയതിനാലാണ് ഗ്രീന്‍ ചാനല്‍ ഹോളിഡേയ്‌സ് വഴി വിശുദ്ധ നാടുകള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. യാതൊരു സംശയം ഇല്ലാത്തതിനാലാണ് ഏഴുപേര്‍ക്ക് വേണ്ടി നാലര ലക്ഷത്തോളം രൂപ ഗ്രീന്‍ ചാനല്‍ ഹോളിഡേയ്സിനു നല്‍കിയതെന്ന് എന്‍.ജെ.അബ്രഹാം നല്‍കിയ പരാതിയില്‍ പറയുന്നു. മാര്‍ച്ച് എട്ടിനാണ് വിശുദ്ധ നാടുകളിലേക്ക് യാത്ര തീരുമാനിച്ചത്. മാര്‍ച്ച് 19നു തിരിച്ചു വരും. ഈ രീതിയിലാണ് യാത്ര ചാര്‍ട്ട് ചെയ്തത്. യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോട്ടീസില്‍ ഉണ്ടായിരുന്നു. ഇറാഖ്, ജോര്‍ദാന്‍, യെരുശലേം അടങ്ങിയ രാജ്യങ്ങളിലേക്കാണ് യാത്ര പറഞ്ഞത്. ഫെബ്രുവരി കഴിയാറായിട്ടും ടിക്കറ്റ് സംബന്ധിച്ചുള്ള കാര്യങ്ങളെ കുറിച്ചൊന്നും ഗ്രീന്‍ ചാനല്‍ ഹോളിഡെയ്സില്‍ നിന്നും അറിയിപ്പുകള്‍ ലഭിച്ചില്ല.

അതോടെ ഫെബ്രുവരി അവസാനത്തോടെ ഗ്രീന്‍ ചാനലിലേക്ക് വിളിക്കാന്‍ തുടങ്ങി. പ്രതികരണമില്ലാത്തതിനാല്‍ ഓഫീസില്‍ അന്വേഷിച്ചു ചെന്നു. ഓഫീസില്‍ ആളില്ല. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫും. മാര്‍ച്ച് മൂന്നാം തീയതി ഗ്രീന്‍ ചാനലില്‍ നിന്നും വിളിച്ചു. നാലാം തീയതി ഓഫീസില്‍ മീറ്റിങ് ഉണ്ട്. വരാന്‍ പറഞ്ഞു. യാത്രയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് എന്നാണ് പറഞ്ഞത്. പലര്‍ക്കും വിസ കിട്ടിയില്ല. അതിനാലാണ് വിളിക്കാന്‍ വൈകിയത് എന്ന് പറഞ്ഞു. അനില്‍ ജോസ് എന്ന ഗ്രീന്‍ ചാനല്‍ എംഡിയാണ് സംസാരിച്ചത്. തീര്‍ത്ഥയാത്രയ്ക്ക് വന്നവരില്‍ ചിലര്‍ ചാടിപ്പോകുന്നു. അത് പ്രശ്നം സൃഷ്ടിക്കുന്നു എന്നാണ് അനില്‍ ജോസ് പറഞ്ഞത്. അതിനാല്‍ ചിലര്‍ക്ക് വിസ ലഭിക്കുന്നില്ല. എന്നാണ് പറയുന്നത്. ജോബ് വിസയുമായി ബന്ധപ്പെട്ടാണ് ഈ ചാടിപ്പോകല്‍. എനിക്ക് അടുപ്പമുള്ളവര്‍ വരെ ഇങ്ങിനെ ചാടിപ്പോയിട്ടുണ്ട്-അനില്‍ ജോസ് പറയുന്നു. പിന്നെ എന്തിനാണ് മറ്റുള്ളവരില്‍ നിന്ന് കാശ് വാങ്ങിയതും യാത്ര ഫിക്സ് ചെയ്തതും എന്ന് ചോദിച്ചപ്പോള്‍ അതിന് അനില്‍ ജോസിന് വ്യക്തമായ മറുപടി നല്‍കിയില്ലെന്നും എബ്രഹാം പറയുന്നു.

