തിരുവനന്തപുരം: കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ പ്രതിസന്ധിയിലേക്ക്. ഈ മാസവും ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാനാകില്ല. ഈ മാസം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. ഇതു പ്രതിദിനം 7 കോടിക്കു മുകളിലെത്തിച്ചാല്‍ മാത്രമേ കെഎസ്ആര്‍ടിസിക്കു മുന്നോട്ടുപോകാനാകൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ വലിയ പ്രതിസന്ധിയിലേക്ക് കെ എസ് ആര് ടി സി നീങ്ങും. നാഥനില്ലാ കളരിയാക്കി കെ എസ് ആര് ടി സിയെ യൂണിയനുകള്‍ ഭരിക്കുന്നതാണ് ഇതിനെല്ലാം കാരണം.
വരുമാനത്തില്‍ തുടര്‍ച്ചയായി വര്‍ധനയുണ്ടാവുകയും നിത്യവരുമാനം ആറരക്കോടി പിന്നിടുകയും ചെയ്ത ശേഷമാണ് കെ.എസ്.ആര്.ടി.സി. തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നത്. മധ്യനിര മാനേജ്മെന്റില്‍ പുനര്‍വിന്യാസം നടപ്പാക്കിയും ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചുമാണ് ആനവണ്ടി ഗണ്ടറില് നിന്ന് മാറി ഓടാന്‍ തുടങ്ങിയത്. എന്നാല്‍ ഇതിന് നേതൃത്വം നല്കിയ എം.ഡി. ടോമിന് തച്ചങ്കരിയെ തൊഴിലാളി സംഘടനകളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് മാറ്റിയതോടെയാണ് വീണ്ടും പിറകോട്ട് ഓടാന്‍ തുടങ്ങി. പരിഷ്കരണം അതോടെ നിലച്ചു. ട്രേഡ് യൂണിയനുകളുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് സ്ഥാപനത്തെ ഇപ്പോള്‍ യിക്കുന്നത്. പൊതുസമൂഹത്തിനുവേണ്ടി ചെലവിടേണ്ട 1000 കോടിരൂപ ഓരോ ബജറ്റിലും നീക്കിവെച്ച് കെ.എസ്.ആര്.ടി.സി.യെ പിടിച്ചു നിര്‍ത്തുകയാണ് സര്‍ക്കാര്‍. ഈ പണം മുന്നില്‍ കണ്ട് മാത്രമാണ് പൊതുമേഖലാ സ്ഥാപനത്തെ യൂണിയനുകള്‍ തകര്‍ക്കുന്നത്. ഇതിന്റെ നഷ്ടം ഖജനാവിനും.
തച്ചങ്കരി മാറിയ ശേഷമെത്തിയ എംഡി എംപി ദിനേശ് എല്ലാം യൂണിയനുകള്‍ക്ക് വിട്ടുകൊടുത്തു. യൂണിയന് നേതാക്കളുടെ സൗകര്യത്തിന് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്ന നടപടി തുടരുകയാണ്. അവധി ദിവസമായ ഇന്നലെ ഏതാണ്ട് 1400 സര്‍വീസുകള്‍ റദ്ദാക്കി. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ദിവസങ്ങളില്‍ പോലും സര്‍വ്വീസ് കുറയ്ക്കുകയാണ്. പണിയെടുക്കാനുള്ള നേതാക്കളുടെ മടിയാണ് ഇതിന് കാരണം. സര്‍വീസുകള്‍ കുറയ്ക്കുന്നതോടെ എംപാനല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തെക്കൂടാതെ ഡീസല്‍ ചെലവും ലാഭിക്കാനാകുമെന്നാണു മാനേജ്മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ എലിയെ പേടിച്ച് ഇല്ലം ചുടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. പരമാവധി വരുമാനം കൂട്ടിയാല്‍ മാത്രമേ കെ എസ് ആര് ടി സിക്ക് മുമ്പോട്ട് പോകാന്‍ കഴിയൂ. ഇതിന് സര്‍വ്വീസുകള്‍ കൂട്ടുകയും ബസുകള്‍ പരമാവധി ഉപയോഗിക്കുകയുമാണ് വേണ്ടത്. എന്നാല്‍ ഇപ്പോള്‍ ചെലവ് ചുരുക്കാന്‍ സര്‍വ്വീസുകള്‍ തന്നെ വെട്ടിക്കുറയ്ക്കുന്നു.
പ്രതിദിനം ശരാശരി 3.25 കോടി രൂപയാണു ഡീസല്‍ച്ചെലവ്. വരുമാനം കുത്തനെ കുറഞ്ഞതോടെ സര്‍വ്വീസ് കുറയ്ക്കാതെ മറ്റ് മര്ഗങ്ങളില്ലെന്നാണു മാനേജ്മെന്റിന്റെ നിലപാട്. ഈ മാസം ചുരുക്കം ദിവസങ്ങളില്‍ മാത്രമാണു പ്രതിദിന വരുമാനം 6 കോടി രൂപയ്ക്കു മുകളിലെത്തിയത്. അശാസ്ത്രീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് ഇതിന് കാരണം. ജനുവരിയില്‍ ശരാശരി ദിവസ വരുമാനം ഏഴു കോടിയും ഫെബ്രുവരിയില്‍ 6.6 കോടി രൂപയുമായിരുന്ന കളക്ഷന്‍ ഇപ്പോള്‍ 5.7 കോടിയിലേക്ക് താഴ്ന്നു. കോര്‍പറേഷന്റെ ഒരു ദിവസത്തെ ചെലവു നടന്നുപോകണമെങ്കില്‍ 6.3 കോടി രൂപയെങ്കിലും വേണം. ആ കണക്കില്‍ മാത്രം പ്രതിദിനം 60 ലക്ഷത്തോളം രൂപയാണ് നഷ്ടം.ഈ പോക്കുപോയാല്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനടക്കം കോര്പറേഷന് കടം വാങ്ങേണ്ടിവരും.