പക്ഷെ യാത്ര മാര്‍ച്ച് എട്ടാം തീയതി തന്നെ തീരുമാനിച്ചിട്ടുണ്ട്. പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാല്‍ അപ്പോള്‍ അറിയിക്കാം എന്നും പറഞ്ഞു. യാത്ര മുടങ്ങിയാല്‍ കാശ് തിരികെ തരുമെന്നും പറഞ്ഞു. പക്ഷെ ആറാം തീയതി വരെ അറിയിപ്പ് ഒന്നുമില്ല. അതിനു ശേഷമാണ് യാത്ര മാറ്റി വെച്ചതായി ടിക്കറ്റ് ബുക്ക് ചെയ്ത ചിലര്‍ക്ക് അറിയിപ്പ് വന്നത്. തനിക്ക് ഈ സന്ദേശം ലഭിച്ചില്ലെന്നും അബ്രഹാം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലൊരു സന്ദേശം വന്നതിന്റെ അടിസ്ഥാനത്തില്‍ ഗ്രീന്‍ ചാനല്‍ ഓഫീസിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ആരും എടുത്തതുമില്ല. ഒന്‍പതാം തീയതി വീണ്ടും ഗ്രീന്‍ ചാനല്‍ ഓഫീസില്‍ വന്നു. പക്ഷെ യാത്ര മാറ്റി വെച്ചതില്‍ വലിയ വിശദീകരണം ഒന്നും തന്നില്ല. പണം റീ ഫണ്ട് ചെയ്യാം എന്ന് മാത്രം പറഞ്ഞു. പക്ഷെ പണം നല്‍കിയില്ല. പിന്നെ ഓഫീസില്‍ തിരഞ്ഞു വന്നപ്പോള്‍ ആരും ഓഫീസില്‍ ഉണ്ടായിരുന്നതുമില്ല. തട്ടിപ്പാണെന്ന് പൂര്‍ണ ബോധ്യമായതോടെ ഈ കഴിഞ്ഞ 18 ആം തീയതി കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കുകയായിരുന്നു. ഞങ്ങള്‍ മാത്രമല്ല മറ്റു പലര്‍ക്കും ഈ രീതിയില്‍ ഇവര്‍ക്ക് പണം നല്‍കാനുണ്ട്-എബ്രഹാം പറയുന്നു.

പരാതിക്കാരുടെ ബാഹുല്യം കൂടിയപ്പോള്‍ പരാതിയില്‍ കൊച്ചി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഗ്രീന്‍ ചാനലിന്റെ പേരില്‍ ലഭ്യമായ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു പ്രതികരണവും ലഭ്യമായില്ല. പരാതി നല്‍കിയ എബ്രഹാം പറയുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ഗ്രീന്‍ ചാനല്‍ ഓഫീസില്‍ വിളിച്ചിട്ടും യാതൊരു പ്രതികരണവും ലഭ്യമായതുമില്ല.

നാട്ടില്‍ നിന്നും പുറപ്പെടുന്ന സംഘം ഒമാനിലെത്തുമ്പോള്‍ യുകെ മലയാളികളായ നാലു പേര്‍ ലണ്ടനില്‍ നിന്നും ഒമാനിലേക്ക് എത്താനായിരുന്നു പദ്ധതി. ഇതിനായി സ്വന്തം ചെലവില്‍ ഒമാനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയും യാത്രയ്ക്കു ശേഷം തിരിച്ച് ഒമാനില്‍ നിന്നും ലണ്ടനിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ഗ്രീന്‍ ചാനലിന്റെ തട്ടിപ്പിന് ഇരയായതോടെ ഈ ടിക്കറ്റുകള്‍ എടുക്കാന്‍ മുടക്കിയ പണവും നഷ്ടമായിരിക്കുകയാണ്.

പരാതി വാസ്തവമെന്നു അന്വേഷണത്തില്‍ ബോധ്യമായാല്‍ കേരളത്തിലെ പ്രശസ്ത ക്രിസ്ത്യന്‍ തീര്‍ത്ഥാടക സംഘാടകരായ ഗ്രീന്‍ ചാനലിന്റെ തലപ്പത്തുള്ളവര്‍ കുടുങ്ങും എന്നുറപ്പാണ്. പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍ ബ്രിട്ടീഷ് മലയാളിയോട് പ്രതികരിച്ചു. എബ്രഹാമിന്റെ പരാതിയില്‍ തുടര്‍ അന്വേഷണം നടക്കുന്നുവെന്ന് കൊച്ചി കമ്മീഷണര്‍ ഓഫീസും സ്ഥിരീകരിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category