ഫെബ്രുവരിയില്‍ ആകെ എട്ടു ദിവസം മാത്രമാണ് കളക്ഷന്‍ ആറു കോടി രൂപ പിന്നിട്ടത്. മുന്‍ എം.ഡി ടോമിന് ജെ. തച്ചങ്കരി തുടങ്ങി വച്ച പല പരിഷ്കാരങ്ങളും തൊഴിലാളി സംഘടനകളുടെ താത്പര്യത്തിനു വഴങ്ങി അട്ടിമറിച്ചു. തലതിരിഞ്ഞ പരിഷ്കാരങ്ങളിലൂടെ സ്ഥിരം യാത്രക്കാരെ മുഴുവന്‍ കെ.എസ്.ആര്.ടി.സി വെറുപ്പിച്ചതാണ് വരുമാനത്തില്‍ ഭീമമായ ഇടിവ് സംഭവിക്കുന്നതിന് പ്രധാന കാരണം. കോര്‍പറേഷനില്‍ ആകെപ്പാടെ നടക്കുന്നത് ഷെഡ്യൂള്‍ പരിഷ്കരണമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ഷെഡ്യൂള്‍ പരിഷ്കരണത്തിന്റെ പേരില്‍ സംസ്ഥാനത്താകെ വെട്ടിക്കുറച്ച സര്‍വീസുകളുടെ എണ്ണം ആയിരത്തോളമാണ്. പതിവു ബസുകളെയൊന്നും കിട്ടാതായപ്പോഴേക്കും യാത്രക്കാര്‍ സ്വകാര്യബസുകളെയും സമാന്തര സര്‍വീസുകളിലേക്ക് ചേക്കേറി.
കെ.എസ്.ആര്.ടി.സി.യുടെ മൂന്ന് മേഖലകളിലെ നൂറിലേറെ ഷെഡ്യൂളുകള്‍ വെട്ടികുറയ്ക്കാനാണ് നീക്കം. നിര്‍ത്തുന്നതില്‍ എഴുപതും മലബാര്‍ മേഖലയില്‍നിന്നുള്ളവയാണ്. ഒറ്റയടിക്ക് ഇത്രയും ബസുകള്‍ ഇല്ലാതാകുന്നതോടെ മലബാറില്‍ കെ.എസ്.ആര്.ടി.സി.യെ ആശ്രയിക്കുന്ന യാത്രക്കാരുടെ ക്ലേശം കൂടും. വരുമാനം കുറഞ്ഞവയാണ് നിര്‍ത്തുന്നതെന്നാണ് പറയുന്നതെങ്കിലും വരുമാനം കൂട്ടാന്‍ സമയമാറ്റം വരുത്തുന്നതടക്കമുള്ള നടപടികള്‍ പരീക്ഷിക്കുകപോലും ചെയ്യാതെയാണ് ഷെഡ്യൂള്‍ നിര്‍ത്തലാക്കുന്നത്. കോടതിനിര്‍ദ്ദേശമനുസരിച്ച് താത്കാലിക ജീവനക്കാരെ പിരിച്ചുവിടേണ്ടിവന്ന സാഹചര്യം മറികടക്കാനാണ് ഇത്. 5500 ബസുകള്‍ ഉള്ളതില്‍ 1000 എണ്ണം കട്ടപ്പുറത്താണ്. ഇത് ശരിയാക്കി നിരത്തിലിറക്കി പ്രതിദിന വരുമാനം എട്ട് കോടിയാക്കാനുള്ള ശ്രമം തച്ചങ്കരി എടുത്തിരുന്നു. ഇതിനിടെയായിരുന്നു തച്ചങ്കരിയെ മാറ്റിയത്. സ്പെയര്‍ പാര്‍ട്സുകള്‍ ഇല്ലാത്തതിനാല്‍ കട്ടപ്പുറത്താകുന്ന ബസുകള്‍ ദിവസംതോറും പെരുകുകയാണ്.
കെ.എസ്.ആര്.ടി.സി.യെ രക്ഷിക്കാന്‍ കടുത്ത നടപടികള്‍ ഒഴിവാക്കാനാകില്ലെന്നുതന്നെയാണ് ഇപ്പോഴത്തെ സ്ഥിതി. ഇത്രയുംകാലം കാത്തിരുന്ന പ്രൊഫ. സുശീല്‍ ഖന്നയുടെ അന്തിമ റിപ്പോര്‍ട്ട് ഇപ്പോള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ജീവനക്കാരും ബസും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയിലേക്കെത്തിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ അതിലുണ്ട്. എന്നാല്‍ ഇതൊന്നും നടപ്പാക്കാന്‍ യൂണിയനുകള്‍ സമ്മതിക്കില്ല